Tuesday, July 30, 2013

quraninte amanushikatha

ഖുർആന്റെ അമാനുഷികത
അല്ലാഹു അവന്റെ പ്രവാചകന്‌ അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണ്‌ വിശുദ്ധ ഖുർആൻ. ജിബ്‌രീൽ (അ) എന്ന മലക്കു മുഖേന അവൻ അത്‌ അവതരിപ്പിച്ചു. ദൗത്യം എത്തിച്ചുകൊടുക്കുക എന്നല്ലാതെ ജിബ്‌രീലിനു-മറ്റാർക്കുംതന്നെ-അതിൽ യാതൊരു പങ്കുമില്ല. ഖുർആൻ ദൈവീക ഗ്രന്ഥമാണെന്നുളളതിന്ന്‌ അധിക തെളിവുകളൊന്നും ആരായേണ്ടതില്ല; അതിൽതന്നെ അടങ്ങിയിട്ടുളള രണ്ടുമൂന്നു സൂക്തങ്ങൾ-ആയത്തുകൾ-മതിയാകും. മനുഷ്യരും ജിന്നുകളും എല്ലാകൂടിച്ചേർന്നാലും-അവർ പരസ്പരം സഹായസഹകരണങ്ങൾ ചെയ്താലും-അതുപോലെയുളള ഒരു ഗ്രന്ഥം കൊണ്ടുവരുവാൻ സാദ്ധ്യമല്ല എന്ന്‌ (ബനൂ ഇസ്‌റാഈൽ: 88ൽ) ഖുർആൻ ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നു. അറബിസാഹിത്യത്തിന്റെ പരമകാഷ്ഠ പ്രാപിച്ചിരുന്ന- സാഹിത്യ കേസരികളാൽ നിബിഡമായിരുന്ന-ഖുറൈശികൾക്കാകട്ടെ, മറ്റേതെങ്കിലും പടുതര വിദഗ്ദൻമാർക്കാകട്ടെ-ഒറ്റയായോ കൂട്ടായോ-ഈ പ്രഖ്യാപനത്തെ എതിരിടുവാൻ കഴിഞ്ഞില്ല. മുഴുവനുമില്ലെങ്കിൽ, അതിലെ അദ്ധ്യായങ്ങളെ-സൂറത്തുകളെ-പ്പോലെ ഒരു പത്തദ്ധ്യായമെങ്കിലും കൊണ്ടുവരട്ടെ, ഇല്ലാത്തപക്ഷം, അതു ദൈവികഗ്രന്ഥമാണെന്ന്‌ അവർ മനസ്സിലാക്കിക്കൊളളട്ടെ എന്നും അല്ലാഹു അവർക്ക്‌ ആഹ്വാനം നൽകി. (സൂറ: ഹൂദ്‌ 13ലെ) ഈ ആഹ്വാനവും നേരിടുവാൻ ആളുണ്ടായില്ല. ഖുർആൻ വീണ്ടും ഒരദ്ധ്യായമെങ്കിലും സൃഷ്ടിക്കാൻ അവരെ വെല്ലുവിളിച്ചു: “നിങ്ങൾക്ക്‌ ഈ ഖുർആനെപ്പറ്റി വല്ല സംശയവുമു​‍െണ്ടങ്കിൽ, ഇതിലെ അദ്ധ്യായംപോലെ ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടു വരുവിൻ, അല്ലാഹു അല്ലാതെയുളള നിങ്ങളുടെ സഹായകൻമാരെ മുഴുവനും അതിനായി ക്ഷണിച്ചുകൊളളുകയും ചെയ്യുവീൻ.” ഒരിക്കലും നിങ്ങൾക്കതു സാദ്ധ്യമല്ലെന്ന്‌ അസന്നിഗ്ദമായ ഭാഷയിൽ അതോടൊപ്പംതന്നെ അത്‌ ഉറപ്പിച്ചു പറയുകയും ചെയ്തു. (അൽബഖറ: 22, 23)

ഈ വചനങ്ങളെല്ലാം അന്നുതൊട്ട്‌ ഇന്നോളം-1400 കൊല്ലങ്ങളോളമായി-ഖുർആനിൽ ആവർത്തിച്ചു വായിക്കപ്പെടുന്നു. ഏതൊരു കെങ്കേമനും ഈ ആഹ്വാനത്തെ നേരിട്ട്‌ ജയഭേരി അടിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുന്നതുമല്ല. ഒരു സൂചിമുനയോളമെങ്കിലും വിടവ്‌ കണ്ടാൽ അത്‌ ഉപയോഗപ്പെടുത്തുവാൻ വെമ്പൽ കൊളളുന്ന അന്നത്തെ ശത്രുക്കളാകട്ടെ, കഴിവിലും സാമർത്ഥ്യത്തിലും അവരെ കവച്ചുവെക്കുന്ന മറ്റേതെങ്കിലും ജനതയാകട്ടെ, അങ്ങനെ ഒരു സംരംഭത്തിനു മുന്നോട്ടുവരുവാൻ ധൈര്യപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അക്ഷരജ്ഞാനത്തിന്റെ പ്രാഥമിക പാഠങ്ങൾപോലും ലഭിച്ചിട്ടില്ലാത്ത ഒരു മനുഷ്യൻ-മുഹമ്മദ്‌ മുസ്തഫാ (സ) തിരുമേനി നാൽപതു വർഷത്തോളം, അതേ നിലയിൽ സ്വജനങ്ങൾക്കിടയിൽ കഴിഞ്ഞുകൂടിയശേഷം, പെട്ടെന്നൊരു ദിവസംമുതൽ ഇത്തരത്തിലുളള ഒരു ഗ്രന്ഥം ഓതിക്കേൾപ്പിക്കുവാൻ തുടങ്ങിയിരിക്കയാണ്‌ എന്നറിയുന്ന ഏതൊരാൾക്കും, വിശുദ്ധ ഖുർആൻ ഒരു ദിവ്യഗ്രന്ഥമാണെന്നു മനസ്സിലാക്കുവാൻ വേറെ ലക്ഷ്യം അന്വേഷിക്കേണ്ടതില്ല.

