Friday, August 2, 2013

our tafseer

നമ്മുടെ പരിഭാഷാ ഗ്രന്ഥം
 ഇനി, നമ്മുടെ ഈ പരിഭാഷാഗ്രന്ഥത്തെക്കുറിച്ചാണ്‌ ചിലത്‌ പറയുവാനുള്ളത്‌. ഇതിൽ ഖുർആന്റെ അറബിമൂലവും, പരിഭാഷയും, അത്യാവശ്യ വ്യാഖ്യാനവും, വിവരണവും അടങ്ങുന്നു. കൂടാതെ, ഒറ്റവാക്കുകളുടെ അർത്ഥവും കൊടുത്തിട്ടുണ്ട്‌. പരിഭാഷയിലും വ്യാഖ്യാന വിവരണങ്ങളിലും ഞങ്ങൾ സ്വീകരിച്ചിട്ടുള്ള നിലപാടും, സ്വഭാവവും ഏതാണ്ട്‌ എങ്ങിനെയായിരിക്കുമെന്ന്‌ ഈ മുഖവുര വായിക്കുന്നവരെ പരിചയപ്പെടുത്തേണ്ടുന്ന ആവശ്യമുണ്ടായിരിക്കയില്ല. ഖുർആൻ വ്യാഖ്യാനത്തെ സംബന്ധിച്ച്‌ മുകളിൽ പ്രസ്താവിച്ച തത്വങ്ങളെ-ഇബ്നുജരീർ (റ), ഇബ്നു കഥീർ റ), ശാഹ്‌വലിയ്യുല്ലാഹ്‌ (റ) എന്നീ മഹാൻമാരിൽനിന്ന്‌ നാം മുകളിൽ ഉദ്ധരിച്ച പ്രസ്താവനകളുടെ സാരങ്ങൾ വിശേഷിച്ചും-ഫലത്തിൽ വരുത്തുവാൻ ഞങ്ങൾ കഴിവതും പരിശ്രമിച്ചിട്ടുണ്ട്‌. ചുരുക്കിപ്പറയുന്നപക്ഷം-പരിഭാഷയെ സംബന്ധിച്ചിടത്തോളം-ഖുർആന്റെ പദങ്ങളുടെയും, ഘടനക്രമങ്ങളുടെയും അർത്ഥോദ്ദേശ്യങ്ങൾ വിട്ടുകളയാതെ തർജ്ജമയിൽ വരുത്തുവാനും അതോടൊപ്പം വാചകങ്ങളുടെ സാരങ്ങൾക്ക്‌ കോട്ടം പറ്റാതെ കഴിക്കുവാനും കഴിവുപോലെ യത്നിച്ചിരിക്കുന്നു. വ്യാഖ്യാനങ്ങളിൽ ക്രമപ്രകാരം ഖുർആൻ, ഹദീസ്‌, സഹാബികൾ തുടങ്ങിയ മുൻഗാമികളായ മഹാൻമാരുടെ പ്രസ്താനവകൾ, പ്രധാന ഖുർആൻ വ്യാഖ്യാതാക്കളുടെ ബലമായ അഭിപ്രായങ്ങൾ, എന്നിവയ്ക്കു മുൻഗണന നല്കിയിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ഇതൊരു `സലഫീ തഫ്സീർ` (പൗരാണികാദർശത്തിലുള്ള ഖുർആൻ വ്യാഖ്യാനം) ആയിരിക്കുവാനാണ്‌ ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്‌. അതിൽ ഞങ്ങൾ എത്രകണ്ട്‌ വിജയിച്ചിട്ടു​ണ്ട‍െന്ന്‌ അല്ലാഹുവിനറിയാം. അതേസമയത്ത്‌, കാലോചിതവും, സന്ദർഭോചിതവുമായ പല വിഷയങ്ങളും, യഥാസ്ഥാനങ്ങളിൽ ഉൾക്കൊളളിച്ചിട്ടുമുണ്ട്‌. ആവശ്യം കാണുന്നിടത്ത്‌ വിശദീകരണത്തോടുകൂടിയും, അല്ലാത്തപ്പോൾ സംക്ഷിപ്തമായും വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നു.

 വ്യത്യസ്ത വ്യാഖ്യാനങ്ങളോ, ഉദ്ദേശ്യ വിവരണത്തിൽ ഭിന്നാഭിപ്രായങ്ങളോ കാണുന്നിടത്ത്‌ കഴിയുന്നതും അവതമ്മിൽ യോജിപ്പിക്കുവാനും, അവയിലടങ്ങിയ പ്രയോജനകരമായ ഭാഗങ്ങൾ ഉപയോഗപ്പെടുത്താനും ശ്രമിക്കും. അതിനു സാധ്യതയില്ലാത്തപ്പോൾ, അത്തരം പ്രസ്താവനകളെ അപ്പടി ഉദ്ധരിച്ചു മതിയാക്കുകയും, സ്വീകാര്യമല്ലെന്ന്‌ കാണുന്ന അഭിപ്രായങ്ങളെ അവഗണിച്ചു കളയുകയും ചെയ്യും. എന്നാൽ, തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ട​‍ാകുന്നതും, ജനമദ്ധ്യെ പ്രചാരത്തിലുള്ളതുമായ പ്രസ്താവനകളെ ചൂണ്ടിക്കാട്ടി അവയിലെ സത്യാസത്യങ്ങളെ എടുത്തുകാട്ടുവാനും പരിശ്രമിച്ചിരിക്കുന്നു. ചരിത്രപരവും, ശാസ്ത്രീയവുമായ പല വിവരണങ്ങളും അതത്‌ സന്ദർഭമനുസരിച്ച്‌ നൽകിയിട്ടുണ്ട‍്‌.

