Monday, August 12, 2013

Chapter 2 Surat Al-Baqarah 1-5



سورة البقرة
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
الم ﴿١
 ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢
 الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣
وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤
 أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥

1 അലിഫ്‌-ലാം-മീം

2 ആ ഗ്രന്ഥം! അതിൽ സന്ദേഹമേ ഇല്ല;-(അത്‌) മാർഗ്ഗദർശനമത്രെ, സൂക്ഷ്മത പാലിക്കുന്നവർക്ക്‌.

3 (അതായത്‌) അദൃശ്യത്തിൽ വിശ്വസിക്കുകയും, നമസ്കാരം നിലനിർത്തുകയും ചെയ്യുന്നവർ; നാം തങ്ങൾക്കു നൽകീട്ടുള്ളതിൽ നിന്ന്‌ അവർ ചിലവഴിക്കുകയും ചെയ്യും;-

4 (നബിയേ,) നിന്നിലേക്ക്‌ ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തിലാകട്ടെ, അവർ ദൃഢമായി വിശ്വസിക്കുകയും ചെയ്യും. [ഇവരാണ്‌ സൂക്ഷ്മത പാലിക്കുന്നവർ.]

5 അക്കൂട്ടർ, തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സന്മാർഗ്ഗത്തിലാകുന്നു. അക്കൂട്ടർതന്നെയാണ്‌ വിജയികളും!


ഖുർആനിലെ 29 സൂറത്തുകളുടെ ആരംഭത്തിൽ ഇതു പോലെയുള്ള ഏതാനും കേവലാക്ഷരങ്ങൾ
കാണാവുന്നതാണ്‌, തുടർന്നുള്ള വാക്യങ്ങളുമായി ഘടനാപരമോ, അർത്ഥപരമോ ആയ
ബന്ധമില്ലാത്തവയായതുകൊണ്ട്‌ ഇവയ്ക്ക്‌ الحروف المقطعة (വേറിട്ടുനിൽക്കുന്ന അക്ഷരങ്ങൾ) എന്നു പറയപ്പെടുന്നു. ചില സൂറത്തുകളുടെ ആരംഭത്തിൽ (ص,ن പോലെ) ഒരക്ഷരം മാത്രമായും,
ചിലതിൽ (حم,طه പോലെ) രണ്ടക്ഷരമായും ചിലതിൽ (الم, الر പോലെ ) മൂന്നക്ഷരമായും,
ചിലതിൽ (المر, المص പോലെ) നാലക്ഷരമായും, ചിലതിൽ (كهيعص,حم عسق പോലെ) അഞ്ചക്ഷരമായും ഇങ്ങിനെ അഞ്ചുതരത്തിൽ-ഇവ വന്നിട്ടുണ്ട്‌.  ഇവയിൽ തന്നെ ഒന്നിലധികം സൂറത്തിൽ ആവർത്തിക്കപ്പെട്ടവയും തീരെ ആവർത്തിക്കപ്പെടാത്തവയും കാണാം.

ഇത്തരം അക്ഷരങ്ങളെപ്പറ്റി പ്രധാനമായി രണ്ട്‌ അഭിപ്രായങ്ങളാണ്‌ നിലവിലുള്ളത്‌. (1) അല്ലാഹു അവന്റെ ഗ്രനഥത്തിൽ നിക്ഷേപിച്ചു വെച്ചിട്ടുള്ള ഒരു രഹസ്യമാണത്‌. അവയിൽ നാം വിശ്വസിക്കുന്നു. അവയുടെ അർത്ഥമോ, വ്യാഖ്യാനമോ നമുക്കറിഞ്ഞുകൂടാ ഇതാണൊരഭിപ്രായം അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, ഇബ്നു മസ്ഊദ്‌ (റ) മുതലായ സഹാബീവര്യൻമാരും, ശഅബീ, സുഫ്‌യാനുഥൗരീ (റ) പോലെയുള്ള താബിഉകളായ ഹദീസ്‌ പണ്ഡിതൻമാരും ഖുർആൻ വ്യാഖ്യാതാക്കളിൽ ഒരു വിഭാഗവും ഈ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. (2) അവയിൽ ചില സാരങ്ങളും സൂചനകളും അടങ്ങിയിട്ടുണ്ട്‌ . അത്‌ നാം ചിന്തിച്ചും പരിശോധിച്ചും മനസ്സിലാക്കേണ്ടതാണ്‌. ഇതാണ്‌ മറ്റൊരു വിഭാഗത്തിന്റെ നിലപാട്‌. എന്നാൽ, അവയുടെ വ്യാഖ്യാനത്തിലോ, അവയിലടങ്ങിയ സൂചനാരഹസ്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിലോ ഇവർക്ക്‌ യോജിച്ച അഭിപ്രായം കാണുകയില്ല. വ്യത്യസ്തമായ സമീപനങ്ങളാണുള്ളത്‌. അവയിൽ കൂടുതൽ പ്രസ്കതമായതിന്റെ ചുരുക്കം ഇതാകുന്നു:-

എല്ലാവർക്കും സുപരിചിതമായ ഇത്തരം അറബി അക്ഷരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം തന്നെയാണ്‌ ഖുർആനും. എന്നാൽ, ഇതുപോലെയുള്ള ഒരു ഗ്രന്ഥമോ ഇതിലെ ഒരദ്ധ്യായം പോലെയുള്ള ഒരു ഭാഗമോ നിങ്ങളൊന്ന്‌ കൊണ്ടുവരുവീൻ എന്നിങ്ങിനെ നിഷേധികളായ ശത്രുക്കളോടുള്ള ഒരു വെല്ലുവിളിയാണ്‌ ഈ അക്ഷരങ്ങൾ സമഖ്ശരീ ബൈൾവാവീ (റ) മുതലായ പല ഖുർആൻ വ്യാഖ്യാതാക്കളും ഈ അഭിപ്രായമാണ്‌ ന്യായീകരിച്ചും വിശദീകരിച്ചും കാണുന്നത്‌. ഇമാം മുബർറദും (റ) മറ്റു സൂക്ഷ്മാന്വേഷികളായ പലരും ഈ അഭിപ്രായക്കാരായും ഇമാം റാസി (റ) പ്രസ്താവിച്ചിരിക്കുന്നു. “അശ്‌ ശൈഖുൽ ഇമാം ഇബ്നു തൈമിയ്യയും നമ്മുടെ ഗുരുവര്യൻ അർഹാഫിള്‌ അബുൽ ഹജ്ജാജിൽ മുസ്സീ
احافظ المزى)യും ഈ അഭിപ്രായക്കാരാണെന്ന്‌ ഇബ്നു കഥീറും (റ) പറഞ്ഞിരിക്കുന്നു. അറബി അക്ഷരമാലയിൽ 28 അക്ഷരങ്ങളാണുള്ളത്‌. അതിന്റെ പകുതിഭാഗമായ
ا ل م ص ر ك ه ي ع ط س ح ق ن എന്നീ 14 അക്ഷരങ്ങളാണ്‌ സൂറത്തുകളുടെ ആരംഭത്തിലുള്ള ഈ കേവലാക്ഷരങ്ങളിലുള്ളത്‌. ഉച്ചാരണവും സ്വരവ്യത്യാസവും കണക്കിലെടുത്തുകൊണ്ട്‌ അറബി അക്ഷരങ്ങൾ പലതരമായി ഭാഗിക്കപ്പെടുന്നു. ഓരോ തരത്തിലും പകുതി വീതം ഈ 14ൽ കാണാവുന്നതാണ്‌. (1)(മലയാളത്തിൽ ഖരം, അതിഖരം, മൃദു, ലഘു എന്നിങ്ങനെ അക്ഷരങ്ങൾ ഭാഗിക്കപ്പെടാറുള്ളതുപോലെ അറബി അക്ഷരങ്ങളും رخوة, شدة, همس, جهر,اطباق,فتح എന്നും മറ്റും പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഖുർആന്റെ പാരായണ ശാസ്ത്രമായ 'ഇൽമുത്തജ്വീദി' علم التجويد ന്റെ ഗ്രന്ഥങ്ങളിൽ ഇവയെപ്പറ്റി വിശദവിവരം കാണാം.) ബാക്കി പകുതികൾ ഇവയിൽ നിന്ന്‌ അനുമാനിക്കാമല്ലോ അതുപോലെത്തന്നെ, അറബിയിലെ പദങ്ങൾ പരിശോധിച്ചാൽ ഒന്നു മുതൽ അഞ്ചുവരെ അക്ഷരങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കും അവ. കൂടുതൽ കാണപ്പെടുന്ന പക്ഷം അവ അതതിന്റെ മൂലധാതുവിലുള്ള സാക്ഷാൽ അക്ഷരങ്ങൾക്ക്‌ പുറമെ ഏതെങ്കിലും കാരണത്താൽ വർദ്ധിപ്പിക്കപ്പെട്ടവയായിരിക്കും. ഈ കേവലാക്ഷരങ്ങളിലും തന്നെ ഒന്നുമുതൽ അഞ്ചുവരെ അക്ഷരങ്ങളാണുള്ളത്‌. കൂടാതെ, നാമം, ക്രിയ, അവ്യയം എന്നിവയുടെ ഏതാനും തരവ്യത്യാസങ്ങളും രൂപവൈവിധ്യങ്ങളും ഇവയിൽ അന്തർഭവിച്ചിരിക്കുന്നു.