അതിനു സമാനമായ ഒരു ഗ്രന്ഥമോ, അദ്ധ്യായമോ കൊണ്ടുവരുവാൻ സൃഷ്ടികൾക്കു സാദ്ധ്യമല്ലെന്നു പറയുന്നത്‌ അതിന്റെ ഏതുവശത്തെ ആസ്പദമാക്കിയാണ്‌? അഥവാ ഖുർആന്റെ അമാനുഷികത നിലകൊളളുന്നത്‌ ഏതു വശത്തിലൂടെയാണ്‌? ഈ ചോദ്യത്തിന്‌ വ്യക്തവും ക്ളിപ്തവുമായ ഒരു മറുപടി പറയുക സാദ്ധ്യമല്ല. താഴെ കാണുന്നതുപോലെയുളള പല വസ്തുതകളാണ്‌ അതിന്‌ കാരണമായി നിലകൊളളുന്നതെന്ന്‌ സാമാന്യമായി പറയാം: (1) നിത്യനൂതനവും അനുപമവുമായ വാചകശൈലിയും, ഘടനാരൂപവും. (2) പ്രത്യേകതരത്തിലുളള പ്രതിപാദനരീതി. (3) അക്ഷരജ്ഞാനമോ, വേദഗ്രന്ഥപരിചയമോ ഇല്ലാത്ത ഒരാൾ, മുൻകാല ചരിത്രസംഭവങ്ങളും, മുൻവേദഗ്രന്ഥങ്ങളുടെ സത്യതയെ സ്ഥാപിക്കുന്ന തത്വസിദ്ധാന്തങ്ങളും ഓതിക്കേൾപ്പിക്കുന്നത്‌. (4) ഭാവികാര്യങ്ങളെ സംബന്ധിച്ച പ്രവചനങ്ങളും, അവ, ശരിയായി പുലർന്നുവരുന്നതും. (5) സാഹിത്യരംഗത്തും, അലങ്കാരരംഗത്തുമുളള അത്യുന്നതനിലപാട്‌. അറബി സാഹിത്യശാസ്ത്രം, അലങ്കാരശാസ്ത്രം മുതലായവ ഉടലെടുത്തുതന്നെ ഖുർആനെ ആധാരമാക്കിയാണ്‌ (6) വളരെ ചുരുങ്ങിയ വാക്കുകളിൽ വിപുലവിശാലമായ ആശയങ്ങൾ ഉൾക്കൊളളുന്നത്‌. (7) അദൃശ്യകാര്യങ്ങളെക്കുറിച്ചുളള പ്രസ്താവനകൾ. (8) സരളവും, ഹൃദ്യവുമായ വാചകഘടന (9) വായിക്കുവാനും, കേൾക്കുവാനും കൗതുകം തോന്നിക്കുന്നവശ്യശക്തി, (10) ഇടകലർന്നുകൊണ്ടുളള വിവിധ വൈജ്ഞാനിക വിഷയക്രമങ്ങൾ; എന്നിങ്ങിനെ പലതും കൂടിയാണതിന്‌ കാരണമെന്ന്‌ മൊത്തത്തിൽ പറയാം.

