Monday, October 7, 2013

Chapter 2 Surat Al-Baqarah 13-16

وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَـٰكِن لَّا يَعْلَمُونَ ﴿١٣ وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَىٰ شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ ﴿١٤ اللَّـهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ ﴿١٥أُولَـٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ فَمَا رَبِحَت تِّجَارَتُهُمْ وَمَا كَانُوا مُهْتَدِينَ ﴿١٦
അമാനി മൗലവി
13 ''മനുഷ്യര്‍ വിശ്വസിച്ചതുപോലെ വിശ്വസിക്കുവിന്‍'' എന്ന് അവരോട് പറയപ്പെട്ടാല്‍,- അവര്‍ പറയും: ''ഭോഷന്‍മാര്‍ വിശ്വസിച്ചതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ!'' അല്ലാ (-അറിയുക)! നിശ്ചയമായും, അവര്‍ തന്നെയാണ് ഭോഷന്‍മാര്‍. എങ്കിലും, അവര്‍ക്ക് അറിഞ്ഞുകൂടാ.

14 വിശ്വസിച്ചവരെ അവര്‍ കണ്ടുമുട്ടിയാല്‍ അവര്‍ പറയും: ''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'' എന്ന്. അവര്‍ തങ്ങളുടെ പിശാചുക്കളിലേക്ക് (ചെന്ന്) തനിച്ചായാല്‍ അവര്‍ പറയുകയും ചെയ്യും : ''ഞങ്ങള്‍ നിങ്ങളുടെ കൂടെ(ത്തന്നെ)യാണ്; ഞങ്ങള്‍ (അവരെ) പരിഹസിക്കുന്നവര്‍ മാത്രമാകുന്നു.''

15 അല്ലാഹു അവരെ പരിഹസിക്കുന്നു; അവരുടെ അതിര് കവിച്ചലില്‍ (അന്തംവിട്ട്) അലഞ്ഞ് നടക്കുമാറ് അവരെ അയച്ചു വിടുകയും ചെയ്യുന്നു.

16 അക്കൂട്ടര്‍, സന്മാര്‍ഗത്തിനു(പകരം) ദുര്‍മാര്‍ഗ്ഗം (വിലക്കു) വാങ്ങിയിട്ടുള്ളവരത്രെ.  എന്നാല്‍, അവരുടെ  കച്ചവടം ലാഭകരമായില്ല;  അവര്‍ (ഉദ്ദിഷ്ട) മാര്‍ഗ്ഗം പ്രാപിച്ചവരായതുമില്ല.
അബ്ദുൽ ഹമീദ് & പറപ്പൂർ
മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല. (13)വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും: ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു. (14) എന്നാല്‍ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും, അതിക്രമങ്ങളില്‍ വിഹരിക്കുവാന്‍ അവരെ അയച്ചുവിട്ടിരിക്കുകയുമാകുന്നു. (15) സന്മാര്‍ഗം വിറ്റ് പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (16)

ങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്‌ലിംകളാണെന്നുമൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ, നിങ്ങളുടെ പ്രവര്‍ത്തനങ്ങളും നടപടിയുമാണെങ്കില്‍ അതിനു കടക വിരുദ്ധവുമാണ്. നിങ്ങള്‍ പറയുന്നത് നേരാണെങ്കില്‍ ഈ നിലമാറ്റി യഥാര്‍ത്ഥ സത്യവിശ്വാസികള്‍ വിശ്വസിച്ചതുപോലെയുള്ള വിശ്വാസം നിങ്ങള്‍ സ്വീകരിക്കേണ്ടതാണ് എന്നൊക്കെയാണ്
امنو كما امن الناس (മനുഷ്യര്‍ വിശ്വസിച്ചതുപോലെ വിശ്വസിക്കുവിന്‍) എന്നു പറഞ്ഞതിന്റെ താല്‍പര്യം. ഇവിടെ 'മനുഷ്യര്‍' എന്ന് പറഞ്ഞത് നബി(സ) യില്‍ വിശ്വസിച്ചുകഴിഞ്ഞ സത്യവിശ്വാസികളെപ്പറ്റിയാണെന്ന് വ്യക്തമാണ്. അവരെപ്പറ്റി 'മനുഷ്യര്‍' എന്ന് പറഞ്ഞതില്‍ അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍-അവരെപ്പോലെ നിങ്ങളും മനുഷ്യത്വഗുണമുള്ളവരാകേണ്ടതാണ്-നിങ്ങളുടെ ഈ നിലപാട് മനുഷ്യത്വത്തിന് യോജിച്ചതല്ല എന്നൊക്കെ ചില സൂചനകള്‍ അടങ്ങിയിരിക്കുന്നത് കാണാം.
الله اعلم നബി (സ)യും ഉള്‍പ്പെടുന്ന അതേ സത്യവിശ്വാസികളെപ്പറ്റിതന്നെയാണ് കപട വിശ്വാസികള്‍ ഭോഷന്‍മാര്‍ എന്ന് വിശേഷിപ്പിച്ചതും. അവരൊക്കെ തനി ഭോഷന്‍മാരായതുകൊണ്ടാണ് അത്രത്തോളം ആ വിശ്വാസത്തില്‍ ലയിക്കുവാന്‍ കാരണം, ഞങ്ങള്‍ അതിനുമാത്രം അധ:പതിച്ചിട്ടില്ല, അവരെപ്പോലെയുള്ള വിശ്വാസം സ്വീകരിക്കുവാന്‍ ഞങ്ങളെ കിട്ടുകയില്ല എന്നൊക്കെയാണ് മറുപടിയില്‍ അവര്‍ വ്യംഗ്യമായി സൂചിപ്പിക്കുന്നത്. വാസ്തവം നേരെമറിച്ചാണുള്ളത്. യഥാര്‍ത്ഥ ഭോഷന്‍മാര്‍ അവരല്ലാതെ മറ്റാരുമല്ല, പക്ഷേ, അത് മനസ്സിലാക്കുവാനുള്ള തമേടവും വിവേകവും അവര്‍ക്കില്ല എന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

