ഖുർആൻ ഭാഷാന്തരം ചെയ്യൽ
ഖുർആൻ ഭാഷാന്തരം ചെയ്യൽ
قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا سورة الأعراف 7:158
قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً ۖ قُلِ اللَّـهُ ۖ شَهِيدٌ بَيْنِي وَبَيْنَكُمْ ۚ وَأُوحِيَ إِلَيَّ هَـٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَ سورة الأنعام 6:19
`പറയുക: ഹേ, മന്യഷ്യരേ`! `നിശ്ചയമായും ഞാൻ നിങ്ങൾ എല്ലാവരിലേക്കുമായി അല്ലാഹുവിന്റെ ദൂതനാകുന്നു.` `പറയുക: അല്ലാഹു എന്റെയും നിങ്ങളുടെയും ഇടയിൽ സാക്ഷിയാകന്നു. ഈ ഖുർആൻ മുഖേന നിങ്ങളെയും, അത് ആർക്ക് എത്തിച്ചേർന്നുവോ അവരെയും താക്കീത് ചെയ്‌വാൻവേണ്ടി എനിക്ക് അത് ബോധനം നല്കപ്പെട്ടിരിക്കുന്നു. (ഖു.ശ.)
നബി (സ) തിരുമേനി എല്ലാ ജനവിഭാഗത്തിലേക്കും റസൂലാണ്. ഖുർആൻ എല്ലാ ജനവിഭാഗങ്ങൾക്കുംവേണ്ടി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥവുമാണ്. ഏതുകാലത്തോ, ഏതു ദേശത്തോ ഉളള ആളുകളായാലും ശരി, ഖുർആൻ അവർക്ക് എത്തിച്ചേർന്നിട്ടുെണ്ടങ്കിൽ അത് അവർക്കു താക്കീതുമായിരിക്കും. ഖുർആന്റെ സന്ദേശം എല്ലാജനവിഭാഗങ്ങൾക്കും എത്തിച്ചുകൊടുക്കേണ്ടതുണ്ടുതാനും. ഖുർആനാകട്ടെ, ശുദ്ധ അറബി ഭാഷയിൽ, ജനവിഭാഗങ്ങളോ ആയിരക്കണക്കിലുളള ഭാഷക്കാരും. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അറബിഭാഷ അറിഞ്ഞിരിക്കൽ അവരുടെ ഒരു കടമായാണെങ്കിലും, ഈ കടമ നിറവേറ്റിയവർ എക്കാലത്തും താരതമ്യേന വളരെ കുറവാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോൾ, അതിന്റെ സന്ദേശം എല്ലാവർക്കും എത്തിച്ചുകൊടുക്കുവാനും, അതിന്റെ വാക്യങ്ങളിലൂടെ അതിന്റെ താക്കീതുകൾ അവരെ കേൾപ്പിക്കുവാനും അതത് ജനങ്ങളുടെ ഭാഷകളിൽ ഭാഷാന്തരപ്പെടുത്തി പറഞ്ഞുകൊടുക്കുകയല്ലാതെ മാർഗ്ഗമില്ല. ജനങ്ങളാകമാനം അറബിഭാഷ അറിയുന്നവരാണെങ്കിൽ മാത്രമേ ഇതിന്റെ ആവശ്യം ഇല്ലാതെ വരികയുളളു. നാളിതുവരെയും അറബി അറിയാത്തവർക്കു ഖുർആന്റെ സന്ദേശങ്ങളും, നബിവചനങ്ങൾ മുതലായ മതവിജ്ഞാനങ്ങളും എത്തിച്ചുകൊടുക്കപ്പെട്ടിട്ടുളളത് അവരവരുടെ ഭാഷകളിലൂടെത്തന്നെയാണ്.
بَاب مَا يَجُوزُ مِنْ تَفْسِيرِ التَّوْرَاةِ وَغَيْرِهَا مِنْ كُتُبِ اللَّهِ بِالْعَرَبِيَّةِ وَغَيْرِهَا
(തൗറാത്ത് മുതലായ അല്ലാഹുവിന്റെ ഗ്രന്ഥങ്ങളെ അറബിയിലും മറ്റു ഭാഷയിലും വിവരിക്കുന്നത് അനുവദനീയമാണെന്നതിനെ സംബന്ധിച്ച അദ്ധ്യായം) എന്ന തലക്കെട്ടോടുകൂടി ബുഖാരിയിൽ ഒരു അദ്ധ്യായം കാണാം. അതിന്റെ വ്യഖ്യാതാവായ ഇമാം അസ്ഖലാനീ (റ) ചൂണ്ടിക്കാട്ടിയതുപോലെ, അറബിയല്ലാത്ത വേദഗ്രന്ഥങ്ങൾ അറബിയിലും, അറബിയിലുളളവ അന്യഭാഷകളിലും വിവരിക്കാമെന്നാണ് ഇതിന്റെ താൽപര്യം. അതുപോലെത്തന്നെ, വേദഗ്രന്ഥങ്ങൾ എന്ന് പറഞ്ഞതിൽ ഖുർആനും, ഖുർആനല്ലാതെ ഗ്രന്ഥങ്ങളും ഉൾപ്പെടുകയും ചെയ്യുന്നു. മൂലഭാഷ അറിയാത്തവർക്കുമാത്രം വിവർത്തനം ചെയ്തു കൊടുക്കാമെന്നാണോ, അതല്ല എല്ലാവർക്കും വിവർത്തനം ചെയ്തുകൊടുക്കാമെന്നാണോ ഇവിടെ ഉദ്ദേശ്യം? എന്നിങ്ങനെ ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് അസ്ഖലാനി (റ) പറയുന്നു:
الاول قول الاكثر(ആദ്യം പറഞ്ഞതാണ് അധികപക്ഷത്തിന്റെയും അഭിപ്രായം). ഈ ശീർഷകത്തിനു നാലു തെളിവുകൾ ഇമാം ബുഖാരി (റ) ആ അദ്ധ്യായത്തിൽ ഉദ്ധരിച്ചിരിക്കുന്നു. പ്രസ്തുത തെളിവുകൾ ഇതാണ്:-
(1) قل فأتوا بالتورية فاتلوها ان كنتم صادقين (പറയുക, എങ്കിൽ നിങ്ങൾ തൗറാത്തുകൊണ്ടുവന്ന് അത് വായിക്കുവിൻ-നിങ്ങൾ സത്യവാൻമാരാണെങ്കിൽ (3:93) എന്ന ഖുർആൻ വചനം. തൗറാത്ത് അവതരിപ്പിക്കുന്നതിന് മുമ്പ് യഅ്ഖൂബ് (അ) നബി തനിക്ക് നിഷിദ്ധമാക്കിയിരുന്ന വസ്തുക്കളല്ലാത്ത എല്ലാ ഭക്ഷണ സാധനങ്ങളും ഇസ്‌റാഈൽ സന്തതികൾക്ക് അനുവദനീയമായിരുന്നുവെന്നും, അതിനെതിരായി ഇസ്‌റാഈൽ പുറപ്പെടുവിക്കുന്ന വാദങ്ങൾ ശരിയല്ലെന്നും, അവരുടെ വാദം ശരിയാണെങ്കിൽ അത് തൗറാത്തിൽനിന്നു തെളിയിക്കട്ടെ എന്നുമാണ് ഈ ആയത്തിന്റെ താൽപര്യം. തൗറാത്ത് ഹിബ്‌റു ഭാഷയിലാണല്ലോ. അറബികളായ മുസ്ലിംകൾക്ക് അതു വായിച്ചുകേൾപ്പിക്കുമ്പോൾ, അവർക്കത് മനസ്സിലാകേണമെങ്കിൽ അറബിയിൽ അർത്ഥം വിവരിച്ചുകൊടുക്കണം. ഒരു ഭാഷയിലുളള വേദഗ്രന്ഥം മറ്റൊരു ഭാഷയിൽ വിവർത്തനം ചെയ്യാമെന്ന് ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ.
(2) നബി (സ) റോമാചക്രവർത്തിയായ ഹിർഖലി هرقل ന് അയച്ച കത്ത് തന്റെ അഭിഭാഷകൻ മുഖേന അദ്ദേഹം വായിച്ചുകേട്ട സംഭവം. തിരുമേനിയുടെ കത്ത് അറബിയിലായിരുന്നു. അതിൽ ആലുംഇംറാനിലെ 64-ാം വചനവും അടങ്ങിയിരിക്കുന്നു. രാജാവിന്റെ ഭാഷ റോമൻ ഭാഷയായിരുന്നു. അഭിഭാഷകൻ അത് അറബിയിൽ നിന്ന് രാജാവിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊടുക്കുകയാണ് ചെയ്തത്. രാജാവിന് ഖുർആന്റെ സന്ദേശം എത്തിക്കുകയായിരുന്നു കത്തിന്റെ ഉദ്ദേശ്യം. അപ്പോൾ, അത് അന്യഭാഷയിൽ വിവർത്തനം ചെയ്തു എത്തിച്ചുകൊടുക്കാമെന്ന് ഇതിൽനിന്ന് സിദ്ധിക്കുന്നു.
(3) വേദക്കാർ ഹിബ്‌റു ഭാഷയിലുളള തൗറാത്ത് വായിച്ച് മുസ്ലിംകൾക്ക് അറബിയിൽ വിവരിച്ചുകൊടുത്തിരുന്നുവെന്നും, അപ്പോൾ നബി (സ) തിരുമേനി മുസ്ലിംകളോട് `നിങ്ങൾ അവരെ സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുത്` എന്ന് പറയുകയുണ്ടായെന്നും കാണിക്കുന്ന ഒരു ഹദീസാണ്. തൗറാത്ത് അറബിയിൽ വിവർത്തനം ചെയ്യാമെന്ന് ഇതിൽനിന്നും വരുന്നു. കാരണം, വിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് തിരുമേനി ആക്ഷേപം പറഞ്ഞിട്ടില്ല. സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുതെന്ന് മാത്രമേ അവിടുന്നു നിർദ്ദേശിച്ചുളളു. ഇങ്ങിനെ നിർദ്ദേശിക്കുവാനുളള കാരണം നാം ഇതിനുമുമ്പ് വിവരിച്ചു കഴിഞ്ഞതാണ്.