ഒരു കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്‌: അറബിഭാഷ അറിയാത്തവന്‌ ഖുർആന്റെ ശബ്ദരസം ആസ്വദിക്കുവാനല്ലാതെ, മറ്റൊന്നിനും കഴിയുകയില്ലെന്ന്‌ സ്പഷ്ടമാണ്‌. എന്നാൽ, അറബിഭാഷ അത്യാവശ്യം അറിഞ്ഞതുകൊണ്ടും, ആധുനിക അറബിസാഹിത്യത്തിൽ കുറച്ചൊക്കെ പരിചയം ലഭിച്ചതുകൊണ്ടും ഖുർആന്റെ സാഹിത്യവൈഭവം മസ്സിലാക്കുവാൻ സാധിക്കുമെന്ന്‌ കരുതുന്നത്‌ ശരിയല്ല. ഖുർആന്റെ സാഹിത്യവൈഭവമെന്ന്‌ മാത്രമല്ല, അതിന്റെ സിദ്ധാന്തങ്ങൾ പോലും വേണ്ടതുപോലെ ഗ്രഹിക്കുവാൻ അതുകൊണ്ട്‌ മതിയാവുകയില്ല. ഖുർആൻ അവതരിച്ച കാലത്തെ ഭാഷാപ്രയോഗങ്ങളും,   സാഹിത്യപ്രയോഗങ്ങളും എത്രകണ്ട്‌ പരിചയപ്പെടുന്നുവോ അതനുസരിച്ചായിരിക്കും ഖുർആന്റെ സവിശേഷമഹത്വങ്ങൾ മനസ്സിലാവുക. നബി (സ) യുടെ കാലത്തുളളവർക്കു മനസ്സിലാക്കുവാൻ സാധിച്ചിരുന്നത്ര പിൽക്കാലത്തുളളവർക്ക്‌ ഖുർആന്റെ രഹസ്യങ്ങൾ ക​‍െണ്ടത്തുവാൻ സാദ്ധ്യമല്ല തന്നെ പക്ഷെ ചില വ്യക്തികൾക്ക്‌ ചില സന്ദർഭങ്ങളിൽ, മുൻകാലക്കാരായ പലരെക്കാളും കവിഞ്ഞ നിലക്കുളള വല്ല കഴിവും അല്ലാഹു നൽകിക്കൂടാ എന്നില്ല. ഖുർആന്റെ കടുത്ത ശത്രുക്കളായിരുന്ന ചിലർപോലും, അതിലെ വചനങ്ങൾ കേട്ടമാത്രയിൽ ഞെട്ടിപ്പോകുകയും, പെട്ടെന്ന്‌ മാനസാന്തരപ്പെടുകയും ചെയ്ത പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. മഹാധീരനായ ഉമർ (റ) ഇസ്ലാമിൽ വിശ്വസിക്കുവാൻ കാരണമായത്‌ അദ്ദേഹം ഖുർആൻ കേട്ടതായിരുന്നുവല്ലോ. നബി (സ) യുടെ കഠിന ശത്രുവായ ഉത്ത്ബത്ത്‌ ഖുറൈശികളുടെ പ്രാതിനിദ്ധ്യം വഹിച്ചുകൊണ്ട്‌-വല്ലവിധേനയും തിരുമേനിയെ വശീകരിക്കുകയോ, തർക്കിച്ചു ജയിക്കുകയോ ചെയ്യാമെന്ന വിചാരത്തോടെ-തിരുമേനിയെ സമീപിക്കുകയുണ്ടായി. ഉത്ത്ബഃയുടെ വാക്കുകൾ കേട്ടശേഷം, തിരുമേനി ഹാമീംസജദഃയിലെ ആദ്യവചനങ്ങൾ ഓതിക്കേൾപ്പിച്ചു. അതുകേട്ട്‌ വശ്യനായ ഉത്ത്ബത്ത്‌ മടങ്ങിവന്ന്‌ തന്റെ ആൾക്കാരോട്‌ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: “ഞാൻ മുഹമ്മദിന്റെ പക്കൽനിന്ന്‌ കേട്ട ആ വാക്യങ്ങൾ കവിതയല്ല, ജോൽസ്യവുമല്ല, ജാലവുമല്ല, നിശ്ചയമായും, അതിന്‌ എന്തോ മഹത്തായ ഒരു ഭാവിയുണ്ട്‌.......“ ഇങ്ങിനെയുളള വേറെയും സംഭവങ്ങൾ ചരിത്രത്തിൽ കാണാം.