ഇതെല്ലാം ഇവിടെ വിസ്തരിച്ച്‌ പറയുന്ന പക്ഷം, അത്‌ വളരെ ദീർഘിച്ചു പോകുന്നതുകൊണ്ട്‌ ഒരുഏകദേശ വിവരണം കൊണ്ട്‌ മതിയാക്കുകയാണ്‌. ചുരുക്കത്തിൽ ഇങ്ങിനെ എല്ലാവർക്കും സുപരിചിതമായ അറബി അക്ഷരങ്ങളും, അവയാൽ സംഘടിപ്പിക്കപ്പെടുന്ന വാക്കുകളും ഉപയോഗിച്ചുകൊണ്ടാണല്ലോ എല്ലാ അറബി ഗദ്യ-പദ്യ സാഹിത്യങ്ങളും രൂപം കൊള്ളുന്നത്‌. ഇതേ അക്ഷരങ്ങളുടെയും വാക്കുകളുടെയും സമൂഹം തന്നെയാണ്‌ ഖുർആനും, എന്നിരിക്കെ, ഇതിന്റെ മുഴുവൻ ഭാഗത്തോടോ, ഏതാനും ഭാഗത്തോടോ, കിടപിടിക്കത്തക്ക ഒരു കൃതി ആർക്കും സമർപ്പിക്കുവാൻ കഴിയാത്തത്‌ അതിന്റെ അമാനുഷികതക്ക്‌ സ്പഷ്ടമായ ഒരു തെളിവാകുന്നു. എന്നിങ്ങനെയാണ്‌ ഈ സമീപനത്തിന്റെ സാരം. (കൂടുതൽ വിശദീകരണം അറിയുവാൻ ആഗ്രഹിക്കുന്നവർ, ശമഖ്സരീ, ബൈളാവീ(റ) മുതലായ മഹാന്മാരുടെ തഫ്സീർ ഗ്രന്ധങ്ങൾ നോക്കുക)

ഈ അഭിപ്രായത്തിന്‌ പിൻബലം നൽകുന്ന ഒരു വസ്തുത ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. 29 സൂറത്തുകളുടെ ആരംഭത്തിലാണ്‌ ഇത്തരം അക്ഷരങ്ങളുളളത്‌. ആ സൂറത്തുകൾ പരിശോധിക്കുമ്പോൾ, ഖുർആന്റെ സത്യതയും, മഹത്വവും, അമാനുഷികതയും ചൂണ്ടിക്കാട്ടുന്ന ചില വാക്യങ്ങൾ അതോടെപ്പം തുടർന്നുകാണാവുന്നതാണ്‌.
ഉദാഹരണമായി: ഇവിടെ الم എന്ന അക്ഷരങ്ങളെത്തുടർന്ന്‌ ആ ഗ്രന്ഥത്തിൽ ഒട്ടും സന്ദേഹമില്ല
ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ  എന്നും അടുത്ത സൂറത്തിൽ അതിനെത്തുടർന്ന്‌ അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവൻജീവത്തായുള്ളവനും നിയന്താവുമാണ്‌. അവൻ നിനക്ക്‌ യഥാർത്ഥപ്രകാരം ഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു.
الله لا إله إلا هو الحي القيوم نزل عليك الكتاب بالحق എന്നും പറയുന്നു. ഇത്‌ പോലെയുള്ള പ്രസ്താവനകൾ മറ്റു സൂറത്തുകളിലും കാണാവുന്നതാണ്‌. വേറയും പല അഭിപ്രായങ്ങൾ ഈ അക്ഷരങ്ങളെ സംബന്ധിച്ച്‌ ഉദ്ധരിക്കുവാനുണ്ടെങ്കിലും എല്ലാം ചില അഭിപ്രായങ്ങൾ എന്നല്ലാതെ അവക്ക്‌ തെളിവുകളുടെ പിൻബലം കാണുന്നില്ല.

ഒരു മഹാൻ പ്രസ്താവിച്ചതായി ഇബുനു കഥീർ (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു. “ഈ അക്ഷരങ്ങളെ വൃഥാപ്രയോജനമില്ലാതെ അല്ലാഹു അവതരിപ്പിച്ചിട്ടില്ല എന്ന കാര്യം നിസ്സംശയമത്രെ. തീരെ അർത്ഥമില്ലാതെ തനി ആരാധനാപരമായത്‌
تعبدى വല്ലതും ഖുർആനിൽ ഉണ്ടെന്ന്‌ ആരെങ്കിലും പറയുന്ന പക്ഷം അത്‌ വമ്പിച്ച ഒരബദ്ധമാണ്‌ അപ്പോൾ, ആ അക്ഷരങ്ങൾക്ക്‌ എന്തോ അർത്ഥമുണ്ടെന്ന്‌ തീർച്ചയാണ്‌. എന്നാൽ, പാപ വിമുക്തനായ ആളിൽ (റസൂലിൽ) നിന്ന്‌ വല്ലതും നമുക്ക്‌ ശരിയായി വന്നുകിട്ടിയാൽ നാം അതുപ്രകാരം പറയും ഇല്ലാത്ത പക്ഷം നാം നിൽക്കുന്നേടത്ത്‌ നാം നിൽക്കുകയും ചെയ്യും.
آمنا به كل من عند ربنا (നാം അതിൽ വിശ്വസിച്ചിരിക്കുന്നു; എല്ലാം നമ്മുടെ റബ്ബിങ്കൽനിന്നുള്ളതാണ്‌) എന്ന്‌ നാം പറയുകയും ചെയ്യും. ഒരു നിശ്ചിതമായ അഭിപ്രായത്തിൽ പണ്ഡിതൻമാർ ഏകോപിച്ചിട്ടുമില്ല. അവർ ഭിന്നിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. അപ്പോൾ, രേഖാമൂലം വല്ലവർക്കും വല്ല അഭിപ്രായവും വ്യക്തമായിക്കിട്ടിയാൽ അയാളത്‌ പിൻപറ്റേണ്ടതാണ്‌. ഇല്ലെങ്കിൽ കാര്യം വ്യക്തമാകുന്നതുവരെ മൗനമായി നിലകൊള്ളുകയാണ്‌ വേണ്ടത്‌.“

