Wednesday, August 21, 2013

Chapter 2 Surat Al-Baqarah 8-10

وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّـهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ﴿٨
8 മനുഷ്യരിലുണ്ട‍്‌ ചിലർ: അവർ പറയും: “ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു” എന്ന്‌. അവർ (വാസ്തവത്തിൽ) സത്യ വിശ്വാസികളല്ലതാനും.
يُخَادِعُونَ اللَّـهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ﴿٩ 
9 അവർ അല്ലാഹുവിനോടും, വിശ്വസിച്ചവരോടും വഞ്ചന പ്രവർത്തിച്ചുകൊണ്ട​‍ിരിക്കുന്നു. (വാസ്തവത്തിൽ) അവർ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവർ (അത്‌) അറിയുന്നുമില്ല.
فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ﴿١٠
10 അവരുടെ ഹൃദയങ്ങളിലുണ്ട‍്‌ ഒരു (തരം) രോഗം; എന്നിട്ട്‌ അല്ലാഹു അവർക്ക്‌ രോഗം വർദ്ധിപ്പിച്ചിരിക്കുകയാണ്‌. അവർക്ക്‌ വേദനയേറിയ ശിക്ഷയുമുണ്ട‍്‌; അവർ വ്യാജം പറഞ്ഞുകൊണ്ട‍ിരിക്കുന്നത്‌ നിമിത്തം.
വിഭാഗം-2

വാക്കും പ്രവർത്തിയും തമ്മിലും, രഹസ്യവും പരസ്യവും തമ്മിലും പൊരുത്തക്കേടുണ്ടാകുന്നതാണ്‌ കാപട്യം
نفاق വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും ഉണ്ടാവാം കാപട്യം. വിശ്വാസത്തിലെ കാപട്യമാണ്‌ ഏറ്റവും ഗൗരവപ്പെട്ടത്‌. എല്ലാ തരം കാപട്യങ്ങളെക്കുറിച്ചും ഓരോ സന്ദർഭത്തിലായി ഖുർആനിൽ അല്ലാഹു പരാമർശിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽ തന്നെ മുഴുത്ത കാപട്യം വെച്ച്‌ പുലർത്തിക്കൊണ്ടിരുന്ന- ഉള്ളിൽ കുഫ്‌റും പുറമെ ഇസ്ലാമിക വേഷവും സ്വീകരിച്ചിരുന്ന- കപട വിശ്വാസികളെക്കുറിച്ചാണ്‌ ഈ സൂക്തങ്ങളിൽ പ്രസ്താവിക്കുന്നത്‌.

