Friday, August 16, 2013

Chapter 2 Surat Al-Baqarah 6-7


إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴿٦﴾
6 നിശ്ചയമായും, അവിശ്വസിച്ചിട്ടുള്ളവർ, അവരെ നീ താക്കീത്‌ ചെയ്തുവോ, അല്ലെങ്കിൽ അവരെ താക്കീത്‌ ചെയ്തില്ലയോ (രണ്ടായാലും) അവരിൽ സമമാകുന്നു. അവർ വിശ്വസിക്കുന്നതല്ല.

 خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴿٧﴾
7 അവരുടെ ഹൃദയങ്ങളുടെ മേലും, അവരുടെ കേൾവിയുടെ മേലും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു; അവരുടെ ദൃഷ്ടികളുടെ മേലും ഉണ്ട്, ഒരു (തരം) മൂടി. അവർക്ക്‌  വമ്പിച്ച ശിക്ഷയുമുണ്ട്.

كَفَر (കഫറ) എന്ന ക്രിയയുടെ മൂലാർത്ഥം `മറച്ചുവെച്ചു -അഥവാ മൂടിവെച്ചു` എന്നാകുന്നു. കൃഷിക്കാരൻ വിത്ത്‌ മണ്ണിലിട്ട്‌ മൂടുന്നത്‌ കൊണ്ട് അവന്‌
كاَفَر (കാഫിർ) എന്നു പറയപ്പെടും. രാത്രി അതിന്റെ ഇരുട്ടുകൊണ്ട് വസ്തുക്കളെ മറച്ചുവെക്കുന്നതിനാൽ അതിനെയും `കാഫിർ` എന്നു വിശേഷിപ്പിക്കാം. ഇതിന്റെ ധാതുനാമങ്ങളാണ്‌
كفر, كفران,كفور (കുഫ്ര്, കുഫ്‌റാൻ; കുഫൂർ) എന്നീ പദങ്ങൾ. എങ്കിലും ഉപയോഗരംഗത്ത്‌ അൽപം വ്യത്യാസങ്ങൾ കണ്ടേക്കും. ഉദാഹരണമായി: അവിശ്വാസം, സത്യ നിഷേധം എന്നീ അർത്ഥങ്ങളിൽ `കുഫ്ര്` എന്ന രൂപവും നന്ദികേട്‌ എന്ന അർത്ഥത്തിൽ `കുഫ്‌റാൻ` എന്ന രൂപവുമാണ്‌ അധികം ഉപയോഗം. `കുഫൂർ` എന്നതാകട്ടെ, രണ്ടർത്ഥത്തിലും ധാരാളം ഉപയോഗിക്കുന്നു.
ايمان (ഈമാൻ-സത്യവിശ്വാസം) ന്റെ വിപരീതമായി كفر (കുഫ്ര്) എന്ന വാക്കും
مؤمن (മുഅ​‍്മിൻ-സത്യവിശ്വാസി) ന്റെ വിപരീതമായി
كافر (കാഫിർ) എന്ന വാക്കും പരക്കെ ഉപയോഗിക്കപ്പെടുന്നു. അതുപോലെ
شكر (ശുക്ര്-നന്ദി)ന്റെയും شاكر (ശാകിർ-നന്ദി ചെയ്യുന്നവൻ) ന്റെയും വിപരീതമായും അവ യഥാക്രമം ഉപയോഗിക്കപ്പെടും
كفر ന്റെ ധാതുവിൽനിന്നുൽഭവിക്കുന്ന മറ്റു പദരൂപങ്ങളിലും ഈ രണ്ടർത്ഥവും വരും എല്ലാം സന്ദർഭംകൊണ്ട് മനസ്സിലാക്കേണ്ടതാകുന്നു.