 അവസനാത്തെ (`മുഫസ്‌-സ്വൽ` വിഭാഗത്തിൽപെട്ട) ചെറിയ സൂറത്തുകളൊഴിച്ച്‌ ബാക്കി എല്ലാ സൂറത്തുകളുടെയും ആരംഭത്തിൽ, അതത്‌ സൂറത്തുകളിൽ അടങ്ങിയിട്ടുള്ള പ്രധാന പ്രതിപാദ്യവിഷയങ്ങളുടെ സംഗ്രഹങ്ങളും കൊടുത്തിരിക്കുന്നു. അവസാനം പ്രസിദ്ധീകരിച്ച ഫാത്തിഹ മുതൽ ഇസ്‌റാഅ​‍്‌ കൂടിയുള്ള ആദ്യപകുതിയിൽ ഈ സംഗ്രഹം ചേർത്തിട്ടില്ല. അതിനാൽ ഈ പതിപ്പിൽ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ, അതത്‌ സ്ഥാനങ്ങളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങളും അതതിലെ പാഠങ്ങളും യഥാസമയം ചൂണ്ട‍ിക്കാട്ടുന്നതിന്‌ പുറമെ, പ്രത്യേകം എടുത്തു വിവരിക്കേണ്ടതാണെന്ന്‌ കാണുന്ന വിഷയങ്ങൾ-പ്രത്യേക തലക്കെട്ടുകൾ കൊടുത്തുകൊണ്ട്‌-അതത്‌ സൂറത്തുകൾക്ക്‌ ശേഷവും വിവരിച്ചുകാണാം. ഇങ്ങിനെ വിവരിക്കുന്ന വിഷയങ്ങൾ `വ്യാഖ്യാനക്കുറിപ്പ്‌` എന്ന പേരിൽ-സൗകര്യാർത്ഥം-പ്രത്യേകം ക്രമനമ്പറുകളോട്‌ കൂടിയാണ്‌ കൊടുത്തിട്ടുള്ളത്‌. ഈ വ്യാഖ്യാനക്കുറിപ്പുകൾ ഓരോന്നും വാസ്തവത്തിൽ ഓരോ സ്വതന്ത്ര ലേഖനമായിക്കരുതാവുന്നതാകുന്നു. അതുപോലെത്തന്നെ, ഈ മുഖവുരയിലെ അവസാനത്തെ ഈ ഖണ്ഡിക ഒഴിച്ചു ബാക്കി ഭാഗങ്ങളും ഒരു സ്വതന്ത്ര ഗ്രന്ഥമായി കരുതാവുന്നതാകുന്നു. അഥവാ, അവയെല്ലാം, വേണ്ടിവന്നാൽ പ്രത്യേകം പ്രത്യേകം പ്രസിദ്ധീകരിക്കാവുന്നതരത്തിലാണുള്ളത്‌.

 വായനക്കാർ മിക്കവാറും രണ്ടുതരക്കാരായിരിക്കും: ഒന്നോ ര​‍േണ്ടാ ആവർത്തി വായിച്ചു തൃപ്തിയടയുന്നവരും, ആവർത്തിച്ചാവർത്തിച്ചു വായിച്ചു പഠിക്കുന്നവരും. ഈ രണ്ടാമത്തെ വിഭാഗത്തെ കൂടുതൽ പരിഗണിച്ചുകൊണ്ടാണ്‌ ഞങ്ങൾ ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്‌ എന്ന്‌ ഇവിടെ ചൂണ്ട‍ിക്കാട്ടിക്കൊളളുന്നു. ഒറ്റവാക്കുകളുടെ അർത്ഥങ്ങൾക്കായി ഗ്രന്ഥത്തിന്റെ കാര്യമായ ഒരു ഭാഗം വിനിയോഗിച്ചിരിക്കുന്നതും മറ്റും അവരെ ഉദ്ദേശിച്ചാണ്‌. പരിഭാഷയും, വ്യഖ്യാനവും വായിച്ചതുകൊണ്ട്തൃപ്തിപ്പെടാതെ, ഓരോ ആയത്തിന്റെയും പദാർത്ഥങ്ങൾ ശ്രദ്ധാപൂർവ്വം ആവർത്തിച്ചു വായിച്ചു വരുന്നതായാൽ, ഖുർആന്റെ അർത്ഥം ഏതാ​ണ്ടൊരു വിധത്തിൽ സ്വയം തന്നെ ഗ്രഹിക്കുമാറാകുവാനും, അറബിഭാഷയിൽ ഒരു ചുരുങ്ങിയ പരിചയം കൈവരുവാനും അത്‌ സഹായിക്കുമെന്നാണ്‌ ഞങ്ങളുടെ പ്രതീക്ഷ. അല്ലാഹു സഹായിക്കട്ടെ
ആമീൻ

 ഓരോ ആയത്തിലും വന്നിട്ടുള്ള പദങ്ങൾക്ക്‌-അവ എത്രവട്ടം ആവർത്തിക്കപ്പെട്ടിട്ടു​ണ്ടെങ്കിലും ശരി-അതത്‌ ആയത്തുകൾ ഉൾക്കൊളളുന്ന അതേ പുറത്തുതന്നെ ആയത്തിന്റെ നമ്പർ സഹിതം ചുവട്ടിൽ അർത്ഥം കൊടുത്തു കാണാം. പല അർത്ഥങ്ങൾ വരാവുന്ന പദങ്ങൾക്ക്‌ ഒന്നിലധികം അർത്ഥങ്ങൾ കൊടുത്തിട്ടുള്ളതും, വാക്കർത്ഥത്തിന്‌ പുറമെ ചിലേടങ്ങളിൽ ഉദ്ദേശ്യാർത്ഥവും ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ളതും, പഠിക്കുവാൻ ഉദ്ദേശിച്ച്‌ വായിക്കുന്നവർക്ക്‌ വളരെ ഉപകാരപ്പെട്ടേക്കും. പദങ്ങളുടെ അർത്ഥങ്ങൾ പരിചയപ്പെട്ടശേഷം, ആയത്തുകളുടെ പരിഭാഷ ഒന്നുരണ്ടാവർത്തി വീണ്ടും വായിക്കുന്നപക്ഷം, വാക്യങ്ങളുടെ അത്യാവശ്യ സാരങ്ങളും സ്വയം ഗ്രാഹ്യമായിത്തുടങ്ങും.
ഇൻഷാ അല്ലഹ്

 വലിയ ആയത്തുകളിൽ അധികവും, ഒന്നിലധികം-പൂർണ്ണമോ അപൂർണ്ണമോ ആയ-വാക്യങ്ങളാൽ ഘടിപ്പിക്കപ്പെട്ടവയായിരിക്കും. അങ്ങിനെയുള്ള ഘടകങ്ങളുടെ അത്ഥം വെവ്വേറെ മനസ്സിലാകത്തക്കവണ്ണം പരിഭാഷയിൽ വാക്യങ്ങൾ വരിമാറ്റി-മുറിച്ച്‌ മുറിച്ച്‌-ചേർക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ, ഓരോ വാക്യത്തിന്റെ അർത്ഥവും വെവ്വേറെ മനസ്സിലാക്കുവാൻ പ്രയാസമുണ്ടായിരിക്കയില്ല. വാചകഘടന നോക്കുമ്പോൾ, പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നിലധികം ആയത്തുകൾക്കും, നീണ്ട വാക്യങ്ങൾക്കും ഒന്നായി-ഒരേ വാചകത്തിൽ-അർത്ഥം കൊടുക്കാതെ, വാക്യങ്ങൾ മുറിച്ച്‌ പരിഭാഷ നൽകിയിട്ടുള്ളതും ഈ ആവശ്യാർത്ഥമാകുന്നു. ഭാഷാപരമായ ഒഴുക്കിനെക്കാൾ വായനക്കാർക്ക്‌ അർത്ഥം ഗ്രഹിക്കുവാനുള്ള സൗകര്യത്തിനാണ്‌ മുൻഗണന നൽകിയിരിക്കുന്നത്‌.