മദനീ സൂറത്തുകളിലാണ്‌ മുനാഫിഖുകളെപ്പറ്റി പരാമർശ്ശങ്ങളുള്ളത്‌. മക്കായിൽ മുനാഫിഖുകൾ ഇല്ലായിരുന്നു. നേരെമറിച്ച്‌ യഥാർത്ഥത്തിൽ സത്യവിശ്വാസം സ്വീകരിക്കുകയും, അതോടുകൂടി ദൗർബല്യം കാരണം അതു മൂടിവെച്ചുകൊണ്ട് ബാഹ്യത്തിൽ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യാൻ നിർബന്ധിതരായ ചിലരാണ്‌ മക്കായിൽ ഉണ്ടായിരുന്നത്‌. കാരണം, അവിടെ പ്രതാപവും ശക്തിയും മുശ്‌രിക്കുകൾക്കായിരുന്നല്ലോ. നബി (സ) മദീനായിൽ വന്നപ്പോൾ ഔസ്‌, ഖസ്‌റജ്‌ എന്നീ രണ്ടു ഗോത്രക്കാരായിരുന്നു അവിടുത്തെ അറബികൾ. മുമ്പ്‌ അവരും മക്കാ മുശ്‌രിക്കുകളെപ്പോലെ വിഗ്രഹാരാധകൻമാരായിരുന്നുവെങ്കിലും നബി (സ)യും സഹാബികളും അവിടെ എത്തും മുമ്പു തന്നെ അവർക്കിടയിൽ ഇസ്ലാമിനു പ്രചാരം സിദ്ധിച്ചു തുടങ്ങിയിരുന്നു. തിരുമേനിയുടെ വരവോടുകൂടി അത്‌ കൂടുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മദീനാ പരിസരങ്ങളിലുണ്ടായിരുന്ന മറ്റൊരു കൂട്ടർ യഹൂദികളായിരുന്നു. അവരുടെ യഹൂദ പാരമ്പര്യമനുസരിച്ചു പോരുന്നവരായിരുന്നു അവർ. യഹൂദികൾ മൂന്നു ഗോത്രക്കാരായിരുന്നു ബനൂ ഖൈനുഖാഉ​‍്‌, ബനൂ നൾവീർ, ബനൂഖുറൈള:
قينقاع, قريظاة, نظير ആദ്യത്തെ ഗോത്രവും ഖസ്‌റജും തമ്മിലും, അവസാനത്തെ രണ്ടു ഗോത്രവും ഔസും തമ്മിലും സഖ്യത്തിലായിരുന്നു. അറബികളിൽനിന്നു ധാരാളം ആളുകൾ ഇസ്ലാമിനെ അംഗീകരിച്ചുവെങ്കിലും യഹൂദികളിൽ നിന്ന്‌ അബ്ദുല്ലാഹിബ്നു സലാമും (റ) വളരെ ചുരുക്കം പേരും മാത്രമേ ഇസ്ലാമിൽ വന്നിട്ടുള്ളു. ഇക്കാലത്ത്‌ മദീനായിൽ മുനാഫിഖുകളുണ്ടായിരുന്നില്ല. ഭയപ്പെടത്തക്ക ഒരു ശക്തി അന്നു മുസ്ലിംകൾക്കു ലഭിച്ചുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് കപടവേഷത്തിന്റെ ആവശ്യം ഇല്ലായിരുന്നു. നബി (സ) യാകട്ടെ, യഹൂദരുമായും, പരിസരപ്രദേശങ്ങളിലുള്ള പല അറബി ഗോത്രങ്ങളുമായും സഖ്യ ഉടമ്പടി നടത്തുകയും ചെയ്തിരുന്നു.

ഖസ്‌റജ്‌ ഗോത്രക്കാരനാണെങ്കിലും ഔസിലും ഖസ്‌റജിലും പൊതു നേതൃത്വം കൈവന്ന ഒരു നേതാവായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യിബ്നു സുലൂൽ. അബ്ദുല്ലായെ എല്ലാവരുടെയും രാജാവായി വാഴിക്കുവാൻ ആലോചന നടന്നു വരികയായിരുന്നു. അക്കാലത്താണ്‌ ഇസ്ലാമിനു മേൽ പ്രസ്താവിച്ച പ്രകാരമുള്ള സ്വാധീനം ഉണ്ടായിത്തീർന്നത്‌. പലരും ഇസ്ലാമിലേക്കു ആകർഷിക്കപ്പെട്ടതോടെ ആ ആലോചന മുന്നോട്ടു പോകാതായി. നേതൃത്വമോഹിയായ അബ്ദുല്ലാഹിബ്നു ഉബയ്യിനു ഇതുമൂലം ഇസ്ലാമിനോടും മുസ്ലിംകളോടും വെറുപ്പുളവായി. സുപ്രസിദ്ധമായ ബ്ദർ യുദ്ധം കഴിഞ്ഞതോടെ മുസ്ലിംകളുടെ യശ്ശസും പ്രതാപവും ശക്തിപ്പെട്ടുവല്ലോ. ഇസ്ലാമിന്റെ ശക്തി പൂർവ്വാധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ടപ്പോൾ, അവനും അവന്റെ സിൽബന്ധികളും അനുഭാവികളും പ്രത്യക്ഷത്തിൽ ഇസ്ലാമിനെ അംഗീകരിച്ച്‌ മുസ്ലീംകളായി അഭിനയിച്ചു. വേദക്കാരിൽപ്പെട്ട ചിലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവിടം മുതൽക്കാണ്‌ `മുനാഫിഖു`കളുടെ തുടക്കം. ക്രമേണ മദീനായിലും, ചുററുപ്രദേശങ്ങളിലുള്ള `അഅ​‍്‌റാബി` (മരുഭൂവാസി) കൾക്കിടയിലും ഇവരുടെ എണ്ണം വർദ്ധിച്ചു. മക്കയിൽനിന്നു ഹിജ്‌റ വന്ന മുഹാജിറുകളിൽ ആരിലും `നിഫാഖി` (കാപട്യത്തി)ന്റെ രോഗം ബാധിച്ചിട്ടില്ല. അവരാരും മറ്റുള്ളവരുടെ നിർബന്ധത്തിനോ, സ്വാധീനത്തിനോ വഴങ്ങി ഇസ്ലാമിനെ അംഗീകരിച്ചവരോ, അല്ലാഹു അല്ലാത്ത മറ്റാരുടെയെങ്കിലും പ്രീതിക്കുവേണ്ടി സത്യവിശ്വാസം സ്വീകരിച്ചവരോ അല്ലല്ലോ.
(كما في ابن كثير)

