Saturday, August 3, 2013

Chapter 1 Al-Fatiha Sura Fathiha سُورَةُ الفَاتِحَةِ സൂറത്ത് ഫാത്തി‌ഹ


سُورَةُ الفَاتِحَةِ

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ١ 
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢ 
ٱلرَّحۡمَٰنِ ٱلرَّحِيمِ ٣ مَٰلِكِ يَوۡمِ ٱلدِّينِ ٤ 
إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥ ٱهۡدِنَا 
ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ٦ صِرَٰطَ ٱلَّذِينَ أَنۡعَمۡتَ 
عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ 
وَلَا ٱلضَّآلِّينَ ٧ 



അദ്ധ്യായം 1.
സൂറത്തുൽ­ഫാതിഹഃ
മക്കായിൽ അവതരിച്ചത്‌­­
വചനങ്ങൾ 7

വിശുദ്ധ ഖുർആനിൽ ആദ്യം വായിക്കപ്പെടുന്നതും, `മുഷഫു`കളിൽ ഒന്നാമതായി എഴുതപ്പെടുന്നതുമായ സൂറത്ത്‌ (അദ്ധ്യായം) എന്ന നിലക്ക്‌ ഇതിന്‌ `സൂറത്തുൽ ഫാതിഹഃ`
سُورَةُ الفَاتِحَةِ അഥവാ പ്രാരംഭം എന്നും `ഫാത്തിഹത്തുൽ കിതാബ്‌`
فَاتِحَة الكتاب അഥവാ വേദഗ്രന്ഥത്തിന്റെ പ്രാരംഭം എന്നും പേര്‌ പറയപ്പെടുന്നു.  ഖുർആന്റെ മൂലം-അഥവാ കേന്ദ്രം-എന്ന അർത്ഥത്തിൽ `ഉമ്മുൽ ഖുർആൻ` എന്നും `ഉമ്മുൽ കിതാബ്‌` (ام القرأن, ام الكتاب) എന്നും പേരുണ്ട​‍്‌.  അല്ലാഹുവിന്റെ അത്യുൽകൃഷ്ടങ്ങളായ വിശേഷണ നാമങ്ങൾ, ഏകദൈവ സിദ്ധാന്തം (തൗഹീദ്‌) മരണാനന്തര ജീവീതം, പ്രതിഫല നടപടി തുടങ്ങിയ മൗലിക സിദ്ധാന്തങ്ങൾ, കർമ്മപരവും സാൻമാർഗ്ഗികവുമായ നിയമ നിർദ്ദേശങ്ങൾ, ചരിത്രസംഭവങ്ങൾ ആദിയായ വിഷയങ്ങളാണ്‌ ഖുർആനിലെ പ്രധാന പ്രതിപാദ്യവിഷയങ്ങൾ,  ഇവയുടെയെല്ലാം ഒരു സാരാംശം ഈ സൂറത്തിൽ അടങ്ങിയിരിക്കുന്നു.  ഇതത്രെ ഈ രണ്ട​‍്‌ പേരുകളും സൂചിപ്പിക്കുന്നത്‌.  `ഉമ്മ്‌` എന്ന പദത്തിന്‌ `ഉൽഭവസ്ഥാനം, കേന്ദ്രം, പ്രധാനഭാഗം, സങ്കേതം, മാതാവ്‌, മർമ്മം` എന്നൊക്കെ സന്ദർഭംപോലെ അർത്ഥങ്ങൾ വരുന്നതാണ്‌.

മേൽകണ്ട പേരുകൾക്ക്‌ പുറമെ, ഹദീസുകളിലും, സഹാബികളും, താബിഉകളുമായ മഹാൻമാരുടെ മൊഴികളിലുമായി വേറെയും പല പേരുകൾ ഈ സൂറത്തിന്‌ പറയപ്പെട്ട്‌ കാണാം.  എല്ലാം തന്നെ ഇതിന്റെ ഓരോ തരത്തിലുളള പ്രാധാന്യവും ശ്രേഷ്ഠതയും ചൂണ്ട​‍ിക്കാട്ടുന്നു.  ഖുർആനിക വിജ്ഞാനങ്ങളുടെ മൗലികവശങ്ങൾ ഉൾക്കൊണ്ട​‍ിട്ടു​‍െണ്ടന്ന നിലക്ക്‌ `അസാസുൽ ഖുർആൻ`
(اساس القرأن ഖുർആന്റെ അസ്തിവാരം) എന്നും, മനസ്സിരുത്തി പഠിക്കുകയും വിശദവിവരങ്ങൾ തുടർന്നന്വേഷണം നടത്തുകയും ചെയ്യുന്നവർക്ക്‌ ആവശ്യമായ കാര്യങ്ങൾ ഗ്രഹിക്കുവാൻ  ഈ സൂറത്തുതന്നെ മതിയാകുമെന്ന അർത്ഥത്തിൽ `കാഫിയ`
(الكافية മതിയായത്‌) എന്നും, വിജ്ഞാന മൂല്യങ്ങളുടെ നിക്ഷേപം എന്ന ഉദ്ദേശ്യത്തിൽ `കൻസു`
(الكنز നിക്ഷേപം) എന്നുമുളള പേരുകൾ അവയിൽ ചിലതാകുന്നു.  കൂടാതെ, ഇതിന്റെ തുടക്കം അല്ലാഹുവിന്റെ മഹൽഗുണങ്ങളെ എടുത്തുകാട്ടിക്കൊണ്ട​‍ുളള സ്തുതി കീർത്ത­നമായതുകൊണ്ട​‍്‌
سورة الحمد (സ്തുതി കീർത്തനത്തിന്റെ അദ്ധ്യായം), അവസാന ഭാഗം പ്രാർത്ഥനാ രൂപത്തിലാകയാൽ
سورة الدعاء (പ്രാർത്ഥനയുടെ അദ്ധ്യായം) നമസ്കാരത്തിൽ ഒഴിച്ചുകൂടാത്തതാകയാൽ
سورة الصلوة (നമസ്കാരത്തിന്റെ അദ്ധ്യായം) എന്നിങ്ങിനെയും ഇതിന്‌ പേരുണ്ട​‍്‌.

