Thursday, August 8, 2013

Chapter 1 Al-Fatiha Aya 1-7

ഈ സൂറത്തിന്റെ അവസാനത്തിൽ آمين (ആമീൻ) എന്ന്‌ ചൊല്ലേണ്ടതാകുന്നു ഈ പ്രാർത്ഥന സ്വീകരിക്കേണമേ എന്നർത്ഥം. കൂടുതൽ വിവരം താഴെ വരുന്നുണ്ട്. `ബിസ്മി` സൂറത്തുൽ ഫാത്തിഹയിലെ ഒരു ആയത്താണെന്ന അഭിപ്രായക്കാർ 6ഉം-7ഉം വചനങ്ങൾ കൂടി 7-​‍ാമത്തെ വചനമായി എണ്ണിവരുന്നു. ആകെ 7വചനങ്ങളാണെന്നുള്ളതിൽ ഭിന്നിപ്പില്ല.
الله (അല്ലാഹു) എന്ന വാക്കിന്റെ മൂല ധാതു ഏതാണെന്നുള്ളതിൽ ഒന്നിലധികം അഭിപ്രായങ്ങൾ കാണാം. ഏതായിരുന്നലും ശരി, അഖില ലോകങ്ങളുടെയും സ്രഷ്ടാവും, നിയന്താവും പരിപാലകനും, രക്ഷിതാവും യജമാനനും, ഉടമസ്ഥനുമായ ആ ഏക മഹശ്ശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമ
علم മത്രെ അത്‌ അവന്റെ തിരുമാനങ്ങളായി ഖുർആനിലോ, മററു വേദഗ്രന്ഥങ്ങളിലോ, പ്രവാചക വാക്യങ്ങളിലോ വന്നിട്ടുള്ള എല്ലാ നാമങ്ങളും അവന്റെ ഓരോ തരത്തിലുള്ള മഹൽ ഗുണങ്ങളെ എടുത്തുകാട്ടുന്ന വിശേഷണങ്ങളായിരിക്കും. `അല്ലാഹു` എന്നുള്ള പേർ അവന്നല്ലാതെ മററാർക്കും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഉപയോഗിക്കപ്പെടാവതുമല്ല. ആരാധിക്കപ്പെടുന്ന വസ്തു-അഥവാ ദൈവം എന്ന അർത്ഥത്തിൽ സദാ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ്‌
اله (ഇലാഹ്‌) ഈ രണ്ട്‌ വാക്കുകളും തമ്മിൽ അക്ഷരത്തിലും അർത്ഥത്തിലും സാമാന്യം യോജിപ്പുണ്ടെന്നതിനെ മുൻനിറുത്തി
اله എന്ന പദത്തിൽ ال (അൽ) എന്ന അവ്യയം ചേർത്തു പ്രത്യേകിപ്പിച്ചതാണ്‌
الله എന്ന പദമെന്ന്‌ പലരും പ്രസ്താവിക്കുന്നു. ഇതനുസരിച്ച്‌ ആ സംജ്ഞാ നാമത്തിന്റെ അർത്ഥം, `സാക്ഷാൽ ദൈവം`-അഥവാ ആരാധിക്കപ്പെടുവാൻ യഥാർത്ഥ അർഹതയുള്ളവൻ-എന്നായിരിക്കുന്നതാണ്‌.
 الله اعلم
ഖുർആൻ പാരായണം അടക്കമുള്ള എല്ലാ നല്ല കാര്യങ്ങളും തുടങ്ങുമ്പോൾ ബിസ്മി കൊണ്ട്‌ ആരംഭിക്കുന്നതിനെയും, ഓരോ സൂറത്തുകളുടെയും തുടക്കത്തിലുള്ള ബിസ്മികൾ അതത്‌ സൂറത്തുകളിൽപെട്ട ആയത്തുകളാണോ എന്നതിനെയും സംബന്ധിച്ച്‌ നാം മുകളിൽ ചിലതെല്ലാം പ്രസ്താവിച്ചുവല്ലോ. ഇവിടെ ഒരു സംശയത്തിന്‌ അവകാശമുണ്ട്. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനമാണ്‌. അവനാണത്‌ അവതരിപ്പിച്ചതും. എന്നിരിക്കെ, അവൻ അവന്റെ നാമത്തിൽ ആരംഭിക്കുന്നതിലടങ്ങിയ യുക്തി രഹസ്യമെന്താണ്‌? ഇതാണാസംശയം. ഖുർആൻ പാരായണം തുടങ്ങിയ കാര്യങ്ങൾ നാം ആരംഭിക്കേണ്ടത്‌ എങ്ങിനെയാണെന്ന്‌ പഠിപ്പിക്കുക, മുകളിൽ ചൂണ്ടിക്കാട്ടിയത്‌ പോലെയുള്ള യാഥാർത്ഥ്യങ്ങളിലേക്ക്‌ സൂചന നൽകുക, നല്ല ആരംഭത്തിന്റെ പ്രായോഗിക രൂപം കാണിച്ചു തരുക മുതലായവയത്രെ അതിലടങ്ങിയ രഹസ്യം. മനുഷ്യൻ ചെയ്യേണ്ടുന്നതെല്ലാം പഠിപ്പിക്കുകയാണല്ലോ ഖുർആന്റെ അവതരണോദ്ദേശ്യം. ഒരു നല്ല ഗ്രന്ഥം ആരംഭിക്കുമ്പോൾ അതിന്റെ തുടക്കം നന്നായിരിക്കേണ്ടതിന്റെ അവശ്യകത പറയേണ്ടതില്ല. എന്നിരിക്കെ, ഏത്‌ ഗ്രന്ഥങ്ങളെക്കാളും എല്ലാ നിലക്കും ഉന്നത സ്ഥാനം അർഹിക്കുന്ന ഖുർആന്റെ തുടക്കം മറെറല്ലാററിനെയുംകാൾ നന്നായിരിക്കണമല്ലോ. അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നതിൽ പരം ഉത്തമമായ ആരംഭം വേറെ ഏതാണുള്ളത്‌?!

അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നതിന്റെ പ്രാധാന്യവും, അതിലടങ്ങിയ യുക്തിയും മനസ്സിലാക്കുവാൻ പോരുന്ന രണ്ടു നാമവിശേഷണങ്ങളാണ്‌ `അർ-റഹ്മാനും` `അൽ-റഹീമും`
(الرحمان الرحيم) ചെറുതോ വലുതോ, പ്രത്യക്ഷമോ പരോക്ഷമോ, പ്രത്യേകമായതോ പൊതുവെയുള്ളതോ, ഐഹികമോ പാരത്രികമോ ആയ സകല വിധ അനുഗ്രഹങ്ങളുടെയും കർത്താവായ പരമകാരുണികൻ എന്ന്‌ `അർ-റഹ്മാനി`നും, നൻമ ചെയ്യുന്നവർക്ക്‌ പ്രത്യേകമായി സിദ്ധിക്കുവാനിരിക്കുന്ന മഹാനുഗ്രഹങ്ങളുടെ ദാതാവായ കരുണാനിധി എന്ന്‌ `അർ-റഹീമി`നും വിവക്ഷ നൽകപ്പെടുന്നു.

കാരുണ്യത്തിന്റെയും, കൃപാകടാക്ഷത്തിന്റെയും, പരമകേന്ദ്രമെന്നപോലെ, അധികാരത്തിന്റെയും ന്യായാധിപത്യത്തിന്റെയും പരമ കേന്ദ്രവും തന്നെയാണ്‌ അല്ലാഹു. അവൻ പറയുന്നു:
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ -الحجر(എന്റെ അടിയാൻമാക്കു വിവരമറിയിക്കുക: ഞാൻ തന്നെയാണ്‌ വളരെ പൊറുക്കുന്നവനും കരുണാനിധിയുമെന്നും, എന്റെ ശിക്ഷ തന്നെയാണ്‌ വേദനയേറിയ ശിക്ഷയെന്നും. (ഹിജ്ര് 49: 50.) പക്ഷെ, അവന്റെ കാരുണ്യക്കനിവ്‌ അവന്റെ കോപത്തെ കവിഞ്ഞുനിൽക്കുന്നു. സത്യനിഷേധത്തിലും തോന്നിയവാസത്തിലും മുഴുകിയ ധിക്കാരികൾപോലും അവന്റെ എണ്ണമററ അനുഗ്രഹങ്ങൾ സദാ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്‌ അതുകൊണ്ടത്രെ, സൂറ: അഅ​‍്‌റാഫിൽ അല്ലാഹു പറയുന്നു:
ورحمتى وسعت كل شىء(എന്റെ കാരുണ്യം എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കുന്നു.) ഇതേ വാക്യത്തിന്റെ തുടർച്ചയായി ഇങ്ങിനെയും പറയുന്നു:
فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ ﴿١٥٦﴾ (സൂക്ഷ്മത പാലിക്കുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നവർക്കും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവർക്കും ഞാൻ അതിനെ രേഖപ്പെടുത്തി വെച്ചേക്കുന്നതാണ്‌. (അഅ​‍്‌റാഫു: 156.) ഈ രണ്ടു വാക്യങ്ങളിൽ ഒന്നാമത്തേതിന്റെ ആശയം ഉൾക്കൊള്ളുന്ന വാക്കാണ്‌ `അർ-റഹ്മാൻ` എന്നും, രണ്ടാമത്തേതിന്റെ ആശയം ഉൾക്കൊള്ളുന്ന വാക്കാണ്‌ `അർ-റഹീം` എന്നും പറയാം.

ഈ രണ്ടു നാമവിശേഷണങ്ങളാൽ അല്ലാഹുവിനെ വിശേഷിപ്പിച്ചുകൊണ്ട്‌ അവന്റെ നാമത്തിൽ ഒരാൾ ഒരു കാര്യം ആരംഭിക്കുമ്പോൾ, തനിക്ക്‌ അത്‌വരെ അവനിൽനിന്ന്‌ ലഭിച്ചു കഴിഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു സ്മരണയും, മേലിൽ അവനിൽ നിന്ന്‌ തനിക്ക്‌ ലഭിക്കുവാൻ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്ക്‌ വേണ്ടിയുള്ള ഒരപേക്ഷയും അതിൽ അന്തർഭവിച്ചിരിക്കുന്നതായി കാണാം. ഇമാം ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിച്ച ഒരു നബിവചനത്തിന്റെ സാരം ഇപ്രകാരമാണ്‌: `അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ, അവൻ ഒരു ഗ്രന്ഥത്തിൽ ഇങ്ങിനെ രേഖപ്പെടുത്തി അവന്റെ അർശിനു (സിംഹാസനത്തിനു) മീതെ അവന്റെയടുക്കൽ വെച്ചിരിക്കുന്നു: `നിശ്ചയമായും, എന്റെ കാരുണ്യം കോപത്തെ മുൻകടന്നിരിക്കുന്നു.` അവർ രണ്ടുപേരും ഉദ്ധരിച്ച വേറെ ഒരു ഹദീസിൽ നബി (സ) പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു: `അല്ലാഹുവിന്റെ കാരുണ്യം നൂറായി ഭാഗിച്ചാൽ അതിന്റെ ഒരു ഭാഗം മാത്രമാണ്‌ ഈ ലോകത്ത്‌ ജിന്ന്‌, മനുഷ്യൻ, മൃഗം തുടങ്ങിയ എല്ലാ ജീവികൾക്കുമിടയിൽ അവൻ അവതരിപ്പിച്ചിരിക്കുന്നത്‌. അവർ തമ്മിൽ തമ്മിൽ കരുണയും ദയയും കാണിക്കുന്നത്‌ അത്‌ കൊണ്ടത്രെ. ദുഷ്ടമൃഗങ്ങൾ അവയുടെ കുഞ്ഞുങ്ങളോട്‌ ദയ കാണിക്കുന്നതും അത്‌ കൊണ്ട്‌ തന്നെ. ബാക്കി തൊണ്ണൂററിഒമ്പത്‌ ഭാഗവും ഖിയാമത്ത്‌ നാളിൽ തന്റെ അടിയാൻമാർക്ക്‌ കരുണ ചെയ്‌വാനായി അവൻ കരുതിവെച്ചിരിക്കുകയാണ്‌. ഹാ! അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം!

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢ (സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു എല്ലാ സ്തുതിയും.) എന്നാണല്ലോ ആദ്യത്തെ വചനം. സ്തുതി കീർത്തനങ്ങളുടെ ഏതു വകുപ്പ്‌ പരിശോധിച്ചാലും ശരി, സ്തുതി ഏതുകാര്യത്തിന്റെ പേരിലായാലും ശരി, യഥാർത്ഥത്തിൽ ആ സ്തുതിക്കുള്ള കാരണക്കർത്താവും, ആ കാര്യത്തിന്റെ ഉത്ഭവകേന്ദ്രവും അല്ലാഹുവായിരിക്കുമെന്ന്‌ കാണാം. ഉദാഹരണമായി: ഒരാളെ അയാളുടെ ഔദാര്യത്തിന്റെ പേരിൽ നാം സ്തുതിക്കുന്നുവെന്നു വിചാരിക്കുക. അയാളെ സൃഷ്ടിച്ചത്‌, ഉദാരശീലനാക്കിയത്‌, ഔദാര്യം ചെയ്യാനുള്ള വക അയാൾക്ക്‌ നൽകിയത്‌, അത്‌ മററുള്ളവർക്ക്‌ പ്രയോജനപ്പെടുമാറാക്കിയത്‌, അത്‌ അയാളുടെ സൽകർമ്മമായി അംഗീകരിക്കുന്നത്‌ എന്നിങ്ങിനെ അതുമായി ബന്ധപ്പെട്ട എത്രയോ കാര്യങ്ങളുടെ കർത്താവ്‌ അല്ലാഹുവല്ലാതെ മററാരാണ്‌?! അപ്പോൾ, എല്ലാ സ്തുതികർമ്മങ്ങളുടെയും അർഹൻ യഥാർത്ഥത്തിൽ അവൻ തന്നെ.