ചില വസ്തുതകൾ ഇവിടെ ഓർമ്മിക്കുന്നത്‌ പ്രയോജനകരമായിരിക്കും. യാതൊരു അർത്ഥവും ഉദ്ദേശ്യവുമില്ലാത്തതൊന്നും ഖുർആനിൽ ഇല്ലെന്നും ഉണ്ടാകാവതല്ലെന്നും തീർച്ചതന്നെ. പക്ഷേ, എല്ലാവർക്കും പൊതുവിൽ മനസ്സിലാക്കുവാൻ കഴിയാത്ത ചില ഭാഗം അതിലുണ്ടായിരിക്കാമെന്ന്‌ സൂ: ആലുഇംറാൻ 7-​‍ാം വചനത്തിൽവെച്ചു കാണാവുന്നതാണ്‌.
متشابه (പരസ്പരസാദൃശ്യമായത്‌- അഥവാ തിരിച്ചറിയുവാൻ കഴിയാത്തത്‌) എന്നാണ്‌ അതിന്‌ അവിടെ ഉപയോഗിച്ചിരിക്കുന്നവാക്ക്‌. ഇതിനെപ്പറ്റി മുഖവുരയിൽ നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്‌. അല്ലാഹു സഹായിച്ചാൽ ആലുഇംറാനിൽവെച്ചും ചില വിവരങ്ങൾ കാണാവുന്നതാണ്‌.
انشاءالله

ഈ അക്ഷരങ്ങളെ സംബന്ധിച്ചു വന്നിട്ടുള്ള സ്വീകാര്യമായ ഒരു ഹദീസ്‌ ഇതാണ്‌: ”അല്ലാഹുവിന്റെ കിത്താബിൽ നിന്ന്‌ ആരെങ്കിലും ഒരു അക്ഷരം ഓതിയാൽ അവന്‌ അതിനൊരു നന്മയുണ്ട്‌. നന്മയാകട്ടെ, പത്തിരട്ടി പ്രതിഫലമുള്ളതാണ്‌ . `അലിഫ്‌-ലാം-മീം` എന്നത്‌ ഒരക്ഷരമാണെന്ന്‌ ഞാൻ പറയുന്നില്ല. `അലിഫ്‌`ഒരക്ഷരം `ലാം` ഒരക്ഷരം `മീം` ഒരക്ഷരം ഹാകിം, തിർമദീ, ബസ്സാർ, ദാരിമീ (റ) എന്നിവരും ബുഖാരി (റ) അദ്ദേഹത്തിന്റെ `താരീഖി`ലും ഇബ്നുമസ്ഊദ്‌ (റ)യിൽ നിന്ന്‌ ഉദ്ധരിച്ചതാണ്‌ ഈ ഹദീസ്‌ ഇതിലും പ്രസ്തുത അക്ഷരങ്ങളുടെ താൽപര്യം എന്താണെന്ന്‌ പ്രസ്താവിക്കപ്പെട്ടിട്ടില്ല . എങ്കിലും ഖുർആൻ അർത്ഥം അറിയാതെ പാരായണം ചെയ്യുന്നതിലും നന്മയുണ്ടെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നു വിശദ വിവരത്തിന്‌ മുഖവുര നോക്കുക.

ذَٰلِكَ الْكِتَابُ (ആ ഗ്രന്ഥം ) എന്നു പറഞ്ഞത്‌ ഖുർആനെ ഉദ്ദേശിച്ചു തന്നെ ഒരു വസ്തു സമീപത്തു സ്ഥിതി ചെയ്യുമ്പോൾ അതിലേക്ക്‌ ചൂണ്ടിക്കാണിക്കുവാൻ സാധാരണ നിലയിൽ
هذا (ഇത്‌, ഈ) എന്നും മറ്റുമാണ്‌ അറബിയിൽ ഉപയോഗിക്കപ്പെടാറുള്ളത്‌. ചിലപ്പോൾ, ചൂണ്ടിക്കാണിക്കുന്ന വസ്തുവിന്റെ മഹത്വമോ, ഉന്നത പദവിയോ സൂചിപ്പിച്ചുകൊണ്ട്‌ തൽസ്ഥാനത്ത്‌
ذلك (അത്‌, ആ) എന്നും ഉപയോഗിക്കപ്പെടാറുണ്ട്‌ ഇതനുസരിച്ചാണ്‌ ഇവിടെയും ആ സൂചനാനാമം ഉപയോഗിച്ചിരിക്കുന്നത്‌ ആ മഹത്തായ ഗ്രന്ഥം എന്നുദ്ദേശ്യം ഖുർആനെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ രണ്ടു കാര്യങ്ങളാണ്‌ അല്ലാഹു പ്രസ്താവിക്കുന്നത്‌. (1) അതിൽ സന്ദേഹമേ ഇല്ല. (2) അത്‌ സൂക്ഷ്മത പാലിക്കുന്നവർക്ക്‌ മാർഗ്ഗദർശനമാണ്‌. സൂക്ഷ്മത പാലിക്കുന്നവരുടെ ഗുണങ്ങൾ തുടർന്നു വിവരിക്കുകയും ആ ഗുണങ്ങളോട്‌ കൂടിയവരാണ്‌ സന്മാർഗ്ഗികളും വിജയികളുമെന്ന്‌ ഉൽബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

رَيْبَ (റയ്ബ്‌) എന്ന വാക്കിന്‌ സന്ദേഹം, തെറ്റിദ്ധാരണ എന്നും മറ്റും അർത്ഥം വരും. ആദ്യത്തെ അർത്ഥമാണ്‌ ഇവിടെ ഖുർആന്റെ പ്രതിപാദ്യ വിഷയങ്ങളിലോ, സന്ദേശങ്ങളിലോ, ലക്ഷ്യദൃഷ്ടാന്തങ്ങളിലോ ഒന്നും തന്നെ സംശയത്തിന്‌ പഴുതില്ല. എല്ലാം സുവ്യക്തമായ യാഥാർത്ഥ്യങ്ങളാകുന്നു എന്നത്രെ
لَا رَيْبَ ۛ فِيهِ (അതിൽ സന്ദേഹമേ ഇല്ല) എന്നു പറഞ്ഞതിന്റെ താൽപര്യം പക്ഷെ, അത്‌ സത്യസമ്പൂർണ്ണവും സുവ്യക്തവുമായ ഒരു ഗ്രന്ഥാമാണെന്നതുകൊണ്ട്‌ എല്ലാ മനുഷ്യർക്കും അതിന്റെ മാർഗ്ഗദർശ്ശനം പ്രയോജനപ്പെടുകയില്ല; അതിന്റെ മാർഗ്ഗദർശനം സ്വീകരിക്കുവാൻ തയ്യാറുള്ളവർക്കേ അതുകൊണ്ട്‌ പ്രയോജനമുള്ളുവെന്നാണ്‌
هُدًى لِّلْمُتَّقِينَ (സൂക്ഷ്മത പാലിക്കുന്നവർക്കു മാർഗ്ഗദർശനമാകുന്നു) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്‌.