ഇരു മുഖന്മാരാണല്ലോ കപടവിശ്വാസികള്‍. സത്യവിശ്വാസികളുടെ അടുക്കല്‍ വരുമ്പോള്‍ തങ്ങളും സത്യവിശ്വാസികളെന്നോണം അഭിനയിക്കും. മുസ്‌ലിംകളെ തൃപ്തിപ്പെടുത്തലും 'ഗനീമത്തു' (യുദ്ധത്തില്‍ ലഭിച്ചേക്കുന്ന സ്വത്തു)കള്‍ മുതലായവയില്‍ പങ്കുലഭിക്കലുമാണവരുടെ ലക്ഷ്യം. അവിടംവിട്ടു തങ്ങളുടെ യഥാര്‍ത്ഥ കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും അടുക്കല്‍ ചെല്ലുമ്പോള്‍ ഉള്ളിലിരിപ്പ് അവരോട് തുറന്നു പറയുകയും ചെയ്യും. ഞങ്ങള്‍ മുസ്‌ലിംകളുമായി പെരുമാറുന്നതുകണ്ട് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ടതില്ല. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ പക്ഷക്കാര്‍ തന്നെയാകുന്നു. പരിഹാസത്തിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ സമീപിക്കുന്നത്. നിങ്ങളുടെ നന്‍മയാണ് ഞങ്ങളുടെ ലക്ഷ്യം എന്നൊക്കെ. ഇതിനെപ്പററിയാണ് 14-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. അവരുടെ ഈ പരിഹാസത്തെ അല്ലാഹു വെറുതെ വിടുവാന്‍ പോകുന്നില്ല എന്ന് 145-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇഹത്തിലും പരത്തിലും അല്ലാഹു അവരെ പരിഹസിക്കുകയും നിന്ദിക്കുകയും തന്നെ ചെയ്യും; തല്‍ക്കാലം അവരുടെ ഇഷ്ടംപോലെ മതിമറന്നു നടക്കട്ടെ എന്നുവെച്ച് അവരെ അയച്ചുവിടുകയാണ് ചെയ്യുന്നത്. പെട്ടെന്ന് നടപടി എടുക്കുന്നില്ല. അല്ലാഹുവിന്റെ പിടിയില്‍ ഒതുങ്ങാതെ രക്ഷപ്പെടുവാന്‍ അവര്‍ക്കു കഴിയുകയില്ല.

شياطينهم (അവരുടെ പിശാചുക്കള്‍) എന്നുപറഞ്ഞത് ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ യഹൂദികളിലും, ശിര്‍ക്കിന്റെ നേതാക്കളിലുമുള്ള അവരുടെ സുഹൃത്തുക്കളും വേഴ്ചക്കാരുമാകുന്നു.
الله يستهزئ بهم (അല്ലാഹു അവരെ പരിഹസിക്കും) എന്നു പറഞ്ഞതിന്റെ താത്പര്യം അവരുടെ പരിഹാസപ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷാ നടപടി എടുക്കുമെന്നത്രെ.
وجزاء سيئة سيئة مثلها (ഒരു തിന്‍മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്‍മയാകുന്നു. (42:40) കുറ്റത്തിനനുസരിച്ചായിരിക്കും അതിന്റെ പേരിലുള്ള ശിക്ഷാനടപടി എന്നു സാരം.