ഒരാൾ തന്റെ ഉദ്ദേശ്യമനുസരിച്ച്‌ ചെയ്യുന്ന സൽകാര്യങ്ങളെ മുൻനിറുത്തി അയാളെ പ്രശംസിക്കുക എന്നാണ്‌
ۡحَمۡدُ (സ്തുതി) കൊണ്ട്‌ വിവക്ഷ. അതിൽ ٱلۡ (അൽ) എന്ന അവ്യയം ചേർന്നപ്പോൾ സ്തുതിയുടെ ഇനത്തിൽപെട്ടതെല്ലാം അതിലുൾപ്പെടുന്നു. അതുകൊണ്ടാണ്‌
ٱلۡحَمۡدُ എന്ന വാക്കിന്‌ `സർവ്വസ്തുതിയും` സ്തുതി മുഴുവനും എന്നൊക്കെ അർത്ഥം കല്പിക്കപ്പെടുന്നത്‌. (ഇംഗ്ലീഷിലെ The എന്ന അവ്യയത്തിന്റെ സ്ഥാനമാണു അറബിയിലെ ال എന്ന അവ്യയത്തിനുള്ളത്. മലയാളത്തിൽ ഇതിന്റെ സ്ഥാനത്ത് നിൽകുന്ന വാക്കുകളില്ല്. ഒരു സാമാന്യ نكرة നാമത്തിൽ ال ചേരുമ്പോൾ അതിന്റെ സാമാന്യത്വം നീങ്ങി അതൊരു പ്രത്യേകാർത്ഥമുള്ളതായിത്തീരുന്നു. ഉദാഹരണം :قلم എന്നാൽ ഏതെങ്കിലും ഒരു പേനയും القلم എന്നാൽ ഒരു പ്രത്യേക പേനയോ, പേനയുടെ വർഗമോ ആയിരിക്കും ഉദ്ദേശ്യം. കൂടുതൽ വിവരം ഭാഷാ സാഹിത്യശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നറിയേണ്ടതാകുന്നു.) സ്വന്തം ഉദ്ദേശ്യപ്രകാരമല്ലാതെയുണ്ടാകുന്ന നല്ല കാര്യങ്ങളെപ്പററി പുകഴ്ത്തിപ്പറയുന്നതിന്‌
حمد (സ്തുതി) എന്ന്‌ പറയാറില്ല. അതിന്ന്‌  مدح (പ്രശംസ) എന്നാണ്‌ പറയപ്പെടുക. ഈ വാക്കാകട്ടെ, ഉദ്ദേശ്യപൂർവ്വവും അല്ലാതെയും ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യും. ഉദാഹരണം: ജ്ഞാനം, പരസഹായം, ഭയഭക്തി, കൃത്യനിഷ്ഠ ആദിയായ ഗുണങ്ങളെപ്പററി പുകഴ്ത്തുന്നതിന്‌
حمد (സ്തുതി) എന്നും مدح (പ്രശംസ) എന്നും പറയാം. എന്നാൽ സൗന്ദര്യം, ശബ്ദഗുണം, ശരീരവടിവ്‌ പോലെയുള്ളവയെപ്പററി പുകഴ്ത്തുന്നതിന്‌
مدح (പ്രശംസ) എന്നല്ലാതെ حمد (സ്തുതി) എന്നു പറയാറില്ല. ഒരാളിൽ നിന്ന്‌ ലഭിച്ച ഏതെങ്കിലും ഉപകാരത്തിന്റെ പേരിൽ അയാളെ പ്രശംസിക്കുന്നതിന്ന്‌
شكر (നന്ദി) എന്ന്‌ പറയപ്പെടുന്നു. നന്ദിയാകട്ടെ, വാഗ്മൂലം മാത്രമല്ല, മനസ്സുകൊണ്ടും പ്രവൃത്തി മുഖേനയും പ്രകടിപ്പിക്കാവുന്നതുമാണ്‌. മേൽ വിവരിച്ചതിൽ നിന്ന്‌ ഈ മൂന്ന്‌ വാക്കുകളും തമ്മിൽ ചില സന്ദർഭങ്ങളിൽ യോജിപ്പും, ചില സന്ദർഭങ്ങളിൽ വിയോജിപ്പും ഉണ്ടാവാമെന്ന്‌ മനസ്സിലാക്കാമല്ലോ. യോജിപ്പിന്റെ വശങ്ങളെ പരിഗണിച്ച്‌ കൊണ്ടാണ്‌ ഈ മൂന്ന്‌ പദങ്ങളെയും ചിലർ പര്യായ പദങ്ങൾ എന്നോണം ഉപയോഗിച്ചു കാണുന്നത്‌. ഈ ഉപയോഗം ചിലപ്പോൾ, ആശയക്കുഴപ്പത്തിന്‌ കാരണമാകാറുള്ളത്‌ കൊണ്ടാണ്‌ ഈ വാക്കുകളെക്കുറിച്ച്‌ ഇത്രയും വിവരിച്ചത്‌.

എല്ലാ സ്തുതിയും അല്ലാഹുവിന്‌ തന്നെയാണെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുവാൻ പോരുന്ന അവന്റെ ചില ഉൽകൃഷ്ട ഗുണവിശേഷങ്ങളാണ്‌ തുടർന്ന്‌ പ്രസ്താവിച്ചിരിക്കുന്നത്‌
رَبِّ ٱلۡعَٰلَمِينَ (ലോകരുടെ രക്ഷിതാവ്‌) ٱلرَّحۡمَٰنِ (പരമകാരുണികൻ)
ٱلرَّحِيمِ (കരുണാനിധി.) مَٰلِكِ يَوۡمِ ٱلدِّينِ (പ്രതിഫലദിനത്തിന്റെഉടമസ്ഥൻ) ഇവയാണത്‌. ഈ ഓരോ വിശേഷണങ്ങളിലും അടങ്ങിയിട്ടുള്ള സാരങ്ങളുടെ വൈപുല്യം ആലോചിക്കുന്നപക്ഷം, സ്തുതി മുഴുവനും അല്ലാഹുവിനാണെന്നു പറഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്‌.

رب (റബ്ബ്‌) എന്ന വാക്കിനു `രക്ഷിതാവ്‌, പരിപാലകൻ, വളർത്തുന്നവൻ, യജമാനൻ` എന്നിങ്ങനെയും `ഉടമസ്ഥൻ, കൈകാര്യം നടത്തുന്നവൻ` എന്നിങ്ങനെയും അർത്ഥങ്ങൾ വരും. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം ഈ എല്ലാ അർത്ഥത്തിലും അവൻ റബ്ബുതന്നെ. `ലോകം` എന്നർത്ഥമായ
عالم (ആലമു)ന്റെ ബഹുവചനമാണ്‌ عالمين (ആലമീൻ). ഈ ബഹുവചനരൂപം ബുദ്ധി ജീവികളിലാണ്‌ സാധാരണ ഉപയോഗിക്കപ്പെടാറെങ്കിലും-ബുദ്ധിജീവികളെന്നോ മററു ജീവികളെന്നോ നിർജ്ജീവ വസ്തുക്കളെന്നോ വ്യത്യാസം കൂടാതെ-അഖില ലോകങ്ങളുടെയും റബ്ബ്‌ എന്നത്രെ
رَبِّ ٱلۡعَٰلَمِينَ കൊണ്ടു വിവക്ഷ. മൂസാ (അ) നബിയും, ഹാറൂൻ (അ) നബിയും ഫിർഔന്റെ അടുക്കൽ ചെന്ന്‌
انا رسول رب العالمين(`ഞങ്ങൾ റബ്ബുൽ ആലമീ`ന്റെ ദൂതൻമാരാണ്‌) എന്നു പറഞ്ഞപ്പോൾ ഫിർഔൻ ചോദിച്ചു:
وما رب العالمين (എന്താണ്‌ `റബ്ബുൽ ആലമീൻ`?) ഇതിനു മൂസാ (അ) നൽകിയ മറുപടി
رب السماوات والارض وما بينهما (ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിൽ ഉള്ളവയുടെയും റബ്ബ്‌) എന്നായിരുന്നു. (ശുഅറാഉ​‍്‌ : 16, 23, 24.)

ٱلرَّحۡمَٰنِ ٱلرَّحِيمِ (പരമകാരുണികൻ, കരുണാനിധി) എന്നിവയെപ്പററി ബിസ്മിയുടെ വ്യാഖ്യാനത്തിൽ വിവരിച്ചു കഴിഞ്ഞു. ബിസ്മി ഈ സൂറത്തിലെ ഒരു ആയത്താണെന്ന അഭിപ്രായം സ്വീകരിച്ചാലും ഈ രണ്ടു തിരുനാമങ്ങൾ വീണ്ടും ഇവിടെആവർത്തിച്ചത്‌ കേവലം ഒരു ആലങ്കാരികമായ ഉദ്ദേശത്തിലൊന്നുമല്ല. അല്ലാഹുവിന്റെ മാനത്തിൽ ഖുർആൻ പാരായണം ആരംഭിക്കുന്നതിലടങ്ങിയ തത്വങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ബിസ്മിയിൽ ആ വിശേഷണങ്ങൾ ഇവിടെയാകട്ടെ, സ്തുതികീർത്തനങ്ങളെല്ലാം, എന്തുകൊണ്ട്‌ അല്ലാഹുവിന്‌ അവകാശപ്പെട്ടതായി എന്നുള്ളതിന്റെപശ്ചാത്തലം ചൂണ്ടിക്കാട്ടുന്ന ഗുണവിശേഷങ്ങളുടെ കൂട്ടത്തിൽ അവന്റെ കാരുണ്യത്തിനുള്ള സ്ഥാനം കൂടി എടുത്തു കാണിച്ചിരിക്കുകയാണ്‌.

`റഹ്മാൻ`, `റഹീം` എന്നീ രണ്ടു രൂപങ്ങളും അല്ലാഹുവിന്റെ അതിരററ കാരുണ്യത്തെ പ്രകാശിപ്പിക്കുന്നവയാണെങ്കിലും, `റഹ്മാൻ` എന്ന രൂപമാണ്‌ കാരുണ്യത്തിന്റെ അതിവിശാലതയെ കൂടുതൽ ദ്യോതിപ്പിക്കുന്നത്‌. `റഹ്മാൻ` എന്ന്‌ അല്ലാഹുവിനെ കുറിച്ചല്ലാതെ മററാരെക്കുറിച്ചും ഉപയോഗിക്കപ്പെടാറില്ല. `അല്ലാഹു` എന്ന സംജ്ഞാ നാമത്തെ കഴിച്ചാൽ പിന്നെ അവന്റെ നാമവിശേഷണങ്ങായി ഉപയോഗിക്കപ്പെട്ടിട്ടുള്ള ഇതര നാമങ്ങളിൽവെച്ച്‌ കൂടുതൽ സ്ഥാനം ഖുർആനിൽ കൽപിക്കപ്പെട്ടുകാണുന്നതും `റഹ്മാൻ` എന്ന നാമത്തിനാകുന്നു. `അല്ലാഹു` എന്ന നാമം പോലെ-മററു വിശേഷണങ്ങളൊന്നും കൂടാതെ-`അർ-റഹ്മാൻ` എന്ന നാമവും അല്ലാഹുവിന്‌ ഉപയോഗിക്കപ്പെട്ടു കാണാം. (ഇസ്‌റാഉ​‍്‌ 110. സൂ: റഹ്മാൻ 1: ഫുർഖാൻ 59 മുതലായവയും വ്യാഖ്യാനവും നോക്കുക) അതുകൊണ്ടാണ്‌- നാമമായോ വിശേഷണമായോ-അല്ലാഹുവിനല്ലാതെ മററാർക്കും `റഹ്മാൻ` എന്ന്‌ ഉപയോഗിക്കുവാൻ പാടില്ലെന്ന്‌ പണ്ഡിതൻമാർ പ്രസ്താവിക്കുന്നതും. നബി (സ) തിരുമേനിയുടെ കാലത്ത്‌ യമാമയിൽ പ്രവാചകനായി അഭിനയിക്കുകയും, അബൂബക്കർ (റ)ന്റെ ഖിലാഫത്തു കാലത്ത്‌ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത മുസൈലിമത്തുൽ കദ്ദാബിനെ (കള്ളപ്രവാചകനായ മുസൈലിമയെ) കുറിച്ചല്ലാതെ `റഹ്മാൻ` എന്ന്‌ പറയപ്പെട്ടതായി ചരിത്രമില്ല. അതും യമായ യിലെ റഹ്മാൻ
(رحمن اليمامة) എന്ന ഉപാധിയോടുകൂടിയായിരുന്നു. ('അബ്ദുറഹ്മാൻ' എന്നതിന്റെ സ്ഥാനത്ത് 'എ. റഹ്മാൻ' പോലെയുള്ള പ്രയോഗം നന്നല്ല. അല്ലാഹുവിന് മാത്രം യോജിക്കുന്ന നാമവിശേഷണങ്ങളെല്ലാം തന്നെ സൃഷ്ടികളുടെ പേരായി ഉപയോഗിക്കുന്നത് സൂക്ഷിക്കേണ്ടതാകുന്നു. ഇതെല്ലാം അല്ലാഹുവിനോടുള്ള അനാദരവായിരിക്കുന്നതാണ്)