هدى, هداية (ഹുദാ, ഹിദായത്ത്‌) എന്നീ പദങ്ങളുടെ അർത്ഥത്തെക്കുറിച്ചു സൂ: ഫാതിഹഃയിൽ വിവരിച്ചുവല്ലോ
متقين (മുത്തഖീൻ) എന്ന വാക്കിനാണ്‌ `സൂക്ഷ്മത പാലിക്കുന്നവർ` എന്ന്‌ അർത്ഥം കൽപിച്ചത്‌ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട്‌ അവന്റെ ശിക്ഷക്കും അപ്രീതിക്കും കാരണമാകുന്ന കാര്യങ്ങളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തൻമാർ എന്നാണ്‌ ആ വാക്കുകൊണ്ടു വിവക്ഷ. ഈ സൂക്ഷമതയാകുന്ന ഭക്തിക്കാണ്‌
تقوى (തഖ്‌വാ) എന്ന്‌ പറയുന്നത്‌. ഈ വാക്കിനോ ഉദ്ദേശ്യം വിവരിക്കുന്നതിൽ ഖുർആൻ വ്യാഖ്യാതാക്കളുടെ വാചകങ്ങൾ വ്യത്യസ്തങ്ങളായി ക​‍േണ്ടക്കുമെങ്കിലും ഈ ആശയത്തിൽ അവരെല്ലാം യോജിക്കുന്നതായി കാണാവുന്നതാണ്‌. സൂക്ഷ്മത പാലിക്കുന്നവർക്കേ ഖുർആന്റെ മാർഗ്ഗദർശനം പ്രയോജനപ്പെടുകയുള്ളുവെന്നുള്ളതിന്റെ കാരണം മറ്റൊരു സ്ഥലത്ത്‌ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى-(حم السجدة)سورة فصلت (സാരം:പറയുക: അത്‌-ഖുർആൻ- വിശ്വസിച്ചവർക്ക്‌ മാർഗ്ഗദർശനവും ശമനവും-ആശ്വാസപ്രദവും-ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരുതരം കട്ടിയുണ്ടായിരിക്കും. അത്‌ അവർക്ക്‌ ഒരു അന്ധതയുമായിരിക്കും (41:44) വിശ്വസിക്കുവാൻ തയ്യാറില്ലാത്തവർ ഖുർആൻ കേൾക്കുമ്പോഴൊക്കെ അവരുടെ നിഷേധം വർദ്ധിക്കുകയാണ്‌ ഉണ്ടാകുക. അങ്ങിനെ, അതവർക്ക്‌ കൂടുതൽ ദോഷകരമായി കലാശിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا -سورة الإسراء (സാരം: സത്യവിശ്വാസികൾക്ക്‌ ശമനവും കാരുണ്യവുമായുള്ളതിനെ ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികൾക്ക്‌ അത്‌ നഷ്ടത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല. (17: 82) സൂക്ഷ്മത പാലിക്കുന്നവരുടെ പ്രധാന ലക്ഷണങ്ങളായി അഞ്ചു കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കുന്നു. ഇവയാണത്‌:-

يُؤْمِنُونَ بِالْغَيْبِ (1)(അവർ അദൃശ്യകാര്യത്തിൽ വിശ്വസിക്കുന്നതാണ്‌) ഒരുകാര്യം സത്യമെന്ന്‌ സമ്മതിക്കുന്നതിന്‌ ഭാഷയിൽ ايمان(ഈമാൻ) എന്ന്‌ പറയുന്നു. الذين امنو وعملو الصالحات(വിശ്യസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ) എന്നിങ്ങനെ വിശ്വാസവും പ്രവർത്തിയും കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രസ്താവനകളിൽ ഈ അർത്ഥത്തിലുള്ള ഈമാനാണുദ്ദേശ്യം. എന്നാൽ, സത്യം സമ്മതിക്കുകയും അതിന്‌ വഴങ്ങുകയും ചെയ്യുക എന്ന അർത്ഥത്തിലാണ്‌ ഖുർആനിലും, ഇസ്ലാമിക സാഹിത്യങ്ങളിലും `ഈമാനും` അതിൽനിന്നുൽഭവിക്കുന്ന പദങ്ങളും നിരുപാധികം ഉപയോഗിക്കപ്പെടാറുള്ളത്‌. ഈ അർത്ഥപ്രകാരം മനസ്സുകൊണ്ട്‌ വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവർത്തികൊണ്ടും സാക്ഷാൽകൃതമാക്കുകയും ചെയ്യുക എന്നായിരിക്കും അതുകൊണ്ട്‌ വിവക്ഷ. അതുകൊണ്ടാണ്‌ സൽകർമ്മങ്ങൾവഴി ഈമാൻ വർദ്ധിക്കുകയും, ദുഷ്കർമ്മങ്ങൾവഴി ഈമാൻ കുറയകയും ചെയ്യുമെന്ന്‌ ഇമാം ശാഫിഈ, അഹ്മദ്‌, ബുഖാരീ (റ) തുടങ്ങിയ മുൻഗാമികളായ എത്രയോ മഹാൻമാർ പറയുന്നതും പല ഖുർആൻ വാക്യങ്ങളും നബിവചനങ്ങളും ഇതിന്‌ തെളിവായി ഇമാ ബുഖാരീ (റ) അദ്ദേഹത്തിന്റെ `സഹീഹിൽ` ഉദ്ധരിച്ചിട്ടുമുണ്ട്‌.

غيب (ഗയ്ബ്‌) എന്ന വാക്കിന്‌ `അദൃശ്യം അഥവാ മറഞ്ഞകാര്യം` എന്നാണ്‌ വാക്കർത്ഥം. ബാഹ്യേന്ദ്രിയങ്ങളുടെ ദൃഷ്ടിയിൽനിന്ന്‌ മറഞ്ഞതൊക്കെ ഭാഷാർത്ഥപ്രകാരം `ഗയ്ബാ`കുന്നു. ഭർത്താക്കളുടെ അഭാവത്തിൽ അനിഷ്ടങ്ങളൊന്നും പ്രവർത്തിക്കാതെ സൂക്ഷിക്കുന്ന ഭാര്യമാരെപ്പറ്റി
حافظات للغيب എന്ന്‌ (4:34ൽ) പറഞ്ഞത്‌ ഈ അർത്ഥത്തിലാണ്‌. `ഗയ്ബി`ൽ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം, അല്ലാഹുവിന്റെ സത്ത, മലക്കുകൾ, പരലോകം, വിചാരണ, സ്വർഗ്ഗം, നരകം, ഖബ്‌റിലെ അനുഭവങ്ങൾ ആദിയായി ബാഹ്യേന്ദ്രിയങ്ങൾ വഴിയോ ആന്തരേന്ദ്രിയങ്ങൾവഴിയോ, അല്ലെങ്കിൽ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താൻ കഴിയാത്തതും, വേദഗ്രന്ഥങ്ങളുടെയും പ്രവാചകൻമാരുടെയും പ്രസ്താവനകൾ കൊണ്ടുമാത്രം അറിയുവാൻ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.