 വ്യാഖ്യാനങ്ങൾ കൊടുത്തിരിക്കുന്നത്‌ അടിക്കുറിപ്പുകളായിക്കൊണ്ടല്ല, ഒന്നോ അധികമോ ആയത്തുകളും, അവയുടെ പരിഭാഷയും തീർന്ന ഉടനെ, ആ ആയത്തുകളെ സംബന്ധിച്ച വിവരണം തുടർന്നു കൊടുക്കുകയും, പിന്നീട്‌ വേറെ ആയത്തുകൾ തുടങ്ങുകയുമാണ്‌ ചെയ്തിരിക്കുന്നത്‌. ആകയാൽ, ആയത്തുകളുടെ അർത്ഥം വായിച്ചു തീരുംമുമ്പായി, ഇടക്കുവെച്ച്‌ അടിക്കുറിപ്പുകൾ ശ്രദ്ധിക്കേണ്ടന്ന ആവശ്യം വായനക്കാർക്ക്‌ നേരിടുകയില്ല. പരിഭാഷ വായിച്ചു കഴിഞ്ഞ ആയത്തുകളെ സംബന്ധിച്ച്‌ മനസ്സിലാക്കേണ്ടുന്ന കാര്യങ്ങൾ മനസ്സിലാക്കിയ ശേഷംമാത്രം അടുത്ത ആയത്തുകളിലേക്ക്‌ നീങ്ങുവാൻ ഇത്‌ സഹായകമായിരിക്കും.

 വ്യഖ്യാന വേളയിൽ, സന്ദർഭോചിതങ്ങളായ ഖുർആൻ വാക്യങ്ങൾ, ഹദീസുകൾ മുതലായവ ഉദ്ധരിച്ചുകാണാം. മിക്കവാറും അവയുടെ അറബിമൂലവും, തുടർന്നുകൊണ്ട്അർത്ഥവും-അല്ലെങ്കിൽ സാരവും-കൊടുത്തിരിക്കും. ഇവ വായിക്കുമ്പോൾ, അർത്ഥസാരങ്ങൾ മാത്രം വായിച്ചു മതിയാക്കാതെ, മൂലവും വായിച്ചു ശീലിക്കേണ്ടതാകുന്നു. ഖുർആനും ഹദീസുമായി വായനക്കാർക്ക്‌ കൂടുതൽ പരിചയം ഉണ്ടാക്കുകകൂടി ഇതുമൂലം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. അറബിലിപികൾ വായിക്കുവാൻ അറിയാത്തവർക്ക്‌ അറബിമൂലങ്ങൾകൊണ്ട്വിശേഷിച്ച്‌ ഗുണമൊന്നുമില്ലെങ്കിലും, അതിന്‌ സാധിക്കുന്നവർക്കെല്ലാം ഇത്‌ പ്രയോജനകരമായിരിക്കും. സ്ഥലദൈർഘ്യം വന്നുപോകുന്നതോ, പ്രത്യേകാവശ്യം കാണപ്പെടാത്തതോ ആയ സന്ദർഭങ്ങളിൽ മാത്രമേ-അറബിമൂലങ്ങൾ കൊടുക്കാതെ-അവയുടെ അർത്ഥമോ സാരമോ മാത്രം കൊടുത്തുമതിയാക്കാറുളളു. അവിടെ മിക്കവാറും ആയത്തിന്റെ നമ്പർ കൊടുത്തിട്ടുമുണ്ട്‌.

 അറബിപദങ്ങളുടെ ഉച്ചാരണസംബന്ധമായ കാര്യങ്ങൾ വിവരിക്കുമ്പോൾ, അതത്‌ പദങ്ങളുടെ ഉച്ചാരണ രൂപങ്ങളും പദങ്ങളും, അർത്ഥസംബന്ധമായ കാര്യങ്ങൾ വിവരിക്കുമ്പോൾ, അവയുടെ അർത്ഥരൂപങ്ങളും മലയാള ലിപിയിൽ പ്രത്യേകം അടയാളപ്പെടുത്തുന്നതാണ്‌. ഇതും വായനാവേളയിൽ പ്രത്യേകം മനസ്സിരുത്തേണ്ടതാകുന്നു. അറബി വായിക്കുവാൻ അറിയാത്തവരെ സംബന്ധിച്ചിടത്തോളം ആവശ്യമില്ലാത്തതോ, അവർക്ക്‌ ഗ്രഹിക്കുവാൻ പ്രയാസമായതോ ആയ വല്ല വിശദീകരണവും നൽകേണ്ടി വരുമ്പോൾ, അത്തരം മൂലപദങ്ങളുടെ അറബി രൂപം കൊണ്ട്‌ മതിയാക്കുകയും ചെയ്യും.