അടുത്ത വിശേഷണമായി പറഞ്ഞത്‌مَٰلِكِ يَوۡمِ ٱلدِّينِ (പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ) എന്നാണല്ലോ.
دِينِ (ദീൻ) എന്ന പദത്തിനാണ്‌ ഇവിടെ `പ്രതിഫലം` എന്നർത്ഥം കൊടുത്തത്‌. കൂടാതെ, `മതം, നടപടിക്രമം, ആചാരം, വിചാരണ, നിയമനടപടി, അനുസരണം, പതിവ്‌` എന്നിങ്ങിനെ സന്ദർഭമനുസരിച്ച്‌ അതിന്‌ പല അർത്ഥങ്ങളും വരും. സൃഷ്ടികളുടെ സകല കർമ്മങ്ങളെയും സംബന്ധിച്ചു വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്തനും തക്ക പ്രതിഫലം നൽകുകയും ചെയ്യുന്ന ആ മഹാ ദിനമായ ഖിയാമത്തുനാളാണ്‌ പ്രതിഫല ദിവസംകൊണ്ടു വിവക്ഷ,
مَٰلِكِ (മാലികി) എന്നതിന്റെ സ്ഥാനത്ത്‌  مَلِكِ (മലികി) എന്നും വായനയുണ്ട്‌. (ഇതുപോലെ ഖുർആനിൽ ചില സ്ഥലത്ത് കാണപ്പെടുന്ന വായനവ്യത്യാസങ്ങളെപ്പറ്റി മുഖവുരയിൽ വിവരിച്ചിട്ടുള്ളത് നോക്കുക) പ്രതിഫലദിവസത്തിന്റെ രാജാവ്‌ എന്നായിരിക്കും അപ്പോൾ വാക്കർത്ഥം . രണ്ടായാലും ആ ദിവസത്തിലെ സർവ്വാധിപതിയും, ഏകാധിപതിയും അല്ലാഹു മാത്രമായിരിക്കുമെന്ന്‌ താൽപര്യം. പ്രതിഫലത്തിന്റെ ദിവസമെന്നാലെന്താണ്‌ എന്ന്‌ നിനക്കറിയാമോ എന്ന്‌ ചോദിച്ചുകൊണ്ട്‌ സൂറത്തുൽ ഇൻഫിത്വാറിൽ അല്ലാഹു പറയുന്നു:
يوم لا تملك نفس لنفس شيئا والأمر يومئذ لله الانفطار 19 (സാരം: ഒരാൾക്കുംതന്നെ മറെറാരാൾക്കുംവേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത ദിവസം! അന്ന്‌ കാര്യം-അഥവാ അധികാരം-അല്ലാഹുവിനായിരിക്കും.)

കേവലം മൂന്ന്‌ ചെറുവാക്യങ്ങളിലായി എടുത്തുകാണിച്ച ഈ നാല്‌ വിശേഷണങ്ങളിൽ ഓരോന്നും ദ്യോതിപ്പിക്കുന്ന അർത്ഥ സാരങ്ങളുടെ അഗാധതയും, വൈപുല്യവും മനസ്സിരുത്തുന്നപക്ഷം, എല്ലാ സ്തുതികീർത്തനങ്ങൾക്കും യഥാർത്ഥത്തിൽ അർഹനായുള്ളവൻ അല്ലാഹുവല്ലാതെ മററാരുമില്ലെന്ന്‌ തികച്ചും ബോധ്യപ്പെടുന്നതാണ്‌. അല്ലാഹുവിന്റെ ഈ നാലു ഉൽകൃഷ്ട ഗുണങ്ങളെയും ഓർമ്മിച്ചുകൊണ്ട്‌ ഒരു അടിയാൻ അവന്‌ സ്തുതികീർത്തനം ചെയ്യുമ്പോൾ, തന്റെ മുമ്പിലും, തന്റെ സമീപത്തും അല്ലാഹു സ്ഥിതി ചെയ്യുന്നുണ്ടെന്നുള്ള ഒരു പ്രതീതി ആ അടിയാന്റെ മനസ്സിൽ പ്രകടമാകുന്നതാണ്‌. അങ്ങനെ, അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ട്‌ അവൻ പറയുകയാണ്‌:
إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥ (നിന്നെമാത്രം ഞങ്ങൾ-ഞ്ഞാനും എന്നെപ്പോലെയുള്ള സത്യവിശ്വാസികളെല്ലാവരും-ആരാധിക്കുന്നു: നിന്നോട്‌ തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു, അതെ, മേൽ പ്രസ്താവിച്ച അത്യുൽകൃഷ്ടഗുണങ്ങളോട്‌ കൂടിയവൻ നീയല്ലാതെ ആരുമില്ലെന്ന്‌ ഞങ്ങൾക്ക്‌ ബോധ്യമാണ്‌; അത്കൊണ്ട്‌ ഞങ്ങളുടെ ആരാധനകളും, സഹായാർത്ഥനകളും നിന്റെ മുമ്പിൽ മാത്രമേ ഞങ്ങൾ അർപ്പിക്കുകയുള്ളുവെന്ന്‌ ഞങ്ങളിതാ ഉറപ്പിച്ചു പറയുന്നു എന്ന്‌ താൽപര്യം.

نَعۡبُدُ എന്ന ക്രിയയുടെ മൂല ധാതുവായ عبادة (ഇബാദത്ത്‌)ന്റെ വിവർത്തനമായിട്ടാണ്‌ `ആരാധന` എന്ന വാക്ക്‌ നാം ഉപയോഗിച്ചിരിക്കുന്നത്‌
 نَسۡتَعِينُ എന്ന ക്രിയയുടെ മൂലധാതുവായ  استعانة (ഇസ്തിആനത്ത്‌) ന്റെ വിവർത്തനമായി `സഹായം തേടുക` എന്നും ഉപയോഗിച്ചിരിക്കുന്നു. എല്ലാ പ്രവാചകന്മാരുടെയും പ്രബോധന വിഷയങ്ങളിൽ വെച്ച്‌ ഏററവും മൗലിക പ്രധാനമായ വിഷയം തൗഹീദ്‌ (ഏക ദൈവസിദ്ധാന്തം)ആണല്ലോ. തൗഹീദിന്റെ കാതലായ വശമത്രെ ആരാധനയിലും, സഹായാർത്ഥനയിലുമുള്ള തൗഹീദ്‌. എന്നാൽ പിൽകാല മുസ്ലിംകൾക്കിടയിൽ വളരെയേറെ തെററുധാരണയും വ്യതിയാനവും വന്നുപോയിട്ടുള്ള വിഷയവും അതാണ്‌. അങ്ങിനെ, തൗഹീദിന്റെ അടിത്തറക്കുതന്നെയും കോട്ടം തട്ടിക്കുന്ന എത്രയോ അന്ധവിശ്വാസങ്ങളും, ആശയാദർശങ്ങളും, ആചാരാനുഷ്ഠാനങ്ങളും സമുദായമദ്ധ്യേ കടന്ന്‌ കൂടിയിരിക്കുന്നു. ഒരു പൂർണ്ണമായ ശുദ്ധീകരണത്തിന്‌ സാധ്യമാകാത്ത വിധം സമുദായത്തിൽ അവ വേരൂന്നിക്കഴിഞ്ഞിരിക്കുകയാണ്‌.
معاذ الله (അല്ലാഹുവിൽ ശരണം!)

നിഘണ്ടുക്കൾ പരിശോധിച്ചാൽ `ഇബാദത്ത്‌ ` عبادة എന്ന പദത്തിനു പല അർത്ഥങ്ങളും കാണാം. `അനുസരണം, പുണ്യകർമ്മം, കീഴ്പ്പെന്റെ, ഭക്തി അർപ്പിക്കൽ, വഴിപാട്‌, താഴ്മ പ്രകടിപ്പിക്കൽ` എന്നിങ്ങിനെയും `വണക്കം, ആരാധന, പൂജ, സേവ, പ്രീതിപ്പെടുത്തൽ, എന്നിങ്ങിനെയും അർത്ഥങ്ങൾ കാണും. (Worship, adoration, piety, servitude, godliness, submission മുതലായവയും اطاعة, الخضوع, الخشوع, التذلل,التنس,ونذوها) ഈ അർത്ഥങ്ങളിലെല്ലാം തന്നെ വിനയത്തിന്റെയും താഴ്മയുടെയും അംശം അന്തർഭവിച്ചു കാണാം. എന്നാൽ `ശറഇ`ന്റെ (മതത്തിന്റെ) സാങ്കേതികാർത്ഥത്തിലുള്ള അതിന്റെ ഉദ്ദേശ്യം ശരിക്കും വ്യക്തമാക്കുന്ന ഒററ വാക്ക്‌ മലയാളത്തിൽ കാണുന്നില്ല. ഉള്ളവയിൽവെച്ച്‌ കൂടുതൽ അനുയോജ്യമായതെന്ന നിലക്ക്‌ `ആരാധന` എന്ന്‌ പരക്കെ അതിനു വിവർത്തനം നൽകപ്പെട്ടുവരുന്നു. താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും അങ്ങേ അററം പ്രകടിപ്പിക്കുക
اقصى غاية التذلل والخشوعഎന്നാണ്‌ മതത്തിൽ അതിനു അംഗീകരിക്കപ്പെട്ടുവരുന്ന വിവക്ഷ. ഖുർആൻ വ്യാഖ്യാതാക്കളും, ഇസ്ലാമിലെ പണ്ഡിത ശ്രേഷ്ഠൻമാരും-വാക്കുകളിൽ അൽപ സ്വൽപ വ്യത്യാസങ്ങൾ ക​‍േണ്ടക്കാമെങ്കിലും-മുൻകാലം മുതൽക്കേ `ഇബാദത്തി`നു നൽകി വരുന്ന നിർവചനം അതാണ്‌.

ഭാഷാപരമായും മതപരമായുമുള്ള അതിന്റെ അർത്ഥങ്ങളെപ്പററി ഇമാം ഇബ്നുകഥീർ(റ) അദ്ദേഹത്തിന്റെ പ്രസിദ്ധ തഫ്സീർ ഗ്രന്ഥത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു:
 [ والعبادة في اللغة: من الذلة، يقال: طريق معبد وبعير معبد أي: مذلل، وفي الشرع عبارة عما يجمع كمال المحبة والخضوع والخوف ] സാരം: `ഭാഷയിൽ `ഇബാദത്ത്‌ ` എന്നാൽ, നിന്ദ്യതയിൽ-അഥവാ താഴ്മയിൽ-നിന്നുണ്ടാകുന്നതാണ്‌. `മുഅബ്ബദായ` വഴി എന്നും `മുബ്ബാദയ` ഒട്ടകം എന്നും പറയപ്പെടാറുണ്ട്. അതായത്‌ `മുദല്ലലായ` (അധികമായി ഉപയോഗിച്ച്‌ ഒതുക്കവും പാകതയും വരുത്തപ്പെട്ട)ത്‌ എന്നർത്ഥം. `ശറഇ`ലാകട്ടെ, സ്നേഹത്തിന്റെയും, ഭക്തിയുടെയും, ഭയത്തിന്റെയും പൂർണ്ണതയെ ഒരുമിച്ച്‌ കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിന്‌ പറയപ്പെടുന്ന വാക്കാണത്‌`. താഴ്മയിൽ നിന്നും, വിനയത്തിൽനിന്നും മാത്രമല്ല-സ്നേഹത്തിൽ നിന്നും ഭയപ്പാടിൽനിന്നും കൂടിയാണ്‌-ഇബാദത്ത്‌ രൂപം കൊള്ളുന്നതെന്നത്രെ ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടുന്നത്‌. അപ്പോഴേ താഴ്മയും ഭക്തിബഹുമാനവും അങ്ങേ അററത്തേതാകുകയുള്ളു എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർ അവരുടെ ആരാധ്യവസ്തുക്കളെ അത്യധികം സ്നേഹിക്കുകയും, ഭയപ്പെടുകയും ചെയ്യുന്നതിൽ നിന്നാണ്‌ അവയോടുള്ളതാഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യകാരണബന്ധങ്ങൾക്കതീതമായി ഏതെങ്കിലും അദൃശ്യ ശക്തി ഒരു വസ്തുവിലുണ്ടെന്ന്‌ വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭയവും അത്യധികമായിത്തീരുന്നത്‌. മറെറാരു വിധത്തിൽ പറഞ്ഞാൽ, ഈ വിശ്വാസത്തിൽനിന്ന്‌ ഉടലെടുക്കുന്ന താഴ്മയുടെയും, ഭക്തിബഹുമാനത്തിന്റെയും പ്രകടനമാണ്‌ ഇബാദത്താകുന്ന ആരാധന. സയ്യിദു റശീദുരിൾവാ മുതലായവർ ചൂണ്ടിക്കാട്ടിയതുപോലെ സ്നേഹം കൊ​‍േണ്ടാ പ്രേമം കൊ​‍േണ്ടാ ഒരാൾ മറെറാരാൾക്ക്‌ ചെയ്യുന്ന താഴ്മയും, അധികാരശക്തിയോ അക്രമമോ ഭയന്നോ, വല്ല കാര്യ ലാഭവും പ്രതീക്ഷിച്ചോ ഒരാൾ മറെറാരാൾക്ക്‌ ചെയ്യുന്ന താഴ്മയും-അതെത്ര വമ്പിച്ചതായാലും-അതിനൊന്നും `ഇബാദത്ത്‌ ` എന്ന്‌ പറയപ്പെടാറില്ല. കാരണം, അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തിൽ നിന്ന്‌ ഉടലെടുത്തതല്ല.