നബി മുഹമ്മദ്‌ (സ) തിരുമേനിയുടെ മക്കാ ജീവിതകാലത്തിന്റെ ആദ്യഘട്ടത്തിലാണ്‌ ഈ സൂറത്ത്‌ അവതരിച്ചത്‌ എന്നാണ്‌ ശരിയായ അഭിപ്രായം.  അല്ലാഹു പറയുന്നു:
وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ (٨٧)سورة الحجر (തീർച്ചയായും, ആവർത്തിത വചനങ്ങളിൽ പെട്ട ഏഴെണ്ണവും, മഹത്തായ ഖുർആനും നാം നിനക്ക്‌ നൽകിയിട്ടുണ്ട​‍്‌.  (ഹിജ്ര്: 87) ഏഴ്‌ ആവർത്തിത വചനങ്ങൾ
(السبع المثاني) എന്നു പറഞ്ഞിരിക്കുന്നത്‌ സൂറത്തുൽ ഫാത്തിഹയെ ഉദ്ദേശിച്ചാണെന്ന്‌ ഇമാം അഹ്മദ്‌, ബുഖാരി (റ) മുതലായവർ അബൂസഈദിബ്നുൽ മുഅല്ലാ(റ) വിൽ നിന്ന്‌ രേഖപ്പെടുത്തിയ ഒരു നബി വചനത്തിൽ നിന്ന്‌ വ്യക്തമാകുന്നു.  സൂറത്തുൽ ഫാത്തിഹ ഏഴ്‌ ആയത്ത്‌ (സൂക്തം)കളാണെന്നുളളതിൽ ഭിന്നാഭിപ്രായമില്ല.  അഞ്ച്‌ നേരത്തെ നിർബ്ബന്ധ നമസ്കാരങ്ങളിലായി ഓരോ മുസ്ലിമും പതിനേഴു പ്രാവശ്യം അത്‌ ദിനം പ്രതി പാരായണം ചെയ്യേണ്ടതുണ്ട​‍്‌.  സുന്നത്ത്‌ നമസ്കാരങ്ങളിലും മറ്റുമായി ദശക്കണക്കിലും ശതക്കണക്കിലും വേറെയും ആവർത്തിക്കപ്പെടുന്നു.  ഏഴ്‌ ആവർത്തിത വചനങ്ങൾ എന്ന്‌ ഈ സൂറത്തിനെക്കുറിച്ച്‌ പറഞ്ഞതിന്റെയും, ഈ വചനത്തിൽ ഈ ഒരു സൂറത്തിനെ പ്രത്യേകം എടുത്ത്‌ പറഞ്ഞതിന്റെയും രഹസ്യം ഇതിൽ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.  സൂറത്തുൽ ഹിജ്ര് മക്കീ സൂറത്തുകളിൽപെട്ടതാണെന്നുളളതിൽ സംശയമില്ല.  അപ്പോൾ, ഈ സൂറത്ത്‌ അതിന്‌ മുമ്പ്‌ തന്നെ അവതിരിപ്പിച്ചിരിക്കുമല്ലോ.
المثاني (ആവർത്തിതങ്ങൾ) എന്ന വാക്കിന്‌ വേറെ നിലക്കും വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട​‍്‌.  അതിനെപ്പറ്റി യഥാസ്ഥാനത്ത്‌ വെച്ച്‌ വിവിരിക്കാം.
انشاء الله

അബൂസഈദിബ്നുൽ മുഅല്ലാ (റ)വിൽ നിന്നുളള മേൽ സൂചിപ്പിച്ച ഹദീസിൽ `ഖുർആനിലെ ഏറ്റവും മഹത്തായ ഒരു സൂറത്ത്‌ ഞാൻ തനിക്ക്‌ പഠിപ്പിച്ച്‌ തരട്ടെയോ` എന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ചുകൊണ്ടത്രെ `സൂറത്തുൽ ഫാത്തിഹയാണത്‌` എന്നും, `അതാണ്‌ ഏഴ്‌ ആവർത്തിത വചനങ്ങൾ` എന്നും നബി (സ) അദ്ദേഹത്തിന്‌ പറഞ്ഞുകൊടുത്തിരിക്കുന്നത്‌.  അഹ്മദ്‌, തിർമദീ (റ) മുതലായവർ ഉബയ്യുബ്നു കഅ​‍്ബ്‌ (റ) വഴി ഉദ്ധരിച്ച വേറൊരു ഹദീസിൽ `തൗറത്തിലാകട്ടെ, ഇഞ്ചീലിലാകട്ടെ, സബൂറിലാകട്ടെ, ഫുർഖാനി (ഖുർആനി)ലാകട്ടെ ഇതുപോലൊരു സൂറത്ത്‌ അവതരിച്ചിട്ടില്ല എന്ന്‌ നബി (സ) പ്രസ്താവിച്ചതായും വന്നിരിക്കുന്നു.  അബൂഹുറൈറ(റ) ഉദ്ധരിച്ച ഒരു നബിവചനം ഇപ്രകാരമാകുന്നു: `ഉമ്മുൽ ഖുർആൻ ഓതിയിട്ടില്ലാത്ത വല്ല നമസ്കാരവും ആരെങ്കിലും നമസ്കരിച്ചാൽ അത്‌ അപൂർണ്ണമാണ്‌, അത്‌ അപൂർണ്ണമാണ്‌, അത്‌ അപൂർണ്ണമാണ്‌` (മു: ന: തി.) `ഫാതിഹത്തുൽ കിതാബ്‌ ഓതാത്തവന്‌ നമസ്കാരമില്ല.` എന്ന്‌ മറ്റൊരു നബിവചനം ഉബാദത്തുബ്നുസ്സ്വാമിത്ത്‌
عبادة الصامت-رض നിന്ന്‌ ബുഖാരിയും മുസ്ലിമും (റ) രേഖപ്പെടുത്തിയിട്ടുമുണ്ട​‍്‌.  ഇങ്ങിനെയുളള ഹദീസുകളെ അടിസ്ഥാനമാക്കിയാണ്‌ നമസ്കാരത്തിന്റെ ഓരോ `റൿഅത്തി`ലും ഫാതിഹ ഓതൽ നിർബ്ബന്ധമാണെന്ന്‌ മാലിക്‌, ശാഫിഈ, അഹ്മദ്‌ (റ) മുതലായവരടക്കം ഭൂരിപക്ഷം പണ്ഡിതൻമാരും ഉറപ്പിച്ച്‌ പറഞ്ഞിരിക്കുന്നതും.  ഈ സൂറത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സംബന്ധിച്ച്‌ ഇനിയും പലതും ഉദ്ധരിക്കുവാനു​‍െണ്ടങ്കിലും കൂടുതൽ ഉദ്ധരിച്ച്‌ ദീർഘിപ്പിക്കുന്നില്ല.