മുത്തഖീങ്ങളുടെ (സൂക്ഷ്മത പാലിക്കുന്നവരുടെ) ഒന്നാമത്തെ ലക്ഷണം `ഗയ്ബി`ൽ വിശ്വസിക്കലാണെന്ന്‌ അല്ലാഹു പറഞ്ഞത്‌ വളരെ ശ്രദ്ധേയമാകുന്നു. നേരിൽകണ്ടതും കേട്ടതും മാത്രമേ വിശ്വസിക്കൂ എന്നോ, ബുദ്ധികൊണ്ടു ചിന്തിച്ചും ഗവേഷണം നടത്തിയും കണ്ടുപിടിക്കുന്നതിനപ്പുറം മറ്റൊന്നും ഉണ്ടാകുവാനില്ലെന്നോ ഉറപ്പിച്ചുവെക്കുന്നവർക്ക്‌ ഖുർആൻ മുഖേനയോ, വേദഗ്രന്ഥങ്ങൾ മുഖേനയോ മാർഗ്ഗദർശ്ശനം ലഭിക്കുവാൻ പോകുന്നില്ല. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ്‌ മതനിഷേധികൾ, നിർമ്മതവാദികൾ എന്നും മറ്റും പറയുന്നത്‌. എല്ലാം തങ്ങൾക്കറിയാമെന്ന അഹംഭാവവും, മർക്കടമുഷ്ടിയും ഇവരുടെ സ്വഭാവമായിരിക്കും. തങ്ങൾ പുരോഗമനാശയക്കാരാണ്‌, അദൃശ്യത്തിൽ വിശ്വസിക്കുന്നത്‌ കേവലം പഴഞ്ചനും അപരിഷ്കൃതവുമാണ്‌ എന്നൊക്കെയായിരിക്കും ഇവരുടെ ജൽപനം. എന്നിരിക്കെ, ഇവരോട്‌ പരലോകം, പുനരുത്ഥാനം, സ്വർഗ്ഗനരകം മുതലായ മറഞ്ഞ കാര്യങ്ങളെക്കുറിച്ചൊന്നും ഉപദേശിച്ചിട്ട്‌ ഫലമില്ലല്ലോ. അതാണ്‌ ഖുർആന്റെ മാർഗ്ഗദർശനം ഇവർക്ക്‌ പ്രയോജനപ്പെടാതിരിക്കുവാൻകാരണം.

`ഗയ്ബി`നെ (അദൃശ്യകാര്യത്തെ) സാക്ഷാൽ `ഗയ്ബ്‌`എന്നും ആപേക്ഷികമായ `ഗയ്ബ്‌ ` എന്നും രണ്ടായി ഭാഗിക്കാവുന്നതാണ്‌. അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുവാൻ കഴിയാത്തതെല്ലാം സാക്ഷാൽ `ഗയ്ബാ`കുന്നു. ചിലർക്ക്‌ അറിയുവാൻ കഴിയുന്നതും, മറ്റു ചിലർക്ക്‌ അറിയുവാൻ കഴിയാത്തതുമായ കാര്യങ്ങൾ ആപേക്ഷികമായ `ഗയ്ബി`ലും പെടുന്നു. മലക്കുകൾക്ക്‌ അവർ നിവസിക്കുന്ന ഉന്നത ലോകങ്ങളിലെ കാര്യങ്ങൾ പലതും അറിയുവാൻ കഴിയുമെങ്കിലും മനുഷ്യർക്ക്‌ അതിന്‌ കഴിവില്ലല്ലോ. മനുഷ്യരെ സംബന്ധിച്ച്‌ ഇത്‌ രണ്ടാമത്തെ ഇനത്തിൽപ്പെട്ട `ഗയ്ബാ`ണ്‌ ബുദ്ധികൊണ്ട്‌ ചിന്തിച്ചോ, ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ, പരിചയംകൊണ്ടോ, ലക്ഷണം മുഖേനയോ സിദ്ധിക്കുന്ന അറിവുകളൊന്നം `ഗയ്ബി`ൽ ഉൾപ്പെടുകയില്ല. ഉദാഹരണമായി (1) കമ്പിയില്ലാ കമ്പി, റേഡിയോ, ശൂന്യാകാശ വാഹനം മുതലായ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ലഭിക്കുന്ന അറിവുകൾ. (2) നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവേഗം, ഭ്രമണം, ഭൂഗർഭത്തിലെ താപനില മുതലായവയെക്കുറിച്ച്‌ നിരീക്ഷണം ചെയ്ത്‌ ലഭിക്കുന്ന അറിവുകൾ.(3) ദീർഘകാല പരിചയം, മുഖലക്ഷണം, ശബ്ദവ്യത്യാസം, ദീർഘദൃഷ്ടി, ബുദ്ധി സാമർത്ഥ്യം, സ്വപ്നസൂചന മുതലായവ വഴി ലഭിച്ചേക്കാവുന്ന അനുമാനങ്ങൾ. ഇവയൊന്നും ഗയ്ബിൽ ഉൾപ്പെടുന്നില്ല. കവിഞ്ഞപക്ഷം ചില വ്യക്തികൾക്ക്‌ മനസ്സിലാക്കുവാൻ കഴിയുന്നതും ചില വ്യക്തികൾക്ക്‌ മനസ്സിലാക്കുവാൻ കഴിയാത്തതുമെന്ന നിലക്ക്‌ ഭാഷാർത്ഥത്തിലുള്ള ആപേക്ഷികമായ `ഗയ്ബ്‌ ` എന്ന്‌ വേണമെങ്കിൽ അവയെപ്പറ്റി പറയാം. അത്രമാത്രം

(2:3) وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ (അവർ നമസ്കാരം നിലനിറുത്തുകയും, നാം തങ്ങൾക്കു നൽകിയതിൽനിന്നു ചിലവഴിക്കുകയും ചെയ്യും.) ഭാഷയിൽ `പ്രാർത്ഥന` എന്നർത്ഥമുള്ള വാക്കാണ്‌
 صلوة (സ്വലാത്ത്‌) തക്ബീർ കൊണ്ടു തുടങ്ങി സലാം കൊണ്ടവസാനിക്കുന്ന പ്രത്യേക രീതിയിലുള്ള ഇസ്ലാമിക നമസ്കാര കർമ്മമാണ്‌ അതുകൊണ്ട്‌ വിവക്ഷ. അഞ്ചുനേരത്തെ നിർബന്ധ നമസ്കാരങ്ങൾ അവയുടെ ഘടകങ്ങളും നിബന്ധനകളും മര്യാദകളും പൂർത്തിയാക്കിക്കൊണ്ട്‌ സമയം തെറ്റാതെ നിർവ്വഹിക്കുക എന്നത്രെ നമസ്കാരം നിലനിറുത്തൽ കൊണ്ടുദ്ദേശ്യം. നാം നൽകിയതിൽനിന്ന്‌ ചിലവഴിക്കുക എന്നു പറഞ്ഞതിന്റെ താൽപര്യം ഇസ്ലാമിലെ നിർബന്ധദാനമായ സക്കാത്തും സക്കാത്തിനു പുറമെ നിർവ്വഹിക്കുവാൻ കൽപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ ദാനധർമ്മങ്ങളുമാകുന്നു. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്കുപുറമെ വേറെയും ഐഛിക നമസ്കാരങ്ങളും, നിർബന്ധമായ ദാനധർമ്മങ്ങൾക്കുപുറമെ വേറെയും ദാനധർമ്മങ്ങളും നിർവ്വഹിക്കുവാൻ ഇസ്ലാം പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ ശരിയാണ്‌. പക്ഷേ, മുത്തഖികളുടെ അനിവാര്യ ഗുണങ്ങളെ വിവരിക്കുന്ന സന്ദർഭമായതുകൊണ്ടത്രെ നിർബന്ധമായ നമസ്കാരങ്ങളും ദാനധർമ്മങ്ങളുമാണുദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്ന്‌ പറഞ്ഞത്‌. മനുഷ്യന്‌ അല്ലാഹുവിനോടുള്ള അനുഷ്ഠാനപരമായ കടമകളിൽ വളരെ പ്രധാനപ്പെട്ടതാണ്‌ നമസ്കാര കർമ്മം. ദാനധർമ്മങ്ങൾ അല്ലാഹുവിനോടുള്ള ഒരു കടമയാണെന്നതിനു പുറമെ സാമൂഹ്യമായ ഒരു കടമയും കൂടിയാകുന്നു. ഈ രണ്ടു കടമകളും നിറവേറ്റാത്തവർ മുത്തഖികളിൽ ഉൾപ്പെടുകയില്ലെന്നും, അവർക്കു ഖുർആന്റെ മാർഗ്ഗദർശനം ഫലപ്പെടുകയില്ലെന്നും ഈ വചനങ്ങളിൽ നിന്നു വ്യക്തമാകുന്നു.