സ്നേഹത്തിന്റെയും ഭയഭക്തിയുടെയും സമ്മേളനത്തിൽ നിന്നാണ്‌ ഇബാദത്തിന്റെ ഉത്ഭവമെന്ന്‌ വരുമ്പോൾ, ഇബാദത്ത്‌ ചെയ്യപ്പെടുന്ന ആളുടെ-അല്ലെങ്കിൽ വസ്തുവിന്റെ-കൽപനാ നിർദ്ദേശമനുസരിച്ചോ, അറിവോടും തൃപ്തിയോടും കൂടിയോ ഉണ്ടാകുന്ന പ്രകടനങ്ങളെ ഇബാദത്താകുകയുള്ളുവെന്നില്ലെന്ന്‌ വ്യക്തമാണ്‌. അത്രയുമല്ല. ചിലപ്പോൾ ആരാധ്യന്റെ ഉപദേശനിർദ്ദേശങ്ങൾക്ക്‌ വിരുദ്ധമായിപോലും അതുണ്ടാവാം. മരണപ്പെട്ടുപോയ മഹാത്മാക്കൾക്ക്‌ പലരും ഇബാദത്ത്‌ ചെയ്തുവരുന്നുണ്ട്. ആ മഹാത്മാക്കൾ അതറിയുകയോ തൃപ്തിപ്പെടുകയോ ചെയ്യുന്നില്ല. ഈസാ (അ) നബിക്ക്‌ കൃസ്ത്യാനികൾ ഇബാദത്ത്‌ ചെയ്യുന്നു. അതദ്ദേഹം ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല. അദ്ദേഹം പ്രബോധനം ചെയ്തിരുന്ന തൗഹീദിനു കടകവിരുദ്ധവുമാണത്‌. വിഗ്രഹങ്ങളാണെങ്കിൽ, തങ്ങളുടെ ആരാധകരെപ്പററിയോ, ആരാധനയെപ്പററിയോ അറിയുവാനുള്ള ഗ്രഹണശക്തിപോലും അവക്കില്ല. ചുരുക്കിപ്പറഞ്ഞാൽ, അങ്ങേയററത്തെ സ്നേഹം, ബഹുമാനം, ഭയം, ഭക്തി, താഴ്മ, വിനയം, അദൃശ്യമായ കഴിവിലുള്ള വിശ്വാസം ആദിയായവയുടെ സമ്മേളനത്തിൽ നിന്നാണ്‌ ഇബാദത്ത്‌ ഉരുത്തിരിയുന്നത്‌.

അല്ലാഹു പറയുന്നു:
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّـهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّـهِ ۖ وَالَّذِينَ (മനുഷ്യരിലുണ്ട് ചിലർ: അവർ അല്ലാഹുവിനുപുറമെ ചില സമൻമാരെ സ്വീകരിക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കുന്നതുപോലെ അവർ അവരെ സ്നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോടു ഏററവും ശക്തിമത്തായ സ്നേഹമുള്ളവരായിരിക്കും. (അൽബഖറ: 165.) വീണ്ടും പറയുന്നു:
قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ (പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിച്ചു വരുന്നുവെങ്കിൽ നിങ്ങൾ എന്നെ പിൻപററുവിൻ. എന്നാൽ, അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യുന്നതാണ്‌. (ആലുഇംറാൻ, 31.) ബഹുദൈവവിശ്വാസികളെ സംബന്ധിച്ചു മറെറാരിടത്തു പറയുന്നു:
وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ (അല്ലാഹുവിനു പുറമെയുള്ളവരെക്കുറിച്ചു അവർ നിന്നെ ഭയപ്പെടുത്തുന്നു (സുമർ, 36.) സത്യവിശ്വാസികളോടായി പറയുന്നു:
وَخَافُونِ إِن كُنتُم مُّؤْمِنِينَ (നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ എന്നെ ഭയപ്പെടുവീൻ (ആലുഇംറാൻ, 175.)

ഈ അടുത്തകാലംവരെ മുസ്ലിംകൾക്കിടയിലും ഇസ്ലാമിക വിജ്ഞാന സാഹിത്യങ്ങളിലും `ഇബാദത്തി`ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടുവന്ന മേൽകണ്ട അർത്ഥ വിവരണങ്ങൾക്ക്‌ വിരുദ്ധമായി ഇപ്പോൾ ചില കക്ഷികൾ അതിന്‌ `അനുസരണം` എന്നും മററുമൊക്കെ അർത്ഥം കൽപ്പിക്കുകയും, തദടിസ്ഥാനത്തിൽ അവരുടേതായ പല പുതിയ വാദഗതികളും പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ പൊതുവെ അറിയാവുന്നതാണല്ലോ. ആ അർത്ഥത്തപ്പററിയും അതിലടങ്ങിയ വൈകല്യങ്ങളെപ്പററിയും ഇവിടെ ഒരു ചർച്ചക്ക്‌ മുതിരുന്നില്ല. മുതിരുന്നപക്ഷം അത്‌ കുറേ ദീർഘിച്ചുപോകും. പല പണ്ഡിതൻമാരും, ഗ്രന്ഥകർത്താക്കളും അതിനെ ഖണ്ഡിക്കുകയും വിമർശിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. സത്യാന്വേഷികൾക്ക്‌ കാര്യം ഗ്രഹിക്കുവാൻ മുകളിൽ വിവരിച്ചതുകൊണ്ട്‌ തന്നെ സാധിക്കുകയും ചെയ്യും.
ഇൻഷാ അല്ലാഹ്

عبادة (ഇബാദത്തി)ന്ന്‌ അർത്ഥം പറയുമ്പോൾ ചില പണ്ഡിതൻമാർ അറബിയിൽ അതിന്ന്‌
طاعة (ത്വാഅത്ത്‌) എന്ന്‌ പറഞ്ഞു കാണും. ഈ വാക്കിന്ന്‌ `അനുസരണം` എന്നർത്ഥമുണ്ട്‌ താനും. ഇതാണ്‌ ഇക്കൂട്ടർ അതിന്‌ എടുത്തു കാണിക്കാറുള്ള ഒരു പ്രധാന തെളിവ്‌. വാസ്തവത്തിൽ കൽപന അനുസരിക്കുക എന്ന അർത്ഥത്തിലല്ല അവർ അത്‌ ഉപയോഗിക്കാറുള്ളത്‌. പുണ്യപ്പെട്ട കാര്യം-അഥവാ സ്വമേധയാ ചെയ്യുന്ന സൽക്കർമ്മം-എന്ന അർത്ഥത്തിലാണ്‌ അവരത്‌ ഉപയോഗിക്കുന്നത്‌. കൽപന അനുസരിക്കുക-അല്ലെങ്കിൽ നിയമം അനുസരിക്കുക-എന്ന അർത്ഥത്തിലാകുമ്പോൾ അതിന്റെ ക്രിയാരൂപം
اطاع (അത്വാഅ) എന്നായിരിക്കും. (قال فى المنجد يقال امره فاطاع بالا لف لا غير وقال اطاعه اطاعة وطاعة انقادله) പുണ്യം ചെയ്യുകയെന്നും സ്വമേധയാ നല്ല കാര്യം ചെയ്യുകയെന്നും അർത്ഥമാകുമ്പോൾ ക്രിയ
تطوع (തത്വവ്വഅ) എന്നായിരിക്കും ഉപയോഗിക്കുക പതിവ്‌. ഐച്ഛികമായ (സുന്നത്ത്‌) നമസ്കാരം പോലെയുള്ള നിർബ്ബന്ധമല്ലാത്ത പുണ്യകർമ്മം ചെയ്യുക എന്നാണ്‌ അതിന്റെ സുപരിചിതമായ അർത്ഥമെന്ന്‌ ഇമാം റാഗിബ്‌ (റ) പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഏതാണ്ട്‌ അതുപോലെത്തന്നെ ഖാമൂസ്‌ എന്ന പ്രസിദ്ധ നിഘണ്ടുവിൽ അതിന്റെ കർത്താവ്‌ ഫൈറൂസാബാദീ (റ)യും പറഞ്ഞുകാണാം. 2:15ലും, 2: 184ലും കാണാവുന്നതുപോലെ
تطوع خيرا എന്നു പറയുമ്പോൾ നിർബന്ധമല്ലാത്ത നല്ല കാര്യം സ്വമേധയാ ചെയ്തു എന്നല്ലാതെ-നല്ലതായ അനുസരണം അനുസരിച്ചു എന്ന്‌-അർത്ഥം വരുന്നതല്ല. ആരും അങ്ങിനെ പറയാറുമില്ല.

ഖുർആന്റെ വാക്കർത്ഥങ്ങൾക്ക്‌ വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതും എല്ലാവരും അംഗീകരിച്ചു വരുന്നതുമായ വിലപ്പെട്ട ഒരു നിഘണ്ടുവാണ്‌ ഇമാം റാഗിബ്‌ (റ) ന്റെ `അൽമുഫ്‌റദാത്ത്‌`
المفردات അതിൽ അദ്ദേഹം പറയുന്നു:
العبودية اظهار التذلل والعبادةابلغ لا نهاغاية التذلل ولا يستحقها الا من له غاية الافضال وهو الله تعالى ولهذا قال لا تعبدواالا اياه
 (ഉബൂദിയ്യത്ത്‌- അടിമത്വം-എന്നാൽ താഴ്മ പ്രകടിപ്പിക്കലാണ്‌. `ഇബാദത്ത്‌` അതിനേക്കാൾ ശക്തിയേറിയതാണ്‌. കാരണം, അത്‌ അങ്ങേ അറ്റത്തെ താഴ്മ കാണിക്കലാണ്‌. അങ്ങേ അറ്റം അനുഗ്രഹം ചെയ്യുവാൻ കഴിവുളളവനല്ലാതെ അതിന്‌ അവകാശമില്ല. അത്‌ അല്ലാഹുവാണ്‌ താനും. അതുകൊണ്ടാണ്‌ അവനല്ലാതെ ഇബാദത്ത്‌ ചെയ്യരുതെന്ന്‌ അവൻ പറഞ്ഞിരിക്കുന്നതും.) ഇതിൽനിന്ന്‌ `ഇബാദത്തും,` `ഉബൂദിയ്യത്തും`
 (اعبادة والعبودية) തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. അതായത്‌, ഉബൂദിയ്യത്തിനെക്കാൾ പ്രത്യേകമായതും, ഉബൂദിയ്യത്തിനെക്കാൾ ശക്തമായതും
اخص منها وابلغ ആയ ഒന്നാണ്‌ ഇബാദത്ത്‌. മാത്രമല്ല
 عبد (അബദ) എന്ന ക്രിയക്ക്‌ മാത്രമേ `ഇബാദത്ത്‌` എന്ന ധാതുരൂപം വരുകയുളളൂ. `ഉബൂദിയ്യത്ത്‌` ആകട്ടെ
عبد, عبد (മദ്ധ്യത്തിലെ അക്ഷരത്തിന്‌ `അ` കാരമായും `ഉ`കാരമായും) എന്നീ രണ്ട് ക്രിയാ രൂപങ്ങളുടെയും ധാതുരൂപമായി വരുകയും ചെയ്യും.
عبد(بالفتح) യുടെ ധാതുവാകുമ്പോൾ അതിനും `ഇബാദത്തി`ന്റെ അർത്ഥം തന്നെയായിരിക്കും. അപ്പോൾ അത്‌ സകർമ്മക രൂപത്തിലുളളതും
(متعدى) ആയിരിക്കും.  عبد (بالضم)യുടേതാകുമ്പോൾ അടിമത്വം എന്നുമായിരിക്കും അർത്ഥം. അപ്പോൾ ആ ക്രിയ അകർമ്മക ക്രിയയും
 (لازم) ആയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, `അബദ` എന്ന ക്രിയയും അതിൽനിന്നുളള പദങ്ങളും ആരാധിക്കുക എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. `അബുദ` എന്ന ക്രിയയും അതിൽനിന്നുളള പദങ്ങളും അടിമത്വം-അഥവാ അടിമയായിരിക്കൽ-എന്ന അർത്ഥത്തിൽ മാത്രം ഉപയോഗിക്കപ്പെടുന്നു. `ഉബൂദിയ്യത്ത്‌` ആകട്ടെ രണ്ട്‌ ക്രിയാരൂപങ്ങളുടെയും ധാതുവായിവരുന്നതുകൊണ്ട്‌ `ആരാധന` എന്നും `അടിമത്വം` എന്നുമുളള അർത്ഥങ്ങളിലും വരും. ഈ വ്യത്യാസങ്ങളെ വസ്തുനിഷ്ഠമായി മനസ്സിലാക്കാതിരിക്കുകയോ, ഗൗനിക്കാതിരിക്കുകയോ ചെയ്യുന്നത്‌ കൊണ്ടാണ്‌
عبادة എന്നവാക്കിന്‌ ഭാഷാർത്ഥങ്ങൾ പറയുമ്പോൾ, `അടിമത്വം, അടിമവേല, അടിമവൃത്തി` എന്നുമൊക്കെ അർത്ഥം പറയപ്പെട്ടു വരുന്നത്‌. വാസ്തവത്തിൽ
عبودية നല്ലാതെ عبادة നു അങ്ങിനെ ഭാഷയിലും അർത്ഥമില്ല.

അങ്ങേഅറ്റത്തെ സ്നേഹബഹുമാനത്തിനും, ഭയഭക്തിക്കും അർഹനായുളള ഏക മഹാശക്തി അല്ലാഹു മാത്രമാണെന്ന്‌ മേൽ പ്രസ്താവിച്ച നാല്‌ ഗുണവിശേഷണങ്ങളിൽനിന്നും സ്പഷ്ടമായല്ലോ. അതിനെത്തുടർന്ന്‌ ആരാധനക്കും സഹായാർത്ഥനക്കും യഥാർത്ഥത്തിൽ അർഹനായുളളവൻ നീ ഒരുവനേയുളളുവെന്ന്‌ ഏറ്റുപറയലും മറ്റാരുടെ മുമ്പിലും അത്‌ രണ്ടും ഞങ്ങൾ സമർപ്പിക്കുകയില്ലെന്ന പ്രതിജ്ഞയുമാണ്‌ ഈ (4-​‍ാം) വചനത്തിൽ അടങ്ങിയിരിക്കുന്നത്‌. നമസ്കാരത്തിലും, നമസ്കാരത്തിനു പുറത്തുമായി ഓരോ സത്യവിശ്വാസിയും പല പ്രാവശ്യം ഇതാവർത്തിച്ചു പറയേണ്ടതുണ്ട്. അല്ലാഹുവിന്റെ സുതികീർത്തനമായി ആരംഭിക്കുകയും, അവനോടുളള മഹത്തായ ഒരു പ്രാർത്ഥനയായി അവസാനിക്കുകയും ചെയ്യുന്ന (അതെ, സൂറത്തുൽ ഹംദ്‌ എന്നും, സൂറത്തുദ്ദുആ എന്നും കൂടി പറയപ്പെടുന്ന) ഈ അദ്ധ്യായത്തിൽ ആ രണ്ടിനുമിടക്ക്‌വെച്ച്‌ അവന്റെ അടിയാൻ അവനെ അഭിമുഖീകരിച്ചുകൊണ്ട്‌ സമർപ്പിക്കുന്ന ഈ പ്രതിജ്ഞ എത്രത്തോളം ഗൗരവമേറിയതാണെന്ന്‌ ആലോചിച്ചുനോക്കുക! ഇത്‌ കണക്കിലെടുത്തുകൊണ്ടാണ്‌ `സ്വകാര്യ സംഭാഷണത്തിന്റെ-അഥവാ കൂടിക്കാഴ്ചയുടെ-അദ്ധ്യായം
 (سورة المناجاة) എന്നു കൂടി ഈ സൂറത്തിന്നു പേർ പറയപ്പെട്ടിരിക്കുന്നത്‌.