(4) വ്യഭിചാരത്തിക്കുറ്റത്തിന്റെ ശിക്ഷ എറിഞ്ഞു കൊല്ലലാണെന്നുളള തൗറാത്തിന്റെ നിയമം ഒളിച്ചുവെക്കുകയും, പകരം മുഖത്ത് ചൂടുകുത്തിയാൽ (തീപൊളളിച്ചാൽ) മതിയെന്നു സമർത്ഥിക്കുകയും ചെയ്ത യഹൂദികളോട് `തൗറാത്ത് കൊണ്ടുവന്നു വായിക്കുവിൻ` എന്ന് നബി (സ) ആവശ്യപ്പെടുകയുണ്ടായി. അവരത് കൊണ്ടുവന്നുവായിച്ചപ്പോൾ അതിൽ ഒരു സ്ഥലം അവർ കൈകൊണ്ടു മറച്ചുപിടിക്കുകയും, അപ്പോൾ തിരുമേനി അവരോട് കൈ പൊക്കുവാൻ ആവശ്യപ്പെടുകയും ഉണ്ടായി. മറച്ചുപിടിച്ച സ്ഥലത്ത് വ്യഭിചാരിയെ എറിഞ്ഞു കൊല്ലണമെന്ന കല്പന അതിൽ വ്യക്തമായി കാണുന്നുണ്ടായിരുന്നു. അങ്ങനെ, തിരുമേനിയുടെ അടുക്കൽ ഹാജരാക്കപ്പെട്ടിട്ടുണ്ടായിരുന്ന രണ്ടു യഹൂദ വ്യഭിചാരികൾ-ഒരു പുരുഷനും ഒരു സ്ത്രീയും-എറിഞ്ഞു കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം വിവരിക്കുന്ന ഒരു ഹദീസാണ് നാലാമത്തേത്. വേദഗ്രന്ഥം ഏതായിരുന്നാലും അത് ഇതര ഭാഷയിലേക്ക് വിവർത്തനം ചെയ്തു വിവരിക്കാമെന്നാണ് ഇമാം ബുഖാരീ (റ) ഈ അദ്ധ്യായം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയേണ്ടതില്ല. മൂലഭാഷ അറിയാത്തവരുടെ ആവശ്യാർത്ഥം ഖുർആൻ വിവർത്തനം ചെയ്യുന്നതിന് വിരോധമില്ലെന്നാണ് മിക്ക പണ്ഡിതൻമാരുടേയും അഭിപ്രായം എന്ന് അസ്ഖലാനീ (റ) പ്രസ്താവിക്കുകയും ചെയ്തുവല്ലോ.
സൂറത്തുൽഫാത്തിഹ: അറബിയിൽ ഓതുവാൻ സാധിക്കാത്തവന് നമസ്കാരത്തിൽ അത് പേർഷ്യൻ ഭാഷയിൽ ഓതാവുന്നതാണെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുളളതിനെ വിമർശിച്ചുകൊണ്ട് ഇതേ അദ്ധ്യായത്തിന്റെ വിവരണത്തിൽ അസ്ഖലാനീ (റ) പറയുന്നു: “ഇതിൽ വിശദീകരണം ആവശ്യമാണെന്നാണ് മനസ്സിലാക്കുന്നത്. (അഥവാ പാടുണ്ടെന്നോ ഇല്ലെന്നോ മൊത്തത്തിലങ്ങ് വിധി പറഞ്ഞുകൂടാത്തതാണ്.) അറബിഭാഷയിൽ ഓതുവാൻ കഴിയുന്നവന് അത് വിട്ടുകളയുവാൻ (മറ്റൊരു ഭാഷയിൽ ഓതുവാൻ) പാടില്ല. അവന്റെ നമസ്കാരം അതുകൊണ്ട് ശരിയാവുകയില്ല. അറബിയിൽ ഓതുവാൻ കഴിയാത്തവനാണെങ്കിൽ, അവൻ നമസ്കാരത്തിന്ന് പുറത്തായിരുന്നാൽ അവന് അവന്റെ ഭാഷയിൽ ഓതാവുന്നതാണ്. കാരണം, അവന് ഒഴികഴിവുണ്ട്. അവൻ സ്വീകരിക്കേണ്ടതും. ഉപേക്ഷിക്കേണ്ടതുമായ കാര്യങ്ങൾ അവന് പഠിക്കേണ്ടുന്ന ആവശ്യവും ഉണ്ട്. ഇവൻ നമസ്കാരത്തിലാണെങ്കിലോ, അതിനു പകരം (ഹദീസിൽ വന്നിട്ടുളളപ്രകാരം) `ദിക്ര്` ചൊല്ലണമെന്നാണ് നിയമം. ദിക്‌റിന്റെഇനത്തിൽ പെട്ട എല്ലാ വാക്കുകളും അറബികളല്ലാത്തവർക്കും ഉച്ചരിക്കുവാൻ കഴിയാത്തതായിരിക്കയില്ലല്ലോ, ഖുർആൻ വായിക്കുവാൻ പഠിക്കുന്നതുവരെ അവൻ അത് (അവന് സാധ്യമായ `ദിക്ര്`) ആവർത്തിച്ചു പറഞ്ഞാൽ മതിയാകും (ഫാത്തിഹ: തന്നെ വേണമെന്നില്ല.) അപ്പോൾ, ഒരാൾ ഇസ്ലാമിൽ വരികയോ വരാൻ ഉദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ഖുർആൻ ഓതിക്കേൾപ്പിക്കുമ്പോൾ അത് ഗ്രഹിക്കുവാൻ കഴിയാതെ വന്നാൽ, അതിലെ വിധിനിയമങ്ങൾ അവന് മനസ്സിലാക്കുവാൻ വേണ്ടി-അല്ലാത്തപക്ഷം, (അവന് ഖുർആന്റെ പ്രബോധനം എത്തിയിരിക്കുന്നുവെന്ന്) അവന്റെ പേരിൽ ന്യായം സ്ഥാപിക്കുവാൻവേണ്ടി-അവന് ഭാഷ മാറ്റി പറഞ്ഞുകൊടുക്കുന്നതിന് വിരോധമില്ല.
لانذكركم به ومن بلغ(നിങ്ങൾക്കും, ഈ ഖുർആൻ ആർക്ക് എത്തിച്ചേർന്നുവോ അവർക്കും താക്കീത് ചെയ്‌വാൻ വേണ്ടി) എന്ന് മേലുദ്ധരിച്ച ഖുർആൻ വാക്യത്തിൽ അല്ലാഹു പറഞ്ഞുവല്ലോ. ഇതിൽ `അത് എത്തിച്ചേർന്നവർക്കും` എന്ന വാക്കിന് മുജാഹിദ് (റ) നല്കുന്ന വ്യാഖ്യാനം അസ്ഖലാനീ (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു:
يعنى من اسلم من العجم وغيرهم (അനറബികളിൽ നിന്നും മറ്റും മുസ്ലിമായവർക്കും). പിന്നീട് അദ്ദേഹം ഇമാം ബൈഹഖീ (റ) യുടെ ഒരു പ്രസ്താവന ഇങ്ങിനെ ഉദ്ധരിക്കുന്നു: “ചിലപ്പോൾ അവർ (ഖുർആനെപ്പറ്റി) അറിഞ്ഞില്ലെന്നുവരും. അപ്പോൾ, അവരുടെ ഭാഷയിൽ അവർക്ക് ഖുർആൻ എത്തിക്കഴിഞ്ഞാൽ അത് അവർക്ക് താക്കീതായിത്തീരുന്നതാണ്.”
راجع فتح الباري ج13 ص:44
പ്രസ്തുത മഹാൻമാരുടെ പ്രസ്താവനകളിൽ നിന്ന് നമുക്ക് പലതും മനസ്സിലാക്കവുന്നതാണ്. അറബി അറിയാത്തവർക്ക് വേണ്ടി ഖുർആൻ അന്യഭാഷയിൽ വിവർത്തനം ചെയ്യാം, ആ ഭാഷയിൽ അതു വായിക്കുകയും ചെയ്യാം. പക്ഷേ, നമസ്ക്കാരത്തിലാണെങ്കിൽ-ഫാത്തിഹ:ക്കു പകരം-അറബിയിലുളള ദിക്‌റുകളൊന്നും ചൊല്ലുവാൻ സാദ്ധ്യമല്ലെങ്കിൽ മാത്രമേ മറ്റു ഭാഷയിൽ ഫാത്തിഹ: ഓതുവാൻ പാടുളളു. നമസ്കാരത്തിലല്ലാത്തപ്പോൾ വിരോധമില്ലെന്ന് മാത്രമല്ല, ആവശ്യം കൂടിയാകുന്നു. ഖുർആൻ-അറബികൾക്കും അറബികളല്ലാത്തവർക്കും എത്തിച്ചുകൊടുക്കേണ്ടതുണ്ട്. അറബി അറിയാത്തവർക്ക് അവരുടെ ഭാഷയിൽ എത്തിച്ചു കൊടുക്കുവാനേ നിവൃത്തിയുളളു. ഖുർആന്റെ സിദ്ധാന്തങ്ങൾ അവർ മനസ്സിലാക്കുക മാത്രമല്ല, ഖുർആന്റെ പ്രബോധനം അവർക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടെന്നു ന്യായം സ്ഥാപിക്കുക കൂടി ചെയ്യേണ്ടത് മുസ്ലിംകളുടെ കടമയാകുന്നു. ഇത്രയെല്ലാം മേൽകണ്ട ഉദ്ധരണികളിൽ നിന്ന് നമുക്ക് ഗ്രഹിക്കുവാൻ കഴിയും. താഴെ പറയുന്ന ചില വസ്തുതകൾകൂടി ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്:-
(1) ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. അത് പാരായണം ചെയ്യുന്നത് ഒരു ആരാധനാകർമ്മവുമാണ്. അതിലെ ഒരു വളളിക്കോ പുളളിക്കോ മാറ്റം വരുത്തുവാൻ പാടില്ല.
القرأن متعبد بتلاوته(പാരായണം മുഖേന ആരാധനാ കർമ്മം ചെയ്യപ്പെടുന്നതാണ് ഖുർആൻ) എന്ന് പറയുന്നതിന്റെ സാരം അതാകുന്നു. മറ്റൊരു ഭാഷയിലേക്ക്-അറബികൾക്കിടയിൽ പ്രചാരത്തിലിരിക്കുന്ന സാധാരണ സംസാരഭാഷയിലേക്കുതന്നെയും-വിവർത്തനം ചെയ്താൽ അതിന്നു സാക്ഷാൽ ഖുർആന്റെ സ്ഥാനമോ, ഗുണമോ, സവിശേഷതയോ, മഹത്വമോ ഒന്നും തന്നെ ഉണ്ടാകുവാൻ പോകുന്നില്ല. അത് അല്ലാഹുവിന്റെ വചനമായിരിക്കുന്നതുമല്ല. അതുകൊണ്ടാണ് ഖുർആൻ പാരായണം ചെയ്യുന്നതിന് പകരം അതിന്റെ ഏത് വിവർത്തനവും സ്വീകാര്യമല്ലെന്നുവന്നത്. പേർഷ്യൻസാഹിത്യം അറബിസാഹിത്യവുമായി അടുത്ത സാമ്യമുണ്ടെന്ന കാരണത്താൽ, ഏതാണ്ട് ഖുർആന്റെ സാഹിത്യത്തോട് കിടയൊക്കുന്ന വിവർത്തനം പേർഷ്യൻ ഭാഷയിൽ സാധ്യമാണെന്ന് ന്യായം പറഞ്ഞുകൊണ്ടാണ് നമസ്ക്കാരത്തിൽ ഫാത്തി:ഹക്ക് പകരം അതിന്റെ പേർഷ്യൻ വിവർത്തനം വായിച്ചാൽ മതി എന്നു ചിലർ അഭിപ്രായപ്പെട്ടത്. ഈ ന്യായത്തെ പണ്ഡിതൻമാർ കാര്യകാരണസഹിതം തളളിക്കളഞ്ഞിരിക്കുകയാണ്. അതിനെ അനുകൂലിച്ചവർപോലും പേർഷ്യൻ വിവർത്തനം എല്ലാവിധേനയും സാക്ഷാൽ ഖുർആനുപകരം സ്വീകരിക്കാമെന്ന് പറയുന്നില്ലതാനും. പറയുവാൻ ന്യായവുമില്ലല്ലോ. `ഇതുപോലെ ഒരദ്ധ്യായമെങ്കിലും കൊണ്ടുവരുവിൻ` എന്ന് ലോകത്തെ വെല്ലുവിളിച്ചിട്ട് ഇക്കാലമത്രയും അതിന് ആരാലും സാധ്യമാകാത്ത-മേലിലും സാധ്യമല്ലെന്ന് ഉറപ്പിച്ചു പറയാവുന്ന-ആ ദിവ്യഗ്രന്ഥത്തോട് ഏതെങ്കിലും വിധേന കിടനിൽക്കാവുന്ന മറ്റൊരു ഗ്രന്ഥമോ അദ്ധ്യായമോ ആർക്കു തന്നെ രചിക്കുവാൻ കഴിയും?!