ഏറ്റവും വലിയ ദൃഷ്ടാന്തം
നബിമാരുടെ നുബുവ്വത്തും, രിസാലത്തും (പ്രവാചകത്വവും, ദിവ്യ ദൗത്യവും) സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടി അവരുടെ കൈക്കു അല്ലാഹു ചില മുഅ​‍്ജിസത്തുകൾ (അമാനുഷിക ദൃഷ്ടാന്തങ്ങളും അസാധാരണ സംഭവങ്ങളും) വെളിപ്പെടുത്താറുണ്ട്‌. മൂസാ (അ) നബിയുടെ വടി, സ്വാലിഹ്‌ (അ) നബിയുടെ ഒട്ടകം മുതലായവയും, മാറാവ്യാധികൾ സുഖപ്പെടുത്തുക, മണ്ണുകൊണ്ട്‌ കുരുവികളുണ്ടാക്കി ഊതിപ്പറപ്പിക്കുക മുതലായി ഈസാ (അ) നബിയുടെ കൈക്ക്‌ വെളിപ്പെട്ടിരുന്നതും പ്രസ്തുത ദൃഷ്ടാന്തങ്ങളിൽ പെട്ടവയത്രെ. അതാതു കാലദേശങ്ങളിലുളള ജനങ്ങളുടെ പക്വതക്കും, പരിതസ്ഥിതികൾക്കും അനുസരിച്ച വിധത്തിലായിരുന്നു നബിമാരിൽ നിന്ന്‌ അവ പ്രത്യക്ഷപ്പെട്ടിരുന്നത്‌. ഖുർആനിൽ ഇതിന്ന്‌ ധാരാളം തെളിവുകളുണ്ട്‌. മുഹമ്മദ്‌ നബി (സ) തിരുമേനിയുടെ കൈക്കും ഇതുപോലെ പല ദൃഷ്ടാന്തങ്ങൾ വെളിപ്പെടുകയുണ്ടായിട്ടുണ്ട്‌. മുൻകാല ചരിത്ര സംഭവങ്ങൾ വിവരിക്കാറുളളതുപോലെ-അത്ര വ്യക്തവും വിശദവുമായ രൂപത്തിൽ-വർത്തമാനകാല സംഭവങ്ങളെപ്പറ്റി ഖുർആൻ പ്രസ്താവിക്കാറില്ലെന്ന്‌ മുമ്പ്‌ പറഞ്ഞുവല്ലോ. അക്കൂട്ടത്തിൽ നബി (സ) യുടെ കൈക്ക്‌ പ്രത്യക്ഷപ്പെട്ട അത്തരം ദിവ്യദൃഷ്ടാന്തങ്ങളെക്കുറിച്ച്‌ ഖുർആൻ അധികമൊന്നും പ്രസ്താവിക്കാറില്ല. എങ്കിലും, ഹദീസ്ഗ്രന്ഥങ്ങൾ വഴിയും, ചരിത്രഗ്രന്ഥങ്ങൾ വഴിയും, അതിന്‌ ധാരാളം ഉദാഹരണങ്ങളും വേണ്ടത്ര തെളിവുകളും ലഭിക്കുന്നതാണ്‌. എന്നാൽ, ഇങ്ങിനെയുളള ദൃഷ്ടാന്തങ്ങളൊന്നും തന്നെ, നബിമാരുടെ ഇഛയനുസരിച്ചോ, അവർ ആവശ്യപ്പെടുമ്പോഴോ ഉണ്ടാകുന്നതല്ല. അല്ലാഹു ഉദ്ദേശിക്കുന്നത്‌-അവൻ ഉദ്ദേശിക്കുമ്പോൾ മാത്രം-അവരുടെ കൈക്ക്‌ അവൻ വെളിപ്പെടുത്തുന്നു. അല്ലാഹു പറയുന്നു: “ഒരു റസൂലിനും അല്ലാഹുവിന്റെ സമ്മതപ്രകാരമല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരുവാൻ നിവൃത്തിയില്ല. (റഅ​‍്ദ്‌ 38) ഈ വിധത്തിലുളള ദൃഷ്ടാന്തങ്ങൾ, അതാത്‌ നബിമാരുടെ കാലശേഷം നിലനില്ക്കത്തക്കവണ്ണം അവശേഷിക്കാറുമില്ല. അവരുടെ കാലം കഴിയുന്നതോടുകൂടി അവയും അവസാനിച്ചുപോകുന്നതാണ്‌.”