 മുമ്പ്‌ സൂചിപ്പിച്ചതുപോലെ, ഇതൊരു സ്വതന്ത്ര പരിഭാഷയോ, ആശയവിവർത്തനമോ അല്ല. കഴിയുന്നതും മൂലത്തിന്റെ നേർക്കുനേരെയുള്ള പരിഭാഷയാണ്‌. ആകയാൽ, മലയാളഭാഷയുടെ ഒഴുക്കും ഭംഗിയും വിലയിരുത്തുന്നതിൽ ഏറെക്കുറെ കോട്ടങ്ങൾ വന്നുപോയിരിക്കുമെന്നത്‌ സ്വാഭാവികമാണ്‌. ഇതിനുള്ള കാരണങ്ങൾ നാം മുമ്പ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട‍്‌. എന്നാലും, ഭാഷാപരമായി ക്ഷന്തവ്യമല്ലാത്ത തെറ്റുകൾ വരാതെ കഴിച്ചുകൂട്ടുവാൻ ഞങ്ങൾ-ഞ്ഞങ്ങളുടെ അറിവും കഴിവുമനുസരിച്ച്‌-ശ്രമിച്ചിട്ടുണ്ട്‌. ഒരു പക്ഷെ, ഈ ഗ്രന്ഥം വായിക്കുന്നവരിൽ അറബി അറിയാത്ത ചില വായനക്കാർക്കുപോലും-ഒറ്റവാക്കുകളുടെ അർത്ഥം വേണ്ടതുപോലെ പരിചയപ്പെട്ടു കഴിഞ്ഞാൽ-ചില ആയത്തുകൾക്കെങ്കിലും ഇതിനെക്കാൾ ഒഴുക്കിലും ഭംഗിയിലും പരിഭാഷ നല്കുവാൻ സാധിച്ചെന്നുവരാം. അങ്ങിനെ സാധിക്കുമാറാകണമെന്ന്‌ തന്നെയാണ്‌ ഞങ്ങളുടെ അഭിലാഷവും, പ്രാർത്ഥനയും. പരിഭാഷയുടെ ചന്തത്തിന്‌ വേണ്ടി ആയത്തിന്റെ അർത്ഥപരമായ വല്ല വശങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നതിനെക്കാൾ, അർത്ഥോദ്ദേശ്യങ്ങൾ മനസ്സിലാക്കുവാൻവേണ്ടി ഭാഷാസൗന്ദര്യം കുറഞ്ഞുപോകുന്നതിലാണ്‌ ഞങ്ങൾ നൻമ കാണുന്നത്‌. വായനക്കാരിൽ ഭൂരിഭാഗവും സാധാരണക്കാരായിരിക്കുന്നതുകൊണ്ട്‌ മലയാളം വായിക്കുവാൻ അറിയുന്നവർക്കെല്ലാം വായിച്ചറിയുവാൻ പറ്റുന്ന നിലവാരത്തിലായിരിക്കണം ഇതിന്റെ ഭാഷയും, പ്രതിപാദനരീതിയും എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം. അതേസമയത്ത്‌, ഈയുള്ളവർ ഭാഷയിലോ മറ്റോ വൽപത്തി നേടിയവരൊട്ടല്ലതാനും.

 `റബ്ബ്‌, ഇലാഹ്‌, റസൂൽ, നബി, സകാത്ത്‌, ഈമാൻ, ശിർക്ക്‌` എന്നിവപോലെ, സാധാരണ ഉപയോഗത്തിലിരിക്കുന്ന അറബി വാക്കുകൾക്ക്‌ മിക്കപ്പോഴും തർജ്ജമ കൊടുക്കാറില്ല. ഇതിന്‌ പല കാരണങ്ങളുമുണ്ട്‌. ചില വാക്കുകളുടെ ഉദ്ദേശ്യം മനസ്സിലാക്കുവാൻ അവയുടെ തർജ്ജമയെക്കാൾ ഉപകരിക്കുക അതേ മൂലവാക്കുകൾതന്നെയായിരിക്കും. ചില വാക്കുകളുടെ ഉദ്ദേശ്യം മുഴുവനും കാണിക്കത്തക്ക വാക്കുകൾ മലയാളത്തിൽ വിരളമായിരിക്കും. മറ്റു ചിലതിന്റെ ആശയം വ്യക്തമാക്കുവാൻ കുറെ അധികം മലയാള പദങ്ങൾ ആവശ്യമായേക്കും. ചില വാക്കുകൾക്കു പരിഭാഷ സ്വീകരിക്കുന്നപക്ഷം ആ വാക്കുകളിൽ അടങ്ങിയിരിക്കുന്ന ഗൗരവത്തിന്‌ കോട്ടം ബാധിച്ചേക്കും. ഇതിനെല്ലാം പുറമെ, വായനക്കാരിൽ ക്രമേണ അറബിവാക്കുകളുമായി ഇണക്കവും പരിചയവും ഉണ്ട‍ാക്കിത്തീർക്കുവാനും ഇത്‌ ഉതകുമല്ലോ.

 മലയാളത്തിൽ സംസാരിക്കുമ്പോൾ, സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ്‌, സംസ്കൃതം, ഹിന്ദി മുതലായ പദങ്ങൾ കൂട്ടിക്കലർത്തി സംസാരിക്കുന്നത്‌ ഒരു `പരിഷ്ക്കാര`മായിട്ടാണ്‌ ചിലരൊക്കെ ഗണിക്കാറുള്ളത്‌. അതേ സമയത്ത്‌ അത്യാവശ്യം അറബിയിൽ പരിചയമുള്ള ആളുകൾപോലും അന്യോന്യം സംസാരിക്കുമ്പോൾ, ഇടയ്ക്ക്‌ അറബിവാക്കുകൾ ഉപയോഗിക്കുന്നത്‌ ആ `പരിഷ്ക്കാര`ത്തിന്നു നിരക്കാത്തതാണെന്ന ഭാവവും ചിലരിൽ പ്രകടമായിക്കാണാം. അറബിഭാഷയുടെ പ്രചരണത്തിനായി പരിശ്രമിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ചില ആളുകൾപോലും ഇതിൽനിന്ന്‌ ഒഴിവല്ലെന്നതാണ്‌ കൂടുതൽ ആശ്ചര്യം! ഈ പരിതഃസ്ഥിതിയിൽ-മലയാളത്തിനിടയിൽ ഇംഗ്ലീഷ്‌ വാക്കുകളും മറ്റും ഉപയോഗിക്കാറുള്ളതുപോലെത്തന്നെ-വായനക്കാർക്കിടയിൽ പരിചിതങ്ങളായ ചില അറബിവാക്കുകൾ ഇടയ്ക്കിടെ ഉപയോഗിക്കുന്നതിൽ ഒട്ടും അഭംഗിയുള്ളതായി തോന്നുന്നില്ല. എന്നാലും, ചിലപ്പോഴൊക്കെ അവയുടെ അർത്ഥങ്ങളും നിർവ്വചനങ്ങളും കൊടുത്തിരിക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, അറബിപദങ്ങളുടെ നേർക്കുനേരെയുള്ള വാക്കർത്ഥം ഉപയോഗിക്കുമ്പോൾ ഉദ്ദേശ്യം വ്യക്തമാവുകയില്ലെന്നുവരും. അങ്ങിനെ വരുമ്പോൾ, പരിഭാഷയിൽ അവയുടെ ഉദ്ദേശ്യാർത്ഥമായിരിക്കും കൊടുക്കുക. ഒറ്റ വാക്കർത്ഥവും, വ്യഖ്യാനവും വായിക്കുമ്പോൾ ഇതു മനസ്സിലാക്കാവുന്നതുമാകുന്നു.