مؤمن (സത്യവിശ്വാസി) അല്ലാത്തവരെല്ലാം كافر (അവിശ്വാസി)ന്റെ ഇനത്തിൽ ഉൾപ്പെടുന്നു. പക്ഷേ എല്ലാ `കാഫിറു`കളും ഒരേ തരക്കാരല്ല. ലക്ഷ്യങ്ങളും തെളിവുകളും അറിഞ്ഞുകൊണ്ട് നിഷേധിക്കുന്നവരും, അറിയായ്മകൊണ്ട് നിഷേധിക്കുന്നവരും, ധിക്കാരവും പരിഹാസവും കൊണ്ട് നിഷേധിക്കുന്നവരും, അവഗണനയോ ചിന്താശൂന്യതയോ നിമിത്തം വിശ്വസിക്കാത്തവരുമെല്ലാം `കാഫിർ` തന്നെ. അവിശ്വാസത്തിന്റെ കാഠിന്യത്തിലും ലാഘവത്തിലും വ്യത്യസ്തരായിരിക്കുമെന്ന്‌ മാത്രം . എല്ലാതരം `കാഫിറു`കളെയും ഉൾപ്പെടുത്തുന്ന വാക്കെന്ന നിലയ്ക്കാണ്‌
كافر ന്‌ `അവിശ്വാസി` എന്നും كفر ന്‌ `അവിശ്വാസം` എന്നും നാം ഭാഷാന്തരം നൽകിവരുന്നത്‌ എന്നാൽ ഓരോ സ്ഥാനത്തും ഏതുതരം നിഷേധത്തിന്റെ അടിസ്ഥാനത്തിലാണ്‌ അവിടെ അത്‌ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ സന്ദർഭം നോക്കി മനസ്സിരുത്തേണ്ടതാണ്‌.

നബി (സ) യും ഖുർആനും പ്രബോധനം ചെയ്യുന്ന തത്വങ്ങളിൽ വിശ്വസിക്കാതെ സത്യത്തെ മൂടിവെക്കുകയും, ദൃഷ്ടാന്തങ്ങളെ അവഗണിച്ച്‌ തള്ളിക്കളയുകയും ചെയ്ത സത്യനിഷേധികളായ മുശ്‌രിക്കുകളാണ്‌ ഇവിടെ
الَّذِينَ كَفَرُوا (അവിശ്വസിച്ചവർ) കൊണ്ടുദ്ദേശ്യം. അവരെ താക്കീത്‌ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഒരുപോലെയാണ്‌- അവർ വിശ്വസിക്കുവാൻ പോകുന്നില്ല- എന്ന്‌ അല്ലാഹു നബി (സ) തിരുമേനിയെ അറിയിക്കുന്നു. അജ്ഞതകൊണ്ടോ, ദൃഷ്ടാന്തങ്ങളുടെ പോരായ്മ കൊണ്ടോ ഉള്ള നിഷേധമാണെങ്കിൽ, താക്കീതുകൊണ്ടും ഉപദേശം കൊണ്ടും അവർക്ക്‌ മാനസാന്തരം വന്നേക്കുമെന്ന്‌ പ്രതീക്ഷിക്കുവാനവകാശമുണ്ട്. സത്യം മനസ്സിലായിട്ടു പിന്നെയും കൽപ്പിച്ചു കൂട്ടി അതിനെ മറയ്ക്കുന്നവരെ സംബന്ധിച്ച്‌ അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ. ഉപദേശങ്ങൾക്ക്‌ ചെവികൊടുക്കുകയും, ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുകയും ചെയ്‌വാൻ തയ്യാറില്ലാത്ത എല്ലാ അവിശ്വാസികളുടെയും സ്ഥിതി ഇതുതന്നെ. നബി (സ) യുടെ കാലത്തുള്ള ആ സത്യനിഷേധികളെപ്പറ്റിയുള്ള ഈ അറിയിപ്പിൽ തിരുമേനിക്ക്‌ ഒരു മനസ്സമാധാനം നൽകൽ കൂടി അടങ്ങിയിരിക്കുന്നു. കാരണം, അവർ വിശ്വസിക്കാത്തതിൽ നബി (സ)ക്കുള്ള ഉൽകണ്ഠയും വ്യസനവും വളരെ വമ്പിച്ചതായിരുന്നു. അൽ കഹ്ഫ്‌, 6; ശുഅറാഉ,​‍്‌ 2 മുതലായ സ്ഥലങ്ങളിൽ ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിച്ചു കാണാം. ആ സ്ഥിതിക്ക്‌ അവർ വിശ്വസിച്ചേക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല- അവർ വിശ്വസിക്കുകയില്ലെന്ന്‌ അല്ലാഹുവിന്‌ അറിയാം -എന്നറിയുമ്പോൾ, അവരെപ്പറ്റി ഇനി വ്യാകുലപ്പെടേണ്ടതില്ലെന്നും, അതിന്റെ ഉത്തരവാദിത്വം വഹിക്കേണ്ടതില്ലെന്നും നബി (സ) ക്ക്‌ സമാധാനിക്കാമല്ലോ.