`അഊദു` ചൊല്ലൽ (ഓതൽ) അഥവാ ശരണ തേടൽ
الاستعانة
أعوذ بالله من الشيطان الرجيم (അഊദു-ബില്ലാഹി-മിനശ്ശൈത്വാനി-റജീം) എന്നുളള പ്രാർത്ഥനക്കാണ്‌ സാധാരണ `അഊദു` ചൊല്ലൽ എന്ന്‌ പറഞ്ഞുവരുന്നത്‌.  ആട്ടപ്പെട്ട-അഥവാ ശപിക്കപ്പെട്ട-പിശാചിൽനിന്ന്‌ ഞാൻ അല്ലാഹുവിനോട്‌ ശരണം തേടുന്നു എന്നാണിതിന്റെ അർത്ഥം.  മനുഷ്യന്റെ ആജീവനാന്ത ശത്രുവും, അവന്റെ നൻമയിൽ ഏറ്റവും കടുത്ത അസൂയാലുവുമത്രെ പിശാച്‌.  പിശാചിൽ നിന്നുണ്ട​‍ാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിനോട്‌ രക്ഷ തേടലാണ്‌ ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യം.  മനുഷ്യന്‌ മനുഷ്യവർഗ്ഗത്തിൽ തന്നെ പലതരം ശത്രുക്കളുണ്ട​‍്‌.  ആ ശത്രുക്കളിൽ നിന്നുളള രക്ഷക്കുവേണ്ട​‍ിയും നാം അല്ലാഹുവിനോട്‌ പ്രാർത്ഥിക്കേണ്ട​‍ിയിരിക്കുന്നു.  എന്നാൽ, മനുഷ്യശത്രുക്കളിൽ നിന്ന്‌ നേരിടുന്ന ഉപദ്രവങ്ങളും അതിനുളള നിവാരണങ്ങളും കുറേയെല്ലാം നമുക്ക്‌ ഊഹിക്കാവുന്നതും മനസ്സിലാക്കാവുന്നതുമാകുന്നു.  പിശാചാണെങ്കിൽ നമുക്ക്‌ കാണുവാൻ കഴിയാത്ത ഒരു അദൃശ്യ ജീവി. (പിശാച വർഗ്ഗത്തെയും, ആ വർഗ്ഗത്തെ നിഷേധിക്കുന്നവരുടെ വാദത്തെയും സംബന്ധിച്ച് സൂറത്തുൽ ഹി‌ജ്റിന് അഥവാ 13-മത് അദ്ധ്യാത്തിന് ശേഷം കൊടുത്തിട്ടുള്ള വ്യാഖ്യാന കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.) അവന്റെ ചെയ്തികളും ഉപദ്രവങ്ങളും നമ്മുടെ ബാഹ്യേന്ദ്രിയങ്ങൾ കൊണ്ട​‍്‌ ക​‍െണ്ടത്തുവാനോ, ബുദ്ധികൊണ്ട​‍്‌ തിട്ടപ്പെടുത്തുവാനോ സാധ്യമല്ലാത്തവണ്ണം ഗോപ്യമായിരിക്കും. തന്നാൽ കഴിയുന്ന എല്ലാ അടവുകളും മനുഷ്യരെ വഴിപിഴപ്പിക്കുവാൻ താൻ ഉപയോഗപ്പെടുത്തുമെന്ന്‌ അല്ലാഹുവിന്റെ മുമ്പാകെ പ്രതിജ്ഞയെടുത്തവനത്രെ പിശാച്‌.  ഈ വസ്തുത അല്ലാഹു ഖുർആൻ മുഖേന നമ്മെ ആവർത്തിച്ചറിയിച്ചിട്ടുളളതുമാകുന്നു.  (അഅ​‍്‌റാഫ്‌ 16, 17, ഹിജ്ര് 39, അൽകഹ്ഫ്‌ 50, ഫാത്വിർ 6, സ്വാദ്‌ 82 മുതലായ സ്ഥലങ്ങളിൽ നോക്കുക.) ചുരുക്കത്തിൽ പിശാചിൽ നിന്നുളള രക്ഷ അല്ലാഹുവിൽ നിന്ന്‌ തന്നെ നമുക്ക്‌ ലഭിക്കേണ്ട​‍ിയിരിക്കുന്നു.