മുഹമ്മദ്‌ നബി (സ) തിരുമേനി അന്ത്യപ്രവാചകനാണ്‌. അവിടുന്ന്‌ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌ ലോകാവസാനംവരെ എല്ലാ ജനങ്ങൾക്കും റസൂലായിക്കൊണ്ടുമാണ്‌. അവിടുത്തെ ജനതയാകട്ടെ, സാഹിത്യനിപുണൻമാരുമായിരുന്നു. ഭാവി തലമുറകളാണെങ്കിൽ, ബുദ്ധിയിലും, ശാസ്ത്രവിജ്ഞാന രംഗങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുകയുമാണ്‌. ഈ പരിതസ്ഥിതിയിൽ, നബി (സ) യുടെ കൈക്ക്‌ വെളിപ്പെടുന്ന ഏറ്റവും വലിയ ദൃഷ്ടാന്തം, ലോകാവസാനം വരെ നിലനില്ക്കുന്നതും, ഏതു കാലത്തും, ദൈവീക ദൃഷ്ടാന്തമാണെന്ന്‌ നിഷ്പക്ഷബുദ്ധികൾ വിധി കല്പിക്കുന്നതുമായിരിക്കണമല്ലോ. ആകയാൽ, മറ്റേത്‌ നബിമാരുടെ ദൃഷ്ടാന്തങ്ങളെക്കാളും-നബി (സ) യുടെ കൈക്കുതന്നെ വെളിപ്പെട്ട ഇതര ദൃഷ്ടാന്തങ്ങളെക്കാളും-ഏറ്റവും മഹത്തായ ദിവ്യദൃഷ്ടാന്തമത്രെ വിശുദ്ധ ഖുർആൻ. ഈ യാഥാർത്ഥ്യം ഒരു വചനത്തിൽ തിരുമേനി ഇപ്രകാരം വെളിപ്പെടുത്തുന്നു:
 مَا مِنْ الْأَنْبِيَاءِ نَبِيٌّ إِلَّا أُعْطِيَ مِنْ الْآيَاتِ مَا مِثْلُهُ أُومِنَ أَوْ آمَنَ عَلَيْهِ الْبَشَرُ وَإِنَّمَا كَانَ الَّذِي أُوتِيتُ وَحْيًا أَوْحَاهُ اللَّهُ إِلَيَّ فَأَرْجُو أَنِّي أَكْثَرُهُمْ تَابِعًا يَوْمَ الْقِيَامَةِ: മനുഷ്യർക്ക്‌ വിശ്വസിക്കുവാൻ വേണ്ടുന്നത്ര ദൃഷ്ടാന്തങ്ങൾ നല്കപ്പെട്ടിട്ടില്ലാത്ത ഒരു നബിയും ഇല്ലതന്നെ. എനിക്ക്‌ നല്കപ്പെട്ടിരിക്കുന്നത്‌ അല്ലാഹു എനിക്ക്‌ തന്നിട്ടുളള `വഹ്യു` തന്നെയാകുന്നു. അതുകൊണ്ട്‌ ഖിയാമത്ത്‌ നാളിൽ ഞാൻ അവരെക്കാൾ പിൻഗാമികളുളളവനായിരിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു. (ബു.)

`വഹ്യു` കൊണ്ട്‌ ഇവിടെ പ്രധാനമായും ഉദ്ദേശ്യം വിശുദ്ധ ഖുർആനാണെന്ന്‌ പറയേണ്ടതില്ല. നബി (സ) തിരുമേനിയുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിനുളള പ്രത്യേക ദൃഷ്ടാന്തം ഖുർആൻ മാത്രമാണെന്ന്‌ പറയുമ്പോൾ, തിരുമേനിയുടെ കൈക്ക്‌ വേറെ യാതൊരു അമാനുഷിക സംഭവവും വെളിപ്പെടുകയുണ്ടായിട്ടില്ല എന്ന്‌ അതിനർത്ഥമില്ല. പക്ഷെ, അവയൊന്നും ഖുർആനെപ്പോലെ ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുളള ദൃഷ്ടാന്തങ്ങൾ
(ايات النحدى) ആയിരുന്നില്ല. അവ അവിടുത്തെ പ്രവാചകത്വത്തെ ബലപ്പെടുത്തുന്ന സംഭവങ്ങൾ
(المؤيدات) മാത്രമായിരുന്നു. മറ്റൊരു പ്രകാരത്തിൽ പറഞ്ഞാൽ മൂസാ (അ) നബിക്ക്‌ അദ്ദേഹത്തിന്റെ കൈയും, വടിയും, സ്വാലിഹ്‌ (അ) നബിക്ക്‌ ഒട്ടകവും ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ടുളള പ്രവാചകത്വ ദൃഷ്ടാന്തങ്ങളായിരുന്നു. അവ ബാഹ്യദൃഷ്ടി കൊണ്ട്‌ തന്നെ മനസ്സിലാക്കാവുന്ന ദൃഷ്ടാന്തങ്ങൾ ആയിരുന്നുവെങ്കിൽ നബി (സ) തിരുമേനിയുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന്‌ നിശ്ചയിക്കപ്പെട്ടത്‌ ബുദ്ധികൊണ്ട്‌ മനസ്സിലാക്കാവുന്ന ദൃഷ്ടാന്തം ആയിരുന്നു: അതത്രെ ഖുർആൻ.