ധനത്തിൽനിന്നു ചിലവഴിക്കുക എന്നോ മറ്റോ പറയാതെ, നാം നൽകിയതിൽനിന്ന്‌ ചിലവഴിക്കുക.
مِمَّا رَزَقْنَاهُمْ يُنفِقُونَ എന്നാണ്‌ അല്ലാഹു ഉപയോഗിച്ച വാക്ക്‌. വളരെ അർത്ഥവത്തായ ഒരു വാക്കാണിത്‌. ഖുർആനിൽ പല സ്ഥലങ്ങളിലും ഈ പ്രയോഗം കാണാം . ധനം സമ്പാദിക്കുന്നത്‌ ഭൂമിയിൽ നിന്നുള്ള ഉൽപാദനവും പ്രയത്നവും വഴിയാണല്ലോ. ഭൂമിക്ക്‌ ഉൽപാദനശക്തി നൽകിയതും, അതിൽ നിന്ന്‌ ഉൽപ്പന്നങ്ങളുണ്ടാക്കുന്നതും, അത്‌ പ്രയോജനപ്രദമാക്കുന്നതുമെല്ലാം അല്ലാഹുവാണ്‌. മനുഷ്യന്‌ യത്നിക്കുവാനുള്ള അറിവും, കഴിവും, ഉപാധിയും, സാഹചര്യവും നൽകുന്നതും അല്ലാഹുതന്നെ . ഒരു വിഷയത്തിൽ ഒരേ പ്രകാരത്തിലുള്ള ശ്രദ്ധയും ശ്രമവും നടത്തിക്കൊണ്ടിരിക്കുന്ന രണ്ടുപേർക്ക്‌ ലഭിക്കുന്ന നേട്ടങ്ങളും, ഒരേ മണ്ണിൽ ഒരേ സ്വഭാവത്തിൽ നടത്തപ്പെട്ട രണ്ടു കൃഷികളിൽ നിന്നു ലഭിക്കുന്ന ഫലങ്ങളും, ഒരേ വ്യക്തി തന്നെ ഒരേ രീതിയിലും ഒരേ അളവിലും രണ്ടു പ്രാവശ്യം പരിശ്രമിച്ചതിന്റെ നേട്ടങ്ങളും, എപ്പോഴും ഒന്നായിരിക്കയില്ല. ഒരിക്കൽ ആയിരക്കണക്കിനു മെച്ചം കിട്ടിയ അതേ സ്ഥാനത്ത്‌ മറ്റൊരിക്കൽ പൂജ്യമായിരിക്കും ഫലമെന്നു വരും. അപ്പോൾ, ഭൂമിയുടെ പ്രകൃതിയോ, അദ്ധ്വാനത്തിന്റെ സ്വഭാവമോ അനുസരിച്ചുമാത്രമല്ല വിഭവങ്ങൾ ലഭ്യമാകുന്നതെന്നും, അല്ലാഹുവാണ്‌ എല്ലാം കണക്കാക്കുന്നതും നൽകുന്നതുമെന്നും സ്പഷ്ടമാണ്‌. പക്ഷേ, അല്ലാഹു കണക്കാക്കിയ ആ വിഭവങ്ങൾ ലഭിക്കുന്നത്‌ അവൻ തന്നെ കണക്കാക്കിയിരിക്കുന്ന മാർഗ്ഗങ്ങളിലൂടെയാണെന്നു മാത്രം. ഇങ്ങിനെ, അല്ലാഹു നൽകിയതാണ്‌ മനുഷ്യന്റെ കയ്യിലുള്ള ധനവും വിഭവങ്ങളുമെല്ലാം. എന്നിരിക്കെ, അതിൽ നിന്നു ചിലവഴിക്കുവാൻ മനുഷ്യൻ എന്തിന്‌ മടിക്കണം? അല്ലാഹു നൽകിയതിൽ നിന്ന്‌ അവൻ നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ ചിലവഴിച്ചാൽ അവൻ-ഒന്നല്ലെങ്കിൽ മറ്റൊന്ന്‌-ഇന്നല്ലെങ്കിൽ നാളെ-പകരം നൽകിയേക്കും എന്നിങ്ങനെയുള്ള സൂചനകൾ ഈ പ്രയോഗത്തിൽ അന്തർഭവിച്ചിരിക്കുന്നു.

(4) وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ (നിനക്ക്‌ ഇറക്കപ്പെട്ടതിലും നിനക്ക്‌ മുമ്പ്‌ ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരായിരിക്കും). അതായത്‌, നബി (സ) ക്ക്‌ ഇറക്കപ്പെട്ട ഈ വേദഗ്രന്ഥത്തിൽ പ്രത്യേകമായും മുൻപ്രവാചകൻമാർക്ക്‌ അവതരിക്കപ്പെട്ടിട്ടുള്ള തൗറത്ത്‌, ഇഞ്ചീൽ മുതലായ വേദഗ്രന്ഥങ്ങളിൽ പൊതുവായും വിശ്വസിക്കുമെന്ന്‌ സാരം. എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തിരുന്നത്‌ ഇസ്ലാം തന്നെ.
إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ (നിശ്ചയമായും മതം അല്ലാഹുവിന്റെ അടുക്കൽ ഇസ്ലാമാകുന്നു (3:19). പ്രാവർത്തികവും അനുഷ്ഠാനപരവുമായ രീതിയിൽ കാലോചിതമായ ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നുമാത്രം.
لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا (നിങ്ങളിൽ എല്ലാവർക്കും തന്നെ ഓരോ നടപടിക്രമവും തുറന്ന മാർഗ്ഗവും നാം ഏർപ്പെടുത്തിയിരിക്കുന്നു. (5:48) എന്നിരിക്കെ, ഏതെങ്കിലും ഒരു പ്രവാചകനിലോ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലോ വിശ്വസിക്കാതിരിക്കുന്നത്‌ ഫലത്തിൽ എല്ലാവരെയും നിഷേധിക്കലായിരിക്കുമല്ലോ. ഖുർആൻ അതിന്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യമാക്കുന്നതാണ്‌ .
مصدق لما بين يديه എന്നു ഖുർആനിൽ പലപ്പോഴും കാണാവുന്നതിന്റെ അർത്ഥം ഇതിൽനിന്നു മനസ്സിലാക്കാവുന്നതാണ്‌. (ഈ വിഷയകമായി, ഈ സൂറത്തിലെ 136, 137, 285 എന്നീ വചനങ്ങളിലും, സൂറത്തുന്നിസാഉ​‍്‌ 150-152 മുതലായ വചനങ്ങളിലും കൂടുതൽ വിശദീകരണം കാണാവുന്നതാണ്‌.)