(2) `ഖുർആൻ ഭാഷാന്തരം (തർജ്ജമ) ചെയ്യാമോ, ഇല്ലേ, എന്ന വിഷയത്തിൽ മുൻകാല പണ്ഡിതൻമാർക്കിടയിൽ സംശയവും അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷേ-പലരും ധരിച്ചുവശായതുപോലെ-ഇന്ന് അറിയപ്പെടുന്ന പരിഭാഷകളെക്കുറിച്ചായിരുന്നില്ല അത്. പാരായണം ചെയ്യപ്പെടുന്ന ഒരു വേദഗ്രന്ഥമെന്നോ, വായിക്കുന്നതുപോലും ഒരു ആരാധനാ കർമ്മമാണെന്നോ, ഒരക്ഷരവും ഏറ്റക്കുറവ് വരുത്തുവാൻ പാടില്ലെന്നോ ഖുർആൻ പരിഭാഷാ ഗ്രന്ഥങ്ങളെക്കുറിച്ച് ആരും കരുതുന്നില്ല. ഏതെങ്കിലും തരത്തിൽ, ഖുർആന് സമാനമായ ഒരു സ്ഥാനം കൽപിക്കപ്പെട്ടുകൊണ്ടുളള വിവർത്തനങ്ങളെക്കുറിച്ചായിരുന്നു ആ പണ്ഡിതൻമാർക്കിടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും. ഖുർആനെ അതിന്റെ ഭാഷയിൽകൂടി മനസ്സിലാക്കുവാൻ കഴിയാത്തവർക്ക് അതിന്റെ സിദ്ധാന്തങ്ങളും വിധിവിലക്കുകളും, ഖുർആനിലൂടെത്തന്നെ ഗ്രഹിക്കുവാൻവേണ്ടി അത് വിവർത്തനം ചെയ്യുകയും, ആ ആവശ്യാർത്ഥം അത് വായിച്ചു പഠിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഖുർആൻ പരിഭാഷപ്പെടുത്തുവാൻ തനിക്ക് സാധിച്ചതിനെപ്പറ്റി കൃതജ്ഞതാപൂർവ്വം മഹാനായ ശാഹുവലിയ്യുല്ലാഹി (റ) പ്രസ്താവിച്ച ഒരു വാക്യം നാം താഴെ ഉദ്ധരിക്കുന്നുണ്ട്. അതിൽനിന്നും ഈ വസ്തുത ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ പരിഭാഷാഗ്രന്ഥങ്ങളൊന്നുംതന്നെ അല്ലാഹുവിന്റെ വചനമായ ഖുർആനല്ല. പാരായണം ചെയ്തു ആരാധനാകർമ്മം നടത്തപ്പെടുന്ന ഗ്രന്ഥങ്ങളുമല്ല. ഖുർആന്റെ അർത്ഥോദ്ദേശ്യങ്ങൾ മനസ്സിലാക്കുവാനുളള മതഗ്രന്ഥങ്ങൾ മാത്രമാണവ.
(3) മേൽകണ്ടതുപോലുളള പണ്ഡിതൻമാരുടെ പ്രസ്താവനകളെല്ലാം മിക്കവാറും വാഗ്മൂല വിവർത്തനത്തെ സംബന്ധിച്ചുളളതുമാകുന്നു. വാഗ്മൂലം ചെയ്യപ്പെടുന്ന വിവർത്തനം എഴുതി രേഖപ്പെടുത്തുകയാണ് പരിഭാഷാ ഗ്രന്ഥങ്ങൾ മുഖേന ചെയ്യപ്പെടുന്നത്. ഖുർആൻ, ഹദീസ് തുങ്ങിയ എല്ലാറ്റിന്റേയും പരിഭാഷയും, വിവരണവും ഓരോ ഭാഷക്കാർക്കും അവരുടെ ഭാഷയിൽ നാവുകൊണ്ട് പറഞ്ഞുകൊടുക്കുകയും, പഠിപ്പിക്കുകയും ചെയ്യാം. ചെയ്യേണ്ടതുമാണ്. ഇതിൽ ആർക്കും പക്ഷാന്തരമില്ല. അത് ഒരു ഗ്രന്ഥത്തിൽ-ഓരോരുത്തനും അവന്റെ കഴിവനുസരിച്ച്-രേഖപ്പെടുത്തുമ്പോഴേക്കും അതിൽ നിരോധം കടന്നുകൂടുവാൻ കാരണമെന്താണുളളത്?!
(4) ഒരു സംസാരം അതിന്റെ വക്താവിൽനിന്നു നേരിട്ടു കേട്ടാൽപോലും അയാളുടെ ഇംഗിതങ്ങൾ ഏറ്റപ്പറ്റു കൂടാതെ-തികച്ചും സൂക്ഷ്മമായി-മനസ്സിലാക്കുവാൻ ശ്രോതാവിനു സാധിക്കാതെ വരും. അതേ സംസാരം വേറൊരാൾ ഉദ്ധരിച്ചു കേൾക്കുകയോ, അല്ലെങ്കിൽ എഴുതിക്കാണുകയോ ആണെങ്കിൽ നിശ്ചയമായും ആ വക്താവിന്റെ വികാരോദ്ദേശ്യങ്ങളിൽ പലതും അതിൽനിന്ന് മനസ്സിലാക്കുക സാദ്ധ്യമാകുന്നതല്ല. ഒരേ ഭാഷയിലുളള സംസാരം മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടാലുളള അവസ്ഥയും ഇതുതന്നെ. അപ്പോൾ, അല്ലാഹുവിന്റെ വചനങ്ങളായ ഖുർആനെ മനുഷ്യസൃഷ്ടികൾ തങ്ങളുടെ ഭാഷകളിൽ വിവർത്തനം ചെയ്യുമ്പോൾ, ആ വചനങ്ങളിൽ അടങ്ങിയ സാരാംശങ്ങളും, അന്തസ്സാരങ്ങളും, സൂചനകളുമെല്ലാം-ഏറാതെ, കുറയാതെ, തെറ്റാതെ, തെറ്റിക്കാതെ-പ്രകടമാക്കുവാൻ ഒരിക്കലും ആരാലും സാധ്യമല്ലതന്നെ.
(5) ഒരു ഭാഷയിലുളള സംസാരം, അല്ലെങ്കിൽ ഗ്രന്ഥം ആ ഭാഷയുടെ സകലവിധ തൻമയത്വത്തോടുകൂടിയും, വക്താവിന്റെ എല്ലാവിധ ഉദ്ദേശ്യങ്ങളും പ്രതിഫലിച്ചുകൊണ്ടും മറ്റൊരു ഭാഷയിൽ പ്രകടമാക്കുക സാധ്യമല്ല. പദങ്ങളിലും, ഘടനാരൂപങ്ങളിലും പ്രയോഗങ്ങളിലും, സാഹിത്യ വശങ്ങളിലും, വ്യാകരണങ്ങളിലും മറ്റും ഭാഷകൾ തമ്മിലുളള വ്യത്യാസമാണ് ഇതിന് കാരണം. ചിലപ്പോൾ, മൂലഭാഷയിലെ ഒരു പദത്തിന്റെയോ, ചെറുവാക്യത്തിന്റെയോ ഉദ്ദേശ്യം ഒന്നിലധികം വാക്കുകൾ ഉപയോഗിച്ചാൽപോലും വിവർത്തനഭാഷയിൽ പൂർത്തിയാക്കുവാൻ കഴിയാതെ വരും. ചിലപ്പോൾ, ഒരു വാക്യത്തിന് പകരം നേർക്കുനേരെ ഉപയോഗിക്കുവാൻ പറ്റിയ ഒരു വാക്യം വിവർത്തന ഭാഷയിൽ കണ്ടെന്ന് വരില്ല. മറ്റു ചില അവസരങ്ങളിൽ മൂലഭാഷയിലെ ഒരു വാക്യത്തിന്റെ ആശയം മറ്റൊരു ഭാഷയിൽ ഒന്നിലധികം രൂപത്തിൽ വരുമായിരിക്കും. അവയിൽ ഒന്നുമാത്രം പറഞ്ഞ് മതിയാക്കുകയോ, എല്ലാംകൂടി എടുത്തുപറയുകയോ വേണ്ടിവരും. അങ്ങിനെ പലതും സംഭവിക്കുവാനുണ്ട്. ഇതുകൊണ്ടാണ് `പദാനുപദവിവർത്തന`ത്തെക്കാൾ `അന്വർത്ഥ വിവർത്തന` സമ്പ്രദായവും, നേർക്കുനേരെയുളള പരിഭാഷയെക്കാൾ ആശയ വിവർത്തനവും കൂടുതൽ സ്വീകരിക്കപ്പെട്ടു കാണുന്നത്. വാസ്തവത്തിൽ അന്വർത്ഥവിവരണം, ആശയവിവർത്തനം, സ്വതന്ത്രപരിഭാഷ എന്നൊക്കെപ്പറയുന്നത് മൂലത്തിന്റെ യഥാർത്ഥ പരിഭാഷയല്ല. മൂലത്തിൽനിന്ന് പരിഭാഷകൻ മനസ്സിലാക്കിയ പ്രധാന ആശയങ്ങളുടെ പ്രകാശനം മാത്രമാണവ അഥവാ മൂലത്തിന് അയാളുടെ വകയായുളള ഒരു തരം ചുരുക്ക വിവരണമാണ്. മൂലഗ്രന്ഥം ഖുർആനും കൂടിയാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായിരിക്കുകയും ചെയ്യും. ഇങ്ങിനെയുളള യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഖുർആൻ അന്യഭാഷയിലേക്ക് നേർക്കുനേരെ തർജ്ജമ (വിവർത്തനം) ചെയ്തുകൂടാ എന്നും, ഖുർആന്റെ തഫ്സീർ മാത്രമേ തർജ്ജമ ചെയ്തുകൂടൂ എന്നും ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