മുൻപ്രവാചകൻമാരുടേതുപോലുളള ദൃഷ്ടാന്തങ്ങൾ നബി (സ)ക്കു നൽകപ്പെടാത്തതിന്റെ കാരണം സൂ: ഇസ്‌റാഅ​‍്‌ 59-​‍ാം വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു `ദൃഷ്ടാന്തങ്ങളുമായി അയക്കുന്നതിനു നമ്മെ തടസ്സം ചെയ്തതു മുൻസമുദായങ്ങൾ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദുഗോത്രത്തിനു കണ്ടറിയത്തക്ക ഒരു ദൃഷ്ടാന്തമായി ഒട്ടകത്തെ നാം നൽകി. എന്നിട്ട്‌ അവർ അതിനോട്‌ അക്രമം പ്രവർത്തിച്ചു. ഭയപ്പെടുത്തുവാനല്ലാതെ നാം ദൃഷ്ടാന്തങ്ങളുമായി അയക്കാറില്ല.` മുൻസമുദായങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങൾ നൽകിയിട്ട്‌ അവർ അവയെ വ്യാജമാക്കുകയും, അങ്ങിനെ അല്ലാഹുവിങ്കൽ നിന്നുളള പൊതുശിക്ഷക്ക്‌ അവർ പാത്രീഭവിക്കുകയും ചെയ്തു. അതിന്നൊരു ഉദാഹരണമാണ്‌ ഥമൂദുജനത. പ്രത്യക്ഷത്തിൽ കണ്ടുമനസ്സിലാക്കാവുന്ന ഒരു ദൃഷ്ടാന്തമായിരുന്നു അവർക്ക്‌ നൽകപ്പെട്ട ഒട്ടകം. എന്നിട്ടും അവർ അവരുടെ പ്രവാചകനായ സ്വാലിഹു (അ) നബിയെയും, ആ ദൃഷ്ടാന്തത്തെയും വ്യാജമാക്കുകയാണ്‌ ചെയ്തത്‌. അവർ ഒട്ടകത്തെ അക്രമിച്ചും ശിക്ഷക്കു വിധേയരായി പ്രത്യക്ഷ ദൃഷ്ടാന്തങ്ങളയക്കുന്നത്‌ ബുദ്ധി കുറഞ്ഞ ജനങ്ങളിൽ ഭീതിയും, സംഭ്രമവും ജനിപ്പിച്ച്‌ അവരെ സത്യത്തിലേക്കു വരുത്തുവാൻവേണ്ടിയാണുതാനും. ബുദ്ധിയും ചിന്താശക്തിയും ഉളളവർക്ക്‌ അത്തരം ദൃഷ്ടാന്തങ്ങളുടെ ആവശ്യമില്ല. ബുദ്ധിപരമായ ദൃഷ്ടാന്തങ്ങളായിരിക്കും അവർക്ക്‌ യോജിച്ചത്‌. എന്നൊക്കെയാണ്‌ ഈ വചനം മുഖേന അല്ലാഹു നമുക്ക്‌ മനസ്സിലാക്കിത്തരുന്നത്‌.

സൂ: ഇസ്‌റാഇലെ ഈ ഖുർആൻ വചനം തെളിവാക്കിക്കൊണ്ടു ചില തൽപരകക്ഷികളും, പുരോഗമനത്തിന്റെ പേരിൽ ഖുർആൻ വചനങ്ങൾക്ക്‌ പുത്തൻ വ്യാഖ്യാനം തേടിപ്പിടിക്കുന്ന ചില ആളുകളും നബി (സ) തിരുമേനിയുടെ ഖുർആൻ ഒഴിച്ചുളള എല്ലാ `മുഅ​‍്ജിസത്ത്‌`കളെയും നിഷേധിക്കാറുണ്ട്‌. ഖുർആനും, ഹദീസിനും, ഇസ്ലാമിക ചരിത്ര ലക്ഷ്യങ്ങൾക്കും തികച്ചും എതിരായ ഈ വാദത്തിനു ഈ വചനത്തിൽ യാതൊരു ന്യായീകരണവുമില്ലെന്ന്‌ അതിലെ വാചകങ്ങൾക്കൊണ്ടുതന്നെ മനസ്സിലാക്കാം. മുഅ​‍്ജിസത്ത്‌ എന്ന വാക്ക്‌ ഖുർആനിൽ ഉപയോഗിക്കാറില്ല. `ആയത്ത്‌` എന്നാണ്‌ അത്‌ ഉപയോഗിക്കാറുളളത്‌. ഇതിന്റെ ബഹുവചനമാണ്‌ ഈ വചനത്തിലും മറ്റും കാണുന്ന `ആയാത്ത്‌` എന്ന വാക്ക്‌. `അടയാളം, ദൃഷ്ടാന്തം, ലക്ഷ്യം` എന്നൊക്കെയാണ്‌ ഈ വാക്കിന്റെ അർത്ഥം. മുഅ​‍്ജിസത്തിന്റെ ഇനത്തിൽപെട്ടതും അല്ലാത്തതുമായ പലതരം ദൃഷ്ടാന്തങ്ങളെക്കുറിച്ചും ഖുർആനിൽ `ആയത്ത്‌` എന്നു പറഞ്ഞിരിക്കുന്നത്‌ കാണാം. (2: 164, 252, 259; 13: 1; 19: 10; 21; 24: 18; 26: 128 മുതലായവ നോക്കുക.) അക്കൂട്ടത്തിൽ, നബിമാരുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിനുളള പ്രത്യക്ഷ ദൃഷ്ടാന്തങ്ങളെക്കുറിച്ചും അത്‌ `ആയത്ത്‌` എന്നു പറഞ്ഞിരിക്കുന്നു. മൂസാ (അ) നബിയെ റസൂലായി നിയോഗിച്ചപ്പോൾ അദ്ദേഹത്തിന്റെ കയ്യും വടിയും അദ്ദേഹത്തിന്റെ സത്യതക്കുളള പ്രത്യേക ദൃഷ്ടാന്തമായി അല്ലാഹു നിശ്ചയിച്ചുകൊടുത്തതിനെപ്പറ്റിയും സൂ: ത്വാഹാ 23ലും, സ്വാലിഹ്‌ (അ) നബിയുടെ സമുദായമായ ഥമൂദു ഗോത്രം അദ്ദേഹത്തിന്റെ സത്യതക്ക്‌ ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ദൃഷ്ടാന്തമായി ഒട്ടകത്തെ നൽകിയതിനെപറ്റി സൂ: ശുഅ​‍്‌റാഅ​‍്‌ 154ലും പ്രസ്താവിച്ചിട്ടുളളത്‌ ഇതിനു ഉദാഹരണമാകുന്നു.

