Monday, October 7, 2013

Chapter 2 Surat Al-Baqarah 11-12

 وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴿١١ أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ ﴿١٢
അമാനി മൗലവി
11 അവരോട്, ''നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍]നാശമുണ്ടാക്കരുത് '' എന്നു പറയപ്പെട്ടാല്‍ - അവര്‍ പറയും : ''നിശ്ചയമായും,ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു.'' എന്ന്
12 അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.
അബ്ദുൽ ഹമീദ് & പറപ്പൂർ
നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. (11) എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല. (12) 

സത്യനിഷേധം, സത്യവിശ്വാസികളെ കബളിപ്പിക്കല്‍, ജന്മദ്ധ്യെ ആശയക്കുഴപ്പം സൃഷ്ടിക്കല്‍, വാക്കിനെതിരായ പ്രവര്‍ത്തനം, ഇസ്‌ലാമിന്റെ ശത്രുക്കളുമായുള്ള രഹസ്യബന്ധങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള അവരുടെ ചെയ്തികളെ ഉദ്ദേശിച്ചാണ് നാട്ടില്‍ നാശമുണ്ടാക്കരുതെന്ന് അവരോട് പറയുന്നത്. നാട്ടില്‍ രക്തച്ചൊരിച്ചിലും ജീവനാശവും, അസമാധാനവും ഉണ്ടാക്കുന്നതാണല്ലോ ഇതെല്ലാം. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കുവാനോ, അനുകൂലമായ മറുപടിപോലും പറയുവാനോ ആ കപടന്‍മാര്‍ തയ്യാറില്ലെന്നു മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതെല്ലാം നാട്ടിനു നന്മയും ആവശ്യവുമാണെന്ന് അവകാശപ്പെടുകയായിരിക്കും അവര്‍ ചെയ്യുക. ശത്രുവിഭാഗവുമായുള്ള കൂട്ടുകെട്ട് കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നത് മുസ്‌ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കുകയാണ് എന്നും മറ്റും തങ്ങളുടെ ചെയ്തികളെ അവര്‍ ന്യായീകരിക്കുകയും ചെയ്യും. ഇതെല്ലാം തനി പൊയ്‌വാക്കുകളാണ്; നാശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്; ഇരുമുഖികളായ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥത്തില്‍ നാട്ടില്‍ നാശവും കുഴപ്പവും ഉണ്ടാക്കിത്തീര്‍ക്കുക; ഇതൊന്നും ഗ്രഹിക്കുവാനുള്ള തമേടമോ, നന്‍മയും നാശവും തിരിച്ചറിയുവാനുള്ള വിവേകമോ അവര്‍ക്കില്ല എന്നൊക്കെയാണ് ഇവരുടെ മറുപടിയെക്കുറിച്ച് അല്ലാഹു പറഞ്ഞതിന്റെ സാരം.

ഇവിടെയും, മറ്റു പല സ്ഥലങ്ങളിലും കപടവിശ്വാസികളുടേതായി അല്ലാഹു പ്രസ്താവിച്ച ലക്ഷണങ്ങളും സ്വഭാവങ്ങളും മുഴവനുമോ ഏതാനുമോ ഒത്തിണങ്ങിയ മുസ്‌ലിം നാമധാരികളുടെ എണ്ണം കാലം ചെല്ലുംതോറും-ഇക്കാലത്ത് വിശേഷിച്ചും- പെരുകിക്കൊണ്ടിരിക്കയാണ്. മുസ്‌ലിം കുടുംബത്തിലും സമുദായത്തിലും പിറന്ന് വളര്‍ന്നവരാകകൊണ്ട് തങ്ങള്‍ മുസ്‌ലിംകളല്ലെന്ന് തുറന്നുപറയുവാന്‍ അവര്‍ക്ക് മടിയോ ധൈര്യക്കുറവോ ഉണ്ടായിരിക്കും. വേണമെങ്കില്‍, തങ്ങള്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും ഗുണകാംക്ഷികളും സമുദായോദ്ധാരകന്‍മാരുമാണെന്ന് നടിക്കുകയും ചെയ്യും. ഇസ്‌ലാമിനെ തുരങ്കം വെക്കുന്ന നിരീശ്വര നിര്‍മിത യുക്തിവാദങ്ങളും, ഭൗതിക താല്‍പര്യങ്ങളുമായിരിക്കും അവരുടെ യഥാര്‍ത്ഥ കൈമുതല്‍ . മുസ്‌ലിം ബഹുജനങ്ങളില്‍നിന്നും അവരറിയാതെ അവരുടെ വിശ്വാസവും മതഭക്തിയും നശിപ്പിച്ചുകൊണ്ട് പുരോഗമനത്തിന്റെപേരില്‍ കാലത്തിനൊത്ത കോലം കെട്ടിക്കുകയായിരിക്കും അവരുടെ ലക്ഷ്യം. സത്യവിശ്വാസികള്‍ ഇത്തരക്കാരെ ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളെക്കാള്‍ സൂക്ഷിച്ചിരിക്കേണ്ടതാകുന്നു.والله المستعان

No comments:

Post a Comment