പദക്രമങ്ങൾ, വാചകഘടനകൾ മുതലായവ പ്രത്യേകം ഗൗനിക്കാതെ, വിവർത്തനഭാഷയുടെ ഒഴുക്കും, മിനുക്കും, സർവ്വപ്രധാനമാക്കിക്കൊണ്ടുളള പരിഭാഷകൾക്കു യഥാർത്ഥത്തിൽ ഖുർആൻ പരിഭാഷ എന്ന് പറഞ്ഞുകൂടാത്തതാണ്. അവയ്ക്ക് ഖുർആന്റെ ആശയ വിവർത്തനമെന്നോ, വ്യാഖ്യാനം വിവർത്തനമെന്നോ പറയേണ്ടതാകുന്നു. അതേസമയത്ത് വിവർത്തനഭാഷയുടേതായ സമ്പ്രദായങ്ങൾക്കൊന്നും വിലയ കോട്ടം കൂടാതെ, പദങ്ങളും, ഘടനാരൂപങ്ങളും പരിപൂർണ്ണമായി കണക്കിലെടുത്തുകൊണ്ട് ഭാഷാന്തരം ചെയ്‌വാൻ സാധ്യവുമല്ല. അതുകൊണ്ട് പദങ്ങളുടെയും, ഘടനാ രൂപങ്ങളുടെയും അർത്ഥസാരങ്ങളും, സവിശേഷതകളും കഴിയുന്നത്ര നിലനിറുത്തിക്കൊണ്ടും, വിവർത്തനഭാഷക്ക് വലിയ കോട്ടം തട്ടാതെയും, വായനക്കാർക്ക് മൂലത്തിന്റെ ആശയം മനസ്സിലാക്കാവുന്ന തരത്തിൽ പരിഭാഷാകൃത്യം നിർവ്വഹിക്കേണ്ടതാകുന്നു. വിവർത്തനഭാഷയുടെ ഒഴുക്കും മെച്ചവും പ്രധാന ഉന്നമാക്കുന്നപക്ഷം, ആയത്തുകളിൽ അടങ്ങുന്ന പല സൂചനകളും, മർമ്മവശങ്ങളും നഷ്ടപ്പെട്ടേക്കും. മറിച്ച്, ഭാഷയുടെ നിയമങ്ങളും, അത്യാവശ്യ ഗുണങ്ങളും അവഗണിച്ചുകൊണ്ട് ഓരോ പദഘടനയെയും പ്രതിനിധീകരിക്കുന്ന വാക്കുകൾ-അതേപടി പരിഭാഷയിൽ കൊളളിക്കുവാൻ മുതിരുന്നപക്ഷം, പരിഭാഷ ഉപയോഗശൂന്യവും, കടങ്കഥയുമായി പരിണമിക്കുകയും ചെയ്യും. ഈ രണ്ട് ദോഷങ്ങളും കഴിയുന്നത്ര ഗൗനിച്ചുകൊണ്ട്-സന്ദർഭത്തിനൊത്ത് യുക്തമായ പോംവഴികൾ കണ്ടുപിടിച്ചുകൊണ്ട്-ആയിരിക്കണം പരിഭാഷ, എന്നാൽത്തന്നെയും- ചില ആയത്തുകളുടെ ഉദ്ദേശ്യം വായനക്കാർക്ക് വ്യക്തമാക്കിക്കാണിക്കുവാനും, അർത്ഥത്തിൽ വന്നേക്കാവുന്ന തെറ്റിദ്ധാരണകൾ നീക്കുവാനായി-ബ്രാക്കറ്റുകൾ (ഇരുഭാഗത്തും വളയങ്ങൾ) കൊടുത്തോ മറ്റോ ചെറുവിവരണങ്ങൾ ഇടയ്ക്കുകൊടുക്കേണ്ടതായി വന്നേക്കും.
പരിഭാഷകന്റെ ആശയങ്ങളോ, തന്റേതായ വ്യാഖ്യാനത്തിന് വഴിതെളിയിക്കുന്ന സൂചനകളോ പരിഭാഷയിൽ കല്പിച്ചുകൂട്ടി അടക്കംചെയ്യുക, ആയത്തിന്റെ അർത്ഥത്തിൽ ഉൾപ്പെട്ടതാണെന്ന് തോന്നുമാറ് അത്തരം വാക്കുകൾ പരിഭാഷയിൽ കൂട്ടിക്കലർത്തുക, ഒന്നിലധികം വ്യാഖ്യാനമുഖങ്ങൾ വരുന്ന ആയത്തുകൾക്ക് താൻ ഇഷ്ടപ്പെടുന്ന വ്യാഖ്യാനത്തെ ബലപ്പെടുത്തുന്ന വാക്കുകൾ തിരഞ്ഞെടുത്ത് അർത്ഥം കല്പിക്കുക ആദിയായ കൃത്യങ്ങൾ പരിഭാഷകൻമാർ അനുവർത്തിക്കുന്നത് ശരിയല്ല.
സർവ്വനാമങ്ങൾ, സൂചനാനാമങ്ങൾ (الضماثر ولاشارات ) മുതലായവകൊണ്ടുളള ഉദ്ദേശ്യം വ്യക്തമാക്കുവാൻ, നിയമാനുസൃതം ലോപിച്ചുപോയിട്ടുളള ഭാഗം കാണിക്കുവാൻ, പരിഭാഷയിൽ കൊടുത്ത വാക്കിന്റെ താല്പര്യം സ്പഷടമാക്കുവാൻ, സംസാരമുഖം-സംസാരം ആരോടാണെന്ന്-മനസ്സിലാക്കുവാൻ എന്നിങ്ങിനെ പല ആവശ്യങ്ങൾക്കുമായി സന്ദർഭോചിതം പരിഭാഷകന്റെ വക വാക്കുകൾ ചേർക്കേണ്ടതായി വരും. അതില്ലാത്തപക്ഷം വായനക്കാർക്ക് ആശയക്കുഴപ്പമോ, ഉദ്ദേശ്യം മനസ്സിലാക്കുവാൻ വിഷമമോ നേരിട്ടേക്കും, ഇതെല്ലാം കഴിയുന്നതും-ബ്രാക്കറ്റുകൾ വഴിയോ മറ്റോ-വേർതിരിച്ചു കാണാവുന്നരൂപത്തിൽ ആയിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം, അത്തരം വാക്കുകളെല്ലാം ഖുർആനിൽതന്നെ ഉൾപ്പെട്ടതാണെന്നോ മറ്റോ ധരിക്കുവാൻ ഇടയുണ്ട്.
ബ്രാക്കറ്റുകളിലൂടെ പരിഭാഷയിൽ എന്തും ഉൾക്കൊളളിക്കാമെന്ന ഒരു ഭാവം ചിലരിൽ കാണാറുണ്ട്. പരിഭാഷ എന്ന നിലക്ക് ഇത് തീർച്ചയായും ക്ഷന്തവ്യമല്ല. അത്, പരിഭാഷയുടെ പേരിൽ സ്വന്തം അഭിപ്രായം ഇറക്കുമതി ചെയ്യലായിത്തീരുന്നതാണ്. പക്ഷേ, ഈ നില സ്വീകരിക്കുന്ന പരിഭാഷകൻ തന്റെ വക വിവരണമോ, വ്യാഖ്യാനമോ പിന്നീട് പ്രത്യേകം നൽകുവാൻപോകുന്നില്ലെങ്കിൽ, ഈ വഴക്കത്തെ അധികം ആക്ഷേപിച്ചുകൂടാ. കാരണം: ബ്രാക്കറ്റിലുളളതെല്ലാം അയാളുടെ വ്യാഖ്യാനമായും, അല്ലാത്ത ഭാഗം മാത്രം പരിഭാഷയായും ഗണിക്കാമല്ലോ. അറബി തഫ്സീറുകളിൽ ഈ സമ്പ്രദായമാണ് അധികം അംഗീകരിക്കപ്പെട്ടു കാണുക. അഥവാ, ഖുർആനല്ലാത്ത ഭാഗങ്ങളെല്ലാം-അക്ഷര വലുപ്പത്തിന്റെ വ്യത്യാസംകൊേണ്ടാ, ബ്രാക്കറ്റുകൾ മുഖേനയോ-വ്യത്യാസപ്പെടുത്തിക്കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കും. ഇതൊരു നല്ല വഴക്കംതന്നെയാണ്.
നേരെ മറിച്ച് ഖുർആൻ പരിഭാഷയിൽ തീരെ ബ്രാക്കറ്റുകൾ കൊടുക്കരുതെന്ന അഭിപ്രായക്കാരായ ചിലരേയും കാണാം. ഇത് ഒരു തരം അറിവില്ലായ്മയാണ്. മേൽ സൂചിപ്പിച്ചതുപോലുളള അത്യാവശ്യ സന്ദർഭങ്ങളിലും പരിഭാഷകന്റെ വകയായി വാക്കുകൾ കൂട്ടിച്ചേർക്കാത്തപക്ഷം, പരിഭാഷ അലങ്കോലപ്പെടുകയും, ഉപയോഗശൂന്യമായിത്തീരുകയും ചെയ്യും. ചേർക്കപ്പെടുന്ന വാക്കുകൾ പ്രത്യേകം അടയാളപ്പെടുത്താത്തപക്ഷം അതെല്ലാംതന്നെ, ഖുർആനിൽ പ്രസ്താവിച്ചിട്ടുളള പദങ്ങളായി ഗണിക്കപ്പെട്ടേക്കുകയും ചെയ്യും.
ഖുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടുളള സംഗതികൾ മനുഷ്യന്റെ കഴിവനുസരിച്ച് അതേ രൂപത്തിൽ-ഭേദഗതി വരുത്താതെ-മറ്റൊരു ഭാഷയിൽ പ്രകാശിപ്പിക്കുകയാണല്ലോ ഖുർആൻ പരിഭാഷയുടെ ഉദ്ദേശ്യം. അതിനു പുറമെയുളളതെല്ലാം ആ മൂലാശയങ്ങളുടെ വിശദീകരണവും, വിവരണവുമായിരിക്കും. നമ്മുടെ താല്പര്യത്തിനോ, സൗകര്യത്തിനോ പ്രാധാന്യം കല്പിക്കാതെ, ആ വചനങ്ങൾ എന്തു വചിക്കുന്നുവോ അത്-അവയെ അവയുടെ സ്വാഭാവികമായ നിലയിൽ വീക്ഷിക്കുമ്പോൾ ലഭിക്കുന്നതെന്തോ അത്-ആകുന്നിടത്തോളം പരിഭാഷയിൽ വരുത്തുകയും, ബാക്കിയെല്ലാം പരിഭാഷക്കു പുറമെ യഥാവിധി വിവരിക്കുകയുമാണ് നാം വേണ്ടത്. പരിഭാഷകനു പറയാനുളളതെല്ലാം ഈ വിവരണത്തിൽ അടക്കം ചെയ്യാമല്ലോ.