ഈ ഒടുവിൽ പറഞ്ഞതരത്തിലുളള-പ്രവാചകത്വം സ്ഥാപിക്കുന്നതിനുളള പ്രത്യക്ഷ ദൃഷ്ടാന്തളുടെ ഇനത്തിൽപെട്ട-ദൃഷ്ടാന്തങ്ങളുമായി നബി (സ) തിരുമേനിയെ അയക്കാതിരിക്കുവാനുളള കാരണമത്രെ അല്ലാഹു മുൻ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്‌. അതുകൊണ്ടാണ്‌-വേറെ വചനങ്ങളിലുളളതുപോലെ-`ദൃഷ്ടാന്തങ്ങൾ നൽകുക` എന്നോ `കൊണ്ടുവരുക` എന്നോ മറ്റോ പറയാതെ `ദൃഷ്ടാന്തങ്ങളുമായി അയക്കുക` എന്ന്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നതും. മാത്രമല്ല, മുൻസമുദായങ്ങൾ കളവാക്കിയതുകൊണ്ടാണ്‌ നബി (സ) യെ ദൃഷ്ടാന്തങ്ങളുമായി അയക്കാതിരുന്നതെന്ന്‌ പറഞ്ഞതോടൊപ്പംതന്നെ, ഥമൂദു ഗോത്രത്തിന്‌ കണ്ടറിയാവുന്ന (പ്രത്യക്ഷമായ) ഒരു ദൃഷ്ടാന്തമായി ഒട്ടകത്തെ നൽകിയെന്നും അവരതിനെ അക്രമിച്ചുവെന്നും അല്ലാഹു പറഞ്ഞു. നബി (സ) ക്കു നൽകപ്പെടാതിരുന്നിട്ടുളള ദൃഷ്ടാന്തങ്ങൾ ഇത്തരത്തിലുളള ദൃഷ്ടാന്തങ്ങളാണ്‌ എന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌. അല്ലാത്തപക്ഷം ഒട്ടകത്തിന്റെ ഉദാഹരണത്തിന്‌ ഇവിടെ പ്രസക്തിയില്ല. ഒട്ടകത്തെപ്പറ്റി `കാണത്തക്കത്‌` എന്നു വിശേഷിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാകുന്നു. ഈ വചനത്തിന്റെ അവസാനത്തിൽ `ഭയപ്പെടുത്തുവാനായിട്ടല്ലാതെ നാം ദൃഷ്ടാന്തങ്ങളുമായി അയക്കാറില്ല` എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. പ്രത്യക്ഷത്തിൽ അറിയാവുന്നതും ശത്രുക്കളെ വെല്ലുവിളിക്കുന്നതും, നിഷേധിക്കുന്നവർക്ക്‌ ശിക്ഷയെക്കുറിച്ച്‌ താക്കീതോടുകൂടിയതുമായ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ്‌ ഇവിടെ ഉദ്ദേശമെന്ന്‌ ഈ വാക്യവും കാണിക്കുന്നു. അല്ലാത്തപക്ഷം, ഭയപ്പെടുത്തലിന്‌ സ്ഥാനമില്ലല്ലോ.