ഇനി,  وَإِيَّاكَ نَسۡتَعِينُ (നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.) എന്ന വാക്യത്തെകുറിച്ചാണ്‌ ചിലത്‌ മനസ്സിലാക്കുവാനുളളത്‌. ഏതെല്ലാം കാര്യങ്ങളിലുളള സഹായത്തിന്നാണീ അർത്ഥിക്കുന്നതെന്ന്‌ ഇതിൽ വ്യക്തമാക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക്‌ ഏതെല്ലാം കാര്യത്തിൽ സഹായത്തിന്‌ ആവശ്യമായിരിക്കുമോ അതിലെല്ലാം സഹായമർത്ഥിക്കുന്നു എന്ന്‌ വെക്കുവാനാണ്‌ ന്യായം. സാഹിത്യശാസ്ത്രത്തി
 علم البلاغةൽ അംഗീകരിക്കപ്പെട്ട പൊതുതത്വമാണിത്‌. മിക്കവാറും ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായവും ഇതുതന്നെ. ഇതിന്റെ തൊട്ടുമുമ്പത്തെ വാക്യത്തിൽ ആരാധനയെക്കുറിച്ച്‌ പറഞ്ഞിരിക്കകൊണ്ട് ആരാധനാ കർമ്മങ്ങൾ യഥാവിധി സ്വീകരിക്കുവാനുളള സഹായാർത്ഥന ഇതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന്‌ തീർച്ചയായും പറയാം. മനുഷ്യന്റെ കടമകളിൽവെച്ച്‌ പരമപ്രധാനമായ കടമയും അല്ലാഹുവിനെ മാത്രം ആരാധിക്കലാണല്ലോ. അത്‌ വേണ്ടതുപോലെ നിറവേറ്റുവാനുളള ശേഷിയും, ഭാഗ്യവും, സാഹചര്യവുമെല്ലാം അല്ലാഹുവിൽനിന്നുതന്നെ ലഭിക്കേണ്ടതുമുണ്ട്‌. പക്ഷേ, അതുകൊണ്ട്-ചില വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നതുപോലെ-അതിനുവേണ്ടി മാത്രമുളള സഹായാർത്ഥനയാണെന്നുവെച്ച്‌ അതിനെ പരിമിതപ്പെടുത്തേണ്ടുന്ന ആവശ്യമില്ല.

ഐഹികം, പാരത്രികം, മതപരം, ലൗകികം എന്നിങ്ങനെയുളള തരവ്യത്യാസം കൂടാതെ സകല കാര്യങ്ങൾക്കും അല്ലാഹുവിന്റെ സഹായം അനിവാര്യമാകുന്നു. സാധാരണഗതിയിൽ സ്വന്തം കഴിവിലോ, മനുഷ്യകഴിവിലോ പെട്ടതായി കരുതപ്പെടുന്ന കാര്യങ്ങളും ഇതിൽനിന്നൊഴിവല്ലതന്നെ. ഒരു ഉദാഹരണം കൊണ്ട്‌ ഇത്‌ മനസ്സിലാക്കാം: എഴുത്തും വായനയും അറിയുന്ന ഒരാൾക്ക്‌ ഒരു കത്തെഴുതുവാൻ ഒറ്റ നോട്ടത്തിൽ ഒരു പേന, അൽപം മഷി, ഒരു കടലാസ്സുകഷ്ണം ഇത്രയേ വേണ്ടൂ. അൽപം ആലോചിച്ചുനോക്കൂ. ആ പേന കയ്യിലെടുക്കുവാൻ, അത്‌ പിടിച്ചെഴുതുവാൻ, ഉദ്ദിഷ്ട കാര്യങ്ങൾ മനസ്സിൽ തോന്നുവാൻ, അതിനുളള വാക്കുകൾ ഓർമ്മവരുവാൻ, അവ പിഴക്കാതെ രേഖപ്പെടുത്തുവാൻ-അങ്ങിനെ പലതും പലതും-അയാൾക്ക്‌ സാദ്ധ്യമാകേണ്ടതുണ്ട്‌. ഇവയിൽ ഏതെങ്കിലും ഒന്നിന്‌ തടസ്സം നേരിടുമാറുളള കാര്യങ്ങളിൽനിന്ന്‌ അയാൾ രക്ഷപ്പെട്ടിരിക്കേണ്ടതുമുണ്ട്. കൈക്ക്‌ ഒരു വിറയൽ, അല്ലെങ്കിൽ ഒരു വേദന, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരപകടം എന്നിങ്ങനെ ഓർക്കാപ്പുറത്ത്‌ നേരിടാവുന്ന എത്രയെത്ര കാര്യങ്ങളിൽനിന്ന്‌ അയാൾ സുരക്ഷിതനായിരിക്കണം? ആലോചിച്ചുനോക്കുക ! ചുരുക്കിപ്പറഞ്ഞാൽ, ഏതൊരു നിസ്സാര കാര്യത്തിലും അതിനുളള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവിൽ നിന്നുതന്നെ ലഭിക്കേണ്ടതുണ്ട്‌. അതുകൊണ്ട് സൃഷ്ടികളിൽ നിന്ന്‌ ലഭ്യമല്ലാത്തതും അല്ലാഹുവിങ്കൽ നിന്ന്‌ അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ്‌ ഇവിടെ ഉദ്ദേശ്യമെന്ന്‌ മൊത്തത്തിൽ മനസ്സിലാക്കാം. അതുകൊണ്ടാണ്‌ `നിന്നോടുമാത്രം ഞങ്ങൾ സഹായം തേടുന്നു` എന്ന്‌ പറയുന്നതും. അദൃശ്യമായ കഴിവ്‌ അല്ലാഹുവിന്‌ മാത്രമാകകൊണ്ട്‌ മറ്റാരോടും അതിനപേക്ഷിക്കുന്നത്‌ വ്യർത്ഥമായിരിക്കുമെന്ന്‌ മാത്രമല്ല, അത്‌ തനി ശിർക്കും കൂടിയാണുതാനും. അല്ലാഹുവിനോടൊപ്പം മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കരുത്‌
لا تدعوامع الله احدا എന്ന്‌ അല്ലാഹു പറഞ്ഞതും അതുകൊണ്ടുതന്നെ.

ഈ യാഥാർത്ഥ്യം ഓർമ്മിച്ചുകൊണ്ടും ആ വാക്യത്തെപ്പറ്റി വീണ്ടും ഒന്നാലോചിച്ചു നോക്കുക. വേണ്ടപ്പെട്ടതും നല്ലതുമായ എല്ലാ കാര്യങ്ങൾക്കും വേണ്ടിയുളള സഹായാർത്ഥനയാണ്‌ അതെന്ന്‌ പറയുന്നതിന്റെ ഔചിത്യം അപ്പോൾ ബോധ്യമാകുന്നതാണ്‌. ഇബ്നു അബ്ബാസ്‌ (റ) ൽ നിന്ന്‌ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ്‌ ഇവിടെ പ്രസ്താവ്യമാകുന്നു. അദ്ദേഹം പറയുന്നു:- ഒരു ദിവസം ഞാൻ നബി (സ) യുടെ പിന്നാലെയുണ്ടായിരുന്ന അവസരത്തിൽ അവിടുന്ന്‌ എന്നോട്‌ ഇപ്രകാരം പറഞ്ഞു: “ഹേ, കുട്ടീ, ഞാൻ നിനക്ക്‌ ചില വാക്കുകൾ പഠിപ്പിച്ചു തരാം: നീ അല്ലാഹുവിനെ കാത്തുകൊളളുക. എന്നാലവൻ നിന്നെ കാക്കും. നീ അല്ലാഹുവിനെ കാത്തുകൊളളുക. എന്നാലവനെ നിനക്കു മുമ്പിൽ കണ്ടെത്താം. നീ (വല്ലതും) ചോദിക്കുന്നതായാൽ അല്ലാഹുവിനോട്‌ ചോദിക്കുക. നീ (വല്ലതിലും) സഹായമർത്ഥിക്കുന്നതായാൽ അല്ലാഹുവിനോട്‌ സഹായമർത്ഥിക്കുക. നീ അറിഞ്ഞേക്കണം: നിനക്ക്‌ വല്ല ഉപകാരവും ചെയ്‌വാൻ സമുദായം ഒത്തൊരുമിച്ചാലും അല്ലാഹു നിനക്ക്‌ നിശ്ചയിച്ചുവെച്ചതല്ലാതെ ഒരു ഉപകാരവും അവർ നിനക്ക്‌ ചെയ്കയില്ല. നിനക്ക്‌ വല്ല ഉപദ്രവവും ചെയ്യാൻ അവർ ഒത്തൊരുമിച്ചാലും അല്ലാഹു നിന്റെ പേരിർ നിശ്ചയിച്ചുവെച്ചതല്ലാതെ അവർ നിനക്ക്‌ ഉപദ്രവം ചെയ്കയുമില്ല.........“ (തിർമദീ.)

ഇപ്പറഞ്ഞതിൽ നിന്ന്‌ സൃഷ്ടികളോട്‌ യാതൊരു കാര്യത്തിലും സഹായം അർത്ഥിക്കേണ്ടതില്ലെന്നോ, അർത്ഥിച്ചുകൂടാ എന്നോ ധരിക്കേണ്ടതില്ല. അല്ലാഹു പറയുന്നു:
وتعاونوا على البر والتقوى (പുണ്യകരമായതിലും, ഭയഭക്തിയിലും-അഥവാ സൂക്ഷ്മത പാലിക്കുന്നതിലും- നിങ്ങളന്യോന്യം സഹായം നൽകുവിൻ (മാഇദ: 2). മനുഷ്യന്‌ നൽകപ്പെട്ടിട്ടുളള കഴിവിൽ പെട്ടതും നല്ലതുമായ ഏതു കാര്യങ്ങളിലും പരസ്പരം സഹായ സഹകരണം ചെയ്യണമെന്ന്‌ സാരം. ഇത്‌ തെറ്റല്ലെന്നുമാത്രമല്ല, ചിലപ്പോൾ അത്യാവശ്യവും, ചിലപ്പോൾ അനിവാര്യവും കൂടിയായിരിക്കും. ദുൽഖർനൈനി (അ) പോലും- `യാജൂജ്‌ മാജൂജി`ന്റെ പ്രവേശനം തടയുവാനുളള അണക്കെട്ട്‌ നിർമ്മാണത്തിൽ-ജനങ്ങളോട്‌
 اعيوني بقوة (ശക്തി നൽകി എന്നെ സഹായിക്കണം) എന്ന്‌ ആവശ്യപ്പെട്ടതായും, അവർ ഇരുമ്പ്‌ കട്ടികളും മറ്റും നൽകി സഹായിച്ചതായും സൂറത്തുൽ കഹ്ഫിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ, സൃഷ്ടികളുടെ കഴിവിൽ പെടാത്തതും, അദൃശ്യമാർഗ്ഗത്തിലൂടെ അല്ലാഹുവിൽനിന്ന്‌ മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളിൽ അവനോട്‌ മാത്രമേ സഹായം തേടാവൂ എന്നതിൽ സംശയമില്ല. അത്തരം കാര്യങ്ങളിൽ അല്ലാഹു അല്ലാത്ത ആരോടും സഹായം അർത്ഥിക്കുന്നത്‌ കേവലം നിരർത്ഥമാണെന്ന്‌ മാത്രമല്ല, അത്‌ ശിർക്കും സൃഷ്ടികൾക്ക്‌ ദിവ്യത്വം കൽപിക്കലുമാകുന്നു.