മനുഷ്യരും പിശാചുക്കളുമാകുന്ന രണ്ട​‍ുതരം ശത്രുക്കളുടെയും ഉപദ്രവങ്ങളിൽ നിന്നുളള രക്ഷാമാർഗ്ഗങ്ങളെ സംബന്ധിച്ച്‌ ഒന്നിച്ച്‌ ഉപദേശം നൽകുന്ന ഖുർആൻ വചനങ്ങൾ പരിശോധിച്ചാൽ മേൽപറഞ്ഞ പരമാർത്ഥം-പശാചിന്റെ ഉപദ്രവങ്ങളിൽനിന്ന്‌ രക്ഷപ്പെടുവാനുളള ഏകമാർഗ്ഗം അല്ലാഹുവിനോട്‌ രക്ഷ തേടലാണെന്ന വസ്തുത-മനസ്സിലാക്കാവുന്നതാണ്‌.  ഇമാം ഇബ്നു കഥീർ (റ) ചൂണ്ട​‍ിക്കാട്ടിയത്‌ പോലെ, രണ്ട‍്‌ ശത്രുക്കളിൽ നിന്നുമുളള രക്ഷാ മാർഗ്ഗങ്ങളെപ്പറ്റി ഒന്നിച്ച്‌ വിവരിക്കുന്ന മൂന്ന്‌ സ്ഥലങ്ങളാണ്‌ ഖുർആനിലുളളത്‌,  ഇതാണവ:-


  1. خذ العفو وأمربالعرف-الى قوله سميع عليم -الاعراف 199-200
  2. ادفع بالتى من احسن السينة-الى قوله يضر -المؤمنون-96-98
  3. ادفع بالتى من الي قوله هو السميع العليم-حم السجدة-34-36


സാരം: 1. നീ മാപ്പ്‌ സ്വീകരിക്കുകയും, സദാചാരം-അഥവാ സൽക്കാര്യം-കൊണ്ട​‍്‌ കൽപിക്കുകയും, വിവരമില്ലാത്ത മൂഢൻമാരിൽനിന്ന്‌ തിരിഞ്ഞു കളയുകയും ചെയ്യുക.  പിശാചിൽനിന്ന്‌ വല്ല ദുഷ്പ്രേരണയും വല്ലപ്പോഴും നിന്നെ ഇളക്കിവിടുന്ന പക്ഷം, നീ അല്ലാഹുവിനോട്‌ ശരണം തേടുക.  നിശ്ചയമായും, അവൻ കേൾക്കുന്നവനും അറിയുന്നവനുമാണ്‌.  (അഅ​‍്‌റാഫ്‌ 199-200) 2.  കൂടുതൽ നന്നായുളളത്‌ ഏതാണോ അതുവഴി നീ തിന്മയെ തടുത്തുകൊളളുക. അവർ വർണ്ണിച്ചുകൊ ണ്ട​‍ിരിക്കുന്നതിനെപ്പറ്റി നാം ഏറ്റവുംഅറിയുന്നവനാകുന്നു.  `എന്റെ റബ്ബേ, പിശാചുക്കളുടെ ദുർമ്മന്ത്രങ്ങളിൽ നിന്ന്‌ ഞാൻ നിന്നിൽ ശരണം തേടുന്നു`  വെന്നും, `അവർ എന്റെ അടുക്കൽ സന്നിഹിതരാവുന്നതിനെക്കുറിച്ചും ഞാൻ നിന്നിൽ ശരണം തേടുന്നു` വെന്നും നീ പറയുകയും ചെയ്യുക. (മുഅ​‍്മിനൂൽ 96-98) 3.  കൂടുതൽ നന്നായുളളത്‌ കൊണ്ട‍്‌ നീ (തിൻമയെ) തടുത്തുകൊളളുക.  അങ്ങനെ ചെയ്താൽ യാതൊരുവനും നിനക്കുമിടയിൽ ശത്രുതയു​ണ്ടോ അവൻ ഒരു ഉറ്റ ബന്ധുവെന്നപോലെ ആയിത്തീരും.  ക്ഷമിക്കുന്നവർക്കല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല.: വമ്പിച്ച ഭാഗ്യമുളളവർക്കുമല്ലാതെ ഇക്കാര്യം എത്തപ്പെടുകയില്ല.  വല്ലപ്പോഴും പിശാചിൽ നിന്ന്‌ വല്ല ദുഷ്പ്രേരണയും നിന്നെ ഇളക്കിവിടുന്ന പക്ഷം, നീ അല്ലാഹുവിൽ ശരണം തേടിക്കൊളളുക. നിശ്ചയമായും, അവനത്രെ കേൾക്കുന്നവനും അറിയുന്നവനും. (ഹാമീം സജദ 34-36).