ചുരുക്കിപ്പറഞ്ഞാൽ, നബി (സ) തിരുമേനിയിൽ നിന്നു ഖുർആൻ അല്ലാത്ത യാതൊരു `മുഅ​‍്ജിസത്തും`, വെളിപ്പെട്ടിട്ടില്ലെന്നോ, വെളിപ്പെടുവാൻ നിവൃത്തിയില്ലെന്നോ ഈ വചനത്തിൽ-മറ്റു ഖുർആൻ വചനങ്ങളിലും-പ്രസ്താവിച്ചിട്ടില്ല. മുൻ പ്രവാചകൻമാരുടെ ദിവ്യദൗത്യങ്ങൾ സ്ഥാപിക്കുന്നതിനുവേണ്ടി അവരെ ചില പ്രത്യക്ഷ ദൃഷ്ടാന്തങ്ങളോടുകൂടി അയക്കാറുണ്ടായിരുന്നതുപോലെ, നബി (സ) തിരുമേനിയെ അത്തരം ദൃഷ്ടാന്തങ്ങളുമായി അല്ലാഹു അയച്ചിട്ടില്ലെന്നും, മുൻസമുദായങ്ങൾ ചെയ്തതുപോലെ, ആ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കി ഈ സമുദായം ശിക്ഷക്കു പാത്രമാകാതിരിക്കാനാണ്‌ അങ്ങിനെ അയക്കാതിരിക്കുന്നതെന്നുമാണ്‌ ഈ വചനം മുഖേന അല്ലാഹു അറിയിക്കുന്നത്‌. നബി (സ) യുടെ പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിന്‌ (ഖുർആൻപോലെ) ബുദ്ധിപരമായ ദൃഷ്ടാന്തങ്ങൾ നബി (സ) ക്കു നൽകപ്പെട്ടിട്ടുളളതിനോ, ആ പ്രവാചകത്വത്തെ കൂടുതൽ ബലപ്പെടുത്തുമാറുളള വല്ല മുഅ​‍്ജിസത്തുകളും തിരുമേനിയിൽനിന്ന്‌ അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചു വെളിപ്പെട്ടിട്ടുളളതിനോ ഈ ഖുർആൻ വചനം ഒട്ടും എതിരാകുന്നില്ല. സൂറത്തുൽ ഇസ്‌റാഇലെ പ്രസ്തുത വചനത്തിന്റെ താൽപര്യം നബി (സ) തിരുമേനിയുടെ പ്രവാചകത്വം സ്ഥാപിക്കുന്നതിന്‌ തെളിവായി അസാധാരണ സംഭവങ്ങളെ അല്ലാഹു നിശ്ചയിച്ചിട്ടില്ല എന്ന്‌ പ്രസ്താവിച്ച ശേഷം, മർഹൂം അല്ലാമാസയ്യിദ്‌ ഖുത്ത്ബ്‌ ഇപകാരം പറയുന്നു:
فأما ما وقع فعلاً للرسول (ص) من خوارق شهدت بها روايات صحيحة؛ فكان إكراماً من الله لعبده، لا دليلاً لإثبات رسالته (فى سورة القمر) صحيحة
എന്നാൽ ബലവത്തായ നിവേദനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ചില അസാധാരണ സംഭവങ്ങൾ റസൂൽ (സ) തിരുമേനിക്കു യഥാർത്ഥത്തിൽ സംഭവിക്കുകയുണ്ടണ്ടായതാകട്ടെ അത്‌ അല്ലാഹുവിൽ നിന്ന്‌ അവന്റെ അടിമയെ-റസൂലിനെ-ആദരിച്ചുകൊണ്ട‍ുള്ളതായിരുന്നു. രിസാലത്തിനെ-ദിവദൗത്യത്തെ-സ്ഥാപിക്കുന്നതിനുള്ള തെളിവായിട്ടില്ല.) നാം മേൽചൂണ്ടിക്കാട്ടിയ ആശയം തന്നെയാണ്‌ ഈ പ്രസ്താവനയിൽ അടങ്ങിയിട്ടുള്ളത്‌. ഈ ഖുർആൻ വചനത്തെയും, മറ്റു ചില വചനങ്ങളേയും ദുർവ്യാഖ്യാനം ചെയ്യുകയും, നിരാക്ഷേപം സ്ഥാപിതമായ പല ഹദീസുകളേയും, പ്രബലമായ പല ചരിത്ര രേഖകളേയും കണ്ണടച്ചു നിഷേധിക്കുകയും ചെയ്തുകൊണ്ടല്ലാതെ, നബി (സ) തിരുമേനിയുടെ മുഅ​‍്ജിസത്തുകളെ നിഷേധിക്കുവാൻ ആർക്കും സാദ്ധ്യവുമല്ല. പക്ഷേ, കഥാഗ്രന്ഥങ്ങളിലും മറ്റും കാണുന്നതും, പൊതുജനങ്ങൾക്കിടയിൽ പ്രചാരത്തിലിരിക്കുന്നതുമായ അനേകം മുഅ​‍്ജിസത്തുക്കൾ വ്യാജനിർമ്മിതവും അടിസ്ഥാനരഹിതവുമണെന്നത്‌ ഒരു പരമാർത്ഥമാകുന്നു. ഇക്കാരണത്താൽ, അനിഷേധ്യമായ തെളിവുകളോടുകൂടി രേഖപ്പെടുത്തപ്പെട്ടിട്ടുളള എല്ലാ അസാധാരണ സംഭവങ്ങളേയും അടിയോടെ നിഷേധിക്കുന്നത്‌ ന്യായമല്ലല്ലോ. ന്യായമല്ലെന്നു മാത്രമല്ല, അത്‌ അനിസ്ലാമികമായ ഒരു ധിക്കാരംകൂടിയാണ്‌.