അവർ വിശ്വസിക്കുകയില്ലെന്നുള്ളതിന്റെ കാരണമാണ്‌
خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്ര വെച്ചിരിക്കുന്നു.....) എന്ന വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്‌.
خَتَمَ (ഖതമ)ക്ക്‌ `മുദ്രവെച്ചു` എന്നാണ്‌ വാക്കർത്ഥം. ഇതിന്റെ ഒരു പര്യായമാണ്‌
طبع (ത്വബഅ) എന്ന ക്രിയയും ഇവയും, ഇവയുടെധാതുക്കളിൽനിന്നുള്ള മറ്റു രൂപങ്ങളും അലങ്കാര രൂപത്തിൽ വേറെ അർത്ഥങ്ങളിലും ഉപയോഗിക്കപ്പെടാറുണ്ട്. ഒരു പാത്രത്തിനോ, അല്ലെങ്കിൽ ഒരു കത്തിനോ, മുദ്രവച്ചാൽ, പിന്നീടതിൽ വല്ലതും കൂട്ടിച്ചേർക്കുവാനോ, അതിൽ നിന്ന്‌ വല്ലതും ഒഴിവാക്കുവാനോ സാധിക്കുകയില്ലല്ലോ. അഥവാ അതോടുകൂടി അതിന്‌ ഭദ്രതയും അന്തിമ രൂപവും വന്നുകഴിയുന്നു. അതുകൊണ്ട് `ഭദ്രമാക്കി, ഉറപ്പിച്ചുവെച്ചു` എന്നും, `അവസാനിപ്പിച്ചു, പൂർത്തിയാക്കി` എന്നുമുള്ള അഥത്ഥങ്ങളിൽ അവ ഉപയോഗിക്കുക പതിവാകുന്നു. (ഇങ്ങനെയുള്ള അലങ്കാരാർത്ഥങ്ങളിൽ 'അരക്കിട്ടു സീൽവെച്ചു എന്നൊക്കെ മലയാളത്തിൽ പറയാറുണ്ടല്ലോ.) അവിശ്വാസികളുടെ ഹൃദയങ്ങൾക്കും, കേൾവിക്കും- അഥവാ കാതുകൾക്കും മുദ്രവെച്ചുവെന്നും മറ്റും പറയുന്നതിന്റെ അർത്ഥവും ഇതുതന്നെ. അതായത്‌, നിഷേധവും ധിക്കാരവും കൊണ്ട് അവരുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു; ഇനി അതിലേക്ക്‌ താക്കീതുകളോ, ഉപദേശങ്ങളോ, ദൃഷ്ടാന്തളോ, ഒന്നും പ്രവേശിക്കുകയില്ല; അതിലേക്കൊന്നും അവർ ശ്രദ്ധ പതിക്കുവാനോ, ചെവികൊടുക്കുവാനോ, കണ്ടുമനസ്സിലാക്കുവാനോ തയ്യാറാകുന്നതല്ല; അവരുടെ ഗ്രഹണേന്ദ്രിയങ്ങൾ മരവിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്‌ താൽപര്യം.

`ഖതമ` എന്ന വാക്കിന്റെ മേൽ സൂചിപ്പിച്ച അർത്ഥങ്ങൾ വിവരിച്ചുകൊണ്ട് ഇമാം റാഗിബ്‌ (റ) അദ്ദേഹത്തിന്റെ ഖുർആൻ നിഘണ്ടുവിൽ പ്രസ്താവിച്ച ചില വിവരങ്ങൾ- ഇവിടെ-മാത്രമല്ല- ഖുർആനിൽ താഴെ പല സ്ഥലങ്ങളിലും, ചില നബി വചനങ്ങളിലും ഇതുപോലെ വന്നിട്ടുള്ള ചില പ്രയോഗങ്ങളുടെ താൽപര്യം മനസ്സിലാക്കുവാൻ വളരെ ഉപകരിക്കുന്നതാകുന്നു. ആ പ്രസ്താവനയുടെ സാരം ഇങ്ങിനെ ഉദ്ധരിക്കാം:-