ഖുർആന്റെ ഒരു വളളിയോ, പുളളിയോ മാറ്റിക്കൂടാത്തതാണ്. എന്നാൽ, അതിയോഗ്യനായ ഒരു പരിഭാഷകന്റെ പരിഭാഷയായാൽ പോലും പരിഭാഷകൻ ഉപയോഗിച്ച അതേ വാക്കുകളിൽമാത്രമേ ആയത്തുകളുടെ അർത്ഥം പറയാവു എന്നോ, പരിഭാഷകളിൽ കാണാവുന്ന വാക്കുകളും, പദങ്ങളും സുനിശ്ചിതങ്ങളാണെന്നോ ഇല്ലതന്നെ. ആകയാൽ, പരിഭാഷാഗ്രന്ഥങ്ങളിൽ അതത് ആയത്തുകളുടെ പരിഭാഷകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുളള പദങ്ങളും, അക്ഷരങ്ങളുമല്ല വായനക്കാർ പ്രധാനമായി ഗൗനിക്കേണ്ടത്. അവമൂലം പരിഭാഷകൻ അവതരിപ്പിക്കുന്ന ആശയങ്ങളും, അർത്ഥസാരങ്ങളുമാണ് മനസ്സിരുത്തേണ്ടത്. അതേ ആശയം, അയാൾ കൊണ്ടുവന്ന വാക്കുകളെക്കാൾ നല്ലതോ, അത് പോലെയുളളതോ ആയ വേറെ വാക്കുകളിലും പ്രകാശിപ്പിക്കുവാൻ-ഒരു പക്ഷെ, വായനക്കാർക്കുതന്നെ-സാധിച്ചേക്കുന്നതാണ്.
ഒന്ന് രണ്ട് ചെറിയ ഉദാഹരണങ്ങളെടുക്കാം:-
ذالك الكتاب لا ريب فيه هد للمتقين എന്നുളള ആയത്തിന്റെ ആശയത്തിൽ വളരെ മാറ്റമൊന്നും സംഭവിക്കാതെത്തന്നെ, പല വിധത്തിലും അത് അർത്ഥവിവർത്തനം ചെയ്യാം: (1) `അത് ഗ്രന്ഥമാണ്. അതിൽ സന്ദേഹമേ ഇല്ല. സൂക്ഷ്മതയുളളവർക്ക് മാർഗ്ഗദർശനമാണ്.` (2) `ഗ്രന്ഥം! അതിൽ സംശയമില്ല.........` (3) `അതത്രെ ഗ്രന്ഥം..........` (4) `ആ ഗ്രന്ഥത്തിൽ യാതൊരു സംശയവുമില്ല. ഭയഭക്തന്മാർക്ക് വഴികാട്ടിയാണ്.` (5) `.......വഴികാട്ടി എന്ന നിലയിൽ` ഇങ്ങിനെ പല വാക്കുകളിലും ഇതിന് അർത്ഥം വരാവുന്നതും പറയാവുന്നതുമാണ്. വ്യാകരണപരമായ അതിന്റെ ഘടനയും, ഘടകങ്ങളും കണക്കാക്കുവാനുളള വിവിധ സൗകര്യങ്ങളാണ് ഇതിന് കാരണം.
دكر (ദിക്ര്) എന്ന പദത്തിന് `പറയുക, സ്മരിക്കുക, വിചാരിക്കുക, പ്രസ്താവന, പ്രഖ്യാപനം, പ്രമാണം, പ്രബോധനം, ധ്യാനം, കീർത്തി, ചിന്തിക്കുക` എന്നിങ്ങനെ പല അർത്ഥങ്ങളും വരുന്നതാണ്. സന്ദർഭമനുസരിച്ച് ഇവയിൽ ഏതെങ്കിലും ഒന്ന് പരിഭാഷകൻ തിരഞ്ഞെടുക്കേണ്ടതായി വരുമല്ലോ. അതുകാണുമ്പോൾ, ആ വാക്കിൽ മാത്രമേ ആ പദത്തിന് അർത്ഥം പറയാവൂ എന്ന് ഉറപ്പിക്കുവാൻ പാടില്ലാത്തതാണ്.
قال (ഖ്വാല) എന്ന ഭൂതക്രിയാരൂപത്തിനുതന്നെ, `പറഞ്ഞു, പറഞ്ഞിരിക്കുന്നു, പറയാം, പറയുന്നു, പറയും` എന്നിങ്ങിനെ സന്ദർഭോചിതം അർത്ഥം വരും. അതേ ക്രിയയുടെ വർത്തമാന-ഭാവിരൂപമായ
يقول (യഖൂലു) വിന് `പറയും, പറയുന്നു, പറഞ്ഞുകൊണ്ടിരിക്കും, പറയാം, പറഞ്ഞേക്കും, പറയണം, പറയുകയാണ്` എന്നൊക്കെയും അർത്ഥം വരാം. ഇങ്ങിനെ അക്ഷര വ്യത്യാസങ്ങളോടുകൂടിയ വാക്കുകളിൽ അടങ്ങിയിരിക്കുന്ന ആശയവ്യത്യാസമാണ് ശ്രോതാക്കളും, വായനക്കാരും മനസ്സിലാക്കേണ്ടത്.
والله الموفق
മലയാള വിവർത്തനം
ഇതുവരെ നാം സംസാരിച്ചത്, അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലേക്ക് ഖുർആൻ വിവർത്തനം ചെയ്യുന്നതിനെ സംബന്ധിച്ചാണല്ലോ. ഇനി, അറബിയും, മലയാളവും തമ്മിലുളള അന്തരവും, അകൽച്ചയും നോക്കുകയാണെങ്കിലോ? അത് വളരെകൂടുതലുമാണ്. അറബി ഭാഷ വലത്തുനിന്നു ഇടത്തോട്ടും, മലയാളം ഇടത്ത് നിന്ന് വലത്തോട്ടുമാണ് എഴുതുകയെന്നതുപോലെത്തന്നെ, പദങ്ങളുടെ ഘടനക്രമങ്ങളിലും മറ്റും അവ തമ്മിൽ അജഗജാന്തരമാണുളളത്. അതിലും, ഒരു സർവ്വസ്വീകാര്യമായ നിയമം കൈക്കൊളളുവാനില്ലാത്തതാണ് കൂടുതൽ വിഷമം. ചിലപ്പോൾ ഒരു അറബിവാക്യത്തിന് മലയാളത്തിൽ അർത്ഥം കൊടുക്കേണ്ടത്, അതിലെ ഒടുവിലത്തെ പദം തുടങ്ങി പിന്നോട്ട് പിന്നോട്ടായിരിക്കും. വേറെ ചിലപ്പോൾ, മദ്ധ്യത്തിൽനിന്ന് പിന്നോട്ടും, പിന്നീട് അവസാനംതൊട്ട് മദ്ധ്യത്തിൽ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. നന്നച്ചുരുക്കം സ്ഥലങ്ങളിൽ, യഥാക്രമം അർത്ഥം പറയുവാൻ സാധിച്ചെന്നും വരാം. വ്യാകരണരൂപത്തിലും, പ്രയോഗങ്ങളിലും, ആശയങ്ങളെ ചിത്രീകരിക്കുന്ന സ്വഭാവങ്ങളിലുമെല്ലാംതന്നെ, രണ്ടു ഭാഷകളും തമ്മിൽ വളരെ വ്യത്യാസം കാണാം.
മിക്ക ഭാഷകൾക്കും ആ ഭാഷക്കാരുടെ പൂർവ്വീക മതസംസ്കാരാദികളുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കുക സ്വാഭാവികമാണല്ലോ. ആ മതതത്വങ്ങളും, സാംസ്ക്കാരിക വിഷയങ്ങളും കൈകാര്യം ചെയ്‌വാൻ ഏറെക്കുറെ സൗകര്യമുളള സാങ്കേതിക പദങ്ങളും, സാഹിത്യപ്രയോഗങ്ങളും ആ ഭാഷയിൽ കൂടുതലുണ്ടായിരിക്കും. ഈ നിലക്കു നോക്കുമ്പോഴും, അറബിയും, മലയാളവും തമ്മിൽ വളരെ അകൽച്ച കാണാം. ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു പാരമ്പര്യമാണ് മലയാളസാഹിത്യത്തിന് അടുത്തകാലംവരെ ഉളളത്. കുറച്ചുകാലം മുതൽ മലയാളസാഹിത്യം വളരെ പുരോഗമിച്ചുവന്നിട്ടുണ്ടെന്നത് വാസ്തവമാണ്. എങ്കിലും, തൗഹീദിൽ അധിഷ്ഠിതമായ ഏകദൈവീക മതമാകുന്ന ഇസ്ലാമിന്റെ ഭാഷയായ-മതഭാഷയും, സാംസ്കാരികഭാഷയും, സാഹിത്യഭാഷയും, രാഷ്ട്രീയഭാഷയും, വിജ്ഞാനഭാഷയും എല്ലാംതന്നെയായ-അറബിയുടെയും, മലയാളത്തിന്റെയും ഇടക്കുളള സ്വഭാവ വൈരുദ്ധ്യത്തിൽ വേണ്ടത്ര ലഘൂകരണം ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അറബിയാണെങ്കിൽ, പൗരാണിക `സെമിറ്റിക്` ഭാഷകളിൽ പെട്ടത്. മലയാളം ആര്യഭാഷയായ സംസ്കൃതത്തിന്റെയും, ദ്രാവിഡഭാഷയായ തമിഴിന്റെയും ലാളനകളിൽ വളർന്നതും, അപ്പോൾ, അവ തമ്മിൽ ഇത്തരം വ്യത്യാസം കാണുന്നത് സ്വാഭാവികം മാത്രമാണ്. അറബിമൂലം മലയാളത്തിലേക്കോ, മറിച്ചോ വിവർത്തനം ചെയ്യുമ്പോൾ, വളരെ നീക്കുപോക്കുകളും, കുറേ ഇടമുഴകളും കൂടാതെ-`ചെരുപ്പിനുചെരുപ്പെന്നോണം`--ഒപ്പിക്കുവാൻ സാധ്യമല്ലെന്ന് കാണിക്കുകയാണ്, ചുരുക്കത്തിൽ ഇപ്പറഞ്ഞതിന്റെ താല്പര്യം.
ഒരേ പദത്തിന് വളരെ അർത്ഥങ്ങൾ ഉണ്ടായിരിക്കുക. ഒരു അർത്ഥത്തിന് ധാരാളം പര്യായപദങ്ങൾ ഉണ്ടായിരിക്കുക, ചെറുവാക്യത്തിൽ വലിയ ആശയം അടക്കം ചെയ്‌വാൻ സൗകര്യമുണ്ടായിരിക്കുക, ഒരേ ക്രിയാരൂപത്തിന് ഒന്നിലേറെ അർത്ഥങ്ങൾ വരുവാൻ സാദ്ധ്യതയുണ്ടായിരിക്കുക, ഒരേ ക്രയയിൽ ഒരേ സമയത്ത് മറ്റൊരു ക്രിയയുടെ അർത്ഥം കൂടി ഉൾപ്പെട്ടിരിക്കുക, ക്രിയയുമായി ബന്ധപ്പെട്ടു നിൽക്കുന്ന അവ്യയങ്ങൾക്കനുസരിച്ച് അതിന്റെ അർത്ഥത്തിൽ മാറ്റംവരുക എന്നിങ്ങിനെ അനേകം കാര്യത്തിൽ മലയാളവും, അറബിയും തമ്മിൽ പൊരുത്തക്കുറവുണ്ട്. ഒന്നുരണ്ടക്ഷരങ്ങൾകൊണ്ട് അറബിയിൽ പ്രകാശിപ്പിക്കാവുന്ന ഒരു ആശയം ചിലപ്പോൾ ഒരു വാചകംകൊണ്ടുതന്നെ മലയാളത്തിൽ നിർവ്വഹിക്കേണ്ടിവരും. വാചകത്തിന്റെ ഘടകങ്ങളായ പലപദങ്ങളിലും അറബിയിൽ സർവ്വനാമങ്ങൾ അടങ്ങിയിരിക്കുന്നതായി കാണാം. മലയാളത്തിൽ ആ സർവ്വനാമങ്ങൾ അനാവശ്യങ്ങളായിരിക്കും. അല്ലെങ്കിൽ അവയുടെ സ്ഥാനത്ത് സാധാരണ നാമങ്ങൾതന്നെ ആവശ്യമായെന്നും വരും. പല അറബിപദങ്ങൾക്കും ശരിക്ക് യോജിക്കുന്ന മലയാളപദങ്ങൾ ഇല്ലെന്നുളളതും, സാങ്കേതിക പദങ്ങളുടെ വിരളതയും-ഇസ്ലാമിക വിജ്ഞാനരംഗങ്ങളിൽ പ്രത്യേകിച്ചും-ഒരു പരിഭാഷകനെ സദാ അലട്ടാറുളള വസ്തുതകളാണ്.