ശത്രു മനുഷ്യവർഗ്ഗത്തിൽ പെട്ടവനാണെങ്കിൽ, മയം, നയം, വിട്ടുവീഴ്ച, ഉപകാരം മുതലായവ വഴി  അവനെ സൗമ്യപ്പെടുത്തുകയും, അവനുമായുളള ബന്ധം നന്നാക്കിത്തീർക്കുകയും ചെയ്യാം.  ശത്രു പിശാചായിരിക്കുമ്പോൾ, അവൻ അദൃശ്യജീവി ആയതുകൊണ്ട‍്‌ അവനോട്‌ നയത്തിനോ, മയത്തിനോ മറ്റോ മാർഗ്ഗമില്ല.  അവനിൽ നിന്ന്‌ രക്ഷപ്പെടുവാൻ അല്ലാഹുവിൽ ശരണം തേടുകയേ നിവൃത്തിയുളളു എന്ന വസ്തുത ഈ വചനങ്ങളിൽ നിന്ന്‌ വ്യക്തമാണ്‌.  പിശാചിനെക്കുറിച്ച്‌ നാം സദാ ബോധവാൻമാരായിരിക്കേണ്ടതുണ്ട​‍്‌. അല്ലാഹു പറയുന്നു:


إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّ -سورة فاط 6 (നിശ്ചയമായും, പിശാച്‌ നിങ്ങൾക്ക്‌ ശത്രുവാകുന്നു അതിനാൽ, നിങ്ങളവനെ ശത്രുവാക്കി വെക്കുവിൻ.  അവൻ തന്റെ കക്ഷിയെ ക്ഷണിക്കുന്നത്‌ ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാരിൽ പെട്ടവരാകുവാൻ വേണ്ട​‍ിയാകുന്നു.  (ഫാത്വിർ 6) അപ്പോൾ, പൊതുവിൽ എല്ലാ സന്ദർഭങ്ങളിലും, വിശേഷിച്ച്‌ പിശാചിന്റെ ദുഷ്പ്രേരണകൾക്ക്‌ വശംവദരാകുവാനിടയുളള സന്ദർഭങ്ങളിലും നാം പിശാചിനെപ്പറ്റി അല്ലാഹുവിനോട്‌ രക്ഷ തേടേണ്ടതുണ്ട​‍്‌.

അല്ലാഹു പറയുന്നു:
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾سورة النحل  (നീ ഖുർആൻ ഓതുന്നതായാൽ ആട്ടപ്പെട്ട പിശാചിൽനിന്ന്‌ അല്ലാഹുവിനോട്‌ ശരണം തേടിക്കൊളളുക. (നഹ്ല് 98) ഈ വചനത്തെ അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതൻമാരും അഭിപ്രായപ്പെട്ടിട്ടുളളതും, പൊതുവെ അംഗീകരിക്കപ്പെട്ടുവരുന്നതും ഖുർആൻ പാരായണം ആരംഭിക്കുമ്പോൾ `അഊദു` ചൊല്ലേണ്ടതുണ്ട​‍്‌ എന്നത്രെ. ഹദീസിന്റെ പിൻബലവും ഈ അഭിപ്രായത്തിനുണ്ട​‍്‌.  ഖുർആൻ പാരായണത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന്‌ ഭംഗം വരുമാറ്‌ പിശാചിന്റെ ദുർമ്മന്ത്രങ്ങൾ ഏൽക്കാതിരിക്കുവാൻ ഇത്‌ ഉപകരിക്കുന്നു.  അവന്റെ ദുർമ്മന്ത്രത്തിന്‌ സന്ദർഭം കാണുന്നിടത്തൊക്കെ `അഊദു` ചൊല്ലുന്നത്‌ നന്നായിരിക്കുമെന്ന്‌ ബുഖാരി (റ) യും മറ്റും ഉദ്ധരിച്ച ഒരു ഹദീസിൽനിന്ന്‌ മനസ്സിലാക്കാവുന്നതാകുന്നു.  ഹദീസിന്റെ  പ്രസക്ത ഭാഗം ഇങ്ങനെ ഉദ്ധരിക്കാം:  `നബി (സ) യുടെ സാന്നിധ്യത്തിൽ വെച്ച്‌ രണ്ട​‍്‌ പേർ തമ്മിൽ ചീത്ത പറയുകയുണ്ട​‍ായി.  കോപം നിമിത്തം ഒരാളുടെ മുഖം ചുവന്നു. അപ്പോൾ, നബി (സ) പറഞ്ഞു: “എനിക്ക്‌ ഒരു വാക്ക്‌ അറിയാം. അതവൻ പറഞ്ഞിരുന്നെങ്കിൽ അവനിൽ കാണുന്ന ആ കോപം അവനെ വിട്ടുപോയേക്കുമായിരുന്നു അതെ.
أعوذ بالله من الشيطان الرجيم


പ്രസ്തുത ഖുർആൻ വചനത്തിന്റെ ബാഹ്യാവസ്ഥ കണക്കിലെടുത്ത്‌ കൊണ്ട​‍്‌ ഖുർആൻ പാരായണം ചെയ്യുമ്പോൾ `അഊദു` ചൊല്ലൽ നിർബ്ബന്ധമാണെന്ന്‌ പോലും ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു.  നിർബ്ബന്ധമെന്ന്‌ പറഞ്ഞുകൂടാ:  എങ്കിലും, പ്രധാനപ്പെട്ട ഒരു ഐഛികപുണ്യ കർമ്മമാണത്‌ എന്നത്രെ ഭൂരിപക്ഷം പണ്ഡിതൻമാരും പറയുന്നത്‌.  പാരായണം നമസ്ക്കാരത്തിൽ വെച്ചാവുമ്പോൾ, `അഊദു` പതുക്കെ ചൊല്ലുകയാണ്‌ വേണ്ടത്‌.  പിശാചിൽ നിന്ന്‌ നേരിട്ടേക്കാവുന്ന ആപത്തുകളുടെ ആധിക്യവും, നിഗൂഢതയും, ഗൗരവവും ആലോചിക്കുകയും, അവയിൽനിന്നുളള രക്ഷാമാർഗ്ഗം അല്ലാഹുവിന്റെ കാവൽ മാത്രമാണെന്ന്‌ ഓർക്കുകയും ചെയ്യുമ്പോഴേ `അഊദാ`കുന്ന പ്രാർത്ഥനയുടെ ഗൗരവം വേണ്ടതുപോലെ വിലയിരുത്തുവാൻ കഴിയുകയുളളു.