അബ്ദുല്ലാഹിബ്നു ഉബയ്യും, അവന്റെ ആൾക്കാരും യഥാർത്ഥത്തിൽ അവിശ്വാസികൾ തന്നെയാണെങ്കിലും, ബാഹ്യത്തിൽ ഇസ്ലാംമതം സ്വീകരിച്ചു മുസ്ലീംകളായിരിക്കുകയാണല്ലോ. ആ സ്ഥിതിക്ക്‌ അവരുടെ ബാഹ്യാവസ്ഥ പരിഗണിച്ചു സത്യ വിശ്വാസികൾ വഞ്ചിതരാകുവാനും, ഓർക്കാപുറത്ത്‌ അവർമൂലം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിത്തീരുവാനും ഇടവരും. ദുഷ്ടൻമാരെപ്പറ്റി ശിഷ്ടൻമാരെന്ന്‌ തെറ്റിദ്ധരിക്കുന്നത്‌ പല ആപത്തുകൾക്കും വഴിവെക്കുമല്ലോ. ആകയാൽ, മുനാഫിഖുകളെ സംബന്ധിച്ച്‌ സത്യവിശ്വാസികൾ സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഈ വസ്തുത സത്യവിശ്വാസികളെ ഈ വചനങ്ങൾ മുഖേന അല്ലാഹു ഉണർത്തുന്നു. വളരെ കരുതലോടെ നിങ്ങൾ സൂക്ഷിച്ചു കൊണ്ടിരിക്കേണ്ടുന്ന ഒരു മൂന്നാം ചേരിയുംകൂടി ഇവിടെയു​‍െണ്ടന്നും, അവരുടെ യഥാർത്ഥ സ്ഥിതി ഇന്നിന്നതാണെന്നും അറിയിക്കുകയും ചെയ്യുന്നു. നബി (സ) യുടെയും സത്യവിശ്വാസികളുടെയും അടുക്കൽ വരുമ്പോൾ തങ്ങൾ സത്യവിശ്വാസം സ്വീകരിച്ച മുസ്ലിംകളാണെന്ന്‌ വാക്കുകൊണ്ടും ഭാവംകൊണ്ടും അവർ പ്രകടിപ്പിക്കും. വാസ്തവത്തിൽ വിശ്വാസം അവരെ തീണ്ടിയിട്ടുപോലുമില്ല എന്നാണ്‌ 8-​‍ാം വചനത്തിന്റെ താൽപര്യം, സൂറ: മുനാഫിഖീനിൽ ഈ കാര്യം ഇങ്ങിനെ പറഞ്ഞിരിക്കുന്നു. “(നബിയേ) കപട വിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്ന്‌ ഞങ്ങൾ സാക്ഷ്യം വഹിക്കുന്നുവെന്ന്‌ . അല്ലാഹുവിനറിയാം നീ അവന്റെ റസൂൽ തന്നെയാണെന്ന്‌ നിശ്ചയമായും കപടവിശ്വാസികൾ കളവുപറയുന്നവർ തന്നെയാണെന്ന്‌ അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.” താഴെ 14-​‍ാം വചനം നോക്കുക.