 പല ഭൂപടങ്ങളും കൊടുത്തിട്ടുള്ളത്‌ വായനക്കാർക്ക്‌ വളരെ ഉപയോഗപ്പെടുമെന്ന്‌ കരുതുന്നു. ഓരോ പടത്തെ സംബന്ധിച്ചും അറിഞ്ഞിരിക്കേണ്ടുന്ന കുറിപ്പുകൾ അതതിന്റെ പിൻപുറത്ത്‌ ചേർത്തിരിക്കുന്നു. ഈ പടങ്ങൾ എല്ലാം ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തിലാണ്‌ ചേർക്കപ്പെട്ടിരിക്കുന്നത്‌. ഈ ഗ്രന്ഥം വായിക്കുമ്പോൾ പല സന്ദർഭങ്ങളിലും പ്രസ്തുത പടങ്ങൾ നോക്കേണ്ടുന്ന ആവശ്യം നേരിട്ടേക്കാം. മറ്റു ചില ഗ്രന്ഥങ്ങൾ വായിക്കുന്നവർക്കും ഈ പടങ്ങൾ ഉപയോഗപ്പെടുത്താവുന്നതായിരിക്കും. വിവിധ അറ്റ്ലസുകൾ (ഭൂപട പുസ്തകങ്ങൾ) നോക്കി പരിശോധിച്ചും മറ്റു പ്രകാരത്തിലും വളരെ പരിശ്രമം നടത്തിക്കൊണ്ടാണ്‌ അവയിലെ പ്രാചീനകാല ചരിത്ര ഭൂപടങ്ങൾ തയ്യാറാക്കപ്പെട്ടിട്ടുള്ളത്‌. ഈ വിഭാഗത്തിൽ കാണപ്പെടുന്ന സ്ഥലപേരുകളും, അതിർത്തിനിണ്ണയങ്ങളും പ്രാചീനകാലത്തെ പേരുകളും, അതിരടയാളങ്ങളുമാകുന്നു. ഇന്ന്‌ അവയെല്ലാം എത്രയോ മാറ്റങ്ങളെ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്‌.

ഈ ഗ്രന്ഥത്തിൽ ഞങ്ങളുടെ അവലംബം
 ഖുർആൻ പരിഭാഷയിലും, വ്യാഖ്യാന വിവരണങ്ങളിലും, വാക്കർത്ഥങ്ങളിലും ഞങ്ങൾ അവലംബമായി സ്വീകരിച്ചിട്ടള്ള ഗ്രന്ഥങ്ങൾ പലതുണ്ട്‌. മുൻഗാമികളുടെയും തഫ്സീർ ഗ്രന്ഥങ്ങളിൽ സാധാരണ പ്രചാരത്തിലുള്ള വളരെ അറബി തഫ്സീറുകളും, ചില ഉർദു-ഇംഗ്ലീഷ്‌ തഫ്സീറുകളും, പല ഹദീസ്‌ ഗ്രന്ഥങ്ങളും, ഇസ്‌ലാം ചരിത്രം, ഭാഷാ നിഘണ്ടു മുതലായ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളും ഈ ആവശ്യാർത്ഥം ഞങ്ങൾ ശേഖരിച്ച്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. അവയിൽ കൂടുതൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്‌ ഇവയാകുന്നു:-

അറബി തഫ്സീർ ഗ്രന്ഥങ്ങൾ:-


6. തഫ്സീർ നീസാപൂരീ
غرائب القرآن ورغائب الفرقان النظام الدين النيسابورى
7. തഫ്സീർ റൂഹുൽമആനീ (ആലുസീ)
روح المعاني للألوسي
8. തഫ്സീർ  ഫത്ഥുൽഖദീർ (ശൗകാനി)
فتح القدير للشوكاني
9. തഫ്സീർ  മറാഗീ
تفسير المراغي للشيخ احمد مصطفى المراغى
10. തഫ്സീർ  അൽമനാർ (റശീദ്‌രിൾവാ)
تفسير المنار للسيد رشيد رضا
11. തഫ്സീർ  സ്വഫ്‌വത്തുൽ ഇർഫാൻ (ഫരീദ്‌ വജ്ദീ)
صفوة العرفان للاستان فريد وجدى
12. തഫ്സീർ  ഫീളിലാലിൽ ഖുർആൻ (മുഹമ്മദു ഖുത്ത്ബ്‌)
13. തഫ്സീർ  ത്വൻതാവീ
الجواهر للسيخ طنطاوى جوهرى
14. തഫ്സീറുൽ ഖുർആൻ ബികലാമിർ റഹ്മാൻ
             (ഥനാഉല്ലാ:)
تفسير القرأن بكلام الرحمن لا بى الوفاثناء الله
ഉർദു തഫ്സീറുകൾ:-

1. തഫ്സീർ ഹഖ്ഖാനീ
تفسير حقانى لمولانا عبد الحق الدهلوى
2. തർജുമാനുൽ ഖുർആൻ (മൗലാനാ ആസാദ്‌)
ترجمان القرأن لمولانا ابى الكلام ازادا
3. തഫ്സീർ ഥനാഈ
تفسير الثناثي لمولاانا ابى لوفاء ثناء الله

ഇംഗ്ലീഷ്‌ തഫ്സീർ:-

1. അല്ലാമാ യൂസുഫ്‌ അലിയുടെ ഇംഗ്ലീഷ്‌ തഫ്സീർ   Holy Quran by A. Yusuf Ali

ഹദീസു ഗ്രന്ഥങ്ങൾ:-

1. സഹീഹുൽബുഖാരീ
الجامع الصحيح للامام ابى عبدالله محمد بن اسماعيل البخارى
2. സഹീഹുമുസ്‌ലിം
صحيح مسلم بن الحجاج القشيرى النيسابورى
3. ഫത്ഥുൽബാരീ (ബുഖാരിയുടെ വ്യാഖ്യാനം-അസ്ഖലാനീ)
فتح البارى للحافظبن حجر العسقلانى
4. മിശ്ക്കാത്ത്‌ (തിബ്‌രീസി)
مشكاة المصابيح للشيخ ولى الدين التبريزى
5. രിയാൾവുസ്സാലിഹീൻ (നവവീ)
رياض الصالحين للامام النووى