യഹൂദികളും ക്രിസ്ത്യാനികളുമാകുന്ന വേദക്കാർ ചില പ്രത്യേക നബിമാരിൽ വിശ്വസിക്കുകയും, മറ്റുള്ളവരിൽ അവിശ്വസിക്കുകയും ചെയ്യുന്നവരാണ്‌. വേദക്കാരല്ലാത്ത അറബികളാകട്ടെ, ഇബ്‌റാഹീം (അ) നബിയുമായുള്ള ഒരു നാമമാത്ര പാരമ്പര്യ ബന്ധമല്ലാതെ മറ്റു പ്രവാചകൻമാരുമായി അവർക്ക്‌ ഒരു ബന്ധവുമില്ല. അപ്പോൾ, വേദക്കാരിൽനിന്ന്‌ ഇസ്ലാമിൽ വരുന്നവരെ സംബന്ധിച്ചേടത്തോളം അവർ തങ്ങളുടെ വേദഗ്രന്ഥങ്ങളിലും നബിമാരിലും വശ്വസിച്ചിരുന്നതിന്‌ പുറമെ, നബി (സ) തിരുമേനിയിലും ഖുർആനിലും വീണ്ടും വിശ്വസിക്കേണ്ടതുണ്ട്‌; അറബികളിൽനിന്ന്‌ സത്യവിശ്വാസം സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർ ഖുർആനും നബി (സ)യും അടക്കം എല്ലാ നബിമാരിലും വേദഗ്രന്ഥങ്ങളിലും പുതുതായി വിശ്വസിക്കേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ വേദക്കാരിൽനിന്ന്‌ വിശ്വസിക്കുന്നവരെപറ്റി
أُولَـٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ (അവർക്ക്‌ അവരുടെ പ്രതിഫലങ്ങൾ രണ്ടുപ്രാവശ്യം നല്കപ്പെടും (28 : 54) എന്ന്‌ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും. നബി (സ) പറയുന്നു: “മൂന്നുകൂട്ടർക്ക്‌ അല്ലാഹു രണ്ടു പ്രാവശ്യം പ്രതിഫലം നല്കുന്നതാണ്‌ തന്റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും, അല്ലാഹുവിനോടുള്ള കടമയും സ്വന്തം യജമാനനോടുള്ള കടമയും നിർവ്വഹിച്ചവനും, സ്വന്തം അടിമസ്ത്രീക്ക്‌ നന്നായി മര്യാദപഠിപ്പിച്ച ശേഷം അവളെ സ്വതന്ത്രയാക്കിവിട്ട്‌ വിവാഹം കഴിച്ചവനുമാണ്‌ ആ മൂന്നുകൂട്ടർ.” (ബു;മു.)

വേദക്കാരിൽനിന്ന്‌ മുസ്ലീമായ ഓരോ വ്യക്തിയും മറ്റെല്ലാ മുസ്ലിംകളെക്കാളും -അവർ എത്ര ഉന്നതപദവിയിലുള്ളവരായിരുന്നാലും- ശ്രേഷ്ഠതയുള്ളവരായിക്കുമെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. ഒരു വിഷയത്തിൽ-അഥവാ പ്രവാചകൻമാരിലുള്ള വിശ്വാസത്തിൽ-രണ്ടു നിലക്കുള്ള പ്രതിഫലം അവർക്കുലഭിക്കുമെന്നേ അതിനർത്ഥമുള്ളു. വിശ്വാസദാർഢ്യംകൊണ്ടും സൽക്കർമ്മങ്ങളുടെ ആധിക്യംകൊണ്ടും മറ്റുള്ളവർക്ക്‌ അവരെക്കാൾ പ്രതിഫലം ലഭിക്കുമെന്നുള്ളതിന്‌ ഇത്‌ എതിരല്ല മുൻവേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുകയെന്നതുകൊണ്ടുദ്ദേശ്യം നിലവിലുള്ള തൗറാത്തിലും ഇഞ്ചീലിലുമൊക്കെ വിശദമായി വിശ്വസിക്കുക എന്നല്ല കാരണം, മാറ്റത്തിരുത്തലുകൾക്കോ, ഏറ്റക്കുറവുകൾക്കോ വിധേയമാകാതെ - ഖുർആൻ അവതരിക്കുന്ന കാലത്തും അതിനു ശേഷവും - അവയൊന്നും അവയുടെ സാക്ഷാൽ രൂപത്തിൽ നിലവിലില്ല. ആകയാൽ മൊത്തത്തിലുള്ള വിശ്വാസമാണുദ്ദേശ്യം . മുൻവേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും. 1. അല്ലാഹുവിന്റെയും റസൂലിന്റെയും പ്രസ്താവനകളോട്‌ യോജിക്കുന്നത്‌. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിർബന്ധമാകുന്നു. 2. അവ രണ്ടിനോടും എതിരായത്‌ ഈ വിഭാഗം നിരാകരിക്കലും വിശ്വസിക്കലും നിർബന്ധമാണ്‌. 3. രണ്ടുമല്ലാത്തത്‌. ഈ വിഭാഗത്തെക്കുറിച്ചാണ്‌ നബി (സ) ഇപ്രകാരം പറഞ്ഞത്‌: “വേദക്കാർ നിങ്ങളോട്‌ വർത്തമാനം പറഞ്ഞാൽ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്‌ . എങ്കിലും ഇങ്ങിനെ പറഞ്ഞാകൊള്ളുക ; ഞങ്ങൾക്ക്‌ ഇറക്കപ്പെട്ടതിലും നിങ്ങൾക്ക്‌ ഇറക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.” (ബു.)

(5) وَبالْآخِرَةِ هُمْ يُوقِنُونَ (പരലോകത്തിൽ അവർ ദൃഢമായി വിശ്വസിക്കുന്നു) വാസ്തവത്തിൽ `ഗയ്ബി`ൽ വിശ്വസിക്കുക എന്ന്‌ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്‌, പരലോകത്തിലുള്ള വിശ്വാസവും. പരലോകവിശ്വാസവും ദൃഢമാകുമ്പോൾ മാത്രമേ ഭൗതീക ജീവിതത്തിന്‌ ശേഷം വരുവാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യഥാർത്ഥത്തിൽ വിശ്വാസമുണ്ടാവുകയുള്ളു. അനശ്വരമായതും എല്ലാ നന്മ തിൻമകൾക്കും കൃത്യവും കണിശവുമായി പ്രതിഫലം നൽകപ്പെടുന്നതുമായ ഒരു ജീവിതമുണ്ടെന്നും, അവിടെ വെച്ച്‌ സർവ്വ നിയന്താവായ അല്ലാഹുവിന്റെ മുന്നിൽ സകല ചെയ്തികളും കണക്കുബോധിപ്പിക്കേണ്ടി വരുമെന്നുള്ള പരിപൂർണ്ണ വിശ്വാസവും ഉറപ്പുമാണ്‌ മനുഷ്യന്റെ സന്മാർഗ്ഗബോധത്തിനുള്ള ഏകനിദാനം. ഇസ്ലാമിക വിശ്വാസ സിദ്ധാന്തങ്ങളുടെയെല്ലാം അടിത്തറയാണ്‌ അല്ലാഹുവിലും പരരോകത്തിലുമുള്ള വിശ്വാസം . അഥവാ മനുഷ്യന്റെ തുടക്കത്തെയും മടക്കത്തെയും കുറിച്ചുള്ള ബോധം. മറെറാരു വിധത്തിൽ പറഞ്ഞാൽ, താൻ എവിടെനിന്ന്‌ വന്നു,, എങ്ങോട്ട്‌ പോകുന്നു എന്നതിനെക്കുറിച്ചുള്ള ബോധം. മറ്റുള്ള വിശ്വാസങ്ങളെല്ലാം ഇതിന്റെ വിശദാംശങ്ങളോ ഇതിന്റെ അനിവാര്യ വശങ്ങളോ ആയിരിക്കും. അതുകൊണ്ടാണ്‌ വിശ്വാസത്തെക്കുറിച്ചു പറയുന്ന മിക്ക സ്ഥലത്തും ഖുർആനിൽ, അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തെപറ്റി പ്രത്യേകം എടുത്ത്‌ പറയാറുള്ളതും.