28 അക്ഷരം മാത്രമുളള അറബി ലിപികളിൽ 13 എണ്ണത്തിന്റെ ഉച്ചാരണങ്ങളും-അറബിഭാഷയുടെ ഇരട്ടിയോളം വരുന്ന മലയാള ലിപികളിൽ എഴുതിക്കാണിക്കുക സാധ്യമല്ലാത്തവയാണ്. ഇതുമൂലം, മലയാളക്കാർക്കിടയിൽ സുപരിചിതങ്ങളായ അറബി പദങ്ങൾപോലും മലയാളത്തിൽ എഴുതുവാൻ പലപ്പോഴും നിവൃത്തിയുണ്ടാകയില്ല. കേരള മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലിരിക്കുന്ന അറബി മലയാള ലിപി ഈ വിഷയത്തിൽ മാത്രമല്ല, മറ്റു പല കാര്യത്തിലും അറബിമൂല്യങ്ങൾക്ക് പരിഭാഷ എഴുതുവാൻ സൗകര്യപ്പെട്ടതാകുന്നു. ഇസ്ലാമിക വിജ്ഞാനങ്ങൾ എഴുതുവാൻ അറബി മലയാള ലിപിയോളം സൗകര്യം മലയാള ലിപിയിലില്ലാതിരുന്നിട്ടും, ഇന്ന് കേരള മുസ്ലിംകൾ ആ ലിപിയുടെ നേരെ കൈക്കൊളളുന്ന അവജ്ഞാനയം വ്യസനകരമാണ്. ഏതായാലും, അറബി മലയാള ലിപി അറിയാത്തവർക്കും, അമുസ്ലിംകൾക്കും അത് ഉപയോഗപ്പെടുകയില്ലല്ലോ. മേൽ പ്രസ്താവിച്ച ഓരോന്നിനും ഉദാഹരണങ്ങൾ കാണിക്കുന്ന പക്ഷം അത് വളരെ ദീർഘിച്ചു പോകുന്നതുകൊണ്ട് അതിന് ഇവിടെ മുതിരുന്നില്ല. ഒരു കാര്യത്തിൽ മാത്രം അറബിയും മലയാളവും തമ്മിൽ വളരെ യോജിപ്പുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു: ഇതരഭാഷക്കാരായ ആളുകൾക്ക് പഠിക്കുവാനും, ശരിയാംവണ്ണം പയറ്റുവാനും കുറെയൊക്കെ പ്രയാസമുളള ഭാഷകളാണ് അവ രണ്ടും. ചിലർ ധരിക്കാറുളളതുപോലെ, വളരെ ക്ഷണത്തിലൊന്നും വശത്താക്കാവുന്ന ഭാഷകളല്ല അറബിയും മലയാളവും. കാറൽമാർക്സിന്റെ ഇണയും, തുണയുമായിരുന്ന ഏംഗൽസ് കാര്യങ്ങളിൽ ക്ഷണത്തിൽ ഗ്രഹിക്കുന്ന ആളായിരുന്നുവെന്നും, ഇരുപത് ഭാഷ സംസാരിച്ചിരുന്നുവെന്നും മറ്റും പ്രശംസിച്ചു പറയുന്ന കൂട്ടത്തിൽ, പ്രൊഫസർ കെ.സി. പീറ്റർ ഇപ്രകാരം പറഞ്ഞതായി (മാതൃഭൂമി ആഴ്ചപതിപ്പ് പു: 39, ല: 44ൽ) കാണാം: `......4000ത്തിലധികം ധാതുക്കളുള്ള അറബിഭാഷ മാത്രമേ, ഏംഗൽസിനെ ബുദ്ധിമുട്ടിച്ചിട്ടുള്ളു.....` അറബിഭാഷ ശരിക്ക് വശത്താക്കുവാൻ ചിലർ പറയാറുള്ളതുപോലെ അത്ര എളുപ്പമല്ലെന്ന് ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ.
അറബി ഗ്രന്ഥങ്ങൾ, മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ, വിവർത്തകനെ അഭിമുഖീകരിക്കുന്ന ഏതാനും പ്രശ്നങ്ങളാണ് നാം മുകളിൽ കണ്ടത്. അപ്പോൾ, അല്ലാഹുവിന്റെ വചനമായ ഖുർആൻ-അതിന്റെ സാഹിത്യവിശേഷതയും, അമാനുഷിക സ്വഭാവവും നമുക്കറിയാമല്ലോ-മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ, നേരിടുവാനിരിക്കുന്ന പ്രശ്നങ്ങൾ എത്രമേൽ അധികമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ആകയാൽ, ഖുർആന്റെ നേർക്ക്നേരെയുളള ഒരു പരിഭാഷ-കോട്ടമൊന്നും കൂടാതെ പരിപൂർണ്ണമായ നിലയിൽ-തയ്യാറാക്കുക സാധ്യമല്ലെന്ന് വ്യക്തമാണ്. അതെ, വ്യക്തികളുടെ അറിവും, സാമർത്ഥ്യവും, ഓരോരുത്തർക്കും അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന തൗഫീഖും (ഉതവിയും) അനുസരിച്ച് പരിഭാഷകളുടെ ഗുണത്തിൽ ഏറ്റപറ്റുണ്ടായിരിക്കുമെന്നുമാത്രം.
ഖുർആന്റെ പരിഭാഷാ ഗ്രന്ഥങ്ങൾ
ഖുർആൻ പരിഭാഷകൾ എന്നല്ല, ഇസ്ലാമിക വിജ്ഞാനഗ്രന്ഥങ്ങൾ പൊതുവിൽ തന്നെ, പൂർവ്വനൂറ്റാണ്ടുകളിൽ അറബി അല്ലാത്ത ഭാഷകളിൽ രചിക്കപ്പെടുന്ന പതിവ് അധികമൊന്നും ഉണ്ടായിരുന്നതായി കാണുന്നില്ല. നേരെമറിച്ച്, ഒന്ന് രണ്ട് നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും ഇതരഭാഷകളിലുളള എത്രയോ ഗ്രന്ഥങ്ങൾ അറബിഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന സമ്പ്രദായം പ്രചാരത്തിൽ വരുകയുണ്ടായി. അറബിഭാഷക്ക് നാനാഭാഗങ്ങളിലും ഉണ്ടായ സ്വാധീനം, ഇസ്ലാമിക വിജ്ഞാനം സമ്പാദിക്കുവാൻ ആഗ്രഹിക്കുന്നവർ അറബിഭാഷ മുഖേനത്തന്നെ അതിന് തയ്യാറെടുത്തു വന്നിരുന്നത് എന്നിങ്ങിനെ പലതുമായിരിക്കും അതിനുളള സ്വാഭാവികമായ കാരണങ്ങൾ. സ്ഥിതിഗതികളുടെ മാറ്റത്തോടുകൂടി, അറബിയല്ലാത്ത ഭാഷകളിലും ഇസ്ലാമിക വിജ്ഞാനങ്ങൾ വിരചിതമായിത്തുടങ്ങി. അറബിയുടെ അയൽഭാഷയും, അതുമായി പല നിലക്കും ബന്ധവും, സാദൃശ്യവുമുളള ഭാഷയുമാകകൊണ്ട്, പേർഷ്യൻ ഭാഷയിലാണ് ഇത് ഏറെ പ്രചാരത്തിൽ വന്നത്. ക്രമേണ ഖുർആൻ പരിഭാഷാപ്രവർത്തനവും ഉണ്ടായിത്തീർന്നുവെന്ന് സാമാന്യമായിപ്പറയാം.
ഖുർആന്റെ ഒന്നാമത്തെ പരിഭാഷ ഏതായിരുന്നുവെന്ന് നമുക്കറിവില്ല. ക്രിസ്താബ്ദം ഏതാണ്ട് 1143ൽ ഹിജ്‌റ 6-ാം നൂറ്റാണ്ടിൽ-ലത്തീൻ ഭാഷയിൽ ഖുർആൻ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്നും, അത് ക്രിസ്താബ്ദം 1543ൽ മാത്രമാണ് ക്രിസ്തീയ മിഷനറിമാരാൽ പ്രസിദ്ധപ്പെടുത്തപ്പെട്ടതെന്നും അല്ലാമാ യൂസുഫലി പ്രസ്താവിച്ചു കാണുന്നു. ക്രി. 17-ാം നൂറ്റാണ്ടിലും, അതിനുശേഷവുമായി പല യൂറോപ്യൻ ഭാഷകളിലും പറുത്തിറക്കിയ ചില പരിഭാഷകളെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അവയുടെ കർത്താക്കളിൽ മുസ്ലിംകളെയും, അമുസ്ലിംകളെയും കാണാം. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ് പ്രധാനപ്പെട്ട പല ഭാഷകളിലും ഖുർആൻ പരിഭാഷ പ്രചാരത്തിൽ വന്നിട്ടുളളതെന്നാണ് മനസ്സിലാകുന്നത്.
അല്ലാഹു അഹ്‌ലം
വ്യാഖ്യാനത്തോടുകൂടിയും അല്ലാതെയും, മുഴുവൻ ഭാഗം ഉൾക്കൊളളുന്നതായും ചില ഭാഗങ്ങൾമാത്രം ഉൾക്കൊളളുന്നതായും-ഇങ്ങിനെ പല തരത്തിലും-ഉളള ഖുർആൻ പരിഭാഷകൾ ഇന്ന് മിക്ക പ്രധാന ഭാഷകളിലും കാണാം. പ്രാചീനഭാഷകളിൽ, പേർഷ്യനും (ഫാരിസിയും) ആധുനിക ഭാഷകളിൽ ഉർദുവും ഇസ്ലാം ചരിത്രവുമായി വളരെ ബന്ധമുളളതുകൊണ്ട് ഈ രണ്ട് ഭാഷകളിലും പല ഖുർആൻ പരിഭാഷകളും, അനേകം ഇസ്ലാമിക വിജ്ഞാന ഗ്രന്ഥങ്ങളും കാണാവുന്നതാണ്. ലത്തീൻ, ജർമ്മനി, ഫ്രഞ്ച്, ഇംഗ്ളീഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളിലും, ബങ്കാളി, മലയാ, തമിഴ് തുടങ്ങിയ പല പൗരസ്ത്യ ഭാഷകളിലും പല ഖുർആൻ പരിഭാഷകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ളീഷ് പരിഭാഷകളിൽ അല്ലാമാ യൂസുഫലിയുടെ-വ്യാഖ്യാനത്തോടുകൂടിയ-ഗ്രന്ഥം വളരെ പ്രധാനപ്പെട്ടതാകുന്നു. അടുത്ത കൊല്ലങ്ങളിലായി, സുഊദീ ഗവർമ്മെണ്ട് വക കൊല്ലംതോറും അതിന്റെ ധാരാളക്കണക്കിലുളള കോപ്പികൾ ഹജ്ജാജികൾക്ക് വിതരണം ചെയ്യപ്പെട്ടുവരുന്നത് പ്രസ്താവ്യമാകുന്നു. മാൽദ്വീപുകാരായ മുസ്ലിംകളുടെ വകയായി, അവരുടെ ഭാഷയിലുളള ഒരു പരിഭാഷ ഈയിടെയാണ് മലബാറിൽ നിന്ന് അച്ചടി തീർന്നത്.
ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്ലവീ (റ) അദ്ദേഹത്തിന്റെ `ഫൗസുൽ കബീറി`ൽ--തനിക്ക് ഖുർആൻ വ്യാഖ്യാന വിഷയത്തിൽ അല്ലാഹു പ്രദാനം ചെയ്തിട്ടുളള അനുഗ്രഹത്തെക്കുറിച്ച് കൃതജ്ഞതാപൂർവ്വം പ്രസ്താവിക്കുന്ന മദ്ധ്യേ-ഇപ്രകാരം പറയുന്നു: “നമുക്ക് സിദ്ധിച്ച ജ്ഞാനങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ്: വാചകത്തിന്റെ വലിപ്പത്തിലും മറ്റും അറബിഭാഷയോടു സദൃശമായ നിലയിൽ, പേർഷ്യൻ ഭാഷയിൽ ഖുർആൻ പരിഭാഷ ചെയ്‌വാൻ സാധിച്ചത് `ഫത്ഥു-റഹ്മാൻ-ഫീ-തർജ്ജുമത്തിൽ ഖുർആൻ` (ഖുർആൻ പരിഭാഷയിൽ പരമകാരുണികൻ നൽകിയ വിജയം.) എന്ന ഗ്രന്ഥത്തിലാണ് നാമിത് ചെയ്തിരിക്കുന്നത്. പക്ഷെ, ചില സ്ഥലങ്ങളിൽ, വിശദീകരണം കൂടാതെ വായനക്കാർക്ക് കാര്യം ഗ്രഹിക്കുവാൻ കഴിയുകയില്ലെന്ന് ഭയപ്പെട്ടതുനിമിത്തം ഈ നിബന്ധന-അറബിയുടെ അതേ അളവിലായിരിക്കുക എന്ന നിശ്ചയം-നാം വിട്ടുകളഞ്ഞിട്ടുണ്ട്.”
ഹിജ്‌റ 1176 ലാണ് ദഹ്ലവീ (റ) യുടെ വിയോഗം. അപ്പോൾ, ചുരുങ്ങിയപക്ഷം 207 കൊല്ലം മുമ്പ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചു കഴിഞ്ഞിരിക്കും. ഈ മഹാനെപ്പറ്റി ഇതിനു മുമ്പ് നാം പരിചയപ്പെടുത്തിയിട്ടുണ്ട് ഖുർആൻ വ്യാഖ്യാനനിദാനമായ അദ്ദേഹത്തിന്റെ `ഫൗസുൽകബീറും` അദ്ദേഹം രചിച്ചത് പേർഷ്യൻ ഭാഷയിലാണ്. അല്ലാമാ മുഹമ്മദ് മുനീർദി മശ്ഖീയാണ് അത് അറബിയിലേക്ക് വിവർത്തനം ചെയ്തത്. ഈ അറബി പരിഭാഷയെ ആസ്പദമാക്കിയാണ് നാം അതിലെ വാക്യങ്ങൾ ഉദ്ധരിക്കാറുള്ളത്. നമ്മുടെ ഉപരി മദ്രസകളിലും മറ്റും പാഠ്യഗ്രന്ഥമായി അംഗീകരിക്കപ്പെട്ടുവരുന്നതും അതാണ്. ഹിജ്‌റ 12-ാം നൂറ്റാണ്ടിലെ മതോദ്ധാരകനായി എണ്ണപ്പെട്ട ഒരു മഹാപണ്ഡിതനും, ഇസ്ലാമിനും മുസ്ലിംകൾക്കും വേണ്ടി എത്രയോ വിജ്ഞാന സേവനങ്ങൾ നടത്തിയ മഹാനുമായ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കുവാൻ, അദ്ദേഹത്തിന്റെ `ഹുജ്ജത്തുല്ലാഹിൽ ബാലിഗഃ`
حجة الله البالغهഎന്ന ഒരൊറ്റ ഗ്രന്ഥം പരിശോധിച്ചാൽ മതിയാകും. ഇസ്ലാമിന്റെ സകല തുറകളിലുമുളള നിയമങ്ങളുടേയും യുക്തിവശങ്ങളും, തത്വരഹസ്യങ്ങളും യുക്തി യുക്തം-ഖുർആന്റെയും, ഹദീസിന്റെയും, യുക്തിയുടെയും അടിസ്ഥാനത്തിൽ-വിവരിച്ചിട്ടുളള അനിതര സാധാരണമായ ഒരു മഹൽ ഗ്രന്ഥമാണത്. മേൽകാണിച്ച ഖുർആൻ പരിഭാഷ മുഴുമിക്കുവാൻ അദ്ദേഹത്തിന് സാധിച്ചത് എത്രമാത്രം അനുഗ്രഹമായിട്ടാണ് അദ്ദേഹം കണക്കാക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് അനുമാനിക്കാം. പേർഷ്യൻ ഭാഷക്കു അറബിഭാഷയോടും, ഇസ്ലാമിനോടുമുളള ബന്ധങ്ങൾക്ക് പുറമെ, അതിന് ഇന്ത്യയോടും-വടക്കേ ഇന്ത്യയോട് പ്രത്യേകിച്ചും-ചരിത്രപരമായ പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ടല്ലോ. അതുകൊണ്ടായിരിക്കും അദ്ദേഹം പേർഷ്യൻ ഭാഷയിൽ പരിഭാഷ രചിച്ചത്.
الله اعلم
പല നിലക്കും പ്രാധാന്യം അർഹിക്കുന്ന ഒരു മഹാഗ്രന്ഥമാണ് മൗലാനാ അബ്ദുൽഹഖ്-ദഹ്ലവീ (റ) യുടെ ഉൽദു തഫ്സീർ
(تفسير حقانى ) 70
ൽ പരം കൊല്ലങ്ങൾക്ക് മുമ്പാണ് അത് ആദ്യം അച്ചടിക്കപ്പെട്ടത്. ഇപ്പോൾ 30 ഭാഗങ്ങളായി അതിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഖുർആന്റെ സിദ്ധാന്തങ്ങൾ പ്രമാണസഹിതം, യുക്തിയുക്തമായ നിലയിൽ, മുൻഗാമികളായ മഹാന്മാരുടെ പാതയിൽനിന്ന് തെറ്റാതെ, വിശദീകരിച്ച് വിവരിച്ചിട്ടുളള ഒരു തഫ്സീറാണിത്. ശാസ്ത്രീയവും, ചരിത്രപരവുമായ വശങ്ങൾ പണ്ഡിതോചിതമായ നിലയിൽ അദ്ദേഹം അതിൽ വിവരിച്ചിരിക്കുന്നു. മൗലാനാ അബുൽകലാം ആസാദ് അവർകളുടെ തർജ്ജുമാനുൽ ഖുർആനും
(ترجمان القرأن) ഉർദു തഫ്സീറുകളുടെ കൂട്ടത്തിൽ വളരെ വമ്പിച്ചൊരു മുതൽക്കൂട്ടാണ്. അദ്ദേഹത്തെപ്പറ്റി ഇന്ന് ഇന്ത്യക്കാരായ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഹൃദ്യവും സരളവുമായ ഭാഷയിൽ, വിഷയങ്ങളെ സയുക്തികം പ്രതിപാദിച്ചു കാണിക്കുവാനുളള കഴിവും, വിജ്ഞാനത്തിന്റെ നാനാ തുറകളിലുമുളള അദ്ദേഹത്തിന്റെ പാണ്ഡിത്യവും അതിന്റെ അടിമുതൽ മുടിവരെ അനുഭവപ്പെടുന്നതാകുന്നു. പക്ഷേ, ഖുർആന്റെ മൂന്നിൽ രണ്ടു ഭാഗത്തിന്റെ തഫ്സീർ അടങ്ങുന്ന ഭാഗം മാത്രമേ ഇതഃപര്യന്തം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായിട്ടുളളു. ഈ രണ്ട് തഫ്സീറുകളും നമ്മുടെ ഈ ഗ്രന്ഥത്തിലേക്ക് വളരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ഇവിടെ പറഞ്ഞുകൊളളട്ടെ.
