Friday, July 12, 2013

mukavura

മുഖവുര

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
അല്ലാഹുവിന്‌ സർവ്വ സ്തുതിയും. അവൻ മനുഷ്യനെ സൃഷ്ടിച്ചു. അവനെ ഉൽക്കൃഷ്ട സൃഷ്ടിയാക്കുകയും, ഇതര സൃഷ്ടികൾക്കില്ലാത്ത അനേകം സവിശേഷതകൾ നൽകി അവനെ അനുഗ്രഹിക്കുകയും, അവന്റെ ഇരുലോക നൻമകൾക്ക്‌ വേണ്ട‍ുന്ന എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കനിഞ്ഞേകുകയും ചെയ്തിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഗ്രഹമത്രെ വിശുദ്ധ ഖുർആൻ. അല്ലാഹുവിന്‌ സർവ്വസ്തുതിയും. നബി മുഹമ്മദ്‌ മുസ്തഫാ (സ) തിരുമേനിക്ക്‌ അവൻ ഖുർആൻ അവതരിപ്പിച്ചു. അത്‌ മുഖേന സജ്ജനങ്ങൾക്ക്‌ സവിശേഷവും ദുർജ്ജനങ്ങൾക്ക്‌ താക്കീതും നൽകുവാനായി തിരുമേനിയെ തന്റെ തിരുദൂതനാക്കി നിയോഗിച്ചു. പ്രസ്തുത കർത്തവ്യം അവിടുന്ന്‌ തികച്ചും നിറവേറ്റി. ദൗത്യം വേകുതുപോലെ നിർവ്വഹിച്ചു. സത്യമാർഗ്ഗം ലോകത്തിന്‌ തുറന്നുകാട്ടി. അസത്യമാർഗ്ഗങ്ങൾ ചൂണ്ട‍ിക്കാട്ടിക്കൊടുത്തു.

മനുഷ്യാരംഭം മുതൽ തുടർന്നു കൊണ്ട‍ിരുന്ന പ്രവാചകത്വത്തിന്റെയും, ദിവ്യദൗത്യത്തിന്റെയും ശൃംഖല നബി (സ) തിരുമേനിയോടുകൂടി അല്ലാഹു അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഒരു പ്രവാചകന്റെ നിമയത്തിനോ ഒരു വേദഗ്രന്ഥത്തിന്റെ അവതരണത്തിനോ ആവശ്യം നേരിടാത്തവണ്ണം വിശുദ്ധ ഖുർആനെ ലോകാവാസാനംവരെ നിലനിർത്തുന്നതാണെന്ന്‌ അവൻ പ്രഖ്യാപിച്ചിരിക്കുന്നു. ആ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ) തിരുമേനിക്കും, അദ്ദേഹത്തിലും അദ്ദേഹം കൊണ്ട‍ുവന്ന ആ ദിവ്യ ഗ്രന്ഥത്തിലും സുദൃഢമായി വിശ്വസിക്കുകയും അദ്ദേഹത്തിന്റെ പ്രബോധന മാർഗ്ഗത്തിൽ സർവ്വാത്മനാ അദ്ദേഹത്തെ സഹായിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സഖാക്കളായ സഹാബികൾക്കും, വിശുദ്ധ ഖുർആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ അവരെ മാതൃകയായി സ്വീകരിച്ചുകൊണ്ട‍്‌ ജീവിതോദ്ദേശ്യം സഫലമാക്കിയ എല്ലാ സജ്ജനങ്ങൾക്കും അല്ലാഹുവിന്റെ അനുഗ്രഹവും, കാരുണ്യവും, ശാന്തിയും, സമാധാനവും സദാ വർഷിച്ചുകൊണ്ട‍ിരിക്കട്ടെ. ആമീൻ.

ഖുർആനെ സംബന്ധിച്ചിടത്തോളം അതിനൊരു ആമുഖമോ, പീഠികയോ ആവശ്യമില്ല. അത്‌ മനുഷ്യസാദ്ധ്യവുമല്ല. ഖുർആനെയും അതിലെ ഉളളടക്കങ്ങളെയും സംബന്ധിച്ചും, അതിന്റെ വ്യാഖ്യാനം, വിവരണം, പരിഭാഷ മുതലായവയെ സംബന്ധിച്ചും, നമ്മുടെ ഈ ഗ്രന്ഥത്തെ സംബന്ധിച്ചും അറിഞ്ഞിരിക്കേണ്ട‍ുന്ന ചില പ്രധാന വിഷയങ്ങൾ വായനക്കാരെ മുൻകൂട്ടി ഓർമ്മപ്പെടുത്തുക മാത്രമാണ്‌ ഈ മുഖവുരകൊണ്ട‍ുദ്ദേശ്യം. വാസ്തവത്തിൽ ഈ മുഖവുരയിലെ വിഷയങ്ങൾ മിക്കവാറും വെവ്വേറെ വിസ്തരിച്ച്‌ പ്രതിപാദിക്കപ്പെടേകുവയാകുന്നു. മിക്കതിലും പല മഹാൻമാരും പ്രത്യേകമായി ഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ട‍്‌. സ്ഥലകാല ദൈർഘ്യത്തെ ഭയന്ന്‌ വിശദീകരണത്തിന്‌ മുതിരാതിരിക്കുകയാണ്‌.

അല്ലാഹു നമുക്ക്‌ സത്യം ഗ്രഹിക്കുവാനുളള തൗഫീഖും മാർഗ്ഗദർശനവും നൽകട്ടെ! ഈ ഗ്രന്ഥത്തിൽ വന്നേക്കാവുന്ന അബദ്ധങ്ങൾ അവൻ മാപ്പ്‌ ചെയ്തുതരികയും, പൊതുജനങ്ങൾക്ക്‌ ഉപകാരപ്രദവും അവന്റെ സൽപ്രീതിക്ക്‌ കാരണവുമായ ഒരു സൽകർമ്മമായി ഇതിനെ അംഗീകരിക്കുകയും ചെയ്യട്ടെ! ആമീൻ!

No comments:

Post a Comment