`അപ്പോൾ خَتَمَ اللَّـهُ عَلَىٰ قُلُوبِهِمْ (അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെച്ചു) എന്നും,
إِنْ أَخَذَ اللَّـهُ سَمْعَكُمْ وَأَبْصَارَكُمْ وَخَتَمَ عَلَىٰ قُلُوبِكُم (.....അല്ലാഹു നിങ്ങളുടെ കേൾവിയും കാഴ്ചകളും എടുത്തു കളയുകയും നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെക്കുകയും ചെയ്താൽ...........(6: 46) എന്നുമൊക്കെ പറഞ്ഞത്‌ അല്ലാഹു നടപ്പാക്കിയ ഒരു പതിവിലേക്കുള്ള സൂചനയാകുന്നു. അതായത്‌, മനുഷ്യൻ നിരർത്ഥമായ വിശ്വാസത്തിലും, നിഷിദ്ധമായ പ്രവർത്തികളിലും അങ്ങേയറ്റം എത്തുകയും, യഥാർത്ഥത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ഇല്ലാതാകുകയും ചെയ്യുമ്പോൾ, ആ അനുസരണക്കേടും തെറ്റുകുറ്റങ്ങളും ചെയ്യുന്നത്‌ നന്നായി തോന്നുകയെന്ന ഒരു ശീലം അതവനിൽ ഉണ്ടാക്കിത്തീർക്കുകയും, അവന്റെ ഹൃദയം മുദ്രവെക്കപ്പെട്ടതുപോലെ ആയിത്തീരുകയും ചെയ്യുന്നു. ഇതുപോലെത്തന്നെയാണ്‌
طَبَعَ اللَّـهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَارِهِمْ (അവരുടെ ഹൃദയങ്ങൾക്കും കേൾവിക്കും കാഴ്ചക്കും അല്ലാഹു മുദ്രകുത്തി (16:108) എന്ന വചനവും.
مَنْ أَغْفَلْنَا قَلْبَهُ (നാം ഹൃദയത്തെ അശ്രദ്ധയിലാക്കിയവൻ (18:28) എന്നതിലെ അശ്രദ്ധയിലാക്കലും
وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً (അവരുടെ ഹൃദയങ്ങളിൽ നാം ചില മൂടികളെ ആക്കി (6:25) എന്നതിലെ മൂടി ഇടലും,
وَجَعَلْنَا قُلُوبَهُمْ قَاسِيَةً (അവരുടെ ഹൃദയങ്ങളെ നാം കടുപ്പമുള്ളതാക്കി (5:14) എന്നതിലെ കടുപ്പമാക്കലുമെല്ലാം ഈ പ്രകാരത്തിലുള്ള അലങ്കാര പ്രയോഗങ്ങളാണ്‌`.
المفردات ഈ ഉദ്ധരണി ശരിക്ക്‌ മനസ്സിരുത്തുന്നത്‌ പല സന്ദർഭങ്ങളിലും വളരെ പ്രയോജനപ്പെടുന്നതാണെന്ന്‌ പ്രത്യേകം ഉണർത്തുന്നു.