അറബി നിഘണ്ടുക്കൾ:-

1. മുഫ്‌റദാത്ത്‌ റാഗിബ്‌
المفردات فى غريب القرأن للشيغ ابى القاسم الراغب
2. ഖാമൂസ്‌
القاموس الكبير للامام اللامام الفيروز ابادى
3. മുൻജിദ്‌
المنجد فى اللة والادب والعلوم للكاتولكين
സമാപനംങ്ങളുടെ പ്രവർത്തനം

 ഇവയ്ക്കുപുറമെ, അറബീ, ഉർദു, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലുള്ളതും, സാധാരണ ഉപയോഗത്തിലിരിക്കുന്നതുമായ മറ്റു പല തഫ്സീറുകളും, ഉർദു, അറബി-ഇംഗ്ലീഷ്‌, ഇംഗ്ലീഷ്‌-മലയാളം, മലയാളം എന്നീ ഭാഷകളിലുള്ള ചില നിഘണ്ടക്കളും, ഖുർആൻ, ഹദീസ്‌, ചരിത്രം മുതലായ ഇസ്‌ലാമിക വിജ്ഞാന തുറകളിൽ രചിക്കപ്പെട്ടിട്ടുള്ള ചില പ്രധാന ഗ്രന്ഥങ്ങളും ഞങ്ങൾ വളരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. അവയുടെ പേരുകൾ ഉദ്ധരിച്ചു ദീർഘപ്പിക്കുവാൻ ഇവിടെ മിനക്കെടുന്നില്ല.

 അല്ലാഹു ഉദ്ദേശിക്കുമ്പോഴാണല്ലോ ഏതൊരു കാര്യവും ഉണ്ടാവുക. ഒരു കാര്യം ഉണ്ടാവണമെന്ന്‌ അവൻ നിശ്ചയിക്കുമ്പോൾ, അതു പ്രയോഗത്തിൽ വരുന്നതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും സൃഷ്ടിച്ച്‌ അവൻ അതിന്‌ സന്ദർഭം ശരിപ്പെടുത്തുന്നു.

 പരേതനായ ഖാൻബഹദൂർ, വി.കെ. ഉണ്ണിക്കമ്മുസാഹിബ്‌ അവർകളുടെ പുത്രനും, കേരളത്തിലെ ഒരു പൗരപ്രധാനിയുമായ ജനാബ്‌ കെ.പി. മുഹമ്മദ്‌ സാഹിബ്‌ (ബി.എ.) അവർകൾക്ക്‌ വിശുദ്ധ ഖുർആൻ മുഴുവൻ ഭാഗവും മലയാളത്തിൽ പരിഭാഷ ചെയ്തു പുറത്തിറക്കിയാൽ കൊളളാമെന്ന്‌ ഒരു ആഗ്രഹം അല്ലാഹു ജനിപ്പിച്ചു. മൂന്നുകൊല്ലം മുമ്പ്‌ ഒരു സുദിനത്തിൽ അദ്ദേഹത്തിനുണ്ട​‍ായ ഈ സ്തുത്യർഹമായ പ്രചോദനമാണ്‌ ഈ മഹത്തായ സംരംഭത്തിൽ ഞങ്ങൾ ഏർപ്പെടുവാൻ കാരണമായിത്തീർന്നത്‌. അദ്ദേഹം, തന്റെ ആഗ്രഹം പണ്ഡിതവര്യനായ ജനാബ്‌ കെ. എം. മൗലവി സാഹിബിനെ അറിയിക്കുകയും, തുടർന്നുണ്ട​‍ായ കൂടിയാലോചനകൾക്കുശേഷം മൗലവി സാഹിബിന്റെ ഉപദേശനിർദ്ദേശങ്ങൾ മാനിച്ചുകൊണ്ട്‌ പരിഭാഷാ പ്രവർത്തനം ഞങ്ങൾ നടത്തുവാൻ നിശ്ചയിക്കപ്പെടുകയും ചെയ്തു.

 വിശുദ്ധ ഖുർആന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ തനിക്കും പങ്കെടുക്കണമെന്നുള്ള അതിയായ ആഗ്രഹം നിമിത്തം, ജ: മുഹമ്മദ്‌ സാഹിബിന്റെ കനിഷ്ഠ സഹോദരനും, പൗരപ്രധാനിയുമായ ജനാബ്‌ കെ.പി. മൊയ്തീൻകൂട്ടി സാഹിബ്‌ (ബി. എ.) അവർകളും ഈ സംരംഭത്തിൽ ആവേശപൂർവ്വം ഭാഗഭാക്കാവുകയുണ്ടായി. അങ്ങിനെ, ഈ രണ്ട‍ു മാന്യസഹോദരന്മാർ കൂടിയാണ്‌ ഈ പരിഭാഷ പ്രവർത്തനത്തിനും, ഇതിന്റെ പ്രസിദ്ധീകരണത്തിനും വേണ്ടുന്ന എല്ലാവിധ ധനവ്യയവും നിർവ്വഹിച്ചു വരുന്നത്‌. ഉദാരമതികളും സമുദായ തല്പരൻമാരുമായ ഈ മാന്യ സഹോദരൻമാരുടെ ഇത്തരം മാതൃകാസേവനങ്ങൾക്ക്‌ പരമകാരുണികനായ അല്ലാഹു മഹത്തായ പ്രതിഫലം നൽകുകയും, ഇത്തരം സേവനങ്ങൾ പതിവായി നടത്തിക്കൊണ്ടിരിക്കുവാനുള്ള ആവേശവും, കഴിവും അവർക്ക്‌ പ്രദാനം ചെയ്യുകയും ചെയ്യട്ടെ. ഇതുപോലെയുള്ള പിപാവനമായ ഇസ്‌ലാമിക സേവനങ്ങൾ ചെയ്തുകൊണ്ട‍ിരിക്കുവാൻ സമുദായത്തിലെ എല്ലാ പൗരപ്രധാനികൾക്കും അവൻ പ്രചോദനം നല്കുമാറാകട്ടെ! ആമീൻ.

 ഹിജ്‌റവർഷം 1380 റബീഉൽഅവ്വൽ 15-​‍ാം  തിയ്യതി (1960 സെപ്തംബർ 7-​‍ാംനു) ബുധനാഴ്ച `ൾവുഹ്ര്` നമസ്ക്കാരാനന്തരം പരിഭാഷയുടെ പ്രവർത്തനം ആരംഭിച്ചു. മൂന്ന്‌ തവണകളിലായി-ഏതാണ്ട്‌ ഇരുപത്‌ മാസത്തെ പ്രവർത്തനം കൊണ്ട്‌-1382 റബീഉൽ ആഖിർ 28ന്‌ (1962 സപ്തംബർ 28-​‍ാംനു) വെള്ളിയാഴ്ച ജുമുഅക്ക്‌ മുമ്പായി, സൂറത്തുൽ കഹ്ഫ്മുതൽ സൂറത്തുന്നാസ്‌ വരെയുള്ള ഭാഗത്തിന്റെ-ഖുർആന്റെ രണ്ടാമത്തെ പകുതിയുടെ-പരിഭാഷാപ്രവർത്തനം പൂർത്തിയായി.
الحمد لله حمداكثيرا (അല്ലാഹുവിന്‌ ധാരാളം സ്തുതി!)