കയ്‌വശമുള്ള ഒരു വസ്തുവിന് പകരം മറ്റൊരു വസ്തു സ്വീകരിക്കുന്നതിനാണ് വിലക്കു വാങ്ങുക എന്നും, കച്ചവടം നടത്തുക എന്നു പറയുന്നത്. ഇങ്ങോട്ടു പകരം ലഭിക്കുന്ന വസ്തു അങ്ങോട്ടു കൊടുക്കുന്നതിനെക്കാള്‍ ലാഭകരമോ പ്രയോജനകരമോ ആണെന്ന് കാണുമ്പോഴാണ് ക്രയവിക്രയം സ്വാഭാവികമായി ഉണ്ടാകാറുള്ളത്. ചുരുങ്ങിയപക്ഷം അങ്ങോട്ടുകൊടുത്തതും ഇങ്ങോട്ടു ലഭിച്ചതും സമവില കണക്കാക്കപ്പെടുന്നതെങ്കിലുമായിരിക്കണം. അല്ലാത്തപക്ഷം ആ കച്ചവടം നഷ്ടകരമായിത്തീരുന്നു. മുനാഫിഖുകളെ സംബന്ധിച്ചിടത്തോളം അവരുടെ കച്ചവടം ലാഭകരമായില്ലെന്ന് മാത്രമല്ല, ഇറക്കിയ മൂലധനം രക്ഷപ്പെട്ടുകിട്ടുകപോലുമുണ്ടായില്ല. അതും നഷ്ടപ്പെടുകയാണുണ്ടായത് ഖത്താദ : (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടത് പോലെ, സന്‍മാര്‍ഗ്ഗത്തില്‍ നിന്ന് ദുര്‍മാര്‍ഗ്ഗത്തിലേക്കും, യോജിപ്പില്‍നിന്ന് ഭിന്നിപ്പിലേക്കും, അഭയത്തില്‍ നിന്ന് ഭയത്തിലേക്കും, സദാചാരത്തില്‍ നിന്ന് ദുരാചാരത്തിലേക്കും വഴുതിപ്പോകുകയാണവര്‍ ചെയ്തത്.

നല്ലതും ചീത്തയും തിരിച്ചറിയുവാനും അന്വേഷിക്കുവാനുമുള്ള ബുദ്ധിയും ചിന്താശക്തിയും അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് റസൂലിനെ അയച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹം മുഖാമുഖമായി അവരെ സത്യത്തിലേക്ക് ക്ഷണിച്ചു. ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിച്ചുകൊണ്ടുള്ള ഒരു വേദഗ്രന്ഥം അവരുടെ മുമ്പില്‍ തുറന്നുവെക്കുകയും ചെയ്തു. മനസ്സിലിരിപ്പ് എന്തുതന്നെയായിരുന്നാലും അതില്‍ തങ്ങള്‍ക്കുള്ള വിശ്വാസം വാഗ്മൂലം അവര്‍ രേഖപ്പെടുത്തുകയും, സന്ദര്‍ഭം വരുമ്പോള്‍ അതാവര്‍ത്തിച്ചും അഭിനയിച്ചും കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങിനെ സന്മാര്‍ഗ്ഗമാകുന്ന മൂലധനം അവര്‍ക്കു കൈവന്നു. അതവര്‍ ഉപയോഗപ്പെടുത്തുകയോ വളര്‍ത്തുകയോ അല്ല-അതിനെ പുറംതള്ളുകയും പകരം കല്‍പ്പിച്ചുകൂട്ടി ദുര്‍മാര്‍ഗ്ഗം ഏറ്റെടുക്കുകയുമാണ്-ചെയ്തത്, ഇതാണവര്‍ ചെയ്ത കച്ചവടം. സന്‍മാര്‍ഗ്ഗം എന്തെന്നറിയാതെ, അല്ലെങ്കില്‍ അത് പ്രാപിക്കുവാന്‍ അവസരം കിട്ടാതെ ദുര്‍മാര്‍ഗ്ഗത്തില്‍ പതിച്ചവരാണവര്‍. കൈവന്നശേഷം അത് വലിച്ചെറിയുകയാണവര്‍ ചെയ്തത്. സന്‍മാര്‍ഗ്ഗം നിശ്ശേഷം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, അവരുടെ ഉദ്ദേശ്യങ്ങളൊന്നും നിറവേറിയതുമില്ല.