ഈ അഞ്ചു ഗുണവിഷേശണങ്ങളോടുകൂടിയവരാണ്‌ മുത്തഖികൾ (സൂക്ഷ്മത പ#ലിക്കുന്നവർ) എന്നു പറഞ്ഞശേഷം അവരുടെ നേട്ടങ്ങളെന്തായിരിക്കുമെന്ന്‌ വിവരിക്കുന്നു:
أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ (അവർ തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സൻമാർഗ്ഗത്തിലായിരിക്കും ) അതെ, അല്ലാഹു നിർദ്ദേശിച്ചതും, അവൻ തൃപ്തിപ്പെട്ടതും, അവൻ അനുഗ്രഹിച്ചതുമായ യഥാർത്ഥ സൻമാർഗ്ഗം ഏതാണോ ആ മാർഗ്ഗം അംഗീകരിച്ചവരും അതിൽ ചരിക്കുന്നവരുമാണവർ . ഐഹിക ജീവിതത്തിൽ വെച്ച്‌ ഒരാൾക്ക്‌ ലഭിക്കുവാനുള്ള ഏറ്റവും വമ്പിച്ച സാക്ഷ്യപത്രമത്രെ ഇത്‌. ഇതിലുപരിയായി മറ്റൊന്നു ലഭിക്കുവാൻ എന്തുണ്ട്‌?! ഈ വാക്യത്തിന്‌ മലയാളഭാഷാശൈലിക്കനുസരിച്ച്‌ `അവർ തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സൻമാർഗ്ഗത്തിലായിരിക്കും` എന്നാണ്‌ നാം വിവർത്തനം നല്കിയതെങ്കിലും, പദങ്ങളുടെ അർത്ഥം നേർക്കുനേരെ നോക്കുന്നപക്ഷം `അവർ തങ്ങളുടെ റബ്ബിങ്കൽനിന്നുള്ള സൻമാർഗ്ഗത്തിൻമേലാണ്‌ സ്ഥിതി ചെയ്യുന്നത്‌ എന്നത്രെ പറയേണ്ടത്‌.` ഈ പ്രയോഗത്തിലടങ്ങിയ സൂചന ഖുർആൻ വ്യാഖ്യാതാക്കൾ ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു, ഇവരെ സംബന്ധിച്ചിടത്തോളം സൻമാർഗ്ഗം കേവലം ഒരു വാഹനവും, അവൻ അതിന്റെ പുറത്തിരിക്കുന്ന സവാരിക്കാരുമാകുന്നു. എല്ലാ വാഹനക്കാർക്കും അവർ എത്തിച്ചേരേണ്ടുന്ന ഒരു ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കുന്നത്‌ പോലെ, ഇവർക്കുമുണ്ട്‌ ഒരു ലക്ഷ്യസ്ഥാനം. ഇവരുടെ ലക്ഷ്യമാകട്ടെ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാകുന്നു. വേറൊരു രൂപത്തിൽ പറയുന്ന പക്ഷം, സൻമാർഗ്ഗം അവരിൽ വെച്ചുകെട്ടുകയോ അടിച്ചേല്പിക്കുകയോ അല്ല ചെയ്തിരിക്കുന്നത്‌. അവരുടെ രക്ഷിതാവ്‌ അവർക്ക്‌ നിശ്ചയിച്ചുകൊടുത്ത ആ സൻമാർഗ്ഗ ജീവിതം അവരുടെ ഇഷ്ടത്തിനും ഇച്ഛക്കും തികച്ചും അനുസരിച്ചുകൊണ്ടാണുള്ളത്‌. ഇതാണാസൂചന.

അവർ സന്മാർഗ്ഗത്തിലാണ്‌, സൻമാർഗ്ഗം അവരുടെ ഇച്ഛക്കും അഭിലാഷത്തിനും ഇണങ്ങിയതുമാണ്‌. ശരി, എന്നാൽ അതുകൊണ്ട്‌ അവർക്ക്‌ എന്തു നേട്ടമാണ്‌ ലഭിക്കുവാനുള്ളത്‌.? അല്ലാഹു പറയുന്നു.
وَأُولَـٰئِكَ هُمُ الْمُفْلِحُونَ (അവർതന്നെയാണ്‌ വിജയികളും) അതെ, ഏതിൽ നിന്നെല്ലാം രക്ഷകിട്ടുവാൻ അവർ സൂക്ഷിച്ചുവന്നിരുന്നുവോ, അതിൽ നിന്നെല്ലാം അവർക്ക്‌ രക്ഷ ലഭിക്കുന്നു. ഏതെല്ലാം കാര്യങ്ങൾ സിദ്ധിക്കണമെന്ന്‌ അവർക്ക്‌ ആഗ്രഹമുണ്ടായിരുന്നുവോ അതെല്ലാം അവർക്ക്‌ സിദ്ധിക്കുകയും ചെയ്യുന്നു. പരത്തിൽ മാത്രമല്ല, ഇഹത്തിലും വിജയികളാണവർ. സുഖദുഃഖ സമ്മിശ്രമായ ഈ ജീവിതത്തിൽ സന്തോഷ സന്താപ വ്യത്യാസമില്ലാതെ, ശാന്തിയോടും സമാധാനത്തോടും കൂടി നിലകൊള്ളുവാൻ അവർക്കേ കഴിയൂ. എങ്കിലും, അതല്ല അവരുടെ ലക്ഷ്യം. പരലോക വിജയവും ഏറ്റവും ഉപരിയായി അല്ലാഹുവിന്റെ പ്രീതിയുമാണവരുടെ ലക്ഷ്യം. ചുരുക്കത്തിൽ ആ ലക്ഷ്യത്തിൽ അവരെ അല്ലാഹു എത്തിച്ചു കൊടുക്കുന്നു. അല്ലാഹു പറയുന്നു: “നിങ്ങളുടെ പ്രതിഫലങ്ങൾ നിറവേറ്റിത്തരപ്പെടുന്നത്‌ ഖിയാമത്തുനാളിൽ മാത്രമാകുന്നു. അപ്പോൾ, ആർ നരകത്തിൽനിന്ന്‌ അകറ്റപ്പെടുകയും, സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവർ ഭാഗ്യം പ്രാപിച്ചു. ഇഹലോക ജീവിതം കൃത്രിമത്തിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല.” (ആലുഇംറാൻ: 185) “അല്ലാഹുവിങ്കൽ നിന്നുള്ള പ്രീതിയാകട്ടെ, ഏറ്റവും വലുതുമാകുന്നു. അതുതന്നെയാണ്‌ വമ്പിച്ച ഭാഗ്യം.” (തൗബ: 72)

ഖുർആന്റെ മാർഗ്ഗദർശ്ശനങ്ങൾ ഫലപ്രദമായിത്തീരുന്ന മുത്തഖികളായ സത്യവിശ്വാസികളുടെ ഗുണങ്ങളും നേട്ടവും വിവരിച്ച ശേഷം, നേരെമറിച്ച്‌ സത്യനിഷേധികളായ അവിശ്വാസികളെയും അവരുടെ അനുഭവത്തെയും കുറിച്ചു പറയുന്നു:-