Saturday, August 10, 2013

Chapter 2 Surat Al-Baqarah سورة البقرة സൂറത്തുൽ ബഖറഃ

വിവരണം
അദ്ധ്യായം 2.
സൂറത്തുൽ ബഖറഃ
മദീനയിൽ അവതരിച്ചത്‌­
വചനങ്ങൾ 286 ­
വിഭാഗം (റുകൂഉ്)

വിശുദ്ധഖുർആനിലെ ഏറ്റവുംവലിയ സൂറത്താണിത്‌.  ഇതിന്റെ മിക്കഭാഗവും നബി (സ) തിരുമേനിയുടെ മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ അവതരിച്ചതാകുന്നു. ചുരുക്കം ചില ആയത്തുകൾ അവസാനകാലങ്ങളിൽ അവതരിച്ചവയുമാണ്‌.  ഖുർആന്റെ അവതരണം ആദ്യംതൊട്ടവസാനംവരെ ക്രമരൂപത്തിലോ, ഓരോ സൂറത്തുകളായോ ആയിരുന്നില്ലെന്നും, സന്ദർഭവും ആവശ്യവും അനുസരിച്ചു പലപ്പോഴായി  അവതരിക്കുകയായിരുന്നു പതിവെന്നും, അപ്പപ്പോൾ അവതരിക്കുന്ന ഭാഗങ്ങൾ ഇന്നിന്ന സൂറത്തുകളിൽ ഇന്നിന്ന ഭാഗത്തു ചേർക്കണമെന്നു നബി (സ) എഴുത്തുകാരോടു കൽപിക്കുകയായിരുന്നു ചെയ്തിരുന്നതെന്നും മറ്റും മുഖവുരയിൽ വിവരിച്ചത്‌ ഓർമ്മിക്കുമല്ലോ.

മൗലികതത്വങ്ങൾ, വിശ്വാസ സിദ്ധാന്തങ്ങൾ, കർമ്മപരമായ വിധിവിലക്കുകൾ, നിയമ നിർദ്ദേശങ്ങൾ, സാരോപദേശങ്ങൾ, ഉപമകൾ, ദൃഷ്ടാന്തങ്ങൾ, ചരിത്രസംഭവങ്ങൾ, സദാചാരമൂല്യങ്ങൾ, സന്തോഷ വാർത്തകൾ, താക്കീതുകൾ എന്നിങ്ങിനെയുള്ള തുറകളിൽ മറ്റുസൂറത്തുകളെ അപേക്ഷിച്ച്‌ ഈ സൂറത്തിൽ കൂടുതൽ കാണാവുന്നതാണ്‌.  അതുകൊണ്ട​‍ുതന്നെയായിരിക്കാം ചില നബിവചനങ്ങളിൽ ഈ സൂറത്തിനെപ്പറ്റി
سنام القرأن وذروته(ഖുർആന്റെ പൂഞ്ഞും അതിന്റെ കൊടുമുടിയും) എന്നു പറഞ്ഞിരിക്കുന്നതും.  (അ,ത്വ.) ഒട്ടകം, കാള മുതലായവയുടെ പുറത്ത്‌ ഏറ്റവും പൊന്തിക്കാണുന്ന മുഴയാണല്ലോ പൂഞ്ഞ്‌.  അതുപോലെ, പർവ്വതത്തിന്റെ ഭാഗങ്ങളിൽ ഏറ്റവും ഉയരത്തായി കാഴ്ചയിൽപെടുന്നത്‌ അതിന്റെ കൊടുമുടിയായിരിക്കും.  അതുപോലെ, ഖുർആനിലെ പ്രതിപാദ്യവിഷയങ്ങളിൽ സൂറത്തുൽ ബഖറ കൂടുതൽ മുഴച്ചുനിൽക്കുന്നുവെന്ന്‌ സാരം.
الله اعلم

നബി (സ) യുടെ മക്കാജീവതകാലത്ത്‌ അവിടെ മുശ്‌രിക്കുകളുടെ ആധിപത്യവും സ്വാധീനവുമാണല്ലോ നടമാടിയിരുന്നത്‌.  അതുകൊണ്ട​‍്‌ മക്കീ കാലഘട്ടത്തിൽ അവതരിച്ച സൂറത്തുകളിലെ പ്രധാന പരാമർശങ്ങൾ തൗഹീദിനെയും ശിർക്കിനെയും സംബന്ധിച്ചായിരുന്നു.  തിരുമേനിയും സഹാബികളും മദീനായിൽ ചെല്ലുമ്പോഴാകട്ടെ-അവർ അവിടെ എത്തും മുമ്പുതന്നെ-അവിടെയുള്ള അറബികളിൽ വലിയൊരു വിഭാഗം സത്യവിശ്വാസം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട​‍്‌.  ഇസ്ലാമിന്‌ ഒരു തെളിഞ്ഞ അന്തരീക്ഷം അവിടെ  സംജാതമായിട്ടുണ്ട​‍ായിരുന്നു. ആകയാൽ, മനുഷ്യന്റെ വ്യക്തിപരവും, സാമൂഹ്യവുമായ മണ്ഡലങ്ങളിൽ ക്രിയാത്മകമായും, നിഷേധാത്മകമായും സ്വീകരിക്കപ്പെടേണ്ട​‍ുന്ന വിധിവിലക്കുകളും, ഉപദേശ നിർദ്ദേശങ്ങളും ആ സന്ദർഭത്തിന്റെ ആവശ്യമായിരുന്നു.  മദീനാ ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ അവതരിച്ച ഈ സൂറത്തിൽ ഈ കാര്യം പ്രത്യേകം പരിഗണിക്കപ്പെട്ടുകാണാം.