ഇത്തരം പ്രയോഗങ്ങൾ ഖുർആനിലും ഹദീസിലും കാണുമ്പോൾ മനസ്സിരുത്തേണ്ടുന്ന മറ്റൊരു കാര്യംകൂടി ഇവിടെ ചൂണ്ടിക്കാട്ടാം. മനസ്സിലേക്ക്‌ സത്യവിശ്വാസം പ്രവേശിക്കാതിരിക്കത്തക്കവണ്ണം ആദ്യമേ അല്ലാഹു ഹൃദയങ്ങൾക്ക്‌ മുദ്രവച്ചു തടസ്സമുണ്ടാക്കുകയും, തൻമൂലം സത്യവിശ്വാസം ഉൾക്കൊള്ളുവാൻ അവർക്ക്‌ കഴിയാതെ വരുകയും ചെയ്യുക എന്നല്ല അവിടങ്ങളിലൊന്നും ഉദ്ദേശ്യം. അവരുടെ നിഷേധവും ധിക്കാരസ്വഭാവവും മുഴുത്തപ്പോൾ, അതേ കാരണത്താൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക്‌ മുദ്രവെച്ചു-അഥവാ അതിലേക്ക്‌ വിശ്വാസം കടന്നു ചെല്ലാത്ത അവസ്ഥയിലാക്കി-എന്നേയുള്ളു. ചില ഖുർആൻ വചനങ്ങളിൽ നിന്ന്‌ തന്നെ ഇത്‌ വ്യക്തമായി മനസ്സിലാക്കാം. ഇസ്‌റാഈല്യർ അല്ലാഹുവിന്റെ ശാപത്തിന്‌ പാത്രമാകുവാനുണ്ടായ കാരണങ്ങൾ എടുത്തു കാണിക്കുന്ന കൂട്ടത്തിൽ, `ഞങ്ങളുടെ ഹൃദയങ്ങൾ ഉറയിലിട്ട്‌ മൂടിയിരിക്കുകയാണ്‌` (നിങ്ങളുടെ ഈ പ്രബോധനങ്ങളൊന്നും അതിലേക്ക്‌ കടക്കുകയില്ല.) എന്നുള്ള അവരുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
بَلْ طَبَعَ اللَّـهُ عَلَيْهَا بِكُفْرِهِمْ-سورة النساء (പക്ഷെ, അവരുടെ അവിശ്വാസം നിമിത്തം അതിൻമേൽ അല്ലാഹു മുദ്ര കുത്തിയിരിക്കുകയാണ്‌ . (4:155) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ കുതർക്കം നടത്തുന്നതിൽ അല്ലാഹുവിനുള്ള വമ്പിച്ച അമർഷത്തെപ്പറ്റി പ്രസ്താവിച്ചുകൊണ്ട് അല്ലാഹു പറയുന്നു:
كَذَٰلِكَ يَطْبَعُ اللَّـهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ -سورة غافر (അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്ര കുത്തുന്നതാണ്‌ (40:35) ഈ ലോകത്തുളള ഓരോ കാര്യങ്ങൾക്കും സാധാരണമായ ചില കാരണങ്ങൾ അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്. ആ കാരണങ്ങൾ ഒത്തുകൂടുമ്പോൾ ആ കാര്യങ്ങൾ സംഭവിക്കുന്നതായി നാം കാണുന്നു. അഥവാ, ആ സന്ദർഭത്തിൽ അല്ലാഹു അത്‌ സംഭവിപ്പിക്കുന്നു. അല്ലാഹു സംഭവിപ്പിക്കുന്നതാകകൊണ്ടാണല്ലോ ചിലപ്പോൾ നമുക്കറിയാവുന്ന കാരണങ്ങളെല്ലാം ഉണ്ടായിട്ട്‌ പിന്നെയും ചില കാര്യങ്ങൾ സംഭവിക്കാതെ കാണുന്നത്‌. ഇപ്പറഞ്ഞതിൽനിന്ന്‌ അല്ലാഹു മുദ്രവച്ചു- അഥവാ മുദ്രവെക്കലിന്റെ കർത്താവ്‌ അല്ലാഹുവാണ്‌-എന്ന്‌ പറഞ്ഞതിന്റെ താൽപര്യം ഗ്രഹിക്കാവുന്നതാണ്‌. ആ സത്യനിഷേധികളോട്‌ അല്ലാഹുവിനുള്ള കഠിനമായ വെറുപ്പ്‌ കൂടി ഈ പ്രയോഗത്തിൽ സൂചിപ്പിക്കുന്നുണ്ട്.
الله اعلم

സൂറത്തിന്റെ ആരംഭ വചനങ്ങളിൽ സത്യവിശ്വാസികളെക്കുറിച്ചും, അനന്തരം ഈ രണ്ടു വചനങ്ങളിൽ മുശ്‌രിക്കുകളായ അവിശ്വാസികളെക്കുറിച്ചും പ്രസ്താവിച്ചശേഷം തുടർന്നുള്ള ഏതാനും വചനങ്ങളിൽ കപട വിശ്വാസികളെപ്പറ്റി പ്രസ്താവിക്കുന്നു. മുശ്‌രിക്കുകൾക്ക്‌ പുറമെ, മദീനായിൽ ഇസ്ലാമിന്റെ രണ്ട് പ്രത്യേക ശത്രുക്കളാണല്ലോ കപടവിശ്വാസി
(المنافقون) കളും, വേദക്കാരായ യഹൂദികളും. അതുകൊണ്ട് കപടവിശ്വാസികളെപ്പറ്റി ഇവിടെ താരതമ്യേന കുറച്ചധികം സംസാരിച്ചിരിക്കുന്നു. വേദക്കാരെക്കുറിച്ചാകട്ടെ, വളരെ സൂക്തങ്ങൾ തന്നെ ഈ സൂറത്തിൽ അല്ലാഹു വിനിയോഗിച്ചിരിക്കുന്നതു കാണാം. കപടവിശ്വാസികളെപ്പറ്റി അല്ലാഹു പറയുന്നു:-