മലയാള ഭാഷയെ സംബന്ധിച്ചു പറയുകയാണെങ്കിൽ, ഏറെക്കുറെ ഈ (ഹിജ്‌റ 14-ാം) നൂറ്റാണ്ടിന്റെ ആദ്യം മുതൽക്കോ, കഴിഞ്ഞ (13-ാം) നൂറ്റൂണ്ടിന്റെ അവസാനം മുതൽക്കോ അറബിമലയാള ലിപിയിലുളള `ഖുർആൻ തർജ്ജമ`കൾ പുറത്തിറങ്ങിത്തുടങ്ങിയിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. അറിവായേടത്തോളം, കണ്ണൂർക്കാരനായ മായൻകുട്ടി എളയാ വടക്കേ മലബാറിലെ പ്രസിദ്ധ കേയിവംശത്തിൽ ഒരു താവഴിയായ ചൊവ്വരക്കാരൻ വലിയ പുരയിലെ മാൻകുട്ടികേയി എന്ന ഇദ്ദേഹം, കണ്ണൂർ അറക്കൽ രാജസ്വരൂപത്തിൽ വിവാഹം കഴിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ `എളയാവ്` എന്ന് വിളിക്കുന്നത്. മക്കാ ശരീഫിൽ മലയാള ഹാജിമാരുടെ താമസ കേന്ദ്രമായിരുന്ന `കേയിറുബാത്തി`ന്റെ സ്ഥാപകനത്രെ അദ്ദേഹം. ഹിജ്‌റ 1294ൽ സ്ഥാപിക്കപ്പെട്ട ആ റുബ്ബാത്ത് അൽപ വർഷങ്ങൾക്ക് മുമ്പ് മസ്ജിദുൽ ഹറാമിന്റെ വികസനാർത്ഥം പൊളിച്ചുനീക്കപ്പെട്ട കെട്ടിടങ്ങൾ ഉൾപ്പെട്ട് അതിന്റെ വില (4 ലക്ഷം സൗദീറിയാൽ) ഖജനാവിൽ നിക്ഷേപിക്കപ്പെടുകയും ചെയ്തു; ഇപ്പോൾ പകരം മറ്റൊരു റുബ്ബാത്ത് സ്ഥാപിക്കപ്പെടുന്നത് സംബന്ധിച്ച സംരംഭങ്ങൾ നടന്നു വരികയാണ്. (23-10-71ലെ ചന്ദ്രികാ വാരാന്തപതിപ്പിൽനിന്ന്. പണ്ഡിതന്റെ തർജ്ജമയാണ്-കാലപ്പഴക്കംകൊണ്ടും ഖുർആന്റെ അത്യാവശ്യ വിവരണത്തോടുകൂടിയ മുഴുവൻ പരിഭാഷ എന്ന നിലക്കും-കൂട്ടത്തിൽ മുന്നിട്ടു നിൽക്കുന്നത്. അതിന്റേതാണെന്ന് തോന്നുന്ന (സൂ: ഫാതിർ മുതൽ സൂ: ഫത്ഥുകൂടിയുളള) ഒരു ഭാഗം മാത്രമാണ് ഞങ്ങളുടെ മുമ്പിലുളളത്. (ഏറെക്കുറെ മുപ്പത് കൊല്ലങ്ങൾക്കുമുമ്പ് കാലഗതി പ്രാപിച്ച ഒരു മത ഭക്തനും ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിക്കുന്നതിൽ ഉത്സുകനുമായിരുന്ന ഒരു മാന്യ വൃദ്ധന്റെ അന്തരാവകാശികളിൽ നിന്നാണ് പ്രസ്തുതഭാഗം കണ്ടണ്ടുകിട്ടിയത്. അതിന്റെ ഇരുപുറത്തുമുള്ള കുറെ കഷ്ണങ്ങൾ നശിച്ചുപോയിരിക്കകൊണ്ടണ്ട് ഗ്രന്ഥകർത്താവിന്റെയോ, അച്ചടിച്ച കാലത്തിന്റെയോ, വിവരം അറിയുവാൻ കഴിയുന്നില്ല. അതിലെ ഭാഷാശൈലി, അതിന്റെ കാലപ്പഴക്കത്തെപ്പറ്റി നമുക്ക് മനസ്സിലാക്കുന്നു. ഒരു ചരിത്രസ്മരണിക എന്ന നിലക്കും, വായനക്കാർക്ക് അതിന്റെ ഏകദേശ സ്വഭാവം മനസ്സിലാക്കുവാനുമായി, ആ മഹാനുഭവൻ അന്നത്തെ അറബി മലയാളത്തിലെഴുതിയ ചില വാചകങ്ങൾ നമുക്കിവിടെ ഉദ്ധരിക്കാം. സൂ: സുമറിലെ 7-ാം വചനത്തിന്റെ പരിഭാഷയിൽ അദ്ദേഹം പറയുന്നു:-
“വൊരുകുറ്റം ചെയ്തെ തടിചുമക്കയില്ലാ ബേറെവൊരു തടിന്റെ കുറ്റത്തിനെ, പിന്നെ നിങ്ങളെ റബ്ബിനെക്കൊളളയായിരിക്കും നിങ്ങൾക്കുളെള മടങ്ങും താനും. നിങ്ങൾ അമൽ ചെയ്യുന്നോല് ആയിരിന്നിരിന്നു അങ്ങനത്തെയാവൊന്നുകൊണ്ട് നിങ്ങളോട് അവൻ ബിശയം അറിവിക്കുന്നദു മൂലം, നുച്ചിയംതന്നെ അല്ലാഹുയാകുന്നത് അറിയുന്നോനായിരിക്കും. `ഖൽബു` കളിന്റെ അകത്തുളളയാവൊന്നുകൊണ്ട് ഒക്കെയും”
ഖുർആന്റെ പല `ജുസുഉ്` (ഭാഗം) കളും, സൂറത്തുകളും പലരാലും അറബി മലയാളത്തിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുളളത് ഇന്നും പ്രചാരത്തിലുണ്ട്. ഓരോന്നിന്റെയും ഭാഷയിൽ, കാലത്തിനൊത്ത മാറ്റങ്ങളും കാണാം. അറബി മലയാള ലിപിയിൽ ഇസ്ലാമിക വിജ്ഞാനങ്ങൾ വ്യവഹരിക്കുവാനുളള സൗകര്യം, മലയാള ലിപിയിൽ അതിനുളള അസൗകര്യം, അറബി മലയാളം മുസ്ലിംകളുടെ ഒരു പ്രത്യേക സമ്പത്താണെന്ന ബോധം. മലയാളം അഭ്യസിക്കുന്നതിൽ മുസ്ലിംകൾക്കുണ്ടായിരുന്ന പിന്നോക്ക മനസ്ഥിതി, അത് അമുസ്ലിംകളുടെ ഭാഷയാണെന്നുണ്ടായിരുന്ന തെറ്റുധാരണ, അറബി മലയാളത്തിന് മുസ്ലിംകൾക്കിടയിലുണ്ടായിരുന്ന പ്രചാരം ഇങ്ങിനെ പല കാരണങ്ങളാൽ ഖുർആൻ പരിഭാഷകളും, ഇതര ഇസ്ലാമിക ഗ്രന്ഥങ്ങളും അടുത്തകാലം വരെ അറബി മലയാളലിപിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. (`തർജ്ജമ` എന്ന് പറഞ്ഞാൽതന്നെ, അറബിമലയാളത്തിലുളള ഗ്രന്ഥം എന്നായിരുന്നു അർത്ഥം കൽപിക്കപ്പെട്ടിരുന്നത്. അടുത്ത ചില വർഷങ്ങൾക്ക് മുമ്പ് ഖുർആന്റെ മുഴുവൻഭാഗവും-അത്യാവശ്യ വ്യാഖ്യാനത്തോടുകൂടി-അറബി മലയാളത്തിൽ പരിഭാഷ പൂർത്തിയാക്കപ്പെട്ടിട്ടുളള ഒരു ഗ്രന്ഥം ജനാബ് കെ. ഉമർ മൗലവി സാഹിബിനാൽ വിരചിതമായിട്ടുണ്ട്. അതിന്റെ ഏതാനും ഭാഗമേ ഇതപര്യന്തം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുളളു. ബാക്കി ഭാഗങ്ങളും താമസിയാതെ പുറത്തുവരുമെന്നാശിക്കാം. ഇതിനകം മുഴുവൻ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ടണ്ട്. മലയാള ലിപിയിൽ പലതവണ പുനഃപ്രസ്ദീകരിക്കുകയും ചെയ്തു.
ഉപരിസൂചിതങ്ങളായ സ്ഥിതിഗതികളിൽ മാറ്റം വരികയും, മുസ്ലിംകൾക്കിടയിൽ മലയാളലിപിയും, മലയാളസാഹിത്യവും പ്രചരിച്ചുതുടങ്ങുകയും ചെയ്തതോടെ-മലയാള അച്ചുകൂടങ്ങളിൽ അറബി ടൈപ്പുകളും ഉപയോഗിക്കാൻ തുടങ്ങിയതോടുകൂടി വിശേഷിച്ചും-മലയാള ലിപിയിൽതന്നെ ഇസ്ലാമിക ഗ്രന്ഥങ്ങൾ പ്രചാരപ്പെടുവാൻ തുടങ്ങി. അങ്ങിനെ, രണ്ടുമൂന്ന് ദശവർഷങ്ങൾക്കിപ്പുറം മുതൽ ഖുർആന്റെ പല ഭാഗങ്ങളുടെയും തർജ്ജമകൾ മലയാളലിപിയിൽതന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. മുസ്ലിം മാസികാപത്രങ്ങൾ വഴിയായും അതിന്റെ പല ഭാഗങ്ങളുടെയും പരിഭാഷ പുറത്തുവരുന്നുണ്ട്. ഖുർആന്റെ അറബിമൂലത്തോടുകൂടി പരിഭാഷാഗ്രന്ഥങ്ങൾ പുറത്തിറക്കുന്നതിൽ, ചില പണ്ഡിതൻമാർക്കൊക്കെ പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും, ഇന്ന് ആ നിലക്കും വളരെ മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ, ഖുർആന്റെ വിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ എല്ലാ വിഭാഗക്കാരും പൊതുവിൽ ശ്രമിച്ചുവരുന്നുണ്ടെന്ന് പറയാം.
25ൽപരം കൊല്ലങ്ങൾക്കുമുമ്പ് ഖുർആന്റെ ആദ്യത്തെ ചില `ജുസു` കളുടെ പരിഭാഷ കോഴിക്കോട്, മുസ്ലിം ലിറ്ററേച്ചർ സൊസൈറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ തുടർന്നുളള ഭാഗങ്ങൾ പുറത്തു വരികയുണ്ടായില്ല പിന്നീട് പല പണ്ഡിതൻമാരുടെയും വകയായി, അവസാനത്തെ ചില `ജുസു`കളുടെ പരിഭാഷകളും ചില സൂറത്തുകളുടെ പരിഭാഷകളും പലപ്പോഴായി പ്രസിദ്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അറബിമൂലത്തോടുകൂടിയ മലയാള ലിപിയിലാണുളളത്. ചുരുക്കം ചിലത് മാത്രം അറബിമൂലം കൂടാതെയും പ്രിസിദ്ധീകരിക്കപ്പെടാതില്ല. ഇവയിൽ പലതിലും, ഈ പരിഭാഷാ ഗ്രന്ഥത്തിന്റെ എളിയ കർത്താക്കളായ ഞങ്ങൾക്കും ഏറെക്കുറെ പങ്കുവഹിക്കുവാൻ അല്ലാഹു നല്കിയ തൗഫീഖ് കൃത്ജ്ഞതാപൂർവ്വം ഇവിടെ സ്മരിച്ചുകൊളളുന്നു. ഖുർആന്റെ മുഴുവൻ മലയാള പരിഭാഷ അടങ്ങുന്ന ഒരു ഗ്രന്ഥം ഇതിനകം പുറത്തായിട്ടുളളത്, ജനാബ് സി.എൻ. അഹ്മദ്മൗലവി സാഹിബിന്റേതാകുന്നു. ആദ്യത്തെ വാള്യം, 10 കൊല്ലം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഞങ്ങൾ ഈ പരിഭാഷ എഴുതിക്കൊണ്ടിരിക്കെ (ഒന്നരകൊല്ലം മുമ്പ്) അതിന്റെ തുടർന്നുളള ഭാഗങ്ങളുടെ പ്രസിദ്ധീകരണവും പൂർത്തിയാക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്തതും, ഇസ്ലാമിക പ്രമാണങ്ങൾക്കു നിരക്കാത്തതുമായ ചില അർത്ഥ വാഖ്യാനങ്ങൾ അടങ്ങിയിരിക്കകൊണ്ട് ഈ ഗ്രന്ഥം കേരള മുസ്ലിംകൾക്കിടയിൽ വിമർശന വിദേയമായിട്ടുണ്ട്. ഈ രണ്ടാം പതിപ്പ് അച്ചടി തുടങ്ങും മുമ്പ് വേറെ ചില ഖുർആൻ പരിഭാഷകളും പുറത്തുവന്നിട്ടുണ്ട്.
No comments:
Post a Comment