ഈ സൂറത്തിൻ പാരായണം നടക്കുന്നത്‌ പലപ്പോഴും ഒന്നിലധികംപേരുളള സംഘത്തിൽവെച്ചാവാമെങ്കിലും ചിലപ്പോഴെല്ലാം ഒരാൾ ഒറ്റയായിക്കൊണ്ടായിരിക്കുമല്ലോ, ഇങ്ങിനെയുളള സന്ദർഭങ്ങളിൽ `ഞങ്ങൾ ആരാധിക്കുന്നു, ഞങ്ങൾ സഹായം തേടുന്നു, ഞങ്ങളെ വഴിചേർക്കണം` എന്നൊക്കെ ബഹുവചന രൂപത്തിൽ പ്രയോഗിക്കുന്നതിന്റെ രഹസ്യമെന്താണെന്ന്‌ സംശയിക്കപ്പെട്ടേക്കാം. സത്യവിശ്വാസികളെല്ലാം ഒരേ ആദർശത്തിലും ലക്ഷ്യത്തിലും നിലകൊളളുന്നവരും, ഓരോ വ്യക്തിയും സമുദായത്തിന്റെ പൊതുനന്മയിലും വിജയത്തിലും പങ്കും താൽപര്യവും ഉണ്ടായിരിക്കേണ്ടവരുമാണെന്നത്രെ അത്‌ ധ്വനിപ്പിക്കുന്നത്‌. സത്യവിശ്വാസികൾ സഹോദരൻമാരാണ്‌
انماالمؤمنون اخوة എന്നും, നിങ്ങളെല്ലാവരും അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കണം. നിങ്ങൾ ഭിന്നിക്കരുത്‌
  واعتصموا بحبل الله جميعا ولا تفرقوا എന്നും അല്ലാഹു പറയുന്നു. `പരസ്പരം കരുണയും, സ്നേഹവും, ദയയും കാണിക്കുന്ന വിഷയത്തിൽ മുസ്ലിംകൾ ഒരേ ശരീരം പോലെയാണ്‌-` അഥവാ ആയിരിക്കണം എന്ന്‌ നബി (സ) തിരുമേനിയും പറയുന്നു. (ബു: മു) ഓരോ വ്യക്തിയും സ്വന്തം കാര്യത്തിൽമാത്രം താൽപര്യം പുലർത്തിയാൽ പോരാ, ഏക മനസ്സോടെ കൂട്ടായ താൽപര്യവും, സംഘടിതമായ ഉത്തരവാദിത്വബോധവും ഉളളവരായിരിക്കണമെന്നാണല്ലോ ഇതിന്റെയൊക്കെ താൽപര്യം.

നിന്നെ മാത്രമേ ഞങ്ങൾ ആരാധിക്കുന്നുളളുവെന്നും, നിന്നോട്‌ മാത്രമേ ഞങ്ങൾ സഹായം തേടുന്നുളളുവെന്നും അല്ലാഹുവിന്റെ മുമ്പിൽ അവന്റെ അടിയാൻമാർ പ്രതിജ്ഞയെടുക്കുമ്പോൾ, നിങ്ങൾ ലക്ഷ്യംവെക്കുന്ന ഏറ്റവും വലിയ സഹായം എന്താണെന്ന്‌ ഒരു ചോദ്യത്തിന്‌ സ്ഥാനമുണ്ടല്ലോ. ഇതിനുളള മറുപടി എന്നോണമാണ്‌
اهدنا الصراط المستقيم (നേരെ ചൊവ്വായ പാതയിൽ ഞങ്ങളെ നീ വഴി ചേർക്കണമേ) എന്ന പ്രാർത്ഥന. ഞങ്ങൾ നിന്നിൽ നിന്നും അർത്ഥിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ഇതാണ്‌, ഈ അനുഗ്രഹം നീ ഞങ്ങൾക്ക്‌ കനിഞ്ഞേകുന്നപക്ഷം ഞങ്ങളുടെ മറ്റാവശ്യങ്ങളെല്ലാം സഫലീകൃതമായിത്തീർന്നുകൊളളും എന്ന്‌ സാരം.

هدى (ഹദാ) എന്ന ക്രിയയുടെ ആജ്ഞാരൂപം (امر) ആണ്‌
 اهد (ഇഹ്ദി). (ആജ്ഞക്കും, അപേക്ഷക്കും, ഉപദേശത്തിനുമൊക്കെ ഒരേ രൂപംതന്നെയാണ്‌ അറബിയിലുളളത്‌.) ഇതിന്റെ ധാതുരൂപങ്ങളാണ്‌ `ഹിദായത്തും,` `ഹുദായും
(الهداية,والهدى) സൗമ്യമായി അറിയിക്കുക, മാർഗ്ഗദർശനം നൽകുക, വഴികാട്ടുക, വഴിയിൽചേർക്കുക, നിർദ്ദേശം നൽകുക
الدلالة بلطف, الدلالة,الارشاد,ارالة الطريق,الايصال اليها എന്നൊക്കെയാണ്‌ ഈ രണ്ടിനും നിഘണ്ടുക്കളിൽ അർത്ഥം നൽകപ്പെട്ടിരിക്കുന്നത്‌. `സൻമാർഗ്ഗം-അഥവാ നേർവഴി` എന്ന അർത്ഥത്തിലും അവ ഉപയോഗിക്കുക പതിവാണ്‌. നല്ലകാര്യത്തിലേക്ക്‌ മാർഗ്ഗദർശനം നൽകുന്നതിലാണ്‌ ഈ ധാതുവിൽ നിന്നുളള പദങ്ങൾ അധികം ഉപയോഗിക്കപ്പെടാറുളളത്‌. ഇവയുടെ വിപരീതാർത്ഥങ്ങളിൽവരുന്ന പദങ്ങളാണ്‌
ضلال, ضلالة(ൾവലാലും, ൾവലാലത്തും) അവയിൽ നിന്നുൽഭവിക്കന്ന ഇതര രൂപങ്ങളും.

മാർഗ്ഗദർശനം നൽകുക അഥവാ വഴികാട്ടുക എന്ന അർത്ഥത്തിലും, സൻമാർഗ്ഗത്തിലാക്കുക അഥവാ നേർവഴിയിൽ ചേർക്കുക എന്ന അർത്ഥത്തിലും ഖുർആനിൽ `ഹിദായത്ത്‌` ഉപയോഗിക്കാറുണ്ട്. ഈ രണ്ടർത്ഥവും വേർതിരിച്ചു മനസ്സിലാകാത്തപക്ഷം ചില സന്ദർഭങ്ങളിൽ ചിലപ്പോൾ ആശയക്കുഴപ്പം നേരിട്ടേക്കും, ഒന്നാമത്തെ അർത്ഥത്തിന്‌ ഉദാഹരണമാണ്‌:
وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَىٰ عَلَى الْهُدَىٰ (എന്നാൽ, ഥമൂദു ഗോത്രമാകട്ടെ, അവർക്കു നാം മാർഗ്ഗദർശനംനൽകി. എന്നിട്ടവർ നേർമാർഗ്ഗത്തേക്കാൾ അന്ധതയോട്‌ ഇഷ്ടം കാണിക്കയാണ്‌ ചെയ്തത്‌ (ഹാമീം സജദ: 17) എന്നവാക്യം. അല്ലാഹു അവരെ സന്മാർഗ്ഗത്തിലാക്കിക്കഴിഞ്ഞശേഷം അവരത്‌ ഉപേക്ഷിച്ചുവെന്നല്ല. പ്രവാചകൻ മുഖേനയും മറ്റും സന്മാർഗ്ഗം ഉപദേശിച്ചുകൊടുത്തിട്ടും അതുവകവെക്കാതെ അന്ധതയിൽ-അഥവാ ദുർമാർഗ്ഗത്തിൽ-മുഴുകുകയാണ്‌ അവർ ചെയ്തതെന്നത്രെ ഉദ്ദേശ്യം. രണ്ടാമത്തെ അർത്ഥത്തിന്‌ ഉദാഹരണം:
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ (നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗ്ഗത്തിലാക്കുകയില്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗ്ഗത്തിലാക്കുന്നു. (ഖസ്വസ്വ്‌, 56) എല്ലാവർക്കും നേർമാർഗ്ഗം കാണിച്ചുകൊടുക്കലാണ്‌ നബി (സ) യുടെ കൃത്യം. നേർമാർഗ്ഗത്തിലാക്കൽ നബി (സ) യുടെ കൃത്യമല്ല. അത്‌ അല്ലാഹുവിന്റെ പ്രവൃത്തിയാണ്‌ എന്ന്‌ സാരം.

അല്ലാഹുവിൽ നിന്ന്‌ മനുഷ്യർക്ക്‌ ഹിദായത്ത്‌ (മാർഗ്ഗദർശനം) ലഭിക്കുന്നത്‌ ഏതെല്ലാം പ്രകാരത്തിലാണെന്ന്‌ തിട്ടപ്പെടുത്തിപ്പറയുവാൻ നമുക്ക്‌ സാദ്ധ്യമല്ല.
وان تعدو نعمة الله لا تحصوها(അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ എണ്ണുന്നപക്ഷം അത്‌ നിങ്ങൾക്ക്‌ കണക്കാക്കാവതല്ല.) എങ്കിലും-ഇമാം ബൈൾവാവി, ഇമാം റാഗിബ്‌ (റ) മുതലായവർ ചൂണ്ടിക്കാട്ടിയത്‌ പോലെ- അതിങ്ങിനെ ഭാഗിക്കാം: (1) ജീവിതാവശ്യങ്ങൾ നിറവേറ്റത്തക്കവണ്ണം വിശേഷബുദ്ധി, ബാഹ്യേന്ദ്രിയങ്ങൾ, ആന്തരേന്ദ്രിയങ്ങൾ മുതലായവ നൽകി അനുഗ്രഹിക്കുക വഴി ലഭിക്കുന്നത്‌
ربنا الذي أعطى كل شيء خلقه ثم هدى-طه (എല്ലാ വസ്തുവിനും അതതിന്റെ സൃഷ്ടി നൽകുകയും, പിന്നീട്‌ മാർഗ്ഗദർശനം നൽകുകയും ചെയ്തവനത്രെ നമ്മുടെ റബ്ബ്‌.) എന്ന വചനം ഇതിലേക്കാണ്‌ ചൂണ്ടുന്നത്‌. (2) സത്യാസത്യങ്ങളും, നൻമതിൻമകളും തിരച്ചറിയുവാനുളള തെളിവുകളും ദൃഷ്ടാന്തങ്ങളും നൽകുകവഴി ലഭിക്കുന്നത്‌
وهديناهالنجدين-البلد (അവന്‌-മനുഷ്യന്‌-പൊന്തി നിൽക്കുന്ന രണ്ട് മാർഗ്ഗങ്ങളെ നാം കാട്ടിക്കൊടുത്തു) എന്ന വചനം ഈ ഇനത്തെ സൂചിപ്പിക്കുന്നു. (3) പ്രവാചകൻമാരും വേദഗ്രന്ഥങ്ങളും മുഖേന ലഭിക്കുന്നത്‌
وجعلناهم انمة يهدون بامرنا-الآنبياء (അവരെ-മുമ്പ്‌ പ്രസ്താവിച്ച പ്രവാചകൻമാരെ-നാം നമ്മുടെ കൽപന പ്രകാരം മാർഗ്ഗദർശനം നൽകുന്ന നേതാക്കളാക്കുകയും ചെയ്തിരിക്കുന്നു) എന്ന വചനം ഇത്‌ ചൂണ്ടിക്കാട്ടുന്നു. (4) സൻമാർഗ്ഗ ചാരികളായ ആളുകൾക്ക്‌ അല്ലാഹുവിൽനിന്നും ലഭിക്കുന്ന പ്രതേക സഹായമാകുന്ന `തൗഫീഖ്‌` മൂലം ലഭിക്കുന്നത്‌
والذين اهتدوا زادهم هدى (സൻമാർഗ്ഗം പ്രാപിച്ചവർക്ക്‌ അവൻ സൻമാർഗ്ഗം വർദ്ധിപ്പിച്ചു കൊടുക്കും,) എന്നും,
والذين جاهدوا فينا لنهدينهم سبلنا - العنكبوت (നമ്മുടെ വിഷയത്തിൽ സമരം നടത്തുന്നവരെ നാം നമ്മുടെ മാർഗ്ഗങ്ങളിൽ ചേർക്കുകതന്നെചെയ്യും) എന്നും പറഞ്ഞത്‌ ഈ ഇനത്തിൽപെട്ട ഹിദായത്താകുന്നു. (5) പരലോകത്ത്‌ വെച്ച്‌ സ്വർഗ്ഗീയ ജീവിതം തുടങ്ങിയ മഹാ ഭാഗ്യങ്ങൾ നൽകുന്നത്‌ മുഖേനയുളളത്‌. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രക്തസാക്ഷികളായി മരണപ്പെട്ടവരെപ്പറ്റി
سيهديهم ويصلح بالهم الغ-محمد(വഴിയെ അവൻ -അല്ലാഹു-അവരെ വഴിചേർക്കുകയും, അവരുടെ സ്ഥിതി നന്നാക്കുകയും, അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും) എന്ന്‌ പറഞ്ഞത്‌ ഈ ഇനത്തിനും ഉദാഹരണമാകുന്നു.

അവിശ്വാസികൾക്കും, ദുർമാർഗ്ഗികൾക്കും ഹിദായത്ത്‌ ലഭിക്കുകയില്ലെന്ന്‌ അല്ലാഹു പ്രസ്താവിക്കാറുളളത്‌ ഇവയിൽ നാലാമത്തേതും, അഞ്ചാമത്തേതുമായ ഹിദായത്തുകളെ ഉദ്ദേശിച്ചാകുന്നു. നബി (സ) തിരുമേനിയോ മറ്റോ ഹിദായത്ത്‌ നൽകുന്നതല്ല എന്ന്‌ പറയുമ്പോൾ അതിൽ ഒന്നാമത്തെയും, നാലാമത്തെയും, അഞ്ചാമത്തെയും ഹിദായത്തുകൾ ഉൾപെടുന്നു. ഈ മൂന്നും അല്ലാഹുവിൽ നിന്ന്‌ മാത്രം സിദ്ധിക്കുന്നവയാകുന്നു. ഒന്നാമത്തെയും, രണ്ടാമത്തെയും, മൂന്നാമത്തെയും ഹിദായത്തുകൾ സത്യവിശ്വാസികൾക്കും അല്ലാത്തവർക്കും നൽകപ്പെടുന്നവയാണ്‌. ഇവിടെ `ഹിദായത്ത്‌` കൊണ്ടുളള ഉദ്ദേശ്യം മേൽ വിവരിച്ച എല്ലാ ഇനങ്ങളും ആയിരിക്കാമെങ്കിലും നാലും അഞ്ചും ഇനങ്ങളാണ്‌ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്‌. ഭാഷാപരമായി നോക്കുമ്പോൾ `ഹുദാ`യും `ഹിദായത്തും`
 الهدى والهداية ഒരുപോലെയാണെങ്കിലും, രണ്ടും തമ്മിൽ അല്പം വ്യത്യാസമുണ്ടെന്നും, അല്ലാഹുവിൽ നിന്ന്‌ മാത്രം ലഭിക്കുന്ന ഹിദായത്തിനെ ഉദ്ദേശിച്ചാണ്‌ ഖുർആനിൽ `ഹുദാ` എന്നു പറയാറുളളതെന്നും ഇമാം റാഗീബ്‌ (റ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
قُلْ إِنَّ الْهُدَىٰ هُدَى اللَّـهِ-ആലിംറാൻ (പറയുക: നിശ്ചയമായും `ഹുദാ` അല്ലാഹുവിന്റെ `ഹുദാ`യാകുന്നു. (3: 73)
قُلْ إِنَّ هُدَى اللَّـهِ هُوَ الْهُدَىٰ -അൽ-ബഖറ (പറയുക: നിശ്ചയമായും അല്ലാഹുവിന്റെ `ഹുദാ`യാണ്‌ `ഹുദാ`. (2: 120) പോലെയുളള വചനങ്ങൾ അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.