Chapter 2 Surat Al-Baqarah 11-12

 وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ﴿١٢
അമാനി മൗലവി
11 അവരോട്, ''നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍]നാശമുണ്ടാക്കരുത് '' എന്നു പറയപ്പെട്ടാല്‍ - അവര്‍ പറയും : ''നിശ്ചയമായും,ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു.'' എന്ന്
12 അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.
അബ്ദുൽ ഹമീദ് & പറപ്പൂർ
നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. (11) എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. (12) 

സത്യനിഷേധം, സത്യവിശ്വാസികളെ കബളിപ്പിക്കല്‍, ജന്മദ്ധ്യെ ആശയക്കുഴപ്പം സൃഷ്ടിക്കല്‍, വാക്കിനെതിരായ പ്രവര്‍ത്തനം, ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള രഹസ്യബന്ധങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള അവരുടെ ചെയ്തികളെ ഉദ്ദേശിച്ചാണ് നാട്ടില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയുന്നത്. നാട്ടില്‍ രക്തച്ചൊരിച്ചിലും ജീവനാശവും, അസമാധാനവും ഉണ്ടാക്കുന്നതാണല്ലോ ഇതെല്ലാം. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കുവാനോ, അനുകൂലമായ മറുപടിപോലും പറയുവാനോ ആ കപടന്‍മാര്‍ തയ്യാറില്ലെന്നു മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതെല്ലാം നാട്ടിനു നന്മയും ആവശ്യവുമാണെന്ന് അവകാശപ്പെടുകയായിരിക്കും അവര്‍ ചെയ്യുക. ശത്രുവിഭാഗവുമായുള്ള കൂട്ടുകെട്ട് കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് മുസ്‌ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കുകയാണ് എന്നും മറ്റും തങ്ങളുടെ ചെയ്തികളെ അവര്‍ ന്യായീകരിക്കുകയും ചെയ്യും. ഇതെല്ലാം തനി പൊയ്‌വാക്കുകളാണ്; നാശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്; ഇരുമുഖികളായ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ നാട്ടില്‍ നാശവും കുഴപ്പവും ഉണ്ടാക്കിത്തീര്‍ക്കുക; ഇതൊന്നും ഗ്രഹിക്കുവാനുള്ള തമേടമോ, നന്‍മയും നാശവും തിരിച്ചറിയുവാനുള്ള വിവേകമോ അവര്‍ക്കില്ല എന്നൊക്കെയാണ് ഇവരുടെ മറുപടിയെക്കുറിച്ച് അല്ലാഹു പറഞ്ഞതിന്റെ സാരം.

ഇവിടെയും, മറ്റു പല സ്ഥലങ്ങളിലും കപടവിശ്വാസികളുടേതായി അല്ലാഹു പ്രസ്താവിച്ച ലക്ഷണങ്ങളും സ്വഭാവങ്ങളും മുഴവനുമോ ഏതാനുമോ ഒത്തിണങ്ങിയ മുസ്‌ലിം നാമധാരികളുടെ എണ്ണം കാലം ചെല്ലുംതോറും-ഇക്കാലത്ത് വിശേഷിച്ചും- പെരുകിക്കൊണ്ടിരിക്കയാണ്. മുസ്‌ലിം കുടുംബത്തിലും സമുദായത്തിലും പിറന്ന് വളര്‍ന്നവരാകകൊണ്ട് തങ്ങള്‍ മുസ്‌ലിംകളല്ലെന്ന് തുറന്നുപറയുവാന്‍ അവര്‍ക്ക് മടിയോ ധൈര്യക്കുറവോ ഉണ്ടായിരിക്കും. വേണമെങ്കില്‍, തങ്ങള്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും ഗുണകാംക്ഷികളും സമുദായോദ്ധാരകന്‍മാരുമാണെന്ന് നടിക്കുകയും ചെയ്യും. ഇസ്‌ലാമിനെ തുരങ്കം വെക്കുന്ന നിരീശ്വര നിര്‍മിത യുക്തിവാദങ്ങളും, ഭൗതിക താല്‍പര്യങ്ങളുമായിരിക്കും അവരുടെ യഥാര്‍ത്ഥ കൈമുതല്‍ . മുസ്‌ലിം ബഹുജനങ്ങളില്‍നിന്നും അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശിപ്പിച്ചുകൊണ്ട് പുരോഗമനത്തിന്റെപേരില്‍ കാലത്തിനൊത്ത കോലം കെട്ടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. സത്യവിശ്വാസികള്‍ ഇത്തരക്കാരെ ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളെക്കാള്‍ സൂക്ഷിച്ചിരിക്കേണ്ടതാകുന്നു.والله المستعان