 സൂറത്തുൽ ഫാത്തിഹഃ മുതൽ അൽകഹ്ഫ്‌ വരെയുള്ള ഒന്നാമത്തെ പകുതിയും തുടർന്ന്‌ പരിഭാഷ ചെയ്യണമെന്ന്‌ നിശ്ചയിക്കപ്പെട്ടിട്ടുണ്ട‍്‌. പൂർത്തിയായ ഭാഗം അച്ചടിക്കു തയ്യാറാക്കുക മുതലായ ആവശ്യങ്ങളെ മുൻനിറുത്തി തൽക്കാലത്തേക്ക്‌ പരിഭാഷയുടെ എഴുത്തുജോലി നിർത്തിവെച്ച അവസരത്തിലാണ്‌ ഈ മുഖവുര തയ്യാറാക്കപ്പെട്ടത്‌. മുമ്പ്‌ സൂചിപ്പിക്കപ്പെട്ടതുപോലെ, ഞങ്ങൾ ഈ പ്രവർത്തനം ആരംഭിക്കുന്ന കാലത്ത്‌ ഖുർആന്റെ രണ്ടാമത്തെ പകുതിയുടെ മലയാള പരിഭാഷ ആരാലും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ്‌, ഞങ്ങൾ രണ്ട‍ാമത്തെ പകുതി മുതൽ പരിഭാഷ ചെയ്‌വാൻ ആരംഭിച്ചത്‌. ഈ പ്രവർത്തനം നടന്നുകൊണ്ട‍ിരിക്കേ, രണ്ട‍ാം പകുതിയുടെ പരിഭാഷയും വെളിക്കുവന്ന്‌ കഴിഞ്ഞിരിക്കുകയാണ്‌. ഇത്‌ ഞങ്ങൾക്ക്‌ കുറേ ആശ്വാസം നൽകിയിട്ടു​ണ്ടെന്ന്‌ വിശിഷ്യാ പറയേണ്ടതില്ല. വളരെ ധൃതിപ്പെടാതെ, പ്രധാന വിഷയങ്ങൾ ഏറെക്കുറെ വിശദീകരിച്ചെഴുതുവാനും മറ്റും ഇത്‌ ഞങ്ങൾക്ക്‌ അവസരം ഉണ്ട​‍ാക്കിത്തന്നിരിക്കുകയാണ്‌.

 വിശുദ്ധ ഖുർആനുമായി കൂടുതൽ ബന്ധപ്പെടുവാനും, അതിന്റെ വിജ്ഞാനതുറകളിൽ പ്രത്യേകം ശ്രദ്ധചെലുത്തുവാനും, അതിന്റെ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിൽ ചുരുങ്ങിയ പങ്കുവഹിക്കാനും ഈ സംരംഭം ഞങ്ങൾക്ക്‌ വളരെ സഹായകമായിട്ടു​ണ്ടെന്ന്‌ വ്യക്തമാണ്‌. അതിന്‌ തൗഫീഖും, സന്ദർഭവും തന്നരുളിയതിൽ, ഞങ്ങൾ അല്ലാഹുവിനെ സർവ്വാത്മനാ സ്തുതിച്ചുകൊളളുന്നു. അതിന്‌ കാരണക്കാരായ ഇതിന്റെ പ്രസാധകന്മാരോട്‌ ഖുർആന്റെ പേരിൽ ഞങ്ങൾ നന്ദി പറയുകയും ചെയ്യുന്നു. ബാക്കിഭാഗം എഴുതിത്തീർക്കുവാൻ ഞങ്ങൾക്കും, പ്രസിദ്ധീകരണം പൂർത്തിയാക്കുവാൻ അവർക്കും സർവ്വശക്തനായ അല്ലാഹു ആയുരാരോഗ്യവും, അനുകൂല സാഹചര്യങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ. ആറു വാല്യങ്ങളിലായി പൂർത്തിയാക്കപ്പെട്ട 1-​‍ാം പകുതിയുടെ ആദ്യത്തെ നാല്‌ വാല്യങ്ങളും പ്രസ്തുത മാന്യൻമാരുടെ ചിലവിൽത്തന്നെ ലാഭോച്ഛകൂടാതെ  പ്രസിദ്ധീകരിക്കപ്പെട്ടശേഷം അവരുടെ അതിൻമേലുള്ള അവകാശങ്ങൾ മുജാഹിദീൻ ട്രസ്റ്റിനു സംഭാവന നൽകുകയും, പിന്നീടുള്ള വാല്യങ്ങൾ ട്രസ്റ്റു  വകയായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. എഴുതിത്തീർക്കുവാൻ ബാക്കിയുണ്ട​‍ായിരുന്ന ആദ്യത്തെ 15 ജൂസുവോളം വരുന്ന 1-​‍ാം പകുതിയുടെ എഴുത്തും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട്‌ ഇപ്പോൾ എഴുതിക്കഴിഞ്ഞിട്ടു​‍ണ്ടെന്ന്‌ പറയാറായിരിക്കുന്നു. അതും പൂർണ്ണമായി പ്രസിദ്ധീകൃതമാകുവാൻ അല്ലാഹു തുണക്കട്ടെ. ആമീൻ.