`ബിസ്മി` ചൊല്ലൽ - അഥവാ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കൽ
البسملة

അബൂബക്കർ സിദ്ദീഖ്‌ (റ)ന്റെ കാലത്ത്‌ ഖുർആൻ ക്രോഡീകരിച്ച്‌ എഴുതപ്പെട്ട ഒന്നാമത്തെ മുസ്വ്ഹഫ്‌ മുതൽക്കുളള എല്ലാ മുസ്വ്ഹഫുകളിലും സൂറത്തു-ത്തൗബ ഒഴിച്ചു മറ്റുളള 113 സൂറത്തുകളും ആരംഭിക്കുന്നത്‌ `ബിസ്മി` കൊണ്ട​‍ാകുന്നു.  (തൗബ സൂറത്തിൽ ബിസ്മി ഇല്ലാതിരിക്കുവാൻ കാരണം മുഖവുരയിൽ സൂചിപ്പിച്ചിട്ടുണ്ട​‍്‌.  കൂടുതൽ വിവരം യഥാസ്ഥാനത്തുവെച്ചും കാണാം.
ഇൻഷാ അല്ലഹ് കൂടാതെ, സൂറത്തുന്നംല്‌ 30­-​‍ാം വചനത്തിലും ഒരു `ബിസ്മി` അടങ്ങിയിരിക്കുന്നു.  ആ ബിസ്മി ആ വചനത്തിന്റെ ഒരു ഭാഗമാണെന്നുളളതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.  സൂറത്തുകളുടെ ആരംഭത്തിലുളള ബിസ്മികൾ ഖുർആനിൽ പെട്ടതാണോ, അല്ലേ എന്നുളളതിൽ പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട​‍്‌.  അവയുടെ ചുരുക്കം ഇതാണ്‌: (1) ഓരോന്നിലെയും ബിസ്മി ആ സൂറത്തിലെ ഒന്നാമത്തെ ആയത്താകുന്നു.  (2) അതതു സൂറത്തുകളിലെ ഒന്നാം ആയത്തിന്റെ ഒരു ഭാഗമാണ്‌ ബിസ്മി.  (3) സൂറത്തുൽഫാതിഹയിൽ മാത്രം ഒന്നാമത്തെ ആയത്താകുന്നു.  മറ്റു സൂറത്തുകളിലേത്‌ സൂറത്തുകൾ തമ്മിൽ തിരിച്ചറിയുവാനായി ആരംഭത്തിൽ കൊടുത്തിട്ടുളളതുമാകുന്നു.  (4) ഫാതിഹ അടക്കം എല്ലാ സൂറത്തുകളുടെയും ആരംഭം കുറിക്കുന്നതാണവ.  അഥവാ ഒന്നും തന്നെ അതതു സൂറത്തുകളിലെ ആയത്തുകളല്ല.  ഓരോ അഭിപ്രായക്കാർക്കും ഹദീസുകളിൽനിന്നും മറ്റുമായി ഉദ്ധരിക്കുവാനുളള ന്യായങ്ങളും, തെളിവുകളും ഉദ്ധരിക്കുന്നപക്ഷം അത്‌ കുറേ ദീർഘീച്ചുപോകുന്നതാണ്‌.

ഒരു കാര്യം തീർത്തു പറയാം:  ഖുർആൻ പാരായണം തുടങ്ങുമ്പോഴും, സൂറത്തുകളുടെ ആരംഭത്തിലും-ഫാത്തിഹ: യുടെ ആരംഭത്തിൽ വിശേഷിച്ചും-`ബിസ്മി` ചൊല്ലൽ ആവശ്യമാകുന്നു.  നബി (സ) തിരുമേനിക്ക്‌ അവതരിച്ച ഒന്നാമത്തെ ഖുർആൻ വചനം
اقرأ بسم ربك  (നീ നിന്റെ റബ്ബിന്റെ നാമത്തിൽ വായിക്കുക) എന്നായിരുന്നു.  റബ്ബിന്റെ നാമത്തിൽ ആരംഭിക്കുന്നതിന്റെ പ്രാവർത്തികരൂപം `ബിസ്മി` മുഖേന നമുക്ക്‌ നബി (സ) കാട്ടിത്തന്നിട്ടുമുണ്ട​‍്‌.  നബി (സ) യുടെ ഖുർആൻ പാരായണത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ, തിരുമേനി പാരായണം ചെയ്തിരുന്നത്‌ നീട്ടി നീട്ടിക്കൊണ്ട​‍ായിരുന്നുവെന്ന്‌ അനസ്‌ (റ) പ്രസ്താവിച്ചതായും, അനന്തരം അദ്ദേഹം `ബിസ്മില്ലാഹി` എന്നും, `അർ-റഹ്മാനി` എന്നും, `അർ -റഹീം` എന്നും നീട്ടി നീട്ടികൊണ്ട​‍്‌ ചൊല്ലിക്കാട്ടിയതായും ബുഖാരി (റ) രേഖപ്പെടുത്തിയിരിക്കുന്നു.  തിരുമേനി ബിസ്മിയോടുകൂടിയാണ്‌ ഖുർആൻ പാരായണം ചെയ്തിരുന്നതെന്നാണ്‌ ഇതിൽ നിന്ന്‌ മനസ്സിലാക്കുന്നത്‌.  കൂടാതെ, ഉമ്മുസലമ: (റ) യിൽ നിന്ന്‌ അഹ്മദ്‌, അബൂദാവൂദ്‌, ഹാകിം (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീസിൽ, തിരുമേനിയുടെ ഓത്ത്‌ മുറിച്ച്‌ മുറിച്ചുകൊണ്ട​‍്‌ (ആയത്തുകൾ തമ്മിൽ കൂട്ടിച്ചേർത്ത്‌ ഓതാതെ) ആയിരുന്നുവെന്ന്‌ അവർ പറഞ്ഞതായും, ബിസ്മിയും ഫാത്തിഹ:യിലെ രണ്ട​‍്‌ ആയത്തുകളും ഓതിക്കൊണ്ട​‍്‌ അതിന്നവർ ഉദാഹരണം കാട്ടിക്കൊടുത്തതായും വന്നിരിക്കുന്നു.