അതേസമയത്ത്‌ ഇസ്ലാമിനും മുസ്ലിംകൾക്കും ഏറ്റവും കടുത്ത ഒരു പുത്തൻ ശത്രു സമൂഹത്തെ അവിടെ നേരിടേണ്ട​‍ി വന്നിരുന്നു.  അതെ, യഹൂദികളെ. ദൈവീക മതത്തിമയും, പ്രവാചക പാരമ്പര്യത്തിന്റെയും കുത്തകാവകാശം വാദിച്ചിരുന്ന അവർ, വാസ്തവത്തിൽ ആ രണ്ട​‍ിനോടും നാമമാത്ര ബന്ധം പോലുമില്ലാത്തവണ്ണം ദുഷിച്ചുപോയിട്ടുണ്ട‍ായിരുന്നു.  ഇസ്ലാമിനെതിരിൽ യഹൂദികൾ സ്വീകരിച്ചുവന്ന വിദ്വേഷവും, വൈരാഗ്യവും, പകയും അസൂയയുമെല്ലാം പ്രസിദ്ധമാണ്‌.  ഈ സൂറത്തിൽ നല്ലൊരു ഭാഗം അവരെ സംബന്ധിക്കുന്നതാകുവാൻ കാരണം അതാണ്‌.  കിട്ടുന്ന പഴുതെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട‍്‌ ഇസ്ലാമിനെതിരെ ഗൂഢാലോചനകൾ നടത്തുവാൻ ഒരുമ്പെട്ടിരുന്ന മറ്റൊരു ശത്രുവിഭാഗവും അവിടെ രംഗത്തുണ്ട​‍ായിരുന്നു,  മുനാഫിഖുകൾ (കപടവിശ്വാസികൾ).  സ്വാർത്ഥങ്ങളും, താൽക്കാലിക കാര്യലാഭങ്ങളും ഓർത്ത്‌ പ്രത്യക്ഷത്തിൽ ഇസ്ലാമിന്റെ വേഷം അണിഞ്ഞിരുന്ന ഇവർ യഥാർത്ഥത്തിൽ മുസ്ലിംകളല്ലായിരുന്നു.  ഇവരെക്കുറിച്ചും ഈ സൂറത്തിൽ പലതും പ്രസാതാവിക്കപ്പെട്ടിരിക്കുന്നു.  കൂടാതെ, മറ്റു സൂറത്തുകളിൽ കാണപ്പെടാത്ത ചില പരാമർശങ്ങളും ഉപമകളും, സംഭവകഥകളും മറ്റും ഇതിൽ അടങ്ങിയിട്ടുണ്ട​‍്‌.

സൂറത്തുൽ ബഖറ (പശുവിന്റെ അദ്ധ്യായം) എന്ന്‌ ഇതിന്‌ പേര്‌ വരുവാൻ കാരണം, ഇസ്രാഈല്യരിൽ കഴിഞ്ഞുപോയ ഒരു പശുവിന്റെ സംഭവം ഇതിൽ വിവരിക്കപ്പെട്ടിട്ടുള്ളതാണ്‌.  ഓരോ സൂറത്തിലും വിവരിക്കപ്പട്ടിട്ടുള്ള ഏതെങ്കിലും പ്രത്യേക വിഷയത്തെ സൂചിപ്പിക്കുന്നതോ, അതിൽ പ്രത്യേകം വന്നിട്ടുള്ള ഏതെങ്കിലും വാക്കുകളെ സൂചിപ്പിക്കുന്നതോ ആയ പേരുകളിലായിരിക്കും മിക്ക സൂറത്തുകളും അറിയപ്പെടുന്നത്‌.  ചുരുക്കം ചിലതിന്‌ പ്രതിപാദ്യ വിഷയത്തെ സൂചിപ്പിക്കുന്ന പേരുകളുമായിരിക്കും.  മൊത്തത്തിൽ പറഞ്ഞാൽ സൂറത്തുകൾ തിരിച്ചറിയാനുള്ള ഒരു എളുപ്പ മാർഗ്ഗമെന്ന നിലക്ക്‌ മാത്രമാണ്‌ അവയുടെ പേരുകൾ.  അതുകൊണ്ട​‍്‌ ഒരേ സൂറത്തിന്‌ തന്നെ ചിലപ്പോൾ ഒന്നിലധികം പേരുണ്ട​‍ായെന്നും വരും.  വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും, അവയുടെ ക്രമീകരണത്തിലുമെല്ലാം ഖുർആന്‌ അതിമേതായ പ്രത്യേക രീതികളാണുള്ളത്‌.  ഇതിനെപ്പറ്റിയെല്ലാം മുഖവുരയിൽ വിശദീകരിച്ചിട്ടുള്ളത്‌ കൊണ്ട​‍്‌ കൂടുതലൊന്നും പ്രസ്താവിക്കേണ്ട​‍ുന്ന ആവശ്യമല്ല.

നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: `നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബർ സ്ഥാനങ്ങളാക്കരുത്‌. സൂറത്തുൽ ബഖറ ഓതപ്പെടുന്ന വീടുകളിൽ നിശ്ചയമായും പിശാചു പ്രവേശിക്കുകയില്ല.“ (അ;മു;തി;ന.) ഖുർആൻ പാരായണം പോലെയുള്ള കാര്യങ്ങളൊന്നും നടത്താതെ വീടുകൾ മൂകവും ശൂന്യവുമാക്കരുതെന്നാണ്‌  ഖബറുസ്ഥാനമാക്കരുതെന്ന്‌ പറഞ്ഞതിന്റെ സാരം.  ഇതുപോലെയുള്ള വേറെയും ഹദീസുകൾ കാണാം ഒരിക്കൽ, ഒരു കൂട്ടം ആളുകളെ ഒരു ഭാഗത്തേക്ക്‌ നിയോഗിച്ചയച്ചപ്പോൾ, അവരിൽ ഓരോരുത്തർക്കും ഖുർആൻ പാരായണം ചെയ്യുവാനുള്ള കഴിവ്‌ നബി (സ) പരിശോധിക്കുകയുണ്ട​‍ായി. അവരിൽവെച്ച്‌ ഇളം പ്രായക്കാരനായ ഒരാൾ തനിക്ക്‌ ഖുർആന്റെ ഇന്നിന്ന ഭാഗവും സൂറത്തുൽ ബഖറയും അറിയാമെന്നു പറഞ്ഞു.  അപ്പോൾ തിരുമേനി പറഞ്ഞു: ”തന്റെ കൂടെ സൂറത്തുൽ ബഖറയു​‍േണ്ട​‍ാ? എന്നാൽ പോയിക്കൊള്ളുക . താൻ ഇവരുടെ അമീർ (നായകൻ) ആകുന്നു.“  (തി;ന;ജ;ഹാ.) നവ്വാസുബ്നുസംആൻ (റ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.  `ഖുർആനും, അതനുസരിച്ച്‌ പ്രവർത്തിച്ചിരുന്ന  അതിന്റെ ആൾക്കാരും (ഖിയാമത്തുനാളിൽ) കൊണ്ട​‍ുവരപ്പെടും സൂറത്തുൽ ബഖറയും  ആലുഇംറാനും അവയുടെ ആൾക്കാർക്ക്‌  വേണ്ട​‍ി (അവരെ ന്യായീകരിച്ചു) തർക്കം നടത്തിക്കൊണ്ട​‍്‌ അവരുടെ മുമ്പിൽ വരുന്നതാണ്‌.`  എന്ന്‌ നബി (സ) പറയുന്നത്‌ ഞാൻ കേട്ടിരിക്കുന്നു.  തിരുമേനി അവക്ക്‌ മൂന്ന്‌ ഉപമകളും വിവരിച്ചിരുന്നു.  ഞാനത്‌ ഇതവുരെയും  മറന്നിട്ടില്ല  അതായത്‌, അവ രണ്ട​‍ും രണ്ട​‍്‌ മേഘങ്ങളെന്നോണം, അല്ലെങ്കിൽ കറുത്ത രണ്ട‍ു തണലുകളെന്നോണം, അല്ലെങ്കിൽ അണിനിരന്ന രണ്ട​‍ു പക്ഷിക്കൂട്ടമെന്നോണം എന്നായിരുന്നു അത്‌. (അ; മു; തി; ബു- താരീഖിൽ.)

ഇതുപോലെ, സൂറത്തുൽ ബഖറയുടെയും ആയത്തുൽ കുർസീ മുതലായ അതിലെ പ്രത്യേകം ചില ആയത്തുകളുടെയും ശ്രേഷ്ഠതകൾ വിവരിക്കുന്ന പല ഹദീസുകളും രിവായത്തുകളും ഉദ്ധരിക്കുവാനുണ്ട​‍്‌  ചിലതൊക്കെ സന്ദർഭംപോലെ  അതത്‌ സ്ഥാനങ്ങളിൽ നമുക്ക്‌ പരിചയപ്പെടാം
ഇൻഷാ അല്ലാഹ്  ഈ സൂറത്തിലും പ്രസ്തുത ആയത്തുകളിലും അടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യവും മഹത്വവുമാണ്‌ അതെല്ലാം ചൂണ്ട​‍ിക്കാട്ടുന്നത്‌.