`ഹിദായത്തി`ന്റെ വിവരണത്തിൽ പണ്ഡിതൻമാരുടെ വ്യത്യസ്തങ്ങളായ പ്രസ്താവനകൾ കാണാം. പലതും തത്വത്തിൽ യോജിക്കുമെങ്കിലും ചിലത്‌ വിമർശന വിധേയങ്ങളോ ആശയക്കുഴപ്പങ്ങൾക്ക്‌ വഴിവെക്കുന്നതോ ആയിരിക്കും. ആധുനികഖുർആൻ വ്യഖ്യാതാക്കളുടെ പ്രസ്താവനകളിലാണ്‌ ഈ ദോഷം കൂടുതൽ പ്രകടമാകുന്നത്‌. ഈ ഖുർആൻ വചനത്തിന്‌ ചിലർ നൽകുന്ന വ്യഖ്യാനം കാണുമ്പോൾ, ഹിദായത്തിന്റെ അതിപ്രധാനമായ പല വശങ്ങളും അവർക്ക്‌ ചിന്താവിഷയമേ അല്ലെന്ന്‌ തോന്നിപ്പോകും. ഇങ്ങിനെയുളള ചില വസ്തുതകളെ പരിഗണിച്ചാണ്‌ ഈ വിഷയം ഇവിടെ കുറച്ചൊന്ന്‌ വിശദീകരിക്കേണ്ടിവന്നത്‌. ഖുർആനിൽ ഹിദായത്തിനെക്കുറിച്ച്‌ പരാമർശിക്കുന്ന പല സന്ദർഭങ്ങളിലും ഈ വിശദീകരണം ഓർമ്മയിലുണ്ടായിരിക്കുന്നത്‌ പ്രയോജനകരമായിരിക്കുന്നതുമാണ്‌.
ഇൻഷാ അല്ലാഹ് വിഷയത്തിന്റെ പ്രധാന്യത്തെ മുൻനിറുത്തിത്തന്നെയാണ്‌ ഇമാം റാഗിബ്‌ (റ) തന്റെ ഖുർആൻ നിഘണ്ടുവിൽ `ഹിദായത്തി`ന്റെ വിവരണത്തിനായി കുറെ പേജുകൾ വിനിയോഗിച്ചിരിക്കുന്നതും, അറബി അറിയാവുന്നവരും താൽപര്യമുള്ളവരും ആ പേജുകളൊന്ന്‌ ശ്രദ്ധിക്കുന്നത്‌ നന്നായിരക്കും.
والله ولي التوفيق
ചൊവ്വായ പാത അഥവാ വളവും വക്രതയുമില്ലാത്തവഴി
الصراط المستقيم കൊണ്ടു വിവക്ഷിക്കപ്പെട്ടതെന്തെന്ന്‌ തുടർന്നുളള വാക്യങ്ങളിൽ നിന്നുതന്നെ സാമാന്യം മനസ്സിലാക്കാവുന്നതാണ്‌. എന്നാലും വിശദീകരണത്തിൽ വ്യാഖ്യാതാക്കൾ പലരും വ്യത്യസ്തമായ നിലപാട്‌ സ്വീകരിച്ചുകാണാം. ഇമാം ഇബ്നുകഥീർ (റ) ചൂണ്ടിക്കാട്ടിയതുപോലെ, ബാഹ്യത്തിൽ അവ വ്യത്യസ്തങ്ങളായി തോന്നുമെങ്കിലും വാസ്തവത്തിൽ അവയെല്ലാം ഒരേ ആശയത്തിൽ ചെന്ന്‌ കലാശിക്കുന്നവയാകുന്നു. അതായത്‌, അല്ലാഹുവും, അവന്റെ റസൂലും നിർദ്ദേശിച്ചുതന്ന മാർഗ്ഗം എന്നതിൽ ആ പ്രസ്താവനകളെല്ലാം എത്തിച്ചേരുന്നു. ഈ വസ്തുത ഇമാം ഇബ്നു ജരീറും (റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. പലരുടെയും വ്യാഖ്യാനങ്ങൾ ഉദ്ധരിച്ചശേഷം എല്ലാ വ്യാഖ്യാനത്തിലും വെച്ച്‌ നല്ല വ്യാഖ്യാനം ഇതാണെന്ന്‌ ചുണ്ടിക്കാട്ടിക്കൊണ്ട്‌ അദ്ദേഹം (റ) പറയുന്നു: “(അല്ലാഹുവേ!) നീ തൃപ്തിപ്പെട്ടവരും, നിന്റെ അടിയാൻമാരിൽ നീ അനുഗ്രഹിച്ചിട്ടുളളവരുമായ ആളുകൾക്ക്‌ നീ തൗഫീഖ്‌ ചെയ്തു (സാധിപ്പിച്ചു) കൊടുത്ത വാക്കുകളിലും പ്രവൃത്തികളിലും ഉറച്ചുനിൽക്കുവാൻ ഞങ്ങൾക്ക്‌ നീ തൗഫീഖ്‌ നൽകേണമേ എന്നാണ്‌ ഉദ്ദേശ്യം. ഇപ്പറഞ്ഞതാണ്‌ `ചൊവ്വായ പാത` കാരണം (സൂറ: നിസാഉ​‍്‌ 69ൽ പറഞ്ഞതുപോലെ അല്ലാഹു) അനുഗ്രഹം ചെയ്തുകൊടുത്തിട്ടുളള നബിമാർ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ (സജ്ജനങ്ങൾ) എന്നിവർക്ക്‌ തൗഫീഖ്‌ ലഭിച്ച അക്കാര്യങ്ങൾ അനുഷ്ഠിക്കുവാൻ ആർക്ക്‌ തൗഫീഖ്‌ ലഭിക്കുന്നുവോ അവർക്ക്‌ ഇസ്ലാമിനെ ആചരിക്കുവാനും, റസൂലുകളുടെ സത്യത അംഗീകരിക്കുവാനും, വേദഗ്രന്ഥങ്ങളെ മുറുകെ പിടിക്കുവാനും, അല്ലാഹു കൽപിച്ചതിനെ അനുസരിക്കുവാനും, വിരോധിച്ചതിനെ വർജ്ജിക്കുവാനും, നബി (സ) യുടെയും ഖലീഫമാരുടെയും സജ്ജനങ്ങളുടെയും മാർഗ്ഗം പിൻപറ്റുവാനും തീർച്ചയായും തൗഫീഖ്‌ ലഭിച്ചിരിക്കുന്നു. ഇതൊക്കെത്തന്നെയാണ്‌ ചൊവ്വായ പാത`. ചൊവ്വായപാതകൊണ്ടുളള ഉദ്ദേശ്യം വിവരിക്കുന്നതിൽ വന്നിട്ടുളള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ ഇബ്നുജരീർ (റ) ഈ വിവരണത്തിൽ കൂട്ടിയിണക്കി സംയോജിപ്പിച്ചിരിക്കുന്നു.

ചൊവ്വായ മാർഗ്ഗം സ്വീകരിച്ചവരാണല്ലോ സത്യവിശ്വാസികൾ. എന്നിരിക്കെ, തങ്ങൾക്ക്‌ സിദ്ധിച്ചു കഴിഞ്ഞ ആ കാര്യത്തിന്‌ വേണ്ടി നമസ്കാരങ്ങളിലും മറ്റും ഈ പ്രാർത്ഥന പിന്നെയും അവർ ആവർത്തിക്കുന്നത്‌ എന്തിനാണ്‌ ? എന്ന്‌ സംശയിക്കാമല്ലോ. ഇതുപോലെയുളള ചില സംശയങ്ങൾ വേറെ ചില സന്ദർഭങ്ങളിലും ചിലർക്ക്‌ തോന്നുവാൻ അവകാശമുണ്ട്. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഉപകരിക്കുന്ന ഒരു മറുപടി ഈ സംശയത്തിന്ന്‌ ഇബ്നു കഥീർ (റ) ഇവിടെ നൽകിയിരിക്കുന്നു. അതിന്റെ സാരം ഇപ്രകാരമാണ്‌: `സിദ്ധിച്ചു കഴിഞ്ഞ അതേ കാര്യം പിന്നെയും സിദ്ധിക്കുവാനല്ല ഈ പ്രാർത്ഥന. അല്ലാഹുവിൽ നിന്നുളള ഹിദായത്ത്‌ മനുഷ്യന്‌ സദാ സമയത്തും ലഭിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ ഇങ്ങിനെ പ്രാർത്ഥിക്കുവാൻ കൽപിച്ചിരിക്കുന്നത്‌. അവന്റെ മാർഗ്ഗത്തിൽ നിന്ന്‌ വഴിപിഴച്ചുപോകാതെ, സ്ഥിരചിത്തതയോടെ അതിൽ ഉറച്ചു നിൽക്കുവാനും, അതിൽ അഭിവൃദ്ധിയും വളർച്ചയും ലഭിച്ചുകൊണ്ടിരിക്കുവാനും അല്ലാഹുവിന്റെ സഹായവും തൗഫീഖും സിദ്ധിച്ചുകൊണ്ടിരിക്കേണ്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ സ്വന്തം ദേഹത്തിനുപോലും ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ മനുഷ്യന്‌ കഴിവില്ല. ആകയാൽ, അല്ലാഹുവിന്റെ സഹായഹസ്തം എല്ലാ സമയത്തും തന്റെ നേരെ നീട്ടിക്കൊണ്ടിരിക്കുവാൻ അവൻ അവനോട്‌ അപേക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണെന്ന്‌ ഇത്‌ മൂലം ഉണർത്തുന്നു. ഇക്കാരണത്താൽ തന്നെയാണ്‌ ഇങ്ങിനെ പ്രാർത്ഥിക്കുവാനും സത്യവിശ്വാസികളോട്‌ അല്ലാഹു ഉപദേശിച്ചത്‌.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿٨﴾
   (ഞങ്ങളുടെ റബ്ബേ! നീ ഞങ്ങളെ നേർമാർഗ്ഗത്തിലാക്കിയ ശേഷം, ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങൾക്ക്‌ നിന്റെ പക്കൽ നിന്ന്‌ നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും നീ തന്നെയാണ്‌ വലിയ ദാനക്കാരൻ. (ആലുഇംറാൻ: 8)`

ٱلصِّرَٰطَ ٱلۡمُسۡتَقِيمَ (ചൊവ്വായ പാത) കൊണ്ടുളള വിവക്ഷ എന്താണെന്നും, അതിന്റെ ക്രിയാത്മകവും, നിഷേധാത്മകവുമായ വശങ്ങൾ ഏതാണെന്നും ചുരുങ്ങിയ വാക്കുകളിൽ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.
صِرَٰطَ ٱلَّذِينَ أَنۡعَمۡتَ
عَلَيۡهِمۡ ( നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുളളവരുടെ പാത) ഇതാണതിന്റെ ക്രിയാത്മക വശം. ഈ അനുഗൃഹീതർ ആരാണെന്നും, അവർ ചരിച്ച പാതയിലൂടെ ചരിക്കുവാൻ നാം എന്ത്‌ ചെയ്യേണ്ടതുണ്ടെന്നും മറ്റൊരു വചനത്തിൽനിന്ന്‌ മനസ്സിലാക്കാം. അല്ലാഹു പറയുന്നു:-

 مَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا ﴿٦٩﴾ (സാരം: അല്ലാഹുവിനെയും റസൂലിനെയും ആർ അനുസരിക്കുന്നുവോ അക്കൂട്ടർ, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുളള നബിമാർ, സ്വിദ്ദീഖുകൾ, ശുഹദാക്കൾ, സ്വാലിഹുകൾ എന്നിവരോട്‌ കൂടെയായിരിക്കും. അവർ വളരെ നല്ല സുഹൃത്തുക്കളാകുന്നു. (4: 69) ഇതിന്റെ ഒരു വിശദീകരണം തന്നെയാണ്‌ അൽപം മുമ്പ്‌ ഇബ്നുജരീർ (റ)ന്റെ ഉദ്ധരണിയിലൂടെ നാം വായിച്ചതും.