 വാർദ്ധക്യ സഹജമായ അനാരോഗ്യത്തെ അവഗണിച്ചുകൊണ്ട്‌ ആരംഭം മുതൽക്കേ ഞങ്ങൾക്കു വിലയേറിയ ഉപദേശ നിർദ്ദേശങ്ങൾ തന്നുകൊണ്ട‍ിരുന്ന വന്ദ്യനായ കെ.എം. മൗലവി സാഹിബിന്റെ സഹായസഹകരണങ്ങൾ മറക്കാവതല്ല. ഇസ്‌ലാമിനും, സമുദായത്തിനും അദ്ദേഹം ചെയ്തുകൊണ്ട‍ിരിക്കുന്ന വിജ്ഞാനസേവനങ്ങൾ ഇനിയും ചിരകാലം നിലനിൽക്കുമാറാകട്ടെ എന്ന്‌ അല്ലാഹുവോട്‌ ദുഹാ [ഈ ആദ്യത്തെ വാല്ല്യം ഒന്നാം പതിപ്പ്‌ അച്ചടികഴിഞ്ഞ്‌ പുറത്താകുമ്പോഴേക്കും മൗലാനാ കെ.എം. മൗലവി സാഹിബ്‌ പരലോകം പ്രാപിക്കുകയാണുണ്ടായത്‌. അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങൾക്ക്‌ മഹത്തായ പ്രതിഫലം നൽകുകയും, അദ്ദേഹത്തിന്റെ പാപങ്ങളെല്ലാം പൊറുത്തുകൊടുത്ത്‌ സ്വർഗ്ഗീയ ജീവിതം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഖുർആനെയും സുന്നത്തിനെയും പിൻപറ്റിക്കൊണ്ടള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതത്തെ മാതൃകയാക്കി ജീവിക്കുവാൻ അവൻ നമുക്കെല്ലാം തൗഫീഖ്‌ നൽകുകയും ചെയ്യട്ടെ. ആമീൻ.] ചെയ്യുന്നു. ഞങ്ങൾക്ക്‌ ആവശ്യമായ പല ഗ്രന്ഥങ്ങൾ ഉപയോഗത്തിനുതന്നും മറ്റും ഞങ്ങൾക്ക്‌ സഹായസഹകരണങ്ങൾ നൽകിയിട്ടുള്ള എല്ലാ മാന്യ സഹോദരങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു. എല്ലാവർക്കും അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ! ആമീൻ.

 ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മറന്നു കളയുകയോ, അബദ്ധം പ്രവർത്തിക്കുകയോ ചെയ്തിട്ടു​ണ്ടെങ്കിൽ, നീ ഞങ്ങളെ പിടിച്ചു ശിക്ഷിക്കരുതേ! ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക്‌ മുമ്പുള്ളവരുടെ മേൽചുമത്തിയതുപോലെ ഞങ്ങളുടെമേൽ ഭാരം ചുമത്തരുതേ! ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കു കഴിവില്ലാത്ത കാര്യം ഞങ്ങളെ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങൾക്കു മാപ്പു നൽകുകയും, ഞങ്ങൾക്കു പൊറുത്തു തരുകയും, ഞങ്ങൾക്കു കരുണ ചെയ്യുകയും വേണമേ! നീയത്രെ, ഞങ്ങളുടെ യജമാനൻ, ആകയാൽ അവിശ്വാസികൾക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ!

 രക്ഷിതാവേ! ഞങ്ങളിൽനിന്ന്‌ (ഞങ്ങളുടെ കർമ്മങ്ങൾ) നീ സ്വീകരിക്കേണമേ! നീയാണ്‌, എല്ലാം അറിയുന്നവനും കേൾക്കുന്നവനും ഞങ്ങൾക്ക്‌ പശ്ചാത്താപം സ്വീകരിച്ചു തരുകയും ചെയ്യേണമേ! നീയാണ്‌ പശ്ചാത്താപം വളരെ സ്വീകരിക്കുന്നവനും, കരുണാനിധിയും. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും ഞങ്ങളുടെ, മാതാപിതാക്കൾക്കും സത്യവിശ്വാസികളായ എല്ലാ സ്ത്രീപുരുഷൻമാർക്കും പൊറുത്തു തരേണമേ! ഇഹത്തിലും, പരത്തിലും നീ ഞങ്ങൾക്ക്‌ നൻമ നൽകേണമേ!

 അല്ലാഹുവേ! ഞങ്ങളുടെ ഈ പ്രവർത്തനം നിന്റെ അടുക്കൽ തൃപ്തിപ്പെട്ട സൽക്കർമ്മമായി സ്വീകരിക്കുകയും, ഇതുമൂലം, നിന്റെ തിരുവചനമായ വിശുദ്ധ ഖുർആന്റെ വിജ്ഞാന സമ്പത്ത്‌ മലയാളക്കാരായ ജനങ്ങൾക്കിടയിൽ പ്രചരിക്കുവാൻ കാരണമാക്കുകയും ചെയ്യേണമേ! ഇതിൽ, ഞങ്ങളുടെ പക്കൽ വന്നുപോയേക്കാവുന്ന എല്ലാ പാകപ്പിഴവുകളും, തെറ്റുകുറ്റങ്ങളും പൊറുത്തുതരുകയും, യഥാർത്ഥം ഗ്രഹിക്കുവാനുള്ള മാർഗ്ഗദർശനവും സഹായവും ഞങ്ങൾക്ക്‌ കനിഞ്ഞേകുകയും വേണമേ! അല്ലാഹുവേ! വിശുദ്ധ ഖുർആന്റെ അനുയായികളുടെ എണ്ണം ലോകത്ത്‌ കൂടുതൽ കൂടുതൽ വർദ്ധിപ്പിക്കുകയും, അതിന്റെ സന്ദേശങ്ങളും, സിദ്ധാന്തങ്ങളും കലവറ കൂടാതെ അനുഷ്ഠിച്ച്‌ നടപ്പിൽ വരുത്തുവാൻ എല്ലാവർക്കും സൻമനസ്സും തൗഫീഖും നല്കുകയും ചെയ്യേണമേ!

 അല്ലാഹുവേ! നീ ഞങ്ങൾക്ക്‌ പഠിപ്പിച്ചു തന്നിട്ടുള്ളതിനെ ഞങ്ങൾക്ക്‌ പ്രയോജനപ്പെടുത്തിത്തരുകയും, ഞങ്ങൾക്ക്‌ പ്രയോജനകരമായതു പഠിപ്പിച്ചു തരുകയും ഞങ്ങൾക്ക്‌ അറിവ്‌ വർദ്ധിപ്പിച്ചു തരുകയും ചെയ്യേണമേ! നീയല്ലാതെ ഞങ്ങൾക്ക്‌ ആശ്രയമില്ല. നിന്നെക്കൊണ്ടല്ലാതെ ഞങ്ങൾക്ക്‌ കഴിവുമില്ല. നീ അത്യുന്നതനും, അതിമഹാനുമത്രെ! ആമീൻ.

  سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ   وَسَلَامٌ عَلَى الْمُرْسَلِينَ   وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ   
1383 റബീഉൽ അവ്വൽ 9-​‍ാം നു-
ജൂലായ്‌ 31-​‍ാം നു-
പരിഭാഷകൻമാർ