അവരുടെ ഈ അഭിനയത്തിൽ ശുദ്ധാത്മാക്കളായ ചില സത്യവിശ്വാസികൾ ചിലപ്പോൾ കബളിപ്പിക്കപ്പെട്ടേക്കും. എന്നാൽ സത്യവിശ്വാസികൾ പൊതുവെ അതിൽ വഞ്ചിതരാവുകയില്ല. അല്ലാഹുവിനെ വഞ്ചിക്കുവാൻ സാധ്യവുമല്ലല്ലോ. എന്നാലും തങ്ങളുടെ ഉള്ളുകള്ളി ആരും അറിയുകയില്ലെന്നാണവരുടെ ധാരണ. ഒരു പക്ഷേ, അല്ലാഹുപോലും തങ്ങളുടെ യഥാർത്ഥ സ്ഥിതി അറിയുകയില്ലെന്ന്‌ അവർ ധരിച്ചുവശായിരിക്കാം. അവരെപ്പറ്റി “നിങ്ങളോട്‌ അവർ ശപഥം ചെയ്യുന്നതുപോലെ പുനരുത്ഥാന ദിവസം അവർ അല്ലാഹുവിനോട്‌ ശപഥം ചെയ്തു പറയും” എന്ന്‌ 85:18ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്‌ കാണാം. ഇനി, അല്ലാഹുവിനെക്കുറിച്ച്‌ ആ ധാരണ അവർക്കില്ലെന്നു വന്നാൽ തന്നെയും അല്ലാഹുവിന്റെ കക്ഷിയായ സത്യവിശ്വാസികളോട്‌ നടത്തുന്ന വഞ്ചന അല്ലാഹുവിനോടും നടത്തുന്ന വഞ്ചനയാണല്ലോ . ഇത്രയും നിന്ദ്യമായ ഈ കാപട്യം മൂലം ഐഹികമായ ചില താൽക്കാലിക നേട്ടങ്ങൾ മാത്രമാണവരുടെ ലക്ഷ്യം. പക്ഷേ, അങ്ങേ അറ്റം വഷളത്തവും അപമാനവുമായിരിക്കും അതിന്റെ ഫലം. പരലോകത്തിലാകട്ടെ, കഠിനകഠോരമായ ശിക്ഷയും! അപ്പോൾ, അവരുടെ വഞ്ചന യഥാർത്ഥത്തിൽ ബാധിക്കുന്നത്‌ അവർക്ക്‌ തന്നെയല്ലാതെ മറ്റാർക്കുമല്ല. ഇതൊന്നും ആ കപടൻമാർ - അവരുടെ വിഡ്ഢിത്വവും ഭോഷത്തവും കാരണമായി-ഗ്രഹിക്കുന്നില്ല. അതിനുള്ള സുബോധവും അവർക്കില്ല.

അവരുടെ ഹൃദയങ്ങളിൽ ഒരുതരം രോഗമു​‍െണ്ടന്ന്‌ പറഞ്ഞതിന്റെ താൽപര്യം മേൽപറഞ്ഞതിൽ നിന്ന്‌ മനസ്സിലാക്കാമല്ലോ. കാപട്യവും നിഷേധവുമൊക്കെ ആ രോഗത്തിന്റെ ലക്ഷണങ്ങളത്രെ. ഓരോ ഖുർആൻ വചനം അവതരിക്കുമ്പോഴും, ഓരോ ദൃഷ്ടാന്തം കാണുമ്പോഴും അവരിലുണ്ടാകുന്ന പ്രതികരണം അതുതന്നെ. അങ്ങിനെ ആ രോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. അല്ലാഹു പറയുന്നു:
وَإِذَا مَا أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَـٰذِهِ إِيمَانًا ۚ فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ ﴿١٢٤﴾ وَأَمَّا الَّذِينَ فِي قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ ﴿١٢٥﴾
 സാരം: “വല്ല സൂറത്തും അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ (പരിഹാസ്യമായി) പറയും: നിങ്ങളിൽ ആർക്കാണ്‌ ഇത്‌ വിശ്വാസം വർദ്ധിപ്പിച്ചത്‌ എന്ന്‌. എന്നാൽ വിശ്വസിച്ചവർക്ക്‌ അത്‌ വിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നു. അവർ സന്തോഷംകൊള്ളുകയും ചെയ്യും. ഹൃദയത്തിൽ രോഗമുള്ളവരാകട്ടെ, അതവരുടെ മ്ളേച്ഛതയിലൂടെ മ്ളേച്ഛതവർദ്ധിപ്പിക്കുകയും ചെയ്യും. അവർ അവിശ്വാസികളായിക്കൊണ്ട് മരണപ്പെടുകയും ചെയ്യും“. (തൗബ: 124, 125 ) അല്ലാഹു അവർക്ക്‌ രോഗം വർദ്ധിപ്പിച്ചു എന്ന്‌ പറഞ്ഞതിന്റെ താൽപര്യം ഇതിൽനിന്ന്‌ മനസ്സിലാക്കാം.