ഈ വാക്യത്തിന്റെ വ്യഖ്യാനത്തിൽ ബൈളാവീ (റ) പ്രസ്താവിച്ച ചില പ്രസ്താവനകളുടെ രത്നച്ചുരുക്കം അറിയുന്നതും സന്ദർഭോചിതമായിരിക്കുമെന്ന്‌ തോന്നുന്നു. അതിങ്ങിനെ ഉദ്ധരിക്കാം: “അല്ലാഹുവിന്റെ അനുഗ്രഹം കണക്കറ്റതാണെങ്കിലും അവയെ ഐഹികമെന്നും പാരത്രികമെന്നും രണ്ടായി ഭാഗിക്കാം. ഒന്നാമത്തേത്‌ രണ്ടു വിധത്തിലുണ്ട്: ദൈവികമായി സിദ്ധിക്കുന്നതും, പരിശ്രമം വഴി സിദ്ധിക്കുന്നതും. ദൈവീകമായതിലും രണ്ടു വകയുണ്ട്‌.: ആത്മീയവും ശാരീരികവും. ആത്മാവ്‌ വിശേഷബുദ്ധി, കാര്യഗ്രഹണശക്തി, ചിന്താശക്തി ആദിയായവ ആത്മീയങ്ങളത്രെ. ശരീരഘടന, ആകൃതി, ആരോഗ്യം, സൗന്ദര്യം ആദിയായവ ശാരീരികങ്ങളുമാകുന്നു. സൽസ്വഭാവം, യോഗ്യത, പാണ്ഡിത്യം, നേതൃത്വം, സംസ്കാരം, സമ്പത്ത്‌, സ്വാധീനം ആദിയായവയും, ദുർഗുണങ്ങളിൽനിന്ന്‌ സംശുദ്ധമായിരിക്കലുമെല്ലാം അദ്ധ്വാനം വഴി സിദ്ധിക്കുന്ന അനുഗ്രഹങ്ങളാണ്‌. രണ്ടാമത്തേത്‌-അഥവാ പാരത്രികമായത്‌-പാപം പൊറുക്കപ്പെടൽ, അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലഭിക്കൽ, പുണ്യവാളൻമാരുടെ കൂട്ടത്തിൽ ശാശ്വത വിജയവും സ്വർഗ്ഗീയ ജീവിതവും സിദ്ധിക്കൽപോലെയുളള അനുഗ്രഹങ്ങളാകുന്നു. ഈ ഒടുവിൽ പറഞ്ഞ വിഭാഗത്തിൽപെട്ട അനുഗ്രഹങ്ങളും, അവ ലഭിക്കുവാൻ സഹായകമായിത്തീരുന്ന മറ്റു വിഭാഗത്തിൽ പെട്ട കാര്യങ്ങളുമാണ്‌ ഇവിടെ `അനുഗ്രഹം` കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്‌.“

ആ പാതയുടെ നിഷേധാത്മകവശം ഇതാണ്‌:
غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ
وَلَا ٱلضَّآلِّينَ  അതായത്‌, കോപവിധേയരും, വഴിപിഴച്ചവരുമായ ആളുകൾ സ്വീകരിച്ചതല്ലാത്ത മാർഗ്ഗം എന്ന്‌ സാരം. എന്നാൽ, കോപബാധിതരും, വഴിപിഴച്ചവരും എന്ന്‌ പറഞ്ഞത്‌ ആരെ ഉദ്ദേശിച്ചാണെന്നാണ്‌ ഇനി ആലോചിക്കുവാനുളളത്‌. അഹ്മദ്‌, തിർമദീ, ഇബ്നുജരീർ, ഇബ്നു അബീഹാതിം, ഇബ്നുഹിബ്ബാൻ (റ) മുതലായവർ ഉദ്ധരിച്ച ചില ഹദീസുകളിൽ `കോപബാധിതർ` കൊണ്ടുദ്ദേശ്യം യഹൂദികളാണെന്നും, `വഴിപിഴച്ചവർ` കൊണ്ടുദ്ദേശ്യം നസ്രാനി (ക്രിസ്ത്യാനി) കളാണെന്നും നബി(സ) പ്രസ്താവിച്ചതായി വന്നിരിക്കുന്നു. സഹാബികളിൽനിന്നും അപ്രകാരം രിവായത്തുകൾ കാണാം ഈ രണ്ടു വാക്കുകളുടെയും വ്യാഖ്യാനത്തിൽ ഇതല്ലാതെ മറ്റൊരു വാ​‍്യഖ്യാനവും ഉളളതായി എനിക്കറിഞ്ഞുകൂടാ എന്നുപോലും ഇബ്നു അബീഹാതിം (റ) പ്രസ്താവിച്ചതായി കാണുന്നു. റസൂൽ (സ) തിരുമേനിയുടെ ഈ വ്യഖ്യാനം നിലവിലിരിക്കെ മറ്റു വ്യഖ്യാനങ്ങൾ ആരായേണ്ടതില്ലെന്ന്‌ വ്യക്തമാണ്‌. എന്നാൽ, കോപവിധേയർ യഹൂദികളും, വഴിപിഴച്ചവർ ക്രിസ്ത്യാനികളുമാണെന്ന്‌ വരുവാൻ കാരണമെന്താണെന്നും, അല്ലാഹുവിന്റെ കോപത്തിനും, വഴിപിഴവിനും കാരണമാക്കുന്ന ആ കാര്യങ്ങളിൽ നിന്ന്‌ രക്ഷപ്പെടുവാൻ മാർഗ്ഗമെന്താണെന്നും നിശ്ചയമായും ആലോചിക്കേണ്ടതുണ്ട്‌.

ചുരുക്കി വിവരിക്കുകയാണെങ്കിൽ--ഇബ്നുകഥീർ (റ) സൂചിപ്പിച്ചതുപോലെ--ഇങ്ങിനെ പറയാം: സത്യം അന്വേഷിച്ചറിയുകയും, അത്‌ പ്രാവർത്തികമാക്കുകയും ചെയ്യുകയാണ്‌ അനുഗൃഹീതരുടെ മാർഗ്ഗം. സത്യം അറിഞ്ഞിട്ടും അത്‌ അനുഷ്ഠാനത്തിൽ വരുത്താതെ പുറം തള്ളിക്കളയുകയാണ്‌ കോപവിധേയരുടെ മാർഗ്ഗം. സത്യം മനസ്സിലാക്കാതെ സത്യമാർഗ്ഗം തെറ്റിപ്പോകുന്നതാണ്‌ വഴി പിഴച്ചവരുടെ മാർഗ്ഗം. യഹൂദികളെ ഉദ്ദേശിച്ച്‌ കോപവിധേയരായവർ എന്ന്‌ പറഞ്ഞത്‌ അവർ അറിവുണ്ടായിട്ടും അതിന്‌ എതിര്‌ പ്രവർത്തിച്ചതുകൊണ്ടാണെന്നും, ക്രിസ്ത്യാനികളെപ്പറ്റി വഴിപിഴച്ചവർ എന്ന്‌ പറഞ്ഞത്‌ അവർ സത്യം അറിയാതെ പിഴച്ചതുകൊണ്ടാണെന്നും ഇമാം ഇബ്നു തൈമിയ്യ (റ) യും ചൂണ്ടിക്കാട്ടിയിരിക്കുന്നു.
(اقتضاء الصراط المستقيم കാണുക)

മൊത്തത്തിൽ പറഞ്ഞാൽ, കോപവിധേയർ യഹൂദരും, വഴിപിഴച്ചവർ ക്രിസ്ത്യാനികളും തന്നെ. എങ്കിലും ഇവരല്ലാത്തവരിലും, കോപത്തിന്‌ വിധേയരായവരും, വഴിപിഴച്ചവരുമുണ്ട് എന്ന്‌ അല്ലാഹുവിന്റെ വചനങ്ങളിൽ നിന്ന്‌ തന്നെ വ്യക്തമാണ്‌. സത്യവിശ്വാസം സ്വീകരിച്ചശേഷം മനപൂർവ്വം അതിനെ പരിത്യജിക്കുന്നവരെപ്പറ്റി
فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ (അവരുടെമേൽ അല്ലാഹുവിങ്കൽനിന്നുളള കോപമുണ്ടായിരിക്കും..........(നഹ്ല് 106) എന്നും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന്‌ ജനങ്ങളെ തടയുന്ന അവിശ്വാസികളെപ്പറ്റി
قَدْ ضَلُّوا ضَلَالًا بَعِيدًا ﴿١٦٧﴾ (അവർ വിദൂരമായ വഴിപിഴവ്‌ പിഴച്ചുപോയി (നിസാഉ​‍്‌ 167) എന്നും പറയുന്നു. കപട വിശ്വാസികളെയും, മുശ്‌രിക്കുകളെയും സംബന്ധിച്ച്‌
وَغَضِبَ اللَّـهُ عَلَيْهِمْ وَلَعَنَهُمْ (അല്ലാഹു അവരുടെമേൽ കോപിക്കുകയും, അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. (ഫഥ്‌ 6) എന്നും പറഞ്ഞിരിക്കുന്നു. ഒരു സമുദായമെന്ന നിലക്ക്‌ കോപശാപങ്ങളിൽ യഹൂദ സമുദായവും, വഴിപിഴവിൽ ക്രിസ്തീയ സമുദായവും മുന്നിട്ടു നിൽക്കുന്നുവെന്നായിരിക്കും മേൽ സൂചിപ്പിച്ച ഹദീസുകളുടെ താൽപര്യം.
الله اعلم യഹൂദികളെപ്പറ്റി منلعن الله وغضب عليه(അല്ലാഹു ശപിക്കുകയും കോപിക്കുകയും ചെയ്തവർ (മാഇദ: 60) എന്നും
بَل لَّعَنَهُمُ اللَّـهُ بِكُفْرِهِمْ  (അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു (അൽബഖറ : 88) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ക്രിസ്ത്യാനികളെപ്പറ്റി
قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ ﴿٧٧﴾
അവർ മുമ്പേ വഴിപിഴച്ചിട്ടുണ്ട്‌. വളരെ ആളുകളെ പിഴപ്പിക്കുകയും. ചൊവ്വായ മാർഗ്ഗംവിട്ട്‌ പിഴക്കുകയും ചെയ്തിരിക്കുന്നു, (മാഇദ : 80) എന്നും പ്രസ്താവിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക്‌ വിധേയരാകാതെ, സത്യ മാർഗ്ഗത്തിൽ നിന്ന്‌ വഴിപിഴച്ചുപോകാതെ അവന്റെ അനുഗ്രഹങ്ങൾക്ക്‌ പാത്രങ്ങളായിത്തീരുന്ന സജ്ജനങ്ങളിൽ അവൻ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.

ഇമാം മുസ്ലിം, നസാഈ (റ) മുതലായവർ അഹൂഹുറൈറ (റ) യിൽനിന്ന്‌ ഉദ്ധരിച്ച ഒരു ഹദീസിൽ നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “നമസ്കാരം എനിക്കും എന്റെ അടിയാനുമിടയിൽ രണ്ട് പകുതിയായി ഭാഗിക്കപ്പെട്ടിരിക്കുന്നു. എന്റെ അടിയാൻ ചോദിക്കുന്നത്‌ അവന്‌ ലഭിക്കുന്നതാണെന്ന്‌ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.
 അടിയാൻ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢ എന്നു പറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെ സ്തുതിച്ചു.
 അവൻ ٱلرَّحۡمَٰنِ ٱلرَّحِيمِ ٣ എന്നു പറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെപ്പറ്റി പുകഴ്ത്തിപ്പറഞ്ഞു.
അവൻ مَٰلِكِ يَوۡمِ ٱلدِّينِ ٤ എന്നുപറഞ്ഞാൽ അല്ലാഹു പറയും: എന്റെ അടിയാൻ എന്നെ മഹത്വപ്പെടുത്തി.
അവൻ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥ എന്ന്‌ പറഞ്ഞാൽ അല്ലാഹു പറയും: ഇത്‌ എനിക്കും എന്റെ അടിയാനുമിടയിലുളള കാര്യമാണ്‌. എന്റെ അടിയാൻ ചോദിക്കുന്നത്‌ അവന്‌ ലഭിക്കുന്നതാണ്‌. അങ്ങനെ
ٱهۡدِنَا
ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ٦ صِرَٰطَ ٱلَّذِينَ أَنۡعَمۡتَ
عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ
وَلَا ٱلضَّآلِّينَ ٧ എന്ന്‌ അവൻ പറഞ്ഞാൽ അല്ലാഹു പറയും: ഇത്‌ എന്റെ അടിയാനുളളതാണ്‌. അവൻ ചോദിക്കുന്നത്‌ അവന്‌ ലഭിക്കും.“

ഈ സൂറത്ത്‌ ഓതിക്കഴിയുമ്പോൾ അതോടുചേർന്ന്‌ `ആമീൻ` (آمين )
 ചൊല്ലേണ്ടതുണ്ടെന്നും, ഈ പ്രാർത്ഥന സ്വീകരിക്കേണമേ എന്നാണ്‌ അതിന്റെ അർത്ഥമെന്നും നാം മുമ്പ്‌ പറഞ്ഞുവല്ലോ. നബി (സ) അങ്ങിനെ ചൊല്ലിയിരുന്നതായി അഹ്മദ്‌, അബൂദാവൂദ്‌, തിർമദീ (റ) മുതലായവർ രേഖപ്പെടുത്തിയ ഹദീസുകളിൽ വന്നിട്ടുണ്ട്. ചില രിവായത്തുകളിൽ തിരുമേനി അത്‌ നീട്ടിച്ചൊല്ലിയിരുന്നതായും, മറ്റു ചിലതിൽ ഉറക്കെ ചൊല്ലിയിരുന്നതായും വന്നിരിക്കുന്നു. നമസ്കാരത്തിൽ ഇതൊരു ബലപ്പെട്ട സുന്നത്തുമത്രെ. നബി (സ) പറയുന്നു: “ഇമാം ആമീൻ പറയുമ്പോൾ നിങ്ങൾ ആമീൻ പറഞ്ഞുകൊളളണം. കാരണം, ഒരാളുടെ ആമീൻ പറയൽ മലക്കുകൾ ആമീൻ പറയുന്നതുമായി യോജിച്ചുവന്നാൽ അവന്‌ അവന്റെ മുൻകഴിഞ്ഞ പാപം പൊറുത്തുകൊടുക്കപ്പെടുന്നതാണ്‌.” (ബു: മു.) വേറെയും ഹദീസുകൾ `ആമീനെ`പ്പറ്റി ഉദ്ധരിക്കുവാനുണ്ട്‌.

اللهم لك الحمد والمنة والفضل وانت الموفق والمعين تحب وترضى