ഖുർആൻ പാരായണവേളയിൽ മാത്രമല്ല, നല്ലതും വേണ്ടപ്പെട്ടതുമായ ഏതൊരു കാര്യം തുടങ്ങുമ്പോഴും അത്‌ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കേണ്ടതാണെന്ന്‌-അഥവാ ബിസ്മിയോടുകൂടി തുടങ്ങണമെന്ന്‌-നബി (സ) തിരുമേനിയുടെ ചര്യയിൽ നിന്ന്‌ പൊതുവിൽ അറിയപ്പെട്ട ഒരു സംഗതിയാകുന്നു.  ചില പ്രത്യേക സന്ദർഭങ്ങളിൽ ബിസ്മി ചൊല്ലുവാൻ നിർദ്ദേശിക്കുന്ന ഹദീസുകളും നിലവിലുണ്ട​‍്‌.  ജലപ്രളയത്തിൽനിന്ന്‌ രക്ഷപ്പെടുവാനായി അല്ലാഹുവിന്റെ കൽപന പ്രകാരം നൂഹ്‌ (അ) നബി കപ്പലിൽ കയറിയപ്പോൾ `ബിസ്മില്ലാഹി` എന്ന്‌ പറഞ്ഞതായും (ഹൂദ്‌ 41) യമനിലെ രാജ്ഞിക്ക്‌ സുലൈമാൻ (അ) നബി അയച്ച കത്തിന്റെ ആദ്യത്തിൽ `ബിസ്മി` മുഴുവനും എഴുതിയിരുന്നതായും (നംല്‌ 30) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.  പ്രധാന കാര്യങ്ങൾ ബിസ്മികൊണ്ട​‍്‌ ആരംഭിക്കുന്ന സ്വഭാവം പൂർവ്വ പ്രവാചകൻമാർ മുതൽക്കേയുളള പതിവാണെന്ന്‌ ഇതിൽനിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്‌.

നല്ല കാര്യങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നതിൽ പല യുക്തിരഹസ്യങ്ങളും അടങ്ങിയിട്ടു​‍െണ്ടന്ന്‌ അൽപം ആലോചിച്ചാൽ ആർക്കും മനസ്സിലാകും.  നല്ലത്‌ ചെയ്യാനുളള പ്രചോദനവും, കഴിവും, സാഹചര്യവും നൽകുന്നത്‌ അല്ലാഹുവാണല്ലോ.  ഈ അനുഗ്രഹത്തിന്റെ സ്മരണയും, അതിനുളള ഒരു നന്ദിയുമായിരിക്കും അത്‌.  ആരംഭിക്കുന്ന കാര്യം വേണ്ടതുപോലെ നിറവേറ്റുവാനുളള സഹായം, അതിന്‌ പ്രതിബന്ധമായിത്തീരുന്ന കാര്യങ്ങളിൽ നിന്നുളള രക്ഷ, പ്രത്യേകിച്ചും പിശാചിന്റെ ഇടപെടലിൽ നിന്നുളള കാവൽ, ആ കാര്യം അല്ലാഹുവിങ്കൽ സ്വീകാര്യമായതായിരിക്കുവാനുളള ഭാഗ്യം ഇതെല്ലാം അല്ലാഹുവിൽനിന്ന്‌ മാത്രം ലഭിക്കേണ്ട​‍ുന്നവയാണ്‌.  ആ നിലക്ക്‌ അവന്റെ നാമവും അവന്റെ കൃപാകടാക്ഷവും ഓർത്തും ഉച്ചരിച്ചും കൊണ്ട​‍ുളള ശുഭസൂചകമായ ആ തുടക്കം അതിന്റെ പര്യവസാനം ശുഭകരമായത്തീരുവാനും കാരണമാകുന്നതാണ്‌.  ഒരാൾ ഒരു സൽക്കാര്യം തന്നെ ചെയ്യുന്നുവെന്ന്‌ വെക്കുക.  ആ അവസരത്തിൽ അല്ലാഹുവിനെക്കുറിച്ചുളള വിചാരവികാരമൊന്നും കൂടാതെയാണ്‌ അയാൾ അത്‌ ചെയ്യുന്നതെങ്കിൽ, ആ കാര്യം ചെയ്തതിന്റെ പേരിൽ അല്ലാഹുവിന്റെ പ്രീതിക്കോ പ്രതിഫലത്തിനോ അയാൾക്ക്‌ അവകാശമില്ല.

നമസ്ക്കാരത്തിലാകുമ്പോൾ ബിസ്മി ഉറക്കെ ചൊല്ലുന്നതോ, പതുക്കെ ചൊല്ലുന്നതോ നല്ലത്‌ ?  ഇതിൽ പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമാണുളളത്‌.  രണ്ട​‍ും തീർത്തു പറയത്തക്കവണ്ണം ഹദീസുകളിൽ നിന്ന്‌ തെളിവ്‌ ലഭിക്കാത്തതും, ബിസ്മി ഖുർആനിലെ ഒരു ആയത്താണോ അല്ലേ എന്ന വിഷയത്തിലുളള വ്യത്യസ്താഭിപ്രായങ്ങളുമാണ്‌ ഈ ഭിന്നിപ്പിന്‌ കാരണം. എങ്കിലും നമസ്കാരത്തിൽവെച്ച്‌ ബിസ്മി ഉറക്കെ ചൊല്ലിയാലും, പതുക്കെ ചൊല്ലിയാലും നമസ്കാരത്തിന്‌ അത്മൂലം ഭംഗം നേരിടുമെന്ന്‌ ആരും പറയുന്നില്ല.  രണ്ട​‍ിലൊന്ന്‌ നിർബന്ധമാണെന്നും ആർക്കും അഭിപ്രായമില്ല.  രണ്ട​‍ിൽ ഏതാണ്‌ നല്ലത്‌ എന്നതിൽ മാത്രമേ ഭിന്നിപ്പുളളു.  ഇമാം ഇബ്നു ഖയ്യിം (റ) അദ്ദേഹത്തിന്റെ പ്രസിദ്ധ നബിചര്യാഗ്രന്ഥമായ സാദുൽ മആദി
(زاد المعاد) ൽ നബി (സ) യുടെ നമസ്കാരത്തിന്റെ രൂപം വിവരിക്കുന്ന മദ്ധ്യേ ഇങ്ങിനെ പ്രസ്താവിക്കുന്നു: `.....പിന്നീട്‌ തിരുമേനി അഊദു ചൊല്ലും.  പിന്നെ ഫാത്തിഹാ സൂറത്ത്‌ ഓതും. ചിലപ്പോൾ ഉറക്കെ ബിസ്മി ചൊല്ലും.  ഉറക്കെ ചൊല്ലുന്നതിനേക്കാൾ അധികം അവിടുന്ന്‌ പതുക്കെ ചൊല്ലുകയായിരുന്നു ചെയ്തിരുന്നത്‌.  രാവും പകലും അഞ്ചുനേരങ്ങളിൽ അവിടുന്ന്‌ പതിവായി യാത്രയിൽവെച്ചും നാട്ടിൽവെച്ചും ഉറക്കെ ചൊല്ലി വരികയും, എന്നിട്ടത്‌ ഖുലഫാഉ-റാശീദിനും, ഭൂരിപക്ഷം സഹാബികൾക്കും, ആ നല്ലകാലക്കാരായ നാട്ടുകാർക്കും അജ്ഞാതമായിരിക്കുകയും ചെയ്യുക സംഭവ്യമല്ലതന്നെ......` `അഉ​‍ൂദി`നെപ്പറ്റി പ്രസ്താവിച്ചതുപോലെതന്നെ, ബിസ്മിയെ സംബന്ധിച്ചുളള അഭിപ്രായ വ്യത്യാസങ്ങളും, ഓരോ അഭിപ്രായത്തിനും ഹദീസുകളെയോ മറ്റോ ആധാരമാക്കിക്കൊണ്ട​‍ുളള ന്യായീകരണങ്ങളും ഇവിടെ ഉദ്ധരിച്ചു ദീർഘിപ്പിക്കുന്നില്ല.  (ഫിഖ്ഹു ഗ്രന്ഥങ്ങളാണതിന്റെ സ്ഥാനം.)  ഉദ്ധരിക്കുവാനുളള ഹദീസുകളാകട്ടെ,-ഇബ്നുഖയ്യിം (റ) പറഞ്ഞതുപോലെ-ഒന്നുകിൽ വിഷയം വ്യക്തമല്ലാത്തതോ, അല്ലെങ്കിൽ ദുർബ്ബലങ്ങളോ ആണുതാനും.

എങ്കിലും അവയിൽനിന്ന്‌ ഇത്രയും സംഗതികൾ നമുക്ക്‌ മനസ്സിലാക്കുവാൻ കഴിയും: (1) സൂറത്തുകളുടെ ആരംഭങ്ങളിലുളള ഓരോ ബിസ്മിയും സൂറത്തിലെ ഓരോ ആയത്തോ, ആയത്തിന്റെ ഭാഗമോ ആണെങ്കിലും അല്ലെങ്കിലും ശരി, അവ പൊതുവിൽ ഖുർആനിൽ ഉൾപ്പെട്ടതും, അതോടൊപ്പം സൂറത്തുകളുടെ തുടക്കം കുറിക്കുന്നതുമാകുന്നു.  ഉസ്മാൻ (റ) തയ്യാറാക്കിയ ഒന്നാമത്തെ പകർപ്പ്‌ മുസ്വ്ഹഫ്‌ മുതൽ ഇന്നേവരെയുളള എല്ലാ മുസ്വ്ഹഫുകളിലും, തൗബ ഒഴികെ ഓരോ സൂറത്തിന്റെയും ആരംഭത്തിൽ `ബിസ്മി` എഴുതപ്പെട്ടിട്ടുളളതുതന്നെ ഇതിന്‌ തെളിവാകുന്നു. (2) ഖുർആൻ പാരായണം ചെയ്യുമ്പോൾ ആദ്യം `അഊദും,` പിന്നീട്‌ `ബിസ്മി` യും ചൊല്ലേണ്ടതാണ്‌.  (3) ഓരോ സൂറത്തും `ബിസ്മി`യോട്‌ കൂടി  ഓതുകയാണ്‌ വേണ്ടത്‌.  (4) നമസ്കാരത്തിലാവുമ്പോൾ `അഊദു` പതുക്കെ ഓതണം.  `ബിസ്മി` പതുക്കെയും, ഉറക്കെയും ആവാമെങ്കിലും കൂടുതൽ നല്ലത്‌ പതുക്കെയാകുന്നു.
الله اعلم  ഇനി നമുക്ക്‌ സൂറത്തിലേക്ക്‌ പ്രവേശിക്കാം.  അല്ലാഹു